മാതാപിതാക്കളോടും ഗുരുക്കന്മാരോടുമുള്ള കടമ

മാതാപിതാക്കളോടും ഗുരുക്കന്മാരോടുമുള്ള കടമ

ബ്രഹ്മവൈവർത്ത പുരാണത്തിൽ ഭഗവാൻ ശ്രീകൃഷ്ണൻ പറയുന്നു -

പിതരം മാതരം വിദ്യാമന്ത്രദം ഗുരുമേവ ച .

യോ ന പുഷ്ണാതി പുരുഷോ യാവജ്ജീവം ച സോഽശുചിഃ ..

നമ്മുടെ അച്ഛനും അമ്മയും, പിന്നെ നമ്മുക്ക് അറിവ് തന്ന ഗുരുക്കന്മാരും - അവരോടൊക്കെ നമ്മൾ എങ്ങനെ പെരുമാറണം, അവരെ എങ്ങനെ ബഹുമാനിക്കണം എന്നാണ് പറയുന്നത്.

ഒരാൾ അയാളുടെ അച്ഛനേയും അമ്മയേയും, വിദ്യയും മന്ത്രവും ഒക്കെ നൽകിയ ഗുരുക്കന്മാരേയും  അവരുള്ള  കാലം വരെ ശുശ്രൂഷിച്ചില്ലെങ്കിൽ  അയാൾ ഒരു മഹാപാപിയാണ്. നമ്മളെ നാമാക്കിയ നമ്മുടെ അച്ഛനമ്മമാരേയും ഗുരുക്കന്മാരേയും നമ്മൾ നോക്കിയില്ലെങ്കിൽ നമ്മുക്കുള്ള സ്ഥാനവും, നമ്മൾ ചെയ്യുന്ന പൂജകളും, വ്രതങ്ങളും  അമ്പലത്തിൽ പോക്കും ഒക്കെ വ്യർത്ഥമാണ്. നമ്മെ സമൂഹം മാത്രമല്ല, ധർമ്മം പോലും ശുദ്ധിയില്ലാത്തവരായി കണക്കാക്കും.

ഒരു കച്ചവടബന്ധവും ഈ ബന്ധങ്ങളും തമ്മിലുള്ള വ്യത്യാസമെന്താണെന്ന് അറിയാമോ? 

ഒരു സാധനം വിറ്റാൽ, പൈസ കിട്ടിയാൽ ആ ബന്ധം അതോടെ കഴിഞ്ഞു. പിന്നെ അവർ തമ്മിൽ ഒരു കടപ്പാടുമില്ല. 

പക്ഷേ, അച്ഛനോടും അമ്മയോടും ഗുരുവിനോടും ഉള്ള ബന്ധം അങ്ങനെയാണോ?

അമ്മയുടെ കയ്യിൽ നിന്ന് നമ്മുടെ ശരീരം വില കൊടുത്ത് വാങ്ങിയതാണോ?

നടക്കാനും, സംസാരിക്കാനും, വായിക്കാനും,ചിന്തിക്കാനും,  ഒക്കെ അച്ഛൻ  പഠിപ്പിച്ചത് പ്രതിഫലം വാങ്ങിയല്ലല്ലോ?

ആത്മാവിനെ ഉണർത്തുന്ന മന്ത്രം ഗുരുവിൽനിന്നും വാങ്ങിയത് വില പേശിയല്ലല്ലോ?

ഇവരൊന്നും ഒന്നും പ്രതീക്ഷിച്ചല്ല ഇതൊക്കെ ചെയ്തത്. പക്ഷേ, നമ്മൾ ഇന്ന് ജീവിച്ചിരിക്കുന്നത് ഇവരൊക്കെ  കാരണമാണ്.

