മൂഷികൻ ഗണപതിയുടെ വാഹനമായതെങ്ങനെയെന്നറിയാമോ?

0:00 0:00

മൂഷികൻ ഗണപതിയുടെ വാഹനമായതെങ്ങനെയെന്നറിയാമോ?

മൂഷികൻ എങ്ങനെ ഗണപതിയുടെ വാഹനമായി?

ഒരിക്കൽ ഒരു ഗന്ധർവ്വനുണ്ടായിരുന്നു, ക്രൗഞ്ചൻ. ഒരിക്കൽ ഇന്ദ്രസഭയിൽ ക്രൗഞ്ചൻ അറിയാതെ വാമദേവ മഹർഷിയുടെ കാലിൽ ചവിട്ടി. മഹർഷി ശപിച്ചു: "നീ ഒരു എലിയായി മാറട്ടെ." ക്രൗഞ്ചൻ എലിയായി മാറി. ശാപമോചനത്തിനായി മഹർഷിയോട് കെണപേക്ഷിച്ചു. മഹർഷി പറഞ്ഞു: "നീ ഭഗവാൻ ശ്രീഗണേശൻ്റെ വാഹനമാകും, അദ്ദേഹം നിനക്ക് മുക്തി നൽകും."

ക്രൗഞ്ചൻ പർവ്വതാകാരനായ ഒരു എലിയായി ഭൂമിയിൽ പരാശര മഹർഷിയുടെ ആശ്രമത്തിൽ വന്നു വീണു. അപ്പോൾ തന്നെ ആശ്രമം പകുതിയും താറുമാറായി. മൂഷികൻ ആശ്രമത്തിൽ പ്രശ്നങ്ങളുണ്ടാക്കാൻ തുടങ്ങി. മരങ്ങളെല്ലാം കടപുഴക്കി എറിഞ്ഞു. കണ്ണിൽ കണ്ടതെല്ലാം തച്ചുടച്ചു, ധാന്യങ്ങൾ മുഴുവൻ തിന്നുതീർത്തു.

മഹർഷിക്ക് എന്ത് ചെയ്യണമെന്ന് അറിയാതായി. മഹർഷി എല്ലാം ഉപേക്ഷിച്ചു പോകാൻ വരെ ആലോചിച്ചു. ഭഗവാൻ മഹാഗണപതി അപ്പോൾ ഒരവതാരമെടുത്ത് മഹർഷിയുടെ ആശ്രമത്തിൽ ഒരു അന്തേവാസിയായി, ഒരു ബ്രഹ്മചാരി ബാലനായി താമസിക്കുകയായിരുന്നു. ഭഗവാൻ മഹർഷിയോട് പറഞ്ഞു: "അങ്ങ് എന്തിനാ പരിഭ്രമിക്കുന്നത്? ഞാനിതിനെ നോക്കിക്കൊള്ളാം."

മഹർഷിക്ക് ആശ്ചര്യമായി. ഈ കൊച്ചു കുട്ടിയെക്കൊണ്ട് എന്താണ് സാധിക്കുക? ഭഗവാൻ മൂഷികനെ ഒരു കയറിൽ കുടുക്കി അവൻ്റെ മുകളിൽ കയറിയിരുപ്പായി. മൂഷികൻ കുടഞ്ഞും കുത്തിമറിഞ്ഞും ഭഗവാനെ തള്ളി താഴെയിടാൻ നോക്കി. ആകാശം വരെ ഉയർന്നു പൊങ്ങി അവിടെ നിന്നും മലക്കം മറിഞ്ഞ് ഭൂമിയിലേക്ക് കുതിച്ചു. ഭഗവാൻ ചിരിച്ചുകൊണ്ട് ഒന്നുമറിയാത്ത മട്ടിൽ മൂഷികൻ്റെ പുറത്തുതന്നെയിരുന്നു. മൂഷികന് മനസ്സിലായി ഇതൊരു സാധാരണബാലനല്ലെന്ന്.

ഇതിനകം ഭഗവാൻ മൂഷികൻ്റെ മനസ്സിൻ്റെ നിയന്ത്രണം തൻ്റെ കൈകളിലെടുത്തു. മൂഷികൻ ഭഗവാൻ്റെ മുന്നിൽ കീഴടങ്ങി. ഭഗവാൻ പറഞ്ഞു: "എന്ത് വരം വേണമെങ്കിലും ചോദിച്ചോളൂ." മൂഷികൻ്റെ അഹങ്കാരം അപ്പോഴും വിട്ടുപോയിരുന്നില്ല. "വരമോ എനിക്കോ? എന്നോട് വരം ചോദിക്കൂ, ഞാൻ തരാം." ഉടനെ ഭഗവാൻ പറഞ്ഞു: "എന്നാൽ ഇനി മുതൽ എൻ്റെ വാഹനമായിക്കോ, ഇതാണ് എനിക്ക് വേണ്ട വരം."

അങ്ങനെയാണ് മൂഷികൻ ഗണപതിയുടെ വാഹനമായത്.

മലയാളം

മലയാളം

പുരാണ കഥകള്‍

Click on any topic to open

0

Copyright © 2026 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize

We use cookies