ദേവി സൂക്തത്തിലൂടെ ദേവിയെ മനസിലാക്കാം

ദേവി സൂക്തത്തിലൂടെ ദേവിയെ മനസിലാക്കാം

ഋഗ്വേദത്തിലെ ദേവി സൂക്തം ദേവിയെക്കുറിച്ച് ഒട്ടനവധി കാര്യങ്ങൾ നമുക്ക് മനസ്സിലാക്കിത്തരുന്നു. വാഗാംഭൃണിയാണ് ഈ സൂക്തത്തിന്‍റെ ഋഷിക. ഇതൊരു പ്രാർത്ഥനയല്ല. ഈ സൂക്തത്തിലൂടെ ദേവി തന്നെപ്പറ്റി സ്വയം വെളിപ്പെടുത്തുകയാണ്. 

 

അഹം രുദ്രേഭിർവസുഭിശ്ചരാമ്യഹമാദിത്യൈരുത വിശ്വദേവൈഃ .

അഹം മിത്രാവരുണോഭാ ബിഭർമ്യഹമിന്ദ്രാഗ്നീ അഹമശ്വിനോഭാ ..1..

ദേവന്മാരാണ് ഇതൊക്കെ നടത്തിക്കൊണ്ട് പോകുന്നത് എന്നാണോ കരുതുന്നത്?

എന്നാൽ ആരാണ് ഇതൊക്കെ ശരിക്കും നടത്തിക്കൊണ്ട് പോകുന്നത് എന്ന് മനസ്സിലാക്കിക്കൊള്ളൂ.

ഞാനാണ് എല്ലാറ്റിനും പിന്നിൽ.

രുദ്രനെ കൊടുങ്കാറ്റായി ആഞ്ഞടിപ്പിക്കുന്നത് ഞാനാണ്. സൂര്യനിലെ പ്രകാശവും ചന്ദ്രനിലെ കുളുർമ്മയും ഞാനാണ്.

ഇന്ദ്രന്‍റേയും അഗ്നിയുടേയും മിത്രന്‍റേയും വരുണന്‍റേയും അശ്വിനി കുമാരന്മാരുടേയും ശക്തിക്ക് പിന്നിൽ ഞാനാണ്.

ഞാനില്ലെങ്കിൽ ഇവരൊക്കെ വെറും പേരുകൾ മാത്രമാണ്.

നിങ്ങൾ ആരാധിക്കുന്ന ഓരോ ദേവന്‍റേയും പിന്നിൽ പ്രവർത്തിക്കുന്നത് ഞാനാണ്.

ഇന്ന് നിങ്ങൾ ശ്വസിക്കുന്നുണ്ടെങ്കിൽ അതിന് പിന്നിലും ഞാനാണ്. 

 

അഹം സോമമാഹനസം ബിഭർമ്യഹം ത്വഷ്ടാരമുത പൂഷണം ഭഗം .

അഹം ദധാമി ദ്രവിണം ഹവിഷ്മതേ സുപ്രാവ്യേ യജമാനായ സുന്വതേ ..2..

യജ്ഞങ്ങളിലേക്ക് സോമരസം കൊണ്ടുവരുന്നത് ഞാനാണ്.

ഞാനില്ലെങ്കിൽ സോമമില്ല, സോമമില്ലെങ്കിൽ യജ്ഞമില്ല, യജ്ഞമില്ലെങ്കിൽ ദേവന്മാരുമില്ല.

യജ്ഞഭാഗം സ്വീകരിക്കുന്ന ദേവതയല്ല ഞാൻ, മറ്റുള്ള ദേവന്മാർക്ക് അവരവരുടെ യജ്ഞഭാഗങ്ങൾ വാങ്ങിക്കൊടുക്കുന്നത് ഞാനാണ്.

വിശ്വശിൽപിയായ ത്വഷ്ടാവിന് ആശ്രയം ഞാനാണ്.

മാർഗ്ഗദർശിയായ പൂഷാവിന് ആശ്രയം ഞാനാണ്.

സമൃദ്ധിയും സന്തോഷവും നൽകുന്ന ഭഗന് ആശ്രയം ഞാനാണ്.

 

അഹം രാഷ്ട്രീ സംഗമനീ വസൂനാം ചികിതുഷീ പ്രഥമാ യജ്ഞിയാനാം .

താം മാ ദേവാ വ്യദധുഃ പുരുത്രാ ഭൂരിസ്ഥാത്രാം ഭൂര്യാവേശയന്തീം ..3..

രാഷ്ട്രശക്തി ഞാനാണ്. ജനങ്ങൾ ചേർന്ന് എന്തെങ്കിലും കെട്ടിപ്പടുക്കുമ്പോൾ അതിന് പിന്നിലെ ശക്തിയും പ്രചോദനവും ഞാനാണ്. 

ഭരണപാടവവും നീതിന്യായവ്യവസ്ഥയും ഞാനാണ്.

എല്ലാ വിധത്തിലുള്ള ധനവും സമൃദ്ധിയും നൽകുന്നത് ഞാനാണ്. ലോകത്തിൽ നടക്കുന്നതെല്ലാം ഞാൻ അറിയുന്നു. എന്തിനും എപ്പോഴും സജ്ജയാണ് ഞാൻ. ആരാധിക്കപ്പെടേണ്ടവരിൽ സർവ്വപ്രഥമായാണ് ഞാൻ.

പവിത്രമായ എന്തെങ്കിലും നടക്കുന്നിടത്തെല്ലാം ഞാനുണ്ട്.

മന്ത്രങ്ങളുടെ ഓരോ തരംഗത്തിലും ഞാനുണ്ട്.

ഭക്തിയുള്ള ഓരോ ഹൃദയത്തിലും ഞാനുണ്ട്.

ഓരോ വസ്തുവിലും എന്‍റെ സാന്നിദ്ധ്യമുണ്ട്.

എല്ലായിടത്തും എന്‍റെ സാന്നിദ്ധ്യമുണ്ട്.

 

മയാ സോ അന്നമത്തി യോ വിപശ്യതി യഃ പ്രാണിതി യ ഈം ശൃണോത്യുക്തം .

അമന്തവോ മാം ത ഉപ ക്ഷിയന്തി ശ്രുധി ശ്രുത ശ്രദ്ധിവം തേ വദാമി ..4..

നീ ശ്വസിക്കുന്നതിന് കാരണം ഞാനാണ്. നീ കേൾക്കുന്നതിനും കാണുന്നതിനും ഭക്ഷണം കഴിക്കുന്നതിനും കാരണം ഞാനാണ്. എന്നെ തിരിച്ചറിയാത്തവൻ നാശത്തിലേക്കാണ് നീങ്ങുന്നത്. എന്നെ അറിയാൻ ഭക്തി മാത്രം മതിയാകും.

 

അഹമേവ സ്വയമിദം വദാമി ജുഷ്ടം ദേവേഭിരുത മാനുഷേഭിഃ .

യം കാമയേ തന്തമുഗ്രം കൃണോമി തം ബ്രഹ്മാണം തമൃഷിം തം സുമേധാം ..5..

ദേവന്മാരും മനുഷ്യരും ഒരുപോലെ എന്നെ ബഹുമാനിക്കുന്നു. ഞാൻ ആരെ തിരഞ്ഞെടുക്കുന്നുവോ അവനെ ഞാൻ ശക്തനാക്കുന്നു. അവന് ഞാൻ വേദജ്ഞാനം പകർന്നു നൽകുന്നു. അവനെ ഞാൻ ത്രികാലജ്ഞാനിയായ  ഋഷിയാക്കുന്നു, ബ്രഹ്മജ്ഞാനിയാക്കുന്നു. അജ്ഞാനത്തെ ഇല്ലാതാക്കുന്ന വാക്കുകൾ ഞാനാണ്.

 

അഹം രുദ്രായ ധനുരാ തനോമി ബ്രഹ്മദ്വിഷേ ശരവേ ഹന്തവാ ഉ .

അഹം ജനായ സമദം കൃണോമ്യഹം ദ്യാവാപൃഥിവീ ആ വിവേശ ..6..

ദുഷ്ട ശക്തികളെ നശിപ്പിക്കാൻ രുദ്രന്‍റെ കയ്യിൽ വില്ലെടുത്ത് കൊടുക്കുന്നത് ഞാനാണ്. ആ വില്ലിലൂടെ അമ്പെയ്യുന്നത് ഞാനാണ്. അധർമ്മത്തിനെതിരായി യുദ്ധം ചെയ്യിക്കുന്നത് മാത്രമല്ല, യുദ്ധത്തിനുശേഷം സമാധാനം പുനഃസ്ഥാപിക്കുന്നതും ഞാനാണ്. 

 

അഹം സുവേ പിതരമസ്യ മൂർധന്മമ യോനിരപ്സ്വന്തഃ സമുദ്രേ .

തതോ വി തിഷ്ഠേ ഭുവനാനു വിശ്വോതാമൂം ദ്യാം വർഷ്മണോപ സ്പൃശാമി ..7..

സൃഷ്ടികർത്താവിന് ജന്മം നൽകിയത് ഞാനാണ്. സമുദ്രത്തിന്‍റെ അഗാധതയിലാണ് എന്‍റെ ഗർഭപാത്രം. അവിടെനിന്നും ഞാൻ പ്രപഞ്ചത്തെ മുഴുവനും സൃഷ്ടിക്കുന്നു. ഈ പ്രപഞ്ചം മുഴുവനും എന്‍റെ ശരീരമാണ്. നീയിതുവരെ കണ്ടതും കേട്ടതും അനുഭവിച്ചതും എല്ലാമെല്ലാം എനിക്കുള്ളിൽ അടങ്ങിയിരിക്കുന്നു.

 

അഹമേവ വാത ഇവ പ്ര വാമ്യാരഭമാണാ ഭുവനാനി വിശ്വാ .

പരോ ദിവാ പര ഏനാ പൃഥിവ്യൈതാവതീ മഹിനാ സം ബഭൂവ ..8..

പ്രപഞ്ചത്തിന്‍റെ ജീവനും ഓരോ ചലനവും ഞാനാണ്. ഓരോ ചലനവും തുടങ്ങിവെയ്ക്കുന്നത് ഞാനാണ്. ഞാൻ കറക്കിവിട്ടതിനാലാണ് ഗ്രഹങ്ങൾ ഭ്രമണം ചെയ്യുന്നത്. ആകാശം എനിക്കൊരു പരിധിയില്ല. ഞാൻ ആകാശത്തേയും മറികടന്ന് വ്യാപിച്ചിരിക്കുന്നു. മനസ്സിനും വാക്കുകൾക്കും എന്തിനേറെ, വേദങ്ങൾക്കുപോലും എത്താനാകത്തിടത്തു പോലും ഞാനുണ്ട്. എന്‍റെ മഹിമ വിശ്വത്തേയും മറികടന്ന് വ്യാപിച്ചിരിക്കുന്നു.

മലയാളം

മലയാളം

പല വിഷയങ്ങള്‍

Click on any topic to open

Copyright © 2025 | Vedadhara test | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize
Whatsapp Group Icon
Have questions on Sanatana Dharma? Ask here...

We use cookies