
വാനരന്മാർ ആകെ ക്ഷീണിതരായിരുന്നു. അവർ പ്രതീക്ഷിച്ചതിലും എത്രയോ ദൂരം താണ്ടിയിരുന്നു അവരുടെ യാത്ര. ഗുഹകളിലൂടെയും കാടുകളിലൂടെയും മലകളിലൂടെയും അവർ സഞ്ചരിച്ചു. തപസ്വിനി സ്വയംപ്രഭയെ കണ്ടുമുട്ടിയത് ഒരു വഴിത്തിരിവായിരുന്നു. അവർ വാനരസേനയെ ഞൊടിയിട കൊണ്ട് സമുദ്രതീരത്ത് എത്തിച്ചു.
സുഗ്രീവൻ നൽകിയ സമയപരിധി അവസാനിക്കാൻ ഇനി നാലോ അഞ്ചോ ദിവസങ്ങൾ മാത്രമേ ശേഷിച്ചിരുന്നുള്ളൂ. അംഗദൻ നിരാശനായി ജാംബവാന്‍റെ നേരെ തിരിഞ്ഞ് പറഞ്ഞു – 'മരിക്കാൻ എനിക്ക് അനുവാദം തരൂ. ഞാൻ ഭക്ഷണം കഴിക്കുന്നത് നിർത്തും. സുഗ്രീവന്‍റെ കൈകളാൽ മരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്‍റെതായ രീതിയിൽ ഞാൻ മരിച്ചുകൊള്ളാം. സുഗ്രീവന്‍റെ മകൻ രാജാവാകുന്നതിന് ഞാനൊരു തടസ്സമായി മാറി. എനിക്ക് സീതാദേവിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഞാൻ പരാജയപ്പെട്ടു. ഞാൻ തിരിച്ചെത്തിയാൽ, സുഗ്രീവൻ എന്നെ വെറുതെ വിടില്ല.'
വൃദ്ധനും ജ്ഞാനിയുമായ ജാംബവാൻ അംഗദനെ ആശ്വസിപ്പിക്കാനൊന്നും ശ്രമിച്ചില്ല. അദ്ദേഹം പറഞ്ഞു, 'എനിക്കും പരാജയപ്പെട്ട് തിരികെ പോകാൻ ആഗ്രഹമില്ല.'
ഹനുമാൻ മുന്നോട്ട് വന്നു. 'നിങ്ങൾ രണ്ടുപേരും ചെയ്യുന്നതെല്ലാം ഞാനും ചെയ്യും.' പക്ഷേ ഉള്ളിന്‍റെയുള്ളിൽ ഹനുമാൻ ശാന്തനായിരുന്നു. ഇത് തന്‍റെ സ്വാമിയുടെ ദൗത്യമാണ് എങ്ങനെ പരാജയപ്പെടും?
ജാംബവാൻ ഹനുമാനെ ഓർമ്മിപ്പിച്ചു – "നീ അമരനാണ്. മരണത്തിന് നിന്നെ സ്പർശിക്കാൻ കഴിയില്ല. ഞാനും കല്പാന്തം വരെ ജീവിച്ചിരിക്കും. പക്ഷേ നമ്മൾ അംഗദന്‍റെ കൂടെ നിൽക്കണം. ഒറ്റപ്പെട്ടതായി അവന് തോന്നരുത്.'
വാനരന്മാരിൽ ഒരുവൻ നിർദ്ദേശിച്ചു – തപസ്വിനിയുടെ ഗുഹയിലേക്ക് മടങ്ങിയാലോ? അവിടം സുരക്ഷിതമാണ്. അവിടെ നിറയെ പഴങ്ങളുണ്ട്, സുഗ്രീവൻ നമ്മളെ അവിടെ കണ്ടെത്തുകയില്ല.'
ഹനുമാൻ പറഞ്ഞു, 'സുഗ്രീവനിൽനിന്നും ഒളിക്കാൻ കഴിയുമെന്ന് തോന്നുന്നുണ്ടോ? നമ്മൾ ആ സ്ഥലം കണ്ടെത്തിയെങ്കിൽ സുഗ്രീവനും കണ്ടെത്തും.'.
ജാംബവാൻ പറഞ്ഞു, "പോകാൻ ആഗ്രഹിക്കുന്നവർ പോകുക. ഞാനും ഹനുമാനും,യുവരാജാവിനൊപ്പം നിൽക്കും.'
അതോടെ വാനരന്മാരുടെ ആത്മാവ് ഉണർന്നു. ഞങ്ങൾ എവിടേക്കും പോകുന്നില്ല. ഞങ്ങളും വേണ്ടിവന്നാൽ ജീവൻ ത്യജിക്കും.'
അപ്പോളാണ് ഒരു ഗുഹയിൽനിന്നും വലിയ ഒരു കഴുകൻ ഇറങ്ങിവന്നത്. അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു, 'നല്ലൊരു ദിവസം. ഇത്രയും കുരങ്ങന്മാർ പട്ടിണി കിടന്ന് മരിക്കാൻ തയ്യാറെടുക്കുന്നു. വലിയ പ്രയാസമൊന്നും ഇല്ലാതെ കുറേ ദിവസത്തേക്ക് ആഹാരം തരപ്പെടും.'
വാനരന്മാർ വിലപിച്ചു, നമുക്ക് ഭഗവാന്‍റെ ദൗത്യം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. രാജാവിനെ നിരാശനാക്കി. ഇനി ഈ കഴുകൻ നമ്മളെ കീറിമുറിക്കും. ധന്യനായിരുന്നു ജടായു. ഒരു കഴുകനായിരുന്നിട്ടും, അദ്ദേഹം ഭഗവാന് വേണ്ടി മരിച്ചു. ഭഗവാൻ തന്നെ അദ്ദേഹത്തിന്‍റെ ശവസംസ്കാരം നടത്തുകയും അദ്ദേഹത്തിന് മുക്തി നൽകുകയും ചെയ്തു. ഇപ്പോൾ മറ്റൊരു കഴുകൻ നമ്മളെ കൊല്ലാൻ വരുന്നു.'
