തുമ്പിക്കൈ മുളച്ച ഗണപതി ഭക്തന്‍

ganapathy

ഭ്രുശുണ്ഡി എന്നൊരു മുനിയുണ്ടായിരുന്നു.

തപസ്സിലൂടെ അദ്ദേഹത്തിന് ഗണപതിയുമായി സാരൂപ്യം കിട്ടി.

സാരൂപ്യമെന്നാല്‍ ഭഗവാനുമായി രൂപസാമ്യം.

അഞ്ച് തരം മോക്ഷങ്ങളില്‍ ഇതും ഒന്നാണ്; ഇഷ്ടദേവതയുടെ രൂപം ലഭിക്കുക.

മൂക്ക് നീണ്ട് തുമ്പിക്കൈ ആയി മാറി.

എന്നാല്‍ ഭ്രുശുണ്ഡി ആരംഭത്തില്‍ മുനിയോ ഭക്തനോ ഒന്നും ആയിരുന്നില്ല, ഒരു മുക്കുവനായിരുന്നു.

മുക്കുവന്‍ താപസനാകുന്നതും വേടന്‍ മഹര്‍ഷിയാകുന്നതും (വാല്മീകി) ഒക്കെ ഹൈന്ദവമതത്തില്‍ സര്‍വ്വസാധാരണമായിരുന്നു.

ഭക്തിയിലും ശ്രദ്ധയിലും ജ്ഞാനത്തിലും അധിഷ്ഠിതമാണ് ഹിന്ദുമതം.

മറ്റുള്ളതിനെല്ലാം പ്രസക്തി കുറവാണ്.

ദണ്ഡകാരണ്യത്തിലെ നന്ദൂര്‍ എന്നയിടമായിരുന്നു ഭ്രുശുണ്ഡിയുടെ ജന്മസ്ഥലം.

ദണ്ഡകാരണ്യമെന്നത് ഛത്തീസ് ഗഡ്, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന പ്രദേശം.

നാമന്‍ എന്നായിരുന്നു ചെറുപ്പത്തിലെ പേര്.

ചെറുപ്രായത്തില്‍ തന്നെ മോഷണവും തുടങ്ങി.

ചെയ്യാത്ത കൊള്ളരുതായ്മകളില്ല.

ഒടുവില്‍ നാട്ടുകാരെല്ലാം ചേര്‍ന്ന് പുറത്താക്കി.

നാമന്‍ തനിയെ കാട്ടില്‍ ഒരു ഗുഹയില്‍ കഴിയാന്‍ തുടങ്ങി.

വഴിപോക്കരെ കൊള്ളയടിക്കും.

വേണ്ടിവന്നാല്‍ കൊല്ലാനും മടിക്കില്ല.

മൃഗങ്ങളെയും കാരണമില്ലാതെ കൊല്ലും.

ഒരിക്കല്‍ ഒരു മൃഗത്തിനെ തുരത്തി ഓടിച്ചുകൊണ്ടിരിക്കുമ്പോള്‍ വീണ് കാലിന് പരുക്ക് പറ്റി.

മുടന്തി മുടന്തി ഗുഹയിലേക്ക് തിരിച്ചുപോകുമ്പോള്‍ വഴിയില്‍ ഒരു ജലാശയം കണ്ടു.

ക്ഷീണമകറ്റാന്‍ ഒന്ന് മുങ്ങിക്കുളിച്ച് വീണ്ടും നടക്കാന്‍ തുടങ്ങി.

അപ്പോള്‍ തേജസ്വിയായ ഒരു മുനി എതിരെ വരുന്നത് കണ്ടു.

ഗണപതി ഭഗവാന്‍റെ ഭക്തനായിരുന്ന മുദ്ഗല മഹര്‍ഷിയായിരുന്നു അത്.

നാമന്‍ തന്‍റെ വാളൂരി മഹര്‍ഷിയെ ആക്രമിക്കാന്‍ തുടങ്ങി.

വാളുയര്‍ത്തിയ കൈയ് അവിടെത്തന്നെ സ്തംഭിച്ചു.

വാള്‍ കൈയില്‍നിന്നും വഴുതിവീണു.

എന്താണ് സംഭവിക്കുന്നതെന്ന് നാമന് മനസിലായില്ല.

മഹര്‍ഷി ചിരിച്ചുകൊണ്ട് ചോദിച്ചു - എന്ത് പറ്റി?

എന്താ വാള്‍ താഴെയിട്ടു കളഞ്ഞത്?

നാമന്‍ പറഞ്ഞു - എനിക്കറിയില്ല.

എനിക്ക് വല്ലാത്ത കുറ്റബോധം തോന്നുന്നു.

നാമന്‍ കുളിച്ച ജലാശയത്തിന്‍റെ പേരായിരുന്നു ഗണേശ്വര തീര്‍ത്ഥം.

