ഭഗവാന്‍ ഇങ്ങനെയൊക്കെ ശരിക്കും ചെയ്യുന്നുണ്ടോ?

vishnu

ജന്മാദ്യസ്യ യതോഽന്വയാദിതരതശ്ചാർഥേഷ്വ - ഭിജ്ഞഃ സ്വരാട്।

തേനേ ബ്രഹ്മ ഹൃദാ യ ആദികവയേ മുഹ്യന്തി യത്സൂരയഃ।

തേജോവാരിമൃദാം യഥാ വിനിമയോ യത്ര ത്രിസർഗോഽമൃഷാ।

ധാമ്നാ സ്വേന സദാ നിരസ്തകുഹകം സത്യം പരം ധീമഹി।

 

ഭാഗവതത്തിലെ ആദ്യത്തെ ശ്ലോകത്തിലെ മൂന്നാമത്തെ വരിയുടെ അര്‍ഥം -

ഭാഗവതത്തിലെ ഈ ആദ്യത്തെ ശ്ലോകത്തില്‍ തന്നെ വ്യാസ മഹര്‍ഷി ഭഗവാനെക്കുറിച്ചുള്ള ഒരു വലിയ ആശയക്കുഴപ്പത്തെ ദൂരീകരിക്കുകയാണ്.

പലരും ഭഗവാനെപ്പറ്റി പലതും ധരിച്ചുവെച്ചിരിക്കുന്നു:

  • എവിടെ നന്മയുണ്ടോ അവിടെ ഭഗവാനുണ്ട്.
  • തിന്മയുള്ളിടത്ത് ഈശ്വരചൈതന്യുമുണ്ടാവില്ല.
  • സുന്ദരമായതൊക്കെ ഈശ്വരന്‍റേതാണ്.
  • വിരൂപതയില്‍ ഈശ്വരനുണ്ടാവില്ല.

ഇങ്ങനെ പലരും പലതും കരുതുന്നു, അവനവന്‍റെ ബുദ്ധിക്കും ശേഷിക്കുമനുസരിച്ച്.

ഇതനുസരിച്ച് വിധി കല്പിക്കാനും തുടങ്ങും -

ഭഗവാന്‍ പാണ്ഡവരുടെ പക്ഷം ചേരരുതായിരുന്നു; കര്‍ണ്ണനുമേല്‍ അനീതി നടക്കാന്‍ അനുവദിക്കരുതാതിരുന്നു.

 

ഭഗവാന്‍ ഇങ്ങനെയൊക്കെ ശരിക്കും ചെയ്യുന്നുണ്ടോ?

ഇത് നമ്മുടെ തോന്നലാണ്.

ജലത്തില്‍ ചന്ദ്രന്‍റെ പ്രതിബിംബം കണ്ടാല്‍ തോന്നും ചന്ദ്രന്‍ ശരിക്കും ജലത്തിനുള്ളിലാണെന്ന്.

എന്നാല്‍ അങ്ങനെയല്ലല്ലോ!

കണ്ണൂകള്‍ നമുക്ക് തെറ്റായ വിവരം തരുന്നതല്ലേ?

നമ്മുടെ ബുദ്ധിക്ക് യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ സാധിക്കാത്തതല്ലേ?

ബുദ്ധിയുള്ളവര്‍ക്കറിയാം യാഥാര്‍ത്ഥ്യം; പക്ഷേ നൂറില്‍ എത്ര പേരുണ്ട് ബുദ്ധിയുള്ളവര്‍?

ഭഗവാനെ ഒരിക്കലും ഒരു ശരീരത്തിലോ ഒരവസ്ഥയിലോ ഒതുക്കാന്‍ സാധിക്കില്ല.

ഭഗവന്‍റെ കഴിവിനും ശക്തിക്കും ഒരു പരമകാഷ്ഠയില്ല.

ഇതെല്ലാം നമ്മുടെ ജ്ഞാനേന്ദ്രിയങ്ങളുടേയും ബുദ്ധിയുടേയും പരിമിതികളാണ്.

വൃന്ദാവനത്തില്‍ ഗോപികമാര്‍ പ്രത്യക്ഷമായിക്കണ്ട ഭഗവാന്‍റെ രൂപവും അവരുടെ കണ്ണൂകളുടെ പരിമിതിക്കനുസരിച്ചുള്ളതായിരുന്നു.