എല്ലാവർക്കും വയസ്സാകും. നമ്മൾ നമ്മുടെ ചെറുപ്പം മുഴുവൻ മക്കളെ വളർത്താനായി നീക്കിവെയ്ക്കും. നമ്മുടെ ജീവിതം അറിവ് പകർന്നു കൊടുക്കാൻ വേണ്ടി മാറ്റിവെക്കും. എന്നിട്ടൊരു ദിവസം കുട്ടികൾ വന്നിട്ട് പറയുകയാണ്: 'ഞങ്ങൾക്ക് നിങ്ങളോട് ഒരു കടപ്പാടുമില്ല, നിങ്ങളുടെ കാര്യങ്ങൾ സ്വന്തമായി നോക്കിക്കോണം' എന്ന്. അപ്പോൾ  നമ്മുക്കെന്താ തോന്നുക?

കുറ്റബോധം ഉണ്ടാക്കി നേടിയെടുക്കേണ്ടതല്ല സ്നേഹം. എന്നിരുന്നാലും  നന്ദിയും കടപ്പാടും ഇല്ലാത്തവരായി മക്കൾ മാറരുത്. ഇതിലൂടെ ഒക്കെയാണ് ഒരാളുടെ സ്വഭാവം വ്യക്തമാകുന്നത്.

ഒരു മരം അതിന്‍റെ വേരുകൾ വെട്ടിമാറ്റിയിട്ട് നടന്നുപോകാൻ ശ്രമിച്ചാൽ എന്ത് സംഭവിക്കും? അത് വാടിയുണങ്ങി ഇല്ലാതാകും. അതുപോലെ, നമ്മൾ നമ്മുടെ വേരുകൾ മറന്നാൽ അത് ആത്മീയമായും, മാനസികമായും, സാംസ്കാരികമായും, സാമൂഹികമായും നമ്മുടെ മരണമായിരിക്കും.

നന്ദി ഒരു ബാധ്യതയല്ല. അതാണ് നമ്മളെ മനുഷ്യരാക്കുന്നത്. ഈ പവിത്രമായ ബന്ധത്തിൽ നിന്ന് അകന്നുപോകുന്ന ഒരാളെ പാപിയായി കാണുന്നത്, അയാൾ കരാർ തെറ്റിച്ചതുകൊണ്ടല്ല, അയാളുടെ  ആത്മാവിന്‍റെ ശുദ്ധി നഷ്ടപ്പെട്ടതുകൊണ്ടാണ്.

ശ്രവണകുമാർ വെറുമൊരു സാധാരണക്കാരനായിരുന്നു  - ഒരു ഋഷിയോ രാജാവോ, പോരാളിയോ അല്ല, പക്ഷേ, ഒരു കാര്യത്തിൽ അവൻ അസാധാരണനായിരുന്നു: അന്ധരും വയസ്സായവരുമായ അവന്‍റെ അച്ഛനമ്മമാരോടുള്ള ഭക്തിയിൽ.

അവർ പാവപ്പെട്ടവരായിരുന്നു, ദുർബലരായിരുന്നു, സ്വന്തമായി നടക്കാൻ പോലും പറ്റാത്തവരായിരുന്നു. പക്ഷേ, അവർക്ക് മരിക്കുന്നതിനുമുമ്പ് ഒരു ആഗ്രഹമുണ്ടായിരുന്നു - ഒരു തീർത്ഥയാത്ര പോകണം എന്ന്.

ശ്രവണന്‍റെ കയ്യിൽ വണ്ടിയൊന്നുമുണ്ടായിരുന്നില്ല. അവൻ എന്താണ് ചെയ്തെന്നോ? അവൻ അവന്‍റെ അച്ഛനെയും അമ്മയെയും ഓരോ കുട്ടയിലാക്കി ഒരു തണ്ടിൽ കെട്ടി തോളിലേറ്റി കാടുകളും, പുഴകളും,  ഒക്കെ താണ്ടി ദിവസങ്ങളോളം നടന്നു, അവരുടെ ആഗ്രഹം പൂർത്തിയാക്കാൻ വേണ്ടി.

