
ഒരിക്കൽ പ്രളയത്തിനുശേഷം, പ്രപഞ്ചം ഏകാർണവത്തിൽ (അനാദിയും അനന്തവുമായ സമുദ്രം) ലയിച്ചു കിടക്കുകയായിരുന്നു. ഭഗവാൻ വിഷ്ണു ആദിശേഷനുമേൽ ഉറങ്ങിയും കിടക്കുന്നു. വിഷ്ണുവിന്‍റെ കർണ്ണമലത്തിൽനിന്നും രണ്ട് ഭീകരരായ അസുരന്മാർ ജനിച്ചു; മധുവും കൈടഭനും.
മധുവും കൈടഭനും വേഗത്തിൽ വളർന്നു. അവർ പരസ്പരം ആശ്ചര്യത്തോടെ പറഞ്ഞു, 'ഈ അത്ഭുതകരമായ സമുദ്രം ആരാണ് സൃഷ്ടിച്ചത്, ഞങ്ങളെ ആരാണ് സൃഷ്ടിച്ചത്? ഞങ്ങളുടെ മാതാപിതാക്കൾ ആരാണ്?'
കൈടഭൻ മധുവിനോട് പറഞ്ഞു, 'സഹോദരാ, ഈ സമുദ്രത്തിന്‍റെയും നമ്മുടേയും ഉത്‌ഭവത്തിന് പിന്നിൽ ദേവിയാണ്.' കൈടഭൻ ഇത് പറഞ്ഞതും ആകാശത്തിൽ എല്ലാ മന്ത്രങ്ങളുടെയും മൂലമായ 'ഐം' എന്ന വാഗ്‌ബീജം മുഴങ്ങികേൾക്കാൻ തുടങ്ങി. ഒപ്പം മിന്നൽപ്പിണറിന്‍റെ തേജസ്സോടെ സരസ്വതീദേവിയുടെ രൂപവും കണ്ടു. തുടർന്ന് ആയിരം വർഷം അസുരന്മാർ ആ മന്ത്രം ജപിച്ചുകൊണ്ടേയിരുന്നു.
ആയിരം വർഷങ്ങൾക്കൊടുവിൽ ആദിപരാശക്തി അവർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട് അവരുടെ അഭീഷ്ടം എന്താണെന്ന് ചോദിച്ചു.
'അമ്മേ, ഞങ്ങളുടെ മരണം ഞങ്ങൾ തന്നെ ഇച്ഛിക്കുമ്പോൾ മാത്രമേ ആകാവൂ.'
'അങ്ങനെയാകട്ടെ', എന്ന് പറഞ്ഞ് ദേവി അപ്രത്യക്ഷയായി. വരം ലഭിച്ച മധുവും കൈടഭനും സമുദ്രത്തിലൂടെ യഥേഷ്ടം വിഹരിക്കാൻ തുടങ്ങി.
അങ്ങനെയിരിക്കുമ്പോൾ ഒരു ദിവസം അസുരന്മാർ സമുദ്രത്തിന് നടുവിൽ ഒരു താമര ഉയർന്നുനിൽക്കുന്നത് കണ്ടു. വിഷ്ണുവിന്‍റെ നാഭിയിൽനിന്നുമായിരുന്നു ആ താമര ഉയർന്നുവന്നിരുന്നത്. അതിനു നടുവിൽ നാല് ശിരസ്സുകളും വെളുത്ത തടിയുമുള്ള ഒരു മഹാപുരുഷൻ ബ്രഹ്മാവ്) ധ്യാനത്തിലിരിക്കുന്നു.
തങ്ങളുടെ ശക്തിയിൽ മദം പൂണ്ടിരുന്ന അസുരന്മാർ ബ്രഹ്മാവിനെ വെല്ലുവിളിച്ചു, 'ഞങ്ങളോട് യുദ്ധം ചെയ്യൂ, അല്ലെങ്കിൽ എങ്ങോട്ടെങ്കിലും ഓടിപ്പൊയ്ക്കോളൂ.'
കണ്ണ് തുറന്ന് നോക്കിയ ബ്രഹ്മാവ് അസുരന്മാരുടെ പർവ്വതതുല്യമായ രൂപം കണ്ട് ചിന്തിച്ചു, 'ഇവരോട് എതിരിടാനൊന്നും എനിക്ക് കരുത്തില്ല. മഹാവിഷ്ണുവിനോട് തന്നെ രക്ഷക്കായി അപേക്ഷിക്കാം.'