ഒരു മനുഷ്യന്‍റെ കാല്‍പാദം കാണുന്ന ഉറുമ്പിന് അതൊരു മലയായിട്ടേ തോന്നൂ; എന്നാല്‍ അങ്ങിനെയല്ലല്ലോ!

ഭഗവാന്‍റെ ചെറിയൊരംശം മാത്രമാണ് ഗോപികമാര്‍ കണ്ടത്.

ഭഗവാന്‍റെ ചെറിയൊരു ഭാവം മാത്രമാണ് ഗോപികമാര്‍ കണ്ടത്.

ഇങ്ങനെ കുറച്ചു മാത്രം കണ്ട് അതിനെ പരിപൂര്‍ണ്ണ സത്യമായി കരുതുന്നതിനെയാണ് മിഥ്യ അല്ലെങ്കില്‍ മായ എന്ന് പറയുന്നത്.

എന്നാല്‍ ഭഗവാന്‍ ചെയ്തതെന്താണ്?

ആ മിഥ്യയെ, ആ മായയെ ഉപയോഗിച്ചു തന്നെ അവരുടെ മായയെ ഇല്ലാതാക്കി.

അവര്‍ക്ക് പരിപൂര്‍ണ്ണ ജ്ഞാനം കൊടുത്തു.

നിങ്ങള്‍ക്ക് മലയാളം മാത്രമേ അറിയാവൂ എന്ന് വെക്കുക.

മറ്റൊരു ഭാഷ പഠിക്കണമെങ്കില്‍ മലയാളം മാധ്യമമായി ഉപയോഗിച്ചല്ലേ പറ്റൂ?

ഇതാണ് ഭഗവാന്‍ വൃന്ദാവനത്തില്‍ ചെയ്തത്,

മുള്ളുകൊണ്ട് മുള്ളിനെ എടുത്തു.

മായ ഉപയോഗിച്ചുതന്നെ മായയെ ഇല്ലാതാക്കി.

 

പരിമിതികള്‍ നമ്മുടെ ഇന്ദ്രിയങ്ങളിലും ബുദ്ധിയിലുമാണ്.

 

അതുകൊണ്ടാണ് മരുഭൂമിയില്‍ അങ്ങകലെ ജലമുണ്ടെന്ന് തോന്നുന്നത്.

യത്ര ത്രിസര്‍ഗോ മൃഷാ -

സത്ത്വരജസ്തമോഗുണങ്ങളാല്‍ ബാധിക്കപ്പെടുമ്പോളാണല്ലോ പ്രപഞ്ചം ഉണ്ടാകുന്നത്.

പ്രപഞ്ചത്തിന്‍റെ അസംസ്കൃതവസ്തുവിന് പരിധികള്‍ കല്പിക്കുമ്പോളാണല്ലോ വസ്തുക്കളും രൂപങ്ങളുമൊക്കേ ഉണ്ടാവുന്നത്,

പ്രപഞ്ചത്തിന്‍റെ പരിമിതികളും നിയമങ്ങളുമൊന്നും തന്നെ ഭഗവാനെ ബാധിക്കുന്നില്ല; ഭഗവാന്‍റെ ഇച്ഛകള്‍ക്ക് തടസ്സമാവുന്നില്ല.

രണ്ട് സന്ദര്‍ഭങ്ങളില്‍ മാത്രമേ ഭഗവാന് പരിമിതികള്‍ ഉണ്ടെന്ന് കരുതാനാവൂ -

1.ഭഗവാനില്‍ എന്തെങ്കിലും കുറവുണ്ടെങ്കില്‍.

അത് ഒരിക്കലും സാദ്ധ്യമല്ല,

എന്തെങ്കിലും കുറവോ പോരായ്മയോ തോന്നിയാല്‍ അത് നമ്മളിലാണ്; ഭഗവാന്‍റെ ഉദ്ദേശ്യം നമുക്ക് മനസ്സിലാക്കാന്‍ സാധിക്കാത്തതിലാണ്.

  1. ഭഗവാന്‍ തന്‍റെ കര്‍ത്തവ്യം നിര്‍വഹിക്കുന്നില്ല എന്നുണ്ടെങ്കില്‍.

അതും ശരിയല്ല.

ധാമ്നാ സ്വേന സദാ നിരസ്തകുഹകം - ഭഗവാന്‍ നിരന്തരം, സദാ മിഥ്യയുടെ കോടമഞ്ഞിനെ മാറ്റിക്കൊണ്ടേ ഇരിക്കുകയാണ്.

 

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |