മാർക്കണ്ഡേയൻ എങ്ങനെയാണ് ചിരഞ്ജീവിയായത്?

ഭൃഗു മുനിക്ക് മൃകണ്ഡു എന്നൊരു മകനുണ്ടായിരുന്നു. മക്കൾ ഇല്ലാതിരുന്നതിനാൽ മൃകണ്ഡുവും ഭാര്യയും ദീർഘകാലം തപസ്സ് ചെയ്തു. അതിന്‍റെ ഫലമായി അവർക്ക് ഒരു പുത്രൻ ജനിച്ചു.

ആ കുട്ടിക്ക് അഞ്ച് വയസ്സായപ്പോൾ  ഒരു ഋഷി അവരെ സന്ദർശിച്ചു. കുട്ടിയെ നിരീക്ഷിച്ച ഋഷിയുടെ മുഖം മ്ലാനമായി. കുട്ടിയുടെ ആയുസ്സ് ഇനി ഒരു ആറ് മാസം മാത്രമേ ബാക്കിയുള്ളുവെന്ന്  അദ്ദേഹം കണ്ടു.
ഋഷി മൃകണ്ഡുവിനോട് സത്യം വെളിപ്പെടുത്തി, 'കുട്ടിയെ നല്ല പ്രവൃത്തികൾ ചെയ്യാൻ പ്രേരിപ്പിക്കുക,' എന്ന് ഉപദേശിക്കുകയും ചെയ്തു. മൃകണ്ഡു ഉടൻ തന്നെ മകന്‍റെ ഉപനയനം  നടത്തി. അവനെ മന്ത്രജപങ്ങളിലും പ്രാർത്ഥനകളിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ പരിശീലിപ്പിച്ചു. 'നീ കണ്ടുമുട്ടുന്ന ഓരോരുത്തരെയും ബഹുമാനത്തോടെ വന്ദിക്കുക',  എന്ന് അദ്ദേഹം മകനെ നിർദ്ദേശിച്ചു.

കുട്ടി പിതാവിന്‍റെ നിർദ്ദേശം അക്ഷരം പ്രതി അനുസരിച്ചു. എല്ലാവരുടെയും ഉള്ളിൽ ദൈവം വസിക്കുന്നുവെന്ന് വിശ്വസിച്ച കുട്ടി, എല്ലാവരേയും ആദരവോടെ അഭിവാദ്യം ചെയ്യാൻ തുടങ്ങി. അങ്ങനെ  അഞ്ചു മാസവും ഇരുപത്തിയഞ്ചു ദിവസവും കഴിഞ്ഞു. കുട്ടിയുടെ ആയുസ്സിൽ അഞ്ചു ദിവസം മാത്രമാണ് അവശേഷിച്ചത്.

അപ്പോൾ സപ്തഋഷികൾ അവിടെ വന്നുചേർന്നു. പിതാവിന്‍റെ ഉപദേശപ്രകാരം കുട്ടി അവരെ ആദരവോടെ പ്രണമിച്ചു. കുട്ടിയുടെ പെരുമാറ്റത്തിൽ സന്തുഷ്ടരായ സപ്തഋഷികൾ, 'ആയുഷ്മാൻ ഭവ', എന്നവനെ  അനുഗ്രഹിച്ചു. എന്നാൽ കുട്ടിയുടെ ആയുസ്സ് വളരെ കുറവാണെന്ന് അവർ മനസ്സിലാക്കി. അനുഗ്രഹം വ്യർത്ഥമാകുമെന്ന് ഭയപ്പെട്ട സപ്തഋഷികൾ പരിഹാരം കണ്ടെത്താൻ തീരുമാനിച്ചു.

അവർ കുട്ടിയെ ബ്രഹ്മലോകത്തിലേക്ക് കൊണ്ടുപോയി. അവിടെ എത്തിയപ്പോൾ കുട്ടി ബ്രഹ്മാവിനെയും  ആദരവോടെ അഭിവാദ്യം ചെയ്തു. കുട്ടിയുടെ ഭക്തിയിൽ ആകൃഷ്ടനായ ബ്രഹ്മാവും, 'ആയുഷ്മാൻ ഭവ' എന്ന് അനുഗ്രഹിച്ചു. സപ്തഋഷികൾ ബ്രഹ്മാവിനെ കാര്യമറിയിച്ചു, 'അങ്ങയുടെ അനുഗ്രഹം വിഫലം ആകാതിരിക്കണമെങ്കിൽ കുട്ടിയുടെ ആയുസ്സ് നീട്ടിക്കിട്ടണം'.

ബ്രഹ്മാവ് പറഞ്ഞു, 'ഈ കുട്ടിയുടെ ആയുസ്സ് എന്‍റെ ആയുസ്സിന് തുല്യമായിരിക്കും'.ബ്രഹ്മാവിന്‍റെ ഈ പ്രഖ്യാപനത്തോടെ ആ കുട്ടി ചിരഞ്ജീവി ആവുകയും മാർക്കണ്ഡേയൻ എന്ന പേരിൽ പ്രശസ്‌തനാവുകയും ചെയ്‌തു.

പാഠങ്ങൾ:

  1. മറ്റുള്ളവരോട് ബഹുമാനത്തോടെയുള്ള പെരുമാറ്റം ആശീർവാദങ്ങൾ നേടിത്തരുന്നു.
  2. സൽപ്രവൃത്തികൾ ജീവിതത്തിലെ പ്രതിസന്ധികളെ തരണം ചെയ്യാൻ സഹായിക്കും.

മാർക്കണ്ഡേയൻ ശിവന്‍റെ അനുഗ്രഹത്താൽ ചിരഞ്ജീവി ആയ കഥ കേട്ടിരിക്കുമല്ലോ? മുകളിൽ പറഞ്ഞ കഥ  പത്മപുരാണത്തിൽ നിന്നാണ്. ഇവയെ പരസ്പര വിരുദ്ധങ്ങളായി കണക്കാക്കേണ്ടതില്ല. അവ വ്യത്യസ്ത കൽപ്പങ്ങളിൽ നടന്നവയാകാം എന്നാണ് മനസ്സിലാക്കേണ്ടത്.

മലയാളം

മലയാളം

പുരാണ കഥകള്‍

Click on any topic to open

0

Copyright © 2026 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize

We use cookies