പുണ്യം ചെയ്യുന്നുവെന്ന അഹങ്കാരവും നന്നല്ലാ

0:00 0:00

പുണ്യം ചെയ്യുന്നുവെന്ന അഹങ്കാരവും നന്നല്ലാ

ധന്യോഽഹമെന്നുമിതി മാന്യോഽഹമെന്നുമിതി
പുണ്യങ്ങൾ ചെയ്ത പുരുഷൻ ഞാനിതെന്നുമിതി
ഒന്നല്ലകാൺകൊരു കൊടുങ്കാടുദന്തിമയ-
മൊന്നിച്ചുകൂടിയതു നാരായണായ നമഃ

ഇതിനു മുമ്പുള്ള പദ്യത്തിൽ 'ദംഭ്' എന്ന വൃക്ഷത്തെപ്പറ്റിയാണ് നമ്മൾ കണ്ടത്. ദംഭെന്ന വൃക്ഷത്തിൽ നിന്നുണ്ടാകുന്ന കായ്കൾ വീണ് മുളച്ച് ഒരു വലിയ കാടായി മാറുകയാണ്; കർമ്മങ്ങളുടെ ഒരു വലിയ കാട്. ദംഭ് നമ്മളെക്കൊണ്ട് ചെയ്യിക്കുന്ന കർമ്മങ്ങളും അതുമൂലമുണ്ടാകുന്ന ബന്ധങ്ങളും ബന്ധനങ്ങളും എല്ലാം ചേർന്നുണ്ടാകുന്ന ഒരു മഹാവനം.

ഈ ദംഭ് എന്ന് പറയുന്നത് അഹങ്കാരം മാത്രമാണെന്ന് വിചാരിക്കരുത്. ധർമ്മിഷ്ഠനായി ജീവിച്ച് പല നല്ല കാര്യങ്ങളും ചെയ്യുന്ന ഒരാൾക്ക് തോന്നുന്നു— "എന്തൊക്കെയോ നല്ല കാര്യങ്ങൾ ചെയ്യാൻ സാധിച്ചു, ഭഗവാൻ്റെ കരുണ കൊണ്ട് എനിക്ക് എന്തൊക്കെയോ ചെയ്യാൻ സാധിച്ചു" എന്ന്. പക്ഷേ, ഇവിടെയും 'ഞാൻ' പോയിട്ടില്ലല്ലോ? ഭഗവാനാണ് ചെയ്തതെന്ന ഭാവം വന്നിട്ടില്ലല്ലോ. "ഭഗവാൻ എന്നെക്കൊണ്ട് ചെയ്യിച്ചു, ഭഗവാൻ്റെ കരുണ കൊണ്ട് എനിക്ക് ചെയ്യാൻ സാധിച്ചു"— 'ഞാൻ' ഉണ്ട് അവിടെയും.

ഇത് ധന്യതയുടെ ഭാവമാണ്. "എനിക്ക് ചെയ്യാൻ ഭഗവാൻ അവസരം ഒരുക്കിത്തന്നല്ലോ" എന്ന ധന്യതയുടെ ഭാവം നല്ലതാണ്. പക്ഷേ, ഇതിനെ ഇങ്ങനെ വിട്ടാൽ... "ഭഗവാൻ നല്ല ആളുകളെ മാത്രമേ തിരഞ്ഞെടു ക്കുകയുള്ളൂ" (എന്ന ചിന്തയിലേക്ക് വഴുതിവീഴും). കണ്ടോ, എങ്ങോട്ടാണ് ഇത് പോകുന്നതെന്ന്?

മാന്യൻ, ബഹുമാനം അർഹിക്കുന്നവൻ, ആദരവ് അർഹിക്കുന്നവൻ. എത്ര നല്ല സ്വഭാവമാണ് എൻ്റെത്! വെറുതെയല്ല ആളുകൾ എന്നെപ്പറ്റി നല്ലത് മാത്രം പറയുന്നത്. കാപട്യമില്ല കേട്ടോ ഇതിൽ, സത്യമാണ്; സത്യത്തിൽ മാന്യനാണ്. പക്ഷേ, "ഞാൻ മാന്യനാണ്" എന്ന വിചാരം അപകടത്തിൽക്കൊണ്ടുവിടും. തൻ്റെ മാന്യതയെ അംഗീകരിച്ച് ആദരവ് തരാത്തവൻ കുറച്ചുകഴിഞ്ഞാൽ അധമനും നിരക്ഷരനുമായി മാറും. "ഞാൻ മാന്യൻ" എന്ന വിചാരം ദംഭായി മാറുകയാണ്. "അവനത് പറയാൻ എന്താ യോഗ്യതയുള്ളത്? എനിക്കുണ്ട്, കാരണം ഞാൻ മാന്യനാണ്."

'പുണ്യങ്ങൾ ചെയ്ത പുരുഷൻ'— എന്തുമാത്രം പുണ്യങ്ങളാണ് ഞാൻ ചെയ്തത്! ആദരവൊന്നും വേണ്ട. ആദ്യത്തേതിൽ ഭഗവാനുമായി ബന്ധമുണ്ട് (ധന്യൻ). രണ്ടാമത്തേതിൽ മറ്റുള്ളവരുമായി ബന്ധമുണ്ട് (ആദരവ്, മാന്യൻ എന്ന മറ്റുള്ളവരുടെ അംഗീകാരം). ഇതിൽ "ഞാൻ പുണ്യാത്മാവാണ്" എന്ന് കരുതുന്നതിൽ ഇതു രണ്ടും വേണമെന്നില്ല. "ഞാൻ കൊള്ളാവുന്ന ആളാണ്" (എന്ന ചിന്ത)— ഇതും അപകടമാണ്. പുണ്യം ചെയ്യാത്തവൻ്റെ ജീവിതം വ്യർത്ഥം. ഇവരും മൃഗങ്ങളുമായി എന്താണ് വ്യത്യാസം? "മനുഷ്യരൂപേണ മൃഗാശ്ചരന്തി" (മനുഷ്യരൂപത്തിൽ മൃഗങ്ങളെപ്പോലെ നടക്കുന്നു). ഇവിടെയാണ് ഇത് കൊണ്ടുചെന്നെത്തിക്കുന്നത്.

ഇങ്ങനെ പലതരം വൃക്ഷങ്ങളാണ് ഈ കാട്ടിലുള്ളത്. തൻ്റെ കായികബലത്തിലും ധനബലത്തിലും ആൾബലത്തിലുമുള്ള അഹങ്കാരം മാത്രമല്ല, ഇത്തരത്തിലുള്ള അഹങ്കാരങ്ങളും ഇങ്ങനെ ഒരു വനത്തെ ഉണ്ടാക്കും. അതുകഴിഞ്ഞ് ആ കാട്ടിൽ പലതരത്തിലുള്ള മദയാനകൾ  തിമിർത്തുനടക്കാൻ തുടങ്ങും. അപകടകാരികളായ മദയാനകൾ — കാമം, ക്രോധം, മാത്സര്യം ഇതെല്ലാം വരും മദയാനകൾ ആയി .

നല്ലവനായി ജീവിച്ചാൽ മാത്രം പോരാ, എപ്പോഴും ജാഗരൂകനായിരിക്കണം. വിവേകം ഒരിക്കലും കൈവിടരുത്; ഒരു നിമിഷം പോലും! ഇതാണ് എഴുത്തച്ഛൻ പറയുന്നത്.

മലയാളം

മലയാളം

ഹരിനാമ കീര്‍ത്തനം

Click on any topic to open

0

Copyright © 2026 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize

We use cookies