എന്നാൽ കഴുകൻ ‘ജടായു’ എന്ന പേര് കേട്ട നിമിഷം എല്ലാം മാറിമറിഞ്ഞു.
'നിങ്ങൾക്ക് ജടായുവിനെ അറിയാമോ? എന്‍റെ സഹോദരനെ നിങ്ങൾക്ക് എങ്ങനെ അറിയാം? ഭയപ്പെടേണ്ട – അവന് എന്ത് സംഭവിച്ചുവെന്ന് എന്നോട് പറയൂ.'
അംഗദൻ മുന്നോട്ട് വന്ന് എല്ലാം പറഞ്ഞു. സീത അപഹരിക്കപ്പെട്ടത് മുതൽ ജടായുവിന്‍റെ ധീരമായ പോരാട്ടവും രാമന്‍റെ മടിയിൽ തല വെച്ചുള്ള അദ്ദേഹത്തിന്‍റെ അവസാന നിമിഷങ്ങൾ വരെ.
കഴുകന്‍റെ കണ്ണുകൾ കോപം കൊണ്ട് ജ്വലിച്ചു.
'ഞാൻ സമ്പാതി,' കഴുകൻ പറഞ്ഞു. 'ജടായു എന്‍റെ സഹോദരനായിരുന്നു. ഒരിക്കൽ ഞങ്ങൾ ഒരുമിച്ച് സൂര്യനിലേക്ക് പറക്കാൻ ശ്രമിച്ചിരുന്നു. എന്‍റെ ചിറകുകൾ കരിഞ്ഞുപോയി. ഞാൻ വീണു. ഒരു ഋഷി എന്നെ ശുശ്രൂഷിച്ചു, ഒരു ദിവസം സീതാദേവിയെ തേടി വാനരന്മാർ വരുമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ഞാൻ അവരെ സഹായിക്കുമെന്നും അപ്പോൾ എന്‍റെ ചിറകുകൾ വീണ്ടും വളരുമെന്നും അദ്ദേഹം പറഞ്ഞു.'
'ഇപ്പോൾ എന്നെ ഉയർത്തി സമുദ്രതീരത്തേയ്ക്ക് കൊണ്ടുപോകൂ. എന്‍റെ സഹോദരന് വേണ്ടി ജലം അർപ്പിക്കണം.'
ഹനുമാൻ സമ്പാതിയെ ഉയർത്തി സമുദ്രതീരത്തേയ്ക്ക് കൊണ്ടുപോയി സമ്പാതി കൊക്ക് കൊണ്ട് ജലം അർപ്പിച്ചു.
സമ്പാതി പറഞ്ഞു, 'എന്‍റെ മകൻ, സുപാർശ്വൻ, ഒരു വിചിത്രമായ കാര്യം എന്നോട് പറഞ്ഞിരുന്നു. ഒരിക്കൽ ഭക്ഷണത്തിനായി പറക്കുമ്പോൾ, ഒരാൾ ഒരു സ്ത്രീയോടൊപ്പം വിമാനത്തിൽ പോകുന്നത് കണ്ടു. അവൾ നിലവിളിക്കുന്നുണ്ടായിരുന്നു. എന്‍റെ മകൻ അവനെ തടയാൻ ശ്രമിച്ചു. അയാൾ താൻ ലങ്കയുടെ രാജാവാണെന്ന് അവകാശപ്പെട്ടു. കടന്നുപോയി. എന്‍റെ മകൻ എന്നോട് ഇത് പറഞ്ഞപ്പോൾ, ആ സ്ത്രീയെ രക്ഷിക്കാത്തതിന് ഞാൻ അവനെ ശകാരിച്ചു.
'പക്ഷേ എനിക്ക് സീതാദേവിയെ കാണാൻ കഴിയുന്നുണ്ട്. ഇപ്പോൾ നൂറ് യോജന ദൂരത്തിൽ സമുദ്രത്തിനക്കരെ ലങ്കയിൽ ത്രികൂട പർവ്വതത്തിന്‍റെ മധ്യഭാഗത്തെ കൊടുമുടിയിൽ ഒരു മരത്തിനടിയിൽ രാക്ഷസികളാൽ ചുറ്റപ്പെട്ട് ഇരിക്കുന്നു.നിങ്ങൾക്കാർക്കെങ്കിലും അത്രയും ദൂരം ചാടാൻ കഴിവുണ്ടെങ്കിൽ ശ്രമിക്കുക.'
പൊടുന്നനെ ഋഷി പറഞ്ഞതുപോലെ സമ്പാതിയുടെ ചിറകുകൾ വളരാൻ തുടങ്ങി. എല്ലാവരും ആശ്ചര്യത്തോടെ നോക്കിനിന്നു.
ഇനി സമുദ്രം താണ്ടാൻ ഒരാൾ മാത്രം മതിയാകും.
Astrology
Bhagavad Gita
Bhagavatam
Bharat Matha
Devi
Devi Mahatmyam
Ganapathy
Garuda Puranam
Glory of Venkatesha
Hanuman
Kathopanishad
Mahabharatam
Mantra Shastra
Mystique
Practical Wisdom
Purana Stories
Radhe Radhe
Ramayana
Rare Topics
Rigveda Explained
Rituals
Sages and Saints
Shiva
Spiritual books
Sri Suktam
Story of Sri Yantra
Temples
Vedas
Vishnu Sahasranama
Yoga Vasishta