ബല്ലാലേശ്വര ഗണപതി

0:00 0:00

ബല്ലാലേശ്വര ഗണപതി

പാലി ബല്ലാലേശ്വര ഗണപതി

മഹാരാഷ്ട്രയിൽ പാലി എന്നയിടത്ത് ബല്ലാലേശ്വര ഗണപതിയുണ്ട്. മഹാരാഷ്ട്രയിലെ പ്രസിദ്ധമായ അഷ്ടവിനായക ക്ഷേത്രങ്ങളിൽ ഒന്നാണിത്.

പാലിയിലെ ഒരു കച്ചവടക്കാരനായിരുന്നു കല്യാൺ. അയാളുടെ ഭാര്യ ഇന്ദുമതി. കുറേക്കാലം അവർക്ക് കുഞ്ഞുങ്ങളുണ്ടായിരുന്നില്ല. ഒടുവിൽ ഒരു മകൻ പിറന്നപ്പോൾ ആ മകന് ബല്ലാലൻ എന്ന് പേരിട്ടു.

ഈ കുഞ്ഞിന് ഭഗവാൻ ഗണേശനെ പൂജിക്കുന്നതിലായിരുന്നു താല്പര്യം. തൊട്ടടുത്തുള്ള കാട്ടിൽ ഒരു പർണ്ണശാലയും കെട്ടി അതിനുള്ളിൽ കല്ലുകൊണ്ട് ഒരു ഗണേശ വിഗ്രഹവും സ്ഥാപിച്ച് രാവിലെ തൊട്ട് വൈകുന്നേരം വരെ ഭഗവാനെ പൂജിച്ചുകൊണ്ടിരിക്കും. കൂട്ടുകാരെയൊക്കെ ബല്ലാലൻ കൂടെക്കൂട്ടി. എല്ലാവരും വലിയ ഭക്തന്മാരായി. പഠിക്കാനും മറ്റും പോകാതായി. സമയത്ത് വീട്ടിലും പോവില്ല.

കൂട്ടുകാരുടെ അച്ഛനമ്മമാർ കല്യാണിനോട് പരാതി പറഞ്ഞു. "നിങ്ങളുടെ മകൻ ഞങ്ങളുടെ കുട്ടികളെ നശിപ്പിക്കുകയാണ്, ഒരു ഉത്തരവാദിത്തവുമില്ലാത്തവരാക്കുകയാണ്". ഈ പരാതികൾ കേട്ട് മടുത്ത കല്യാൺ ഒരു ദിവസം വനത്തിൽ പോയി മകൻ്റെ പർണ്ണകൂടീരം തല്ലിത്തകർത്ത് വിഗ്രഹവും എടുത്തെറിഞ്ഞു. മകനെ നല്ലവണ്ണം തല്ലിച്ചതച്ച് അടുത്തുള്ള ഒരു മരത്തിൽ പിടിച്ചു കെട്ടി.

"നിൻ്റെ ഗണപതി വന്ന് നിന്നെ അഴിച്ചുവിട്ടാൽ വീട്ടിലേക്ക് വരാം, അല്ലെങ്കിൽ ഇവിടെക്കിടന്ന് മരിച്ചോ!" എന്ന് പറഞ്ഞ് അയാൾ തിരിച്ചുപോയി.

ബല്ലാലൻ സങ്കടപ്പെട്ട് കരഞ്ഞു പ്രാർത്ഥിക്കാൻ തുടങ്ങി. "താൻ നല്ലതല്ലേ ചെയ്തത്, പിന്നെന്താ ഈ അച്ഛൻ ഇങ്ങനെ?"

കുറച്ചു സമയം കഴിഞ്ഞപ്പോൾ ഭഗവാൻ ഒരു വൃദ്ധൻ്റെ വേഷത്തിൽ വന്ന് ബല്ലാലനെ അഴിച്ചുവിട്ടു. അച്ഛൻ ശരീരത്തിൽ ഏൽപ്പിച്ച പരിക്കുകളുമൊക്കെ കാണാതായി. ബല്ലാലന് മനസ്സിലായി ഇത് ഭഗവാൻ തന്നെയാണെന്ന്. ബല്ലാലൻ ഭഗവാനെ സ്തുതിച്ചിട്ട് പറഞ്ഞു: "ഭഗവാനേ അങ്ങയുടെ സാന്നിധ്യം ഇവിടെ എപ്പോഴും ഉണ്ടാകണം".

ഭഗവാൻ സമ്മതിച്ചു. ഭഗവാൻ്റെ അനുഗ്രഹത്തിൽ അവിടെ ഒരു വലിയ അമ്പലം നിലവിൽ വന്നു. ഇതാണ് പ്രസിദ്ധമായ പാലി ബല്ലാലേശ്വര മന്ദിരം. ഇവിടെ പ്രധാന പ്രതിഷ്ഠ കിഴക്കോട്ട് ദർശനമായും പണ്ടത്തെ ശിലാവിഗ്രഹം ധുണ്ടിവിനായകൻ എന്ന പേരിൽ പടിഞ്ഞാറോട്ട് ദർശനമായും ഇപ്പോഴുമുണ്ട്.

ബല്ലാലേശ്വരൻ തൻ്റെ ഭക്തരുടെ എല്ലാ അനുഗ്രഹങ്ങളും നിറവേറ്റിക്കൊടുക്കുന്നതിൽ പ്രസിദ്ധനാണ്.

മലയാളം

മലയാളം

പുരാണ കഥകള്‍

Click on any topic to open

0

Copyright © 2026 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize

We use cookies