ശിവൻ ഒരു സേവകനാകുന്നു

ശിവൻ ഒരു സേവകനാകുന്നു

ഹിന്ദി സാഹിത്യത്തിലെ പ്രമുഖ കവികളിലൊരാളായ വിദ്യാപതി അറുനൂറോളം വർഷങ്ങൾക്ക് മുമ്പാണ് ജീവിച്ചിരുന്നത്. വിദ്യാപതി ഒരു ശിവഭക്തനായിരുന്നു. ശിവനെ പറ്റി അദ്ദേഹം ഒട്ടനവധി കീർത്തനങ്ങൾ രചിച്ചിച്ചുണ്ട്. വിദ്യാപതിയുടെ ഭക്തിയിൽ സന്തുഷ്ടനായ ശിവൻ ഒരിക്കൽ വേഷം മാറി ഒരു സേവകന്‍റെ രൂപത്തിൽ വിദ്യാപതിയെ സമീപിച്ച് ജോലി ആവശ്യപ്പെട്ടു. ഉഗ്‌നാ (ഉഗ്രനാഥ്) എന്നായിരുന്നു ആ സേവകന്‍റെ പേര്. ദാരിദ്ര്യം അനുഭവിച്ചുകൊണ്ടിരുന്ന വിദ്യാപതി ആദ്യം നിരസിച്ചെങ്കിലും പിന്നീട് രണ്ട് നേരത്തെ ആഹാരം മാത്രം തരാമെന്ന് പറഞ്ഞ് കൂടെക്കൂട്ടി. 

ഒരിക്കൽ യാത്രാമധ്യേ വിദ്യാപതിക്ക് വല്ലാതെ ദാഹിക്കുകയും ഉഗ്‌നയോട് ജലം ആവശ്യപ്പെടുകയും ചെയ്തു. വനമധ്യത്തിൽ എവിടെ നിന്ന് ജലം കിട്ടാൻ? ഉഗ്‌ന തെല്ല് ദൂരം മാറിച്ചെന്ന് തന്‍റെ മുടിയിലുള്ള ഗംഗയിൽനിന്നും കുറച്ചു വെള്ളം ശേഖരിച്ച് ഒരു പാത്രത്തിലാക്കി വിദ്യാപതിക്ക് കൊണ്ട് കൊടുത്തു. കുടിച്ചതും വിദ്യാപതി ഗംഗാജലത്തിന്‍റെ സ്വാദ് തിരിച്ചറിഞ്ഞു. ഈ വനമധ്യത്തിൽ ഗംഗ വരണമെങ്കിൽ മുമ്പിൽ നിൽക്കുന്നത് ശിവനായിരിക്കണം എന്ന് അദ്ദേഹത്തിന് മനസ്സിലായി. ഉടൻതന്നെ ഭഗവാന്‍റെ കാൽക്കളിൽ വീണ് മാപ്പപേക്ഷിച്ചു. തന്നെ തിരിച്ചറിഞ്ഞ സ്ഥിതിക്ക് ഇനി തന്നോടുള്ള വിദ്യാപതിയുടെ പെരുമാറ്റം ഒരു ഭക്തനെപ്പോലെ ആയിരിക്കുമെന്നും അതിനാൽ മറ്റുള്ളവരും തന്നെ തിരിച്ചറിയുമെന്ന് പറഞ്ഞ് ശിവൻ കൈലാസത്തിലേക്ക് മടങ്ങാൻ തുടങ്ങി.

തന്നെ വിട്ടുപോകരുതെന്ന് വിദ്യാപതി കേണപേക്ഷിച്ചപ്പോൾ ഭഗവാൻ പറഞ്ഞു, 'എന്നാൽ ഇനിയുമങ്ങോട്ട് എന്നോട് സേവകനെപ്പോലെ തന്നെ പെരുമാറണം. എപ്പോഴെങ്കിലും തിരിച്ചറിയപ്പെട്ടാൽ ഞാൻ മടങ്ങിപ്പോകും.'

വിദ്യാപതി സമ്മതിച്ചു. അങ്ങനെ കുറേക്കാലം തുടർന്നു.

വിദ്യാപതിയുടെ ഭാര്യ ഒരു മുൻകോപക്കാരിയായിരുന്നു. ഒരിക്കൽ എന്തോ കാര്യത്തിന് ദേഷ്യപ്പെട്ട് അവർ ഉഗ്‌നയെ അടുപ്പിൽനിന്നും കത്തിക്കൊണ്ടിരുന്ന വിറകുകൊള്ളിയെടുത്ത് അടിച്ചു. ഇത് കണ്ട് സഹിക്കാൻ വയ്യാതെ വിദ്യാപതി, 'നീയെന്ത് മഹാപമാണ് ചെയ്യുന്നത്? ഭഗവാനാണ് അത്', എന്ന് പറഞ്ഞതും ഭഗവാൻ അദൃശ്യനായി.

ദുഃഖം താങ്ങാനാകാതെ വിദ്യാപതി അങ്ങുമിങ്ങും ഭഗവാനെത്തേടി ഒരു ഭ്രാന്തനെപ്പോലെ അലഞ്ഞുതുടങ്ങി. ഭക്തന്‍റെ ദുഃഖം സഹിക്കവയ്യാതെ ഭഗവാൻ വീണ്ടും വിദ്യാപതിയുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. എന്നിട്ട് പറഞ്ഞു, 'തിരിച്ചറിയപ്പെട്ടതിനാൽ എനിക്ക് ഇനി നിന്‍റെ കൂടെ തുടരാൻ കഴിയില്ല. എന്നിരുന്നാലും ശിവലിംഗത്തിന്‍റെ രൂപത്തിൽ നിനക്കെന്നെ പൂജിക്കാം.'

ഇപ്രകാരം ഭഗവാൻ ഒരു ശിവലിംഗമായി മാറി. വിദ്യാപതി ആജീവനാന്തം ആ ശിവലിംഗത്തെ പൂജിച്ചു.

ബീഹാറിലെ ദർഭംഗയിലാണ് പ്രസിദ്ധമായ ഉഗ്‌നാ മഹാദേവ ക്ഷേത്രം.

മലയാളം

മലയാളം

പുരാണ കഥകള്‍

Click on any topic to open

0

Copyright © 2026 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize

We use cookies