സോമനാഥൻ

0:00 0:00

സോമനാഥൻ

ഗുജറാത്തിലെ കാത്തിയാവാഡ് പ്രദേശത്താണ് ശ്രീ സോമനാഥ ക്ഷേത്രം. വിശ്വവിഖ്യാതമായ 12 ജ്യോതിർലിംഗങ്ങളിൽ ഒന്നാണ് സോമനാഥ ക്ഷേത്രം. കാത്തിയാവാഡ് പ്രദേശത്തിന് പ്രഭാസ ക്ഷേത്രം എന്നും ഒരു പേരുണ്ട്. ഭഗവാൻ ശ്രീകൃഷ്ണൻ വേടൻ്റെ അമ്പ് നിമിത്തമാക്കി തൻ്റെ  ശരീരം ഉപേക്ഷിച്ചത് ഇവിടെ വെച്ചാണ്.

ദക്ഷൻ്റെ പുത്രിമാരാണ് 27 നക്ഷത്രങ്ങൾ. അശ്വതി ഭരണി തുടങ്ങിയ 27 നക്ഷത്രങ്ങൾ. ഇവരെയെല്ലാവരെയും ഒന്നായി ചന്ദ്രന് വിവാഹം ചെയ്തു കൊടുത്തു. ഈ കഥയൊക്കെ വേദത്തിലുണ്ട്. ഈ 27 പേരിൽ രോഹിണിയായിരുന്നു ചന്ദ്രന് ഏറ്റവും പ്രിയപ്പെട്ടവൾ. രോഹിണിയോട് ചന്ദ്രൻ പക്ഷപാതം കാണിക്കുമായിരുന്നു, മറ്റുള്ളവരോട് അവഗണനയും.

മറ്റ് നക്ഷത്രങ്ങൾ തങ്ങളുടെ പിതാവിനോട് സങ്കടം ഉണർത്തിച്ചു. ദക്ഷപ്രജാപതി പലവിധത്തിൽ ചന്ദ്രനെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. ചന്ദ്രൻ ഒന്നും ചെവിക്കൊണ്ടില്ല. രോഹിണിയുടെ സൗന്ദര്യത്തിൽ തികച്ചും വശംവദനായിരുന്നു ചന്ദ്രൻ. ഒടുവിൽ കോപം പൂണ്ട് ദക്ഷൻ 'ക്ഷയരോഗിയായി തീരട്ടെ' എന്ന് ചന്ദ്രനെ ശപിച്ചു.

ചന്ദ്രന് ക്ഷയരോഗം പിടിപെട്ടു. ക്ഷയരോഗം പിടിപെട്ട ചന്ദ്രൻ്റെ നിലാവിന് കുളിർമ നഷ്ടപ്പെട്ടു. നിലാവ് തന്നെ കുറച്ചു കഴിഞ്ഞപ്പോൾ ഇല്ലാതെയായി. എല്ലാ രാത്രിയും അമാവാസി തന്നെ. ജനങ്ങൾ കഷ്ടത്തിലായി. ചന്ദ്രനും തൻ്റെ മൂഢതയെ പറ്റി ഓർത്ത് ദുഃഖിച്ചു.

ചന്ദ്രനെയും കൂട്ടി ദേവന്മാരും ഋഷിമാരും എല്ലാവരും ചേർന്ന് ബ്രഹ്മാവിനെ സമീപിച്ചു. ശാപമോചനത്തിന് ഒരു വഴിയേ ഉള്ളൂ - മൃത്യുഞ്ജയ രുദ്രൻ്റെ അനുഗ്രഹം. ചന്ദ്രൻ തപസ്സ് ആരംഭിച്ചു, മഹാദേവൻ്റെ. പത്തു കോടി തവണ മൃത്യുഞ്ജയ മന്ത്രം ഉരുവിട്ടു ചന്ദ്രൻ. ഒടുവിൽ ഭഗവാൻ പ്രത്യക്ഷപ്പെട്ട് ചന്ദ്രനെ അനുഗ്രഹിച്ചു, ചന്ദ്രനെ ശാപമുക്തനാക്കി.

