എന്തുകൊണ്ടാണ് ദേവകി കാരാഗൃഹത്തിൽ അടയ്ക്കപ്പെട്ടത്?

എന്തുകൊണ്ടാണ് ദേവകി കാരാഗൃഹത്തിൽ അടയ്ക്കപ്പെട്ടത്?

ദേവകിയുടെ എട്ടാമത്തെ പുത്രൻ കംസനെ കൊല്ലും എന്ന അശരീരി കേട്ടതിനെ തുടർന്ന് കംസൻ ദേവകിയേയും വാസുദേവരേയും കാരാഗൃഹത്തിലടച്ചു. തുടർന്ന് ദേവകിക്ക് പിറന്ന കുഞ്ഞുങ്ങളെ ഒന്നൊന്നായി കൊല്ലാൻ തുടങ്ങി. എന്തുകൊണ്ടാണ് ദേവകിക്ക് ഇങ്ങനെ ഒരു ദുരവസ്ഥ വന്നത്?

ദേവകി ദേവമാതാവായ അദിതിയുടെ പുനർജന്മമായിരുന്നു. ദേവമാതാവായ അദിതിയും ദൈത്യമാതാവായ ദിതിയും സഹോദരിമാരായിരുന്നു. ഇരുവരും കശ്യപ മഹർഷിയുടെ ഭാര്യമാരും ആയിരുന്നു. അദിതി ഭർത്താവിനെ വളരെ അർപ്പണബുദ്ധിയോടെയും സ്നേഹത്തോടെയും സേവിച്ചു. ഇത് കശ്യപനെ വളരെ സന്തോഷിപ്പിച്ചു. അദിതിയുടെ ഭക്തിയിൽ സന്തുഷ്ടനായ കശ്യപൻ  അവരോട് ഒരു വരം ആവശ്യപ്പെടുവാൻ പറഞ്ഞു.  അദിതി ശക്തനും മഹാനുമായ ഒരു  മകൻ വേണമെന്ന് വരമാവശ്യപ്പെട്ടു. അങ്ങനെ അദിതിക്ക് പിറന്ന പുത്രനാണ് ദേവരാജാവായ ഇന്ദ്രൻ.

ഇത് കണ്ട ദിതിക്കും അതുപോലെ ശക്തനായ ഒരു മകനെ വേണമെന്ന് ആഗ്രഹമായി. കശ്യപൻ അവർക്കും അതേ വരം നൽകി. ദിതി ഗർഭിണിയായപ്പോൾ, അവർക്ക് ചുറ്റും ദിവ്യമായ ഒരു തേജസ്സ് പ്രകാശിച്ചു. ഇത് കണ്ട അദിതിക്ക് വല്ലാത്ത അസൂയ തോന്നി. എങ്ങാനും ദിതിക്ക് പിറക്കാൻ പോകുന്ന കുഞ്ഞ് തന്‍റെ മകനെക്കാൾ ശക്തനാകുമോ? അദിതി ഇന്ദ്രനോട് പറഞ്ഞു, 'ദിതിയുടെ മകൻ നിന്നെക്കാൾ ശക്തനായിത്തീർന്നാൽ, നിനക്ക് ദേവരാജാവെന്ന സ്ഥാനം നഷ്ടപ്പെടും.'

ഇന്ദ്രൻ അമ്മയുടെ വാക്കുകൾ അനുസരിച്ച് ഗർഭിണിയായ ദിതിയെ ശുശ്രൂഷിക്കാൻ എന്ന മട്ടിൽ ദിതിയുടെ പക്കൽ പോയി. ദിതി സന്തോഷത്തോടെ ഇന്ദ്രനെ സ്വീകരിച്ചു. ദിതി ഉറങ്ങിക്കിടക്കുമ്പോൾ ഇന്ദ്രൻ അവരുടെ ഗർഭപാത്രത്തിൽ പ്രവേശിച്ച് ഗർഭസ്ഥശിശുവിനെ വജ്രായുധം കൊണ്ട് നാൽപത്തിയൊമ്പത്  കഷ്ണങ്ങളായി മുറിച്ചു. വേദന കൊണ്ട് അലമുറയിട്ട ശിശുവിനോട് 'മാ രുദ' (കരയരുത്) എന്ന് ഇന്ദ്രൻ പറഞ്ഞു. ആ ഗർഭമാണ് നാൽപത്തിയൊമ്പത് മരുത്ത് ദേവതകളായത്.

ദിതി ഉണർന്നപ്പോൾ സംഭവിച്ചത് അറിഞ്ഞ് അദിതിയെ ശപിച്ചു, 'നിന്‍റെ മകൻ എന്‍റെ കുഞ്ഞിനെ നശിപ്പിച്ചതിനാൽ, അവന് സ്വർഗം നഷ്ടപ്പെടും. നീയും ഇനിയൊരു ജന്മത്തിൽ ബന്ധനത്തിൽ ആവുകയും നിനക്ക് നിന്‍റെ കുഞ്ഞുങ്ങൾ നഷ്ടപ്പെടുകയും ചെയ്യും.'

അദിതി ദേവകിയായി ജനിച്ചപ്പോൾ ഈ ശാപം ഫലത്തിൽ വന്നു.

മലയാളം

മലയാളം

പുരാണ കഥകള്‍

Click on any topic to open

0

Copyright © 2026 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize

We use cookies