നവധാ ഭക്തി

0:00 0:00

നവധാ ഭക്തി

പരമേശ്വരനുമായുള്ള വിവാഹശേഷം സതി ദേവി കൈലാസത്തിൽ ആനന്ദത്തോടെ വർഷങ്ങൾ ചിലവിട്ടു. ഒരിക്കൽ സതി ദേവി മഹാദേവന് മുന്നിൽ കൈകൂപ്പി നിന്ന് ഭക്ത്യാദരവോടെ പറഞ്ഞു, 'എന്‍റെ വൈവാഹികജീവിതത്തിൽ ഞാൻ തികച്ചും സന്തുഷ്ടയും സംതൃപ്തയുമാണ്. ഇനി എനിക്ക് പരമമായ തത്വത്തെ നേടുന്നതിനുള്ള വഴി പറഞ്ഞു തന്നാലും.'

ഭഗവാൻ പറഞ്ഞു- 

'ഞാൻ തന്നെയാണ് പരബ്രഹ്മം' എന്ന ബോധം ഹൃദയത്തിൽ ഉദിക്കുന്നതാണ് ജ്ഞാനം. ഈ ജ്ഞാനമാണ് എല്ലാ ദുഖങ്ങളിൽ നിന്നും മോചനവും പരമമായ ആനന്ദവും സമാധാനവും തരുന്നത്. ഈ ബോധം വരുന്നതോടെ ബുദ്ധി നിർമ്മലമാകുന്നു. പക്ഷേ, ഈ ബോധം വരുന്നത് അത്ര എളുപ്പമല്ലാ. ഈ ബോധത്തിന്‍റെ ജനനിയാണ് എന്നിലുള്ള ഭക്തി. 

എന്നിൽ നിഷ്കപടമായ ഭക്തിയുണ്ടായാൽ പരമാത്മബോധം തനിയേ വന്നുകൊള്ളും. 

ശാസ്ത്രങ്ങളിൽ നൂറു വിധം ഭക്തിയെപ്പറ്റി പറയുന്നുണ്ട്. എന്നാൽ അതിൽ ഒമ്പത് വിധം ഭക്തിയാണ് പ്രധാനം.

 

ശ്രവണം കീർത്തനം ചൈവ സ്മരണം സേവനം തഥാ . 

ദാസ്യം തഥാർചനം ദേവി വന്ദനം മമ സർവദാ  .

സഖ്യമാത്മാർപണം ചേതി നവാംഗാനി വിദുർബുധാഃ

 

ഇനി ഇവയെന്താണെന്ന് പറഞ്ഞു തരാം.

  1. ശ്രവണം - ശാന്തവും പ്രസന്നവുമായ മനസ്സോടു കൂടെ എന്‍റെ മഹിമയേയും ലീലകളേയും കുറിച്ച് കേൾക്കുന്നതാണ് ശ്രവണം.
  2. കീർത്തനം - എന്‍റെ മഹിമയെക്കുറിച്ച് ഉച്ചത്തിൽ പടിപ്പുകഴ്ത്തുന്നതും പ്രചരിപ്പിക്കുന്നതുമാണ് കീർത്തനം.
  3. സ്മരണം - ഞാൻ തന്നെയാണ് ഈ ലോകം മുഴുവനും വ്യാപിച്ചിരിക്കുന്നത് എന്ന് തിരിച്ചറിഞ്ഞ് സർവദാ എന്നെക്കുറിച്ച് മാത്രം ചിന്തിച്ചുകൊണ്ടിരിക്കുന്നതാണ് സ്മരണം.
  4. സേവനം - എന്‍റെ പ്രീതി മാത്രം ലക്ഷ്യം വെച്ച് മനസാ വാചാ കർമ്മണാ സദാ സമയവും എന്നെ സേവിക്കുന്നതാണ് സേവനം.
  5. ദാസ്യം - എന്‍റെ സേവകനായി സ്വയം ഭാവിച്ച് എല്ലാം എനിക്കുവേണ്ടിയും എന്‍റെ അജ്ഞാപ്രകാരവും ചെയ്യുന്നുവെന്ന് കരുതുന്നതാണ് ദാസ്യം.
  6. അർച്ചനം - സ്വന്തം കഴിവിനനുസരിച്ച് ശാസ്ത്രവിധി പ്രകാരം എന്നെ പൂജിക്കുന്നതാണ് അർച്ചനം.
  7. വന്ദനം - മാനസികമായും സ്തോത്രങ്ങൾ മുതലായവയിലൂടെ വാണീരൂപത്തിലും സാഷ്ടാംഗ നമസ്കാരം മുതലായവയിലൂടെ കായികമായും എന്നെ നിരന്തരം വന്ദിച്ചുകൊണ്ടിരിക്കുന്നതാണ് വന്ദനം.
  8. സഖ്യം - ഒരു നല്ല സുഹൃത്തിനെപ്പോലെ ഈശ്വരൻ ചെയ്യുന്നതെല്ലാം തന്നെ എന്‍റെ നല്ലതിനാണെന്ന ഉറച്ച വിശ്വാസമാണ് സഖ്യം.
  9. ആത്മസമർപ്പണം - തന്‍റെ കാര്യങ്ങൾ എങ്ങനെ മുന്നോട്ട് പോകുമെന്ന ചിന്തയില്ലാതെ തന്‍റെ എല്ലാമെല്ലാം എന്നിൽ  സമർപ്പിക്കുന്നത്.

ഇതിൽ ഏതെങ്കിലും ചിലതോ, എല്ലാം ചേർത്തോ ആചരിക്കാം. ജ്ഞാനവും പരമാത്മബോധവും ഉണ്ടാകാൻ ഇത് മാത്രം മതിയാകും. ഇങ്ങനെയുള്ള ഭക്തന്മാരെ എനിക്ക് വളരെ പ്രിയമാണ്. പ്രത്യക്ഷരൂപത്തിൽ ഉടനടി ഫലം തരുന്നതാണ് ഭക്തി. ഭക്തരെ ഞാൻ എപ്പോഴും സഹായിക്കുന്നു. അവരുടെ എല്ലാ വിഘ്നങ്ങളും നീക്കുന്നു. അവരുടെ ശത്രുക്കളെ ശിക്ഷിക്കുന്നു. എന്‍റെ ഭക്തർക്കുവേണ്ടി ഞാൻ എന്തും ചെയ്യും, മൂന്നാം കണ്ണിലെ അഗ്നി വരെ പ്രയോഗിക്കും. ഞാൻ എപ്പോഴും എന്‍റെ ഭക്തർക്ക് അധീനനാണ്.

ഇങ്ങനെ പരമശിവൻ സതി ദേവിക്ക് ഭക്തിയെപ്പറ്റി വർണ്ണിച്ചുകൊടുത്തു. 







മലയാളം

മലയാളം

പുരാണ കഥകള്‍

Click on any topic to open

0

Copyright © 2026 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize

We use cookies