എന്നാൽ ദക്ഷൻ്റെ ശാപവും വിഫലമാകാൻ പാടില്ല. ന്യായമാണ് ശാപത്തിന് പിന്നിലെ കാരണം. ദേവന്മാർ അന്യായത്തിന് കൂട്ടുനിൽക്കില്ല, നീതി നിർവ്വഹണത്തിൽ തടസ്സം നിൽക്കില്ല. ഇതുകൊണ്ടാണ് അന്യായമായ പ്രാർത്ഥനകൾ സഫലമാകാത്തത്. ദേവന്മാർ അന്യായത്തിനും അസത്യത്തിനും കൂട്ടുനിൽക്കില്ല.

ചന്ദ്രൻ്റെ തപസ്സിന് ഫലം കിട്ടണം, പക്ഷെ ദക്ഷൻ്റെ ശാപം വിഫലമാകാനും പാടില്ല. ഭഗവാൻ പറഞ്ഞു: "പൗർണ്ണമി കഴിഞ്ഞാൽ നിൻ്റെ കല ദിനംപ്രതി ഒന്നൊന്നായി ക്ഷയിച്ചു തുടങ്ങും. ഇങ്ങനെ ക്ഷയിച്ചു ക്ഷയിച്ചു അമാവാസിക്ക് തീരെ ഇല്ലാതെയാകും. പിന്നീട് കല വർദ്ധിക്കാൻ ആരംഭിക്കും. പൗർണ്ണമിക്ക് വീണ്ടും പഴയതുപോലെയാകും." ഇങ്ങനെ ചന്ദ്രൻ്റെ ക്ഷയം പൂർണ്ണമായും വിട്ടുപോവുകയുമില്ല, എന്നാൽ ചന്ദ്രന് ലോകോപകാരത്തിനായി പഴയതുപോലെ നിലാവ് ചൊരിയാനും കഴിയും.

ചന്ദ്രൻ പരമേശ്വരനോട് അപേക്ഷിച്ചു: "അങ്ങ് സ്ഥിരമായി പാർവ്വതീദേവിയോട് ചേർന്ന് ഇവിടെ കുടികൊള്ളണം." ഭഗവാൻ സമ്മതിച്ചു. സോമനാഥിലെ ജ്യോതിർലിംഗമായി ഭഗവാനും ശ്രീ പാർവ്വതിയും പ്രത്യക്ഷമായി അവിടെ കുടികൊള്ളുന്നു. സോമൻ്റെ (ചന്ദ്രൻ്റെ) നാഥൻ - സോമനാഥൻ.

പാപമോചനത്തിനും ശാപമോചനത്തിനും പ്രധാനമാണ് സോമനാഥ ക്ഷേത്രം. ജന്മജന്മാന്തരങ്ങളിലെ പാപങ്ങൾ പോലും സോമനാഥൻ്റെ ദർശനം കൊണ്ട് ശമിക്കും. ശിവപാർവ്വതിമാരുടെ കൃപയ്ക്ക് പാത്രീഭൂതരാകാനും തദ്വാരാ ഇഹലോക പരലോക സുഖപ്രാപ്തിക്കും മോക്ഷത്തിനും അദ്വിതീയമാണ് സോമനാഥ ക്ഷേത്രം. ഒരിക്കലെങ്കിലും സോമനാഥ ക്ഷേത്രം സന്ദർശിച്ച് ഭഗവാൻ്റെ കൃപാകടാക്ഷം നേടുവാൻ ശ്രമിക്കുക.

മലയാളം

മലയാളം

പല വിഷയങ്ങള്‍

Click on any topic to open

0

Copyright © 2026 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize

We use cookies