
ലിംഗപുരാണത്തിലാണ് ഭദ്രകാളിയുടെ കഥ വർണ്ണിച്ചിട്ടുള്ളത്.
ദേവാസുരയുദ്ധത്തിൽ അസുരന്മാർ പരാജയപ്പെട്ടതിൽ പ്രതികാരം ചെയ്യാൻ ആഗ്രഹിച്ച അസുരസഹോദരിമാരായ ദാരുമതിയും ദാനവതിയും തപസ്സ് ചെയ്ത് ബ്രഹ്മാവിന്‍റെ അനുഗ്രഹം നേടി. അതിശക്തരായ പുത്രന്മാർ അവർക്ക് ഉണ്ടാകും എന്നതായിരുന്നു അനുഗ്രഹം. ദാരുമതിയ്ക്ക് ദാരികൻ എന്നും ദാനവതിയ്ക്ക് ദാനവൻ എന്നും പേരോടുകൂടിയ പുത്രന്മാർ ഉണ്ടായി. ദാരികൻ അസുരന്മാരുടെ ചക്രവർത്തി ആയി, ദാനവൻ സേനാനായകനുമായി. ദാരികൻ തപസ്സ് ചെയ്ത് ബ്രഹ്മാവിനെ പ്രീതിപ്പെടുത്തി വരങ്ങൾ നേടി - സ്ത്രീപുരുഷ സംയോഗത്തിലൂടെ പിറക്കാത്ത ഒരു സ്ത്രീക്ക് മാത്രമേ ദാരികനെ വധിക്കാൻ കഴിയൂ, ദാരികന് പതിനായിരം ആനകളുടെ ശക്തിയുണ്ടാകും, യുദ്ധത്തിൽ ചിന്തുന്ന ദാരികന്‍റെ ഓരോ തുള്ളി രക്തത്തിൽനിന്നും ആയിരം ദാരികന്മാർ ജനിക്കും - എന്നിവയായിരുന്നു വരം. ഇത് കൂടാതെ ബ്രഹ്മദണ്ഡ് എന്ന മാരകമായ ആയുധവും രണ്ട് വിശേഷമന്ത്രങ്ങളും ദാരികൻ ബ്രഹ്മാവിൽനിന്നും നേടി.
ഈ വരങ്ങൾ മൂലം ശക്തനായ ദാരികൻ, എല്ലാ ലോകങ്ങളും കീഴടക്കി. അബലകളായ സ്ത്രീകളോട് ദാരികന് പുച്ഛമായിരുന്നു. അവരാൽ തന്നെ വധിക്കാനാവില്ലെന്നും അതുകൊണ്ട് താൻ അവദ്ധ്യനാണെന്നും ദാരികൻ കരുതി.
ദാരികന്‍റെ അതിക്രമത്തിൽ എല്ലാം നഷ്ടപെട്ട ദേവന്മാർ ബ്രഹ്മാവിനേയും കൂട്ടി മഹാവിഷ്ണുവിനെ സമീപിച്ചു. മഹാവിഷ്ണുവിന്‍റെ ഉപദേശപ്രകാരം എല്ലാവരും ചേർന്ന് കൈലാസത്തിലേക്ക് പോയി മഹാദേവനോട് രക്ഷക്കായി പ്രാർത്ഥിച്ചു. ശിവൻ നിർദ്ദേശിച്ചത് പ്രകാരം ദാരികനോട് യുദ്ധം ചെയ്യാൻ ആറ് മാതാക്കൾ ഉത്ഭവിച്ചു. ബ്രഹ്മാവിൽ നിന്നും ബ്രാഹ്മി, വിഷ്ണുവിൽനിന്നും വൈഷ്ണവി, ശിവനിൽനിന്നും മാഹേശ്വരി, സുബ്രഹ്മണ്യനിൽനിന്നും കൗമാരി, ഇന്ദ്രനിൽനിന്നും ഇന്ദ്രാണി, യമനിൽനിന്നും വാരാഹി എന്നിവരായിരുന്നു ആ ആറ് മാതാക്കൾ.
എന്നാൽ ദാരികനും ആറു മാതാക്കളും തമ്മിൽ നടന്ന യുദ്ധത്തിൽ ദാരികൻ ആണ് വിജയിച്ചത്. ദാരികന്‍റെ ഓരോ തുള്ളി രക്തത്തിൽ നിന്നും അനേകം ദാരികന്മാർ ഉണ്ടായി വന്നു. അവർ മാതാക്കളെ പരാജയപ്പെടുത്തി.