ബ്രഹ്മാവ് താമരയുടെ തണ്ടിലൂടെ താഴേക്ക് ഇറങ്ങി, മഹാവിഷ്ണുവിനെ അദ്ദേഹത്തിന്‍റെ ദിവ്യനാമങ്ങളുപയോഗിച്ച് വിളിച്ചുണർത്താൻ ശ്രമിച്ചുതുടങ്ങി. സമയം ഒട്ടേറെയായിട്ടും ഭഗവാൻ ഉറക്കമുണർന്നില്ല. പിന്നിൽ ബ്രഹ്മാവിനെ പിന്തുടർന്ന് വന്ന അസുരന്മാരുടെ ആക്രോശം കേൾക്കാമായിരുന്നു.
യോഗനിദ്രാ ദേവി വിഷ്ണുവിന്‍റെ ശരീരത്തിൽ പ്രവേശിച്ച് ഭഗവാനെ ഉറക്കിക്കിടത്തിയിരിക്കുകയാണെന്ന് ബ്രഹ്മാവ് ധ്യാനത്തിലൂടെ മസസ്സിലാക്കി. ഭഗവാനെ ഉറക്കത്തിൽനിന്നും ഉണർത്താൻ ബ്രഹ്മാവ് ദേവിയോട് അപേക്ഷിച്ചു.
ബ്രഹ്മാവിന്‍റെ പ്രാർത്ഥന മാനിച്ച് ദേവി വിഷ്ണുവിന്‍റെ ശരീരം വിട്ട് പുറത്തേക്കിറങ്ങി. ഭഗവാൻ ഉറക്കമുണർന്നു. ഭയചകിതനായി നിൽക്കുന്ന ബ്രഹ്മാവിനെയും, ബ്രഹ്മാവിനെ കൊല്ലാൻ ഒരുമ്പെട്ടുനിൽക്കുന്ന അസുരന്മാരെയും ഭഗവാൻ കണ്ടു.
മധു ചീറിക്കൊണ്ട് പറഞ്ഞു, 'നീ ഇവിടെ വന്ന് ഒളിച്ചിരിക്കുകയാണോ? ആദ്യം ഞങ്ങൾ നിന്നെക്കൊല്ലും. പിന്നീട് ഈ പാമ്പിനുമേൽ കിടക്കുന്ന ഇവനെയും.'
ഭഗവാൻ ബ്രഹ്മാവിനെ രക്ഷിക്കാൻ മുതിരുകയാണെന്ന് കണ്ട കൈടഭൻ ഭഗവാനോട് പറഞ്ഞു, 'നിനക്ക് ശക്തിയുണ്ടെങ്കിൽ വാ, ഞങ്ങളോട് യുദ്ധം ചെയ്യ്, അല്ലെങ്കിൽ നീ ഞങ്ങളുടെ അടിമയാണെന്ന് പറ, നിന്നെ വെറുതെ വിടാം.'
അങ്ങിനെ വിഷ്ണുവും അസുരന്മാരുമായുള്ള യുദ്ധം ആരംഭിച്ചു.
മധുകൈടഭന്മാർ കൂട്ടുചേർന്നും വെവ്വേറെയും വിഷ്ണുവുമായി യുദ്ധം ചെയ്തു. അസുരന്മാർ മാറിമാറി വിശ്രമിച്ചുകൊണ്ടിരുന്നു, എന്നാൽ വിഷ്ണുവിന് വിശ്രമിക്കാനായില്ല. യുദ്ധം അയ്യായിരം വർഷങ്ങൾ തുടർന്നു.
വിഷ്ണു അസുരന്മാരോട് പറഞ്ഞു, 'നിങ്ങൾക്ക് ഇടക്കിടെ വിശ്രമം ലഭിക്കുന്നുണ്ട്, ഞാൻ അയ്യായിരം വർഷമായി ഇടതടവില്ലാതെ നിങ്ങളോട് പോരാടുകയാണ്, എനിക്കൽപ്പം വിശ്രമം വേണം.'
ഭഗവാൻ തളർന്നത് കണ്ട് സന്തുഷ്ടരായ അസുരന്മാർ ഭഗവാനെ വിശ്രമിക്കാൻ അനുവദിച്ചു.
വിശ്രമത്തിനിടയിൽ ധ്യാനത്തിലൂടെ ഭഗവാൻ മനസ്സിലാക്കി ഭഗവതി നൽകിയ വരമാണ് അസുരന്മാരെ രക്ഷിച്ചുകൊണ്ടിരിക്കുന്നതെന്ന്. ഭഗവാൻ ദേവിയോട് ഒരു പരിഹാരത്തിനായി പ്രാർത്ഥിച്ചു.
ദേവി പറഞ്ഞു, 'വിശ്രമിച്ച ശേഷം യുദ്ധം തുടരൂ, ഞാൻ നോക്കിക്കൊള്ളാം.'
ഭഗവാൻ യുദ്ധക്കളത്തിലേക്ക് മടങ്ങിയതും അസുരന്മാർ ഉത്സാഹഭരിതരായി വീണ്ടും യുദ്ധമാരംഭിച്ചു. യുദ്ധത്തിന് നടുവിൽ ദേവി അസുരന്മാരെ തന്‍റെ കണ്ണേറ് കൊണ്ട് ചഞ്ചലചിത്തരാക്കി. ദേവിയുടെ സൗന്ദര്യത്താൽ മോഹിതരായ അവർ പരിസരം മറന്നു.
ആ സമയം നോക്കി ഭഗവാൻ അസുരന്മാരോട് പറഞ്ഞു, 'നിങ്ങളുടെ പരാക്രമത്തിൽ ഞാൻ സന്തുഷ്ടനാണ്. എന്ത് വരം വേണമെങ്കിലും ചോദിച്ചോളൂ.'
അസുരന്മാർ പറഞ്ഞു, 'നീയാരാണ് ഞങ്ങൾക്ക് വരം നൽകാൻ, വേണമെങ്കിൽ ഞങ്ങൾ നിനക്ക് വരം തരാം.'
ഉടൻ തന്നെ ഭഗവാൻ പറഞ്ഞു, 'എന്നാൽ നിങ്ങൾ എന്‍റെ കയ്യാൽ വധിക്കപ്പെടണം, ഈ വരമാണെനിക്ക് വേണ്ടത്.'
അസുരന്മാർ പറഞ്ഞു, 'അനുവദിക്കാം, പക്ഷെ ഞങ്ങളുടെ കഴുത്തറക്കുന്നത് ഒരു തുള്ളി ജലം പോലുമില്ലാത്ത പ്രദേശത്താകണം.'
പ്രളയശേഷം സർവത്ര ജലം മാത്രമല്ലേ ഉള്ളൂ? ഇതെങ്ങനെയാണ് സാദ്ധ്യമാകുന്നത്?
ഭഗവാൻ തന്‍റെ തുടകളെ വിസ്താരപ്പെടുത്തി ജലമധ്യത്തിൽ ഒരു ദ്വീപ് പോലെയാക്കി. അസുരന്മാർ തങ്ങളുടെ ശരീരങ്ങളും വലുതാക്കിതുടങ്ങി. അതിനോടൊപ്പം ഭഗവാനും തന്‍റെ തുടകളെ വലുതാക്കിക്കൊണ്ടിരുന്നു. ഒടുവിൽ ഗത്യന്തരമില്ലാതെ അസുരന്മാർ ഭഗവാന്‍റെ മടിയിൽ തല വെച്ചുകൊടുത്തു. ഭഗവാൻ അവരുടെ തലയറുത്തതും അവരുടെ ശരീരത്തിലെ മേദസ്സ് പുറത്തേക്കൊഴുകി സമുദ്രജലത്തിൽ കലർന്നു. അങ്ങിനെയാണ് സമുദ്രത്തിന് മേദിനി എന്ന പേര് വന്നതും സമുദ്രജലം കുടിക്കാൻ ഉപയോഗിക്കാത്തതും.
Astrology
Bhagavad Gita
Bhagavatam
Bharat Matha
Devi
Devi Mahatmyam
Ganapathy
Garuda Puranam
Glory of Venkatesha
Hanuman
Kathopanishad
Mahabharatam
Mantra Shastra
Mystique
Practical Wisdom
Purana Stories
Radhe Radhe
Ramayana
Rare Topics
Rigveda Explained
Rituals
Sages and Saints
Shiva
Spiritual books
Sri Suktam
Story of Sri Yantra
Temples
Vedas
Vishnu Sahasranama
Yoga Vasishta