ബുദ്ധിയെ സന്മാർഗ്ഗത്തിലേക്ക് നയിക്കുന്ന ഗായത്രി മന്ത്രം

ബുദ്ധിയെ സന്മാർഗ്ഗത്തിലേക്ക് നയിക്കുന്ന ഗായത്രി മന്ത്രം

ഓം ഭൂർഭുവഃ സ്വഃ തത്സവിതുർവരേണ്യം ഭർഗോ ദേവസ്യ ധീമഹി ധിയോ യോ നഃ പ്രചോദയാത്.

സച്ചിദാനന്ദസ്വരൂപനും പ്രപഞ്ചത്തിന്‍റെ സൃഷ്ടികർത്താവുമായ സൂര്യദേവാ, ഞങ്ങൾ അങ്ങയെ ധ്യാനിക്കുന്നു, ഞങ്ങളുടെ ബുദ്ധിയെ സന്മാർഗ്ഗത്തിലേക്ക് നയിച്ചാലും.

മനുഷ്യജീവിതം സഫലവും സന്തോഷകരവുമാകാൻ രണ്ട് കാര്യങ്ങളാണ് വേണ്ടത് - ഈശ്വരവിശ്വാസം, ബുദ്ധിയുടെ നിർമ്മലത. ഇത് രണ്ടും ഗായത്രി മന്ത്രത്തിലുണ്ട്.

എന്താണ് ഗായത്രി എന്നതിന്‍റെ അർത്ഥം ?

ഗായാഃ പ്രാണാഃ താൻ ത്രായതേ ഇതി ഗായത്രീ.

പ്രാണശക്‌തിയെ രക്ഷിക്കുകയും വർദ്ധിപ്പിക്കുകയും ചെയ്യുന്നതാണ് ഗായത്രി. ശരീരത്തിലേയും ബുദ്ധിയിലേയും ന്യൂനതകളെ നീക്കം ചെയ്യുന്നതാണ് ഗായത്രി.

സവിതാവ് എന്നാൽ സൂര്യൻ. സൂര്യന്‍റെ മന്ത്രമാണ് ഗായത്രി. ഗായത്രി മന്ത്രം ജപിച്ചാൽ ശരീരത്തിൽ സൂര്യൻെറ ശക്തിയും ബുദ്ധിയിൽ സൂര്യന്‍റെ പ്രകാശവും ഉത്പന്നമാകും.

ഗായത്രി ജപിച്ചാൽ ബ്രഹ്മവർച്ചസ് ഉണ്ടാകും. മനസ്സിനേയും ഇന്ദ്രിയങ്ങളേയും നിയന്ത്രണത്തിൽ വെയ്ക്കാൻ സഹായിക്കുന്നത് ബ്രഹ്മാവർച്ചസ് ആണ്.

ഗായത്രി മന്ത്രത്തിന് മൂന്ന് ഭാഗങ്ങളുണ്ട് -

  1. മഹാവ്യാഹൃതി - ഓം ഭൂർഭുവഃ സ്വഃ - ഇത് സച്ചിദാനന്ദ സ്വരൂപിയായ പരമാത്മാവിന്‍റെ പ്രതീകമാണ്. പരമാത്മാവിനെ പ്രാപിക്കുന്നതാണ് നമ്മുടെ ജീവിതലക്ഷ്യം.

ഓം - അവതീതി ഓം - രക്ഷിക്കുന്നത്.

ഭൂഃ - സത്ത് - അസ്തിത്വമുള്ളത്, സത്യമായത്.

ഭുവഃ - ചിത്ത് - ജ്ഞാനം.

സ്വഃ - ആനന്ദം.

  1. തത്സവിതുർവരേണ്യം ഭർഗോ ദേവസ്യ ധീമഹി - സൂര്യദേവന്‍റെ ദിവ്യതേജസ്സിനെ ഹൃദയത്തിൽ ധ്യാനിക്കുന്നത് വഴി ബുദ്ധി നിർമ്മലമാകുകയും ഈശ്വരവിശ്വാസം ഉറയ്ക്കുകയും ചെയ്യും. ഇതാണ് ഈ രണ്ടാമത്തെ ഭാഗത്തിന്‍റെ പ്രയോജനം.

സവിതുഃ - ജന്മം നൽകുന്നത് - മഴയും ഋതുക്കളുടെ നിയന്ത്രണവും പ്രകാശസംശ്ലേഷണവും വഴി സൂര്യനാണല്ലോ എല്ലാ ജീവജാലങ്ങളേയും സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത്.

വരേണ്യം - ശ്രേഷ്ഠൻ. (ഛന്ദസ്സിന്‍റെ പൂർത്തിക്കായി ഇത് ചൊല്ലുമ്പോൾ വരേണിയം എന്നാണ് ചൊല്ലുക.

ഭർഗഃ - ഭൃജീ ഭർജനേ - പാപത്തെ നശിപ്പിക്കുന്നത്, നർമ്മലമാക്കുന്നത്.

ധീമഹി - ധ്യാനിക്കുന്നു.

  1. ധിയോ യോ നഃ പ്രചോദയാത് - ഈ മൂന്നാമത്തെ ഭാഗം പറയുന്നു - സൂര്യദേവനെ ധ്യാനിക്കുന്നത് മൂലം നമ്മുടെ ബുദ്ധി പ്രചോദിപ്പിക്കപ്പെടുകയും പ്രകാശിക്കുകയും ചെയ്യുമെന്ന്.

പ്രചോദയാത് - പ്രേരിപ്പിക്കട്ടെ.

മലയാളം

മലയാളം

പല വിഷയങ്ങള്‍

Click on any topic to open

0

Copyright © 2026 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize

We use cookies