കോപിഷ്ഠനായ ശിവന്‍റെ മൂന്നാമത്തെ കണ്ണിൽനിന്നും ആദിപരാശക്തി ഉഗ്രരൂപിണിയായ ഭദ്രകാളിയായി ഉത്ഭവിച്ചു. ഭൂമിയിലേക്ക് ചാടിയിറങ്ങിയ ദേവിയുടെ കരാളരൂപം കണ്ട് കൈലാസമുൾപ്പെടെ എല്ലാ പർവ്വതങ്ങളും കുലുങ്ങി, സമുദ്രങ്ങളിൽ വലിയ തിരമാലകൾ ഉയർന്നു.
ഭൂതഗണങ്ങളുടെ അകമ്പടിയോടെ വേതാളിയുടെ തോളിലേറി ഭദ്രകാളി ദാരികനെ നേരിടാൻ പുറപ്പെട്ടു. ദാരികന്‍റെ മഹാസൈന്യത്തെ കൊന്നൊടുക്കിയ ദേവി അവന്‍റെ സഹോദരനായ ദാനവനേയും വധിച്ചു. കോപാക്രാന്തനായ ദാരികൻ തനിക്ക് ബ്രഹ്മാവ് നൽകിയ മന്ത്രങ്ങൾ ജപിച്ചുകൊണ്ടിരിക്കുവാനും യാചകർക്ക് ചോദിക്കുന്നതെന്തും ദാനം ചെയ്യുവാനും തന്‍റെ ഭാര്യയെ ഏൽപ്പിച്ച് ദേവിയെ നേരിടാൻ യുദ്ധഭൂമിയിലേക്ക് തിരിച്ചു. ഇരുപത്തിയൊന്ന് ദിവസങ്ങൾക്ക് ശേഷവും യുദ്ധത്തിന് തീർപ്പുണ്ടായില്ല. കാരണം തിരഞ്ഞെത്തിയ പാർവ്വതി ദേവി അത് ദാരികന്‍റെ ഭാര്യ ജപിക്കുന്ന മന്ത്രങ്ങളുടെ ശക്തി കൊണ്ടാണെന്ന് മനസ്സിലാക്കി. ഒരു യാചകിയുടെ വേഷത്തിൽ ദേവി ദാരികന്‍റെ ഭാര്യയുടെ പക്കൽ പോയി ആ മന്ത്രങ്ങൾ തനിക്കുപദേശിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് ദേവി ആ മന്ത്രങ്ങൾ ഭദ്രകാളിക്ക് ഉപദേശിച്ചു. ഭദ്രകാളി ആ മന്ത്രങ്ങൾ ജപിച്ചതും ദാരികന്‍റെ ശക്തി തുലോം നഷ്ടപ്പെട്ടു. ദേവിയുടെ പ്രഹരങ്ങൾ ഏറ്റ് ഭയന്ന് നടുങ്ങിയ ദാരികൻ പാതാളത്തിൽ പോയി ഒളിച്ചു.
തന്‍റെ വലിയ നാവ് നീട്ടി വെച്ച് ഭദ്രകാളി മുടികൊണ്ട് സൂര്യനെ മറച്ചു. രാത്രിയായെന്നും യുദ്ധസമയം അവസാനിച്ചുവെന്നും കരുതി പുറത്തു വന്ന ദാരികനെ ദേവി തന്‍റെ നാവുകൊണ്ട് ആകാശത്തേക്ക് തൂക്കിയെറിഞ്ഞ് ഭൂമിയിൽ വീഴ്ത്തി ശൂലം കൊണ്ടവന്‍റെ മാറ് പിളർന്നു. കപാല പാത്രത്തിൽ അവന്‍റെ ചോരയെടുത്ത് കുടിച്ചു വറ്റിച്ച ശേഷം ദേവി അവന്‍റെ തലയറുത്ത് കയ്യിൽ പിടിച്ചു, ഹൃദയം ഭക്ഷിച്ചു, കുടൽമാലയെടുത്ത് ശരീരത്തിൽ അണിഞ്ഞു.
ഭദ്രകാളിയുടെ ഈ ഉഗ്രസ്വരൂപം കണ്ട് ലോകം മുഴുവനും ഭയന്നു വിറച്ചു. ദേവന്മാരും ഋഷിമാരും സ്തുതിഗീതങ്ങൾ പാടി ദേവിയുടെ കോപമടക്കി.
ഇങ്ങനെയാണ് സർവ്വമംഗള ദായിനിയായ ഭദ്രകാളി അവതരിച്ചതും ദാരികനെ നിഗ്രഹിച്ചതും.
Astrology
Bhagavad Gita
Bhagavatam
Bharat Matha
Devi
Devi Mahatmyam
Ganapathy
Garuda Puranam
Glory of Venkatesha
Hanuman
Kathopanishad
Mahabharatam
Mantra Shastra
Mystique
Practical Wisdom
Purana Stories
Radhe Radhe
Ramayana
Rare Topics
Rigveda Explained
Rituals
Sages and Saints
Shiva
Spiritual books
Sri Suktam
Story of Sri Yantra
Temples
Vedas
Vishnu Sahasranama
Yoga Vasishta