അതിലെ കുളിയുടേയും ഒരു മഹാപുരുഷന്‍റെ സാന്നിദ്ധ്യത്തിന്‍റേയും ഫലമായിരുന്നു ഈ മാനസാന്തരം.

ഇതിനുവേണ്ടിയാണ് പുണ്യസ്ഥലങ്ങളേയും മഹാത്മാക്കളേയും ദര്‍ശിക്കാന്‍ പറയുന്നത്.

അവ നമ്മുടെ മനസിനെ അത്രകണ്ട് സ്വാധീനിക്കും.

നാമന്‍ തുടര്‍ന്നു - എന്‍റെ കൈയില്‍നിന്നും വഴുതിവീണ ആ വാള്‍ ഞാനിനി ഒരിക്കലും കൈയിലെടുക്കുകയില്ല.

എനിക്കിനി പഴയതുപോലെ ജീവിക്കണ്ട.

ദയവ് ചെയ്ത് എനിക്ക് നല്ല വഴി കാട്ടിത്തരൂ.

ഞാന്‍ ചെയ്ത് കൂട്ടിയ പാപങ്ങളില്‍ നിന്നുമെനിക്ക് മോചനം നേടണം.

എനിക്ക് നല്ലവനായി ജീവിക്കണം.

ഒരു ലക്ഷ്യബോധത്തോടെ ജീവിക്കണം.

മുദ്ഗല മഹര്‍ഷിക്കു മനസിലായി നാമന്‍ പശ്ചാത്തപിക്കുകയാണ് എന്ന്.

അദ്ദേഹം പറഞ്ഞു - നീ വേദങ്ങളും ശാസ്ത്രങ്ങളുമൊന്നും പഠിച്ചിട്ടില്ല.

ഉപനയനം പോലുള്ള സംസ്കാരങ്ങളും നിനക്ക് നടന്നിട്ടില്ല.

എന്നാല്‍ ഭഗവാന്‍റെ നാമോച്ചാരണം ചെയ്യാന്‍ ഇതിന്‍റെയൊന്നും ആവശ്യമില്ല.

മഹര്‍ഷി തന്‍റെ ഊന്നുവടി മണ്ണിലേക്കാഴ്ത്തി.

എന്നിട്ട് പറഞ്ഞു - ഇതിനടുത്തിരുന്ന് ഗണേശായ നമഃ എന്ന് ഈ വടിയില്‍ ഇലകള്‍ മുളക്കുന്നതുവരെ ജപിച്ചുകൊണ്ടേയിരിക്കുക.

എന്നിട്ടിന്‍റെ വരവിനായി കാത്തിരിക്കുക.

നാമന്‍ ആയിരം വര്‍ഷം ലക്ഷ്യം തെറ്റാതെ ജപിച്ചുകൊണ്ടേയിരുന്നു.

ഊന്നുവടിയില്‍ ഇലകള്‍ കുരുത്തു.

നാമന്‍ ജപിച്ചുകൊണ്ടേയിരുന്നു.

കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം മഹര്‍ഷി തിരിച്ചുവന്നു.

ഇതിനകം നാമനെ ചിതല്‍പ്പുറ്റ് വന്ന് മൂടി അതില്‍ വള്ളികളും പടര്‍ന്നിരുന്നു.

മഹര്‍ഷി തന്‍റെ ഊന്നുവടിയും സമീപത്തുള്ള ചിതല്‍പ്പുറ്റും കണ്ടു.

ചിതല്‍പ്പുറ്റുടച്ച് മഹര്‍ഷി നാമനെ തപസില്‍നിന്നും ഉണര്‍ത്തി.

നാമ‍ന് തുമ്പിക്കൈ മുളച്ചിരുന്നു.

നാമ‍ന്‍ ഗണപതി ഭഗവാനുമായി സാരൂപ്യം നേടിക്കഴിഞ്ഞിരിക്കുന്നു എന്ന് മഹര്‍ഷി മനസിലാക്കി.

മഹര്‍ഷി നാമനെ അനുഗ്രഹിച്ചു.

ഭ്രുശുണ്ഡിയെന്ന് പേരും നല്കി.

ഭ്രുശുണ്ഡിയെന്നാല്‍ തുമ്പിക്കൈ ഉള്ളവന്‍.

ദേവന്മാര്‍ പോലും ഭ്രുശുണ്ഡിയെ ആദരിക്കാന്‍ തുടങ്ങി.

ഭ്രുശുണ്ഡി തന്‍റെ നാട്ടിലേക്ക് തിരികെപ്പോയി ഒരു ഗണപതി ക്ഷേത്രം പണി കഴിപ്പിച്ച് വീണ്ടും നൂറ് വര്‍ഷം ഭഗവാനെ പൂജിച്ച് ഭഗവാന്‍റെ ദിവ്യലോകത്ത് പോയിച്ചേര്‍ന്നു.


 

 

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |