ഭൂമിയുടെ ഉത്പത്തി

ഭൂമിയുടെ ഉത്പത്തി

മഹാപ്രളയത്തിന് ശേഷം ഒരു മഹാസമുദ്രം മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. ആ സമുദ്രം പിന്നീട് പൃഥ്വി, ജലം, അഗ്നി, വായു, ആകാശം എന്നിങ്ങനെ പഞ്ചമഹാഭൂതങ്ങൾക്ക് ജന്മം നൽകി. ഇവയുടെ മിശ്രണത്തിൽനിന്നുമാണ് എല്ലാ ഖരവസ്തുക്കളും, ദ്രാവകങ്ങളും, വാതകങ്ങളും, ഊർജ്ജങ്ങളും, ഇവയെല്ലാം സ്ഥിതിചെയ്യുന്ന ശൂന്യസ്ഥലവും ഉണ്ടായത്.

കാലക്രമേണ ആ സമുദ്രത്തിൽ ഒരു വലിയ അണ്ഡം രൂപപ്പെട്ടു. അഗ്നിയുടെ പ്രഭാവത്താൽ ആ അണ്ഡം സ്വർണ്ണവർണമുള്ളതായി മാറി. ഇതിനെയാണ് ഹിരണ്യഗർഭം, പ്രജാപതി അല്ലെങ്കിൽ ആദിപുരുഷൻ എന്ന് പറയുന്നത്. ആ അണ്ഡം സ്വയം ചുറ്റാൻ തുടങ്ങുകയും അത് മുകളിൽ, താഴെ എന്നവണ്ണം രണ്ടായി മുറിയുകയും ചെയ്തു. ഇതിൽ അധോഭാഗമാണ് ഭൂമി.

ഭൂമി കാറ്റടിക്കുമ്പോൾ സമുദ്രത്തിൽ ഉണ്ടാകുന്ന അലകളിൽ അങ്ങോട്ടുമിങ്ങോട്ടും ഒഴുകി നടക്കുമായിരുന്നു. അപ്പോൾ ഭൂമിക്ക് ഖരാവസ്ഥ ആയിരുന്നില്ല. ഒരു മുട്ട പൊട്ടിച്ചാൽഉള്ളിൽ ഉള്ളതുപോലെയോ തൈര് പോലെയോ ആയിരുന്നു ഭൂമി. 

കാലക്രമേണ ഭൂമിയിൽ മണൽ പോലെയുള്ള ചെറിയ കണങ്ങൾ രൂപപ്പെടാൻ തുടങ്ങി. ഇവ ചേർന്ന് ചെറിയ കല്ലുകളും പാറകളുമൊക്കെ ആയി മാറി. പാറകൾ ചേർന്ന് മലകളും പർവ്വതങ്ങളുമായി രൂപാന്തരപ്പെട്ടു. ഈ പർവ്വതങ്ങളും ഭൂമിയുടെ ഉപരിതലത്തിൽ ഒഴുകി നടക്കുമായിരുന്നു. 

സമയം പോകെ പോകെ ഭൂമിയുടെ ഉപരിതലം തണുത്ത് ഖരരൂപമായി മാറി.

അണ്ഡത്തിന്‍റെ മുകൾഭാഗം ദ്യുലോകമായി  മാറി. അവിടെ പ്രധാനമായും സൂര്യനാണ് ഉണ്ടായിരുന്നത്. പിന്നീട് സൂര്യനിൽനിന്നും വിഘടിച്ച് ഗ്രഹങ്ങളും നക്ഷത്രങ്ങളും ഉണ്ടായി. ഇവ പരസ്പരം അകന്നു മാറുകയും ചെയ്തു. അണ്ഡത്തിന്‍റെ രണ്ട് ഭാഗങ്ങളും തമ്മിലുള്ള ദൂരം വർദ്ധിക്കുകയും അവയ്ക്ക് നടുവിൽ അന്തരീക്ഷം ഉണ്ടാവുകയും ചെയ്തു. ഇങ്ങനെ ഭൂമി, അന്തരീക്ഷം ദ്യുലോകം എന്നിങ്ങനെ പ്രപഞ്ചത്തിന്‍റെ മൂന്ന് സ്തരങ്ങൾ ഉണ്ടായി.

അന്തരീക്ഷത്തിലെ ജലാംശം ഒരു വലിയ മേഘമായിത്തീരുകയും ആ മേഘത്തിലൂടെ ദ്യുലോകത്തിലെ സോമം ഭൂമിയിലേക്കിറങ്ങുകയും ഭൂമിയെ ജീവോത്പത്തിക്കായി തയ്യാറാക്കുകയും ചെയ്തു. മേഘം സൂര്യന്‍റെ പ്രഭാവത്തിൽ മഴയായി മാറുകയും അങ്ങിനെ ഭൂമി ഉർവ്വരമാവുകയും ചെയ്തു. ഭൂമിയിൽ ആദ്യമായി ഉണ്ടായത് സസ്യങ്ങളാണ്. പിന്നീടാണ് മനുഷ്യനുൾപ്പെടെ മറ്റ് ജീവജാലങ്ങൾ ഉണ്ടായത്.

മലയാളം

മലയാളം

പല വിഷയങ്ങള്‍

Click on any topic to open

0

Copyright © 2026 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize

We use cookies