ഇതൊരു കടം വീട്ടലായിരുന്നില്ല. ഇതാണ് ധർമ്മം പ്രായോഗിക തലത്തിൽ.

അച്ഛനമ്മമാർക്ക് ദാഹിച്ചു. ശ്രവണകുമാർ കുട്ടകൾ ഒരു മരത്തിന്‍റെ ചുവട്ടിൽ വെച്ചിട്ട് വെള്ളം കൊണ്ടുവരാൻ പോയി. അപ്പോൾ...

അസ്ത്രവിദ്യയിൽ കേമനായ ദശരഥൻ വേട്ടയാടാൻ ഇറങ്ങിയതായിരുന്നു. കുടത്തിൽ  വെള്ളം നിറയുന്ന ശബ്ദം കേട്ട് അതൊരു മൃഗമാണെന്ന് കരുതി ദശരഥൻ അമ്പെയ്തു.

ആ അമ്പ് ശ്രവണന്‍റെ നെഞ്ചിൽ തറച്ചു, അവൻ ചോര വാർന്ന് പിടഞ്ഞു. ദശരഥൻ ഓടിച്ചെന്ന് നോക്കിയപ്പോൾ ഞെട്ടിപ്പോയി. ശ്രവണൻ  ദശരഥനെ ശപിച്ചില്ല. അവൻ പറഞ്ഞു, ''ദയവായി... എന്‍റെ അച്ഛനമ്മമാരുടെ അടുത്തേക്ക് പോകണം. അവർക്ക് കണ്ണുകാണില്ല. അവർ കാത്തിരിപ്പുണ്ടാവും. അവരോട് പറയണം... അവരുടെ മകൻ... ഇനിയില്ലെന്ന്...'

ദശരഥൻ ആ വൃദ്ധ ദമ്പതികളുടെ അടുത്തേക്ക് പോയി സംഭവിച്ചതെല്ലാം പറഞ്ഞു. അവർ പറഞ്ഞു, 'ഞങ്ങളുടെ ഏക ആശ്രയത്തെയാണ് നീ ഇല്ലാതാക്കിയത്. അതിന്‍റെ ഫലമായി, ഒരു ദിവസം നിന്‍റെ മകനിൽ നിന്നുള്ള വേർപാടിന്‍റെ വേദന മൂലം നീ മരിക്കും.'

അത് സത്യമായിത്തീർന്നു. വർഷങ്ങൾക്ക് ശേഷം, രാമൻ വനവാസത്തിന് പോയപ്പോൾ, ദശരഥൻ രാമന്‍റെ പേര് വിളിച്ചു കരഞ്ഞുകൊണ്ട് മരിച്ചു.

ശ്രവണൻ അവന്‍റെ അച്ഛനമ്മമാരെ ഒരു ഭാരമായി കണ്ടില്ല. അവൻ അവരെ ദൈവങ്ങളെപ്പോലെ കണ്ടു. ദശരഥന് ദ്രോഹം ചെയ്യണമെന്നുണ്ടായിരുന്നില്ല, പക്ഷേ തന്‍റെ ധർമ്മം ചെയ്തുകൊണ്ടിരുന്ന ഒരാളോടുള്ള അദ്ദേഹത്തിന്‍റെ ശ്രദ്ധയില്ലാത്ത പ്രവൃത്തി ജീവിതകാലം മുഴുവൻ നീണ്ടുനിന്ന കുറ്റബോധത്തിനും ദുഃഖകരമായ ഒരു അവസാനത്തിനും കാരണമായി.

മാതാപിതാക്കളോടുള്ള ബഹുമാനവും കടമ നിറവേറ്റുന്നതും ധർമ്മത്തിൽ  ഐച്ഛികമല്ല.  അതിനെ അവഗണിച്ചാൽ ജീവിതം തന്നെ ആടിയുലയും.

മലയാളം

മലയാളം

പല വിഷയങ്ങള്‍

Click on any topic to open

0

Copyright © 2026 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize

We use cookies