ഗുരുവായൂര്‍ വിഗ്രഹമാഹാത്മ്യം

 

വിശ്വത്തിലെ ചൈതന്യവത്തായ വിഷ്ണുക്ഷേത്രങ്ങളില്‍ ഉത്കൃഷ്ടവും ഭക്തര്‍ക്കുമേല്‍ അനുഗ്രഹം കോരിച്ചൊരിയുന്നതുമായ ദിവ്യസ്ഥാനമാണ് ഗുരുവായൂര്‍.

ഗുരുവായൂരിലെ വിഗ്രഹുവുമായി ബന്ധപ്പെട്ട ഐതിഹ്യത്തിലേക്ക് ഒന്ന് കണ്ണോടിക്കാം.

ഭഗവാന്‍ വൈകുണ്ഠത്തിലേക്ക് മടങ്ങുന്നു

കംസാദികളുടെ നിഗ്രഹവും കുരുക്ഷേത്രയുദ്ധവും യാദവവംശത്തിന്‍റെ ഉന്മൂലനവും നടത്തിയതിനു ശേഷം ഭഗവാന്‍ ഉദ്ധവരെ വിളിച്ച് പറഞ്ഞു: എന്‍റെ അവതാരോദ്ദേശ്യം നിറവേറിക്കഴിഞ്ഞിരിക്കുന്നു.

കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ദ്വാരക സമുദ്രത്തില്‍ മുങ്ങിത്താഴും.

ദ്വാരകയില്‍ യദുകുലശ്രേഷ്ഠര്‍ പൂജിച്ചുവരുന്ന പാതാളാഞ്ജനശിലയില്‍ തീര്‍ത്ത അതിവിശിഷ്ടമായ ഈ വിഗ്രഹത്തെ പരശുരാമക്ഷേത്രത്തില്‍ (കേരളം) പ്രതിഷ്ഠിക്കണം.

ഞാന്‍ ഭൂമി വിട്ട് പോയാലും ഈ വിഗ്രഹത്തില്‍ എന്‍റെ പരിപൂര്‍ണ്ണ ചൈതന്യം എപ്പോഴും ഉണ്ടായിരിക്കും.

ഈ വിഗ്രഹത്തെ ദര്‍ശിച്ചാല്‍ എന്നെ നേരിട്ട് ദര്‍ശിക്കുന്ന ഫലം ലഭിക്കും.

ഇങ്ങനെ അരുളിച്ചെയ്തതിനു ശേഷം ഭഗവാന്‍ അപ്രത്യക്ഷനായി.

ഗുരുവും വായുവും വിഗ്രഹവുമായി വരുന്നു

ഉദ്ധവര്‍ ആ വിഗ്രഹവുമായി ദേവഗുരു ബൃഹസ്പതിയുടെ പക്കലെത്തി ഭഗവാന്‍റെ ആജ്ഞ അറിയിച്ചു.

ഭഗവാന്‍ പറഞ്ഞ സ്ഥലം ഏതെന്നറിയാതെ വ്യാകുലപ്പെട്ട ഇരുവരുടേയും സഹായത്തിന് വായുദേവനെത്തി.

കേരളദേശത്ത് ഒരു ദിവ്യസരസ്സും ഉദ്യാനങ്ങളും കൊണ്ട് മനോരമാക്കപ്പെട്ടതും സാക്ഷാല്‍ മഹേശ്വരന്‍റേയും ഉമയുടേയും സാന്നിദ്ധ്യമുള്ളതും മുനിമാരും സിദ്ധന്മാരും തപസ്സ് ചെയ്യുന്നതുമായ ഒരിടമുണ്ട് (മമ്മിയൂര്‍).

അത് ഭഗവാനെ പ്രതിഷ്ഠിക്കാന്‍ ഉത്തമമായിരിക്കും എന്ന് വായുദേവന്‍ അഭിപ്രായപ്പെട്ടു.

മൂന്ന് പേരും വിഗ്രഹവുമായി ആകാശമാര്‍ഗ്ഗേണ ഗുരുവായൂരെത്തുകയും കാര്‍ത്തിക മാസത്തിലെ ഉത്ഥാന ഏകാദശിയുടെ അന്ന് ധനുര്‍ലഗ്നത്തില്‍ ഉമാമഹേശ്വരന്മാരുടെയും മറ്റ് ദേവന്മാരുടേയും മുനിമാരുടേയും സാന്നിദ്ധ്യത്തില്‍ പ്രതിഷ്ഠാകര്‍മ്മം നിര്‍വ്വഹിക്കുകയും ചെയ്തു.

ഗുരുവും വായുവും ചേര്‍ന്ന് കണ്ടെത്തിയ ഊരിന്‍റെ നാമം ഗുരുവായൂര്‍ എന്നായിത്തീര്‍ന്നു.

ഓം നമോ നാരായണായ



Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |