ദാരിദ്ര്യം ദൈവത്തിന്‍റെ ശാപമല്ല

ദാരിദ്ര്യം ദൈവത്തിന്‍റെ ശാപമല്ല

ഋഗ്വേദത്തിലെ ഒരു സൂക്തത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത് (10.117) . ദാരിദ്ര്യം ദൈവം നൽകുന്ന ശിക്ഷയല്ലെന്ന് ഈ സൂക്തം പറയുന്നു. നമ്മൾ മറ്റുള്ളവർക്ക് നൽകുമ്പോൾ നമ്മുടെ സമ്പത്ത് കുറയുകയല്ല, മറിച്ച് കൂടുകയാണ് ചെയ്യുന്നത്. എന്നാൽ മറ്റുള്ളവർക്ക് നൽകാത്തവൻ സ്വയം നാശം ക്ഷണിച്ചുവരുത്തുന്നു.

ഇതൊരു വലിയ ആശയമാണ്. ആളുകൾ വിശപ്പിൽ കഴിയുന്നത് ദൈവത്തിന്‍റെ ശാപമോ കർമ്മദോഷമോ കൊണ്ടല്ല, മറിച്ച് നമ്മൾ സഹായിക്കാൻ തയ്യാറാകാത്തതുകൊണ്ടാണ്. ദാനം ചെയ്താൽ ദരിദ്രരാകുമെന്നുള്ള പേടി അടിസ്ഥാനരഹിതമാണ്. പുരാതന ഭാരതം ഇത് ഇന്നത്തെ നമ്മളെക്കാൾ നന്നായി മനസ്സിലാക്കിയിരുന്നു.

ബെംഗളൂരുവിലെ ഒരു ഫൈവ് സ്റ്റാർ ഷെഫായിരുന്ന നാരായണൻ കൃഷ്ണൻ എന്ന വ്യക്തിയുടെ കാര്യം തന്നെയെടുക്കാം. അദ്ദേഹം ജോലി ഉപേക്ഷിച്ച് മധുരയിലെ തെരുവ് നിവാസികൾക്ക് ഭക്ഷണം നൽകാൻ തുടങ്ങി. ഇന്ന് അദ്ദേഹത്തിന് കോടീശ്വരന്മാരെക്കാൾ ബഹുമാനം ലഭിക്കുന്നുണ്ട്. സമ്പത്ത് അദ്ദേഹത്തെ വിട്ടുപോയില്ല, മറിച്ച് ബഹുമാനം തേടിയെത്തി.

അർഹതയില്ലാത്തവർക്കും നൽകുക

സഹായം അർഹിക്കുന്നവരെ മാത്രം സഹായിച്ചാൽ മതിയെന്ന നമ്മുടെ ഇന്നത്തെ ചിന്തയെ മറ്റൊരു മന്ത്രം ചോദ്യം ചെയ്യുന്നു. 'നല്ല ആരോഗ്യമുണ്ടല്ലോ. ഇവനൊക്കെ പണിയെടുത്ത് ജീവിച്ചുകൂടേ?' വേദം പറയുന്നു - ഒരാൾ അർഹനാണോ, അനർഹനാണോ എന്നൊക്കെ കണ്ടുപിടിക്കാൻ മാത്രം ബുദ്ധിയൊന്നും നമുക്കില്ല.വിശപ്പുള്ളവൻ ധനികനായിക്കോട്ടെ ദരിദ്രനായിക്കോട്ടെ അവന് ആഹാരം നൽകാം. മറ്റുള്ളവരെ സഹായിക്കുമ്പോൾ നമുക്ക് മാനസിക ശക്തി ലഭിക്കും. എന്നാൽ പിശുക്കൻ നശിച്ചുപോകും.

ദാനം കൊടുക്കാനായി വേദധർമ്മം ഒരു യോഗ്യതാപത്രവും ആവശ്യപ്പെടുന്നില്ല. 

എന്താണ് കൊടുക്കാൻ പോകുന്നത്? അഞ്ച് രൂപയോ അല്ലെങ്കിൽ പത്ത് രൂപയോ. നമ്മുടെ വരുമാനത്തിന്‍റെയോ സ്വത്തിന്‍റെയോ പതിനായിരത്തിൽ ഒരംശമോ. ലക്ഷത്തിൽ ഒരംശമോ. അവിടെയും അർഹത നോക്കി കൊടുക്കാൻ നമ്മളും അത്രമാത്രം എല്ലാം തികഞ്ഞവരാണോ?  

നിങ്ങൾ ഒരു ആശ്രയമായി മാറുന്നു

ഹൈദരാബാദിൽ ഒരു ഓട്ടോ ഡ്രൈവറുണ്ട്. അദ്ദേഹം തന്‍റെ വാഹനത്തിൽ ആശുപത്രിയിലേക്ക് സൗജന്യമായി കൊണ്ടുപോകാറുണ്ട്. എന്തുകൊണ്ടെന്നാൽ, ചികിത്സ വൈകിയതിനാൽ അദ്ദേഹത്തിന് തന്‍റെ ഭാര്യയെ നഷ്ടപ്പെട്ടു. ഇപ്പോൾ അദ്ദേഹം മറ്റുള്ളവരെ സഹായിക്കുന്നു. വലിയ ധനവാനൊന്നും ആയതുകൊണ്ടല്ല, മറ്റൊരാളുടെ വേദനയിൽ പങ്കുചേർന്നതുകൊണ്ടാണ് അദ്ദേഹം ഒരു ആശ്രയമായി മാറുന്നത്. നൽകാൻ നിങ്ങൾക്ക് സമ്പത്ത് ആവശ്യമില്ല. അല്പം കരുണ മാത്രം മതി.

നൽകാത്തവൻ സുഹൃത്തല്ല

ഈ സൂക്തത്തിലെ ഏറ്റവും ശക്തമായ പ്രഖ്യാപനങ്ങളിലൊന്നാണിത്.

സഹായിക്കാത്തവൻ സുഹൃത്തല്ല, വേദം പറയുന്നു -  സൗഹൃദം വാക്കുകളിലല്ല, പ്രവൃത്തിയിലാണ്.

കോവിഡ് സമയത്തെ അനുഭവങ്ങൾ  നോക്കൂ - ചില ഭൂവുടമകൾ ബുദ്ധിമുട്ടുന്ന വാടകക്കാർക്ക് വാടക ഒഴിവാക്കി കൊടുത്തു, മറ്റുചിലർ അവരെ പുറത്താക്കി. ഇതിൽ പലരും അപ്പോൾ വരെ സൗഹൃദം നടിച്ചവരാണ്.

സമ്പത്ത് ഒരു ചക്രം പോലെ കറങ്ങുന്നു

ഈ സൂക്തം അതിശയകരമായ ഒരു ഉപമ ഉപയോഗിക്കുന്നു:

സമ്പത്ത് രഥചക്രങ്ങൾ പോലെ കറങ്ങുന്നു. ഇന്ന് നിങ്ങൾ മുകളിലായിരിക്കും, നാളെ നിങ്ങൾ താഴെയായിരിക്കും.

വിജയം ഒരു ചക്രമാണ്. ഭാഗ്യം മാറിക്കൊണ്ടിരിക്കും.അതിനാൽ, നിങ്ങൾ മുകളിലായിരിക്കുമ്പോൾ, താഴെയുള്ളവരെ സഹായിക്കണം - കാരണം ഒരു ദിവസം നിങ്ങളും അവിടെയെത്താം. നിർധനരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ധനസഹായം നൽകുന്ന ഒരു വ്യവസായി വെറും ഉദാരമനസ്കൻ മാത്രമല്ല, അദ്ദേഹം തന്‍റെ സ്വന്തം ഭാവിയെ സംരക്ഷിക്കുക കൂടെയാണ് ചെയ്യുന്നത്. ആ കുട്ടികൾ ഡോക്ടർമാരോ, ശാസ്ത്രജ്ഞന്മാരോ അല്ലെങ്കിൽ അദ്ദേഹത്തിന്‍റെ വ്യവസായത്തെ മുന്നോട്ട് കൊണ്ടുപോകുന്നവരോ ആയേക്കാം.

അനാവശ്യമായുള്ള ശേഖരണം തെറ്റ് മാത്രമല്ല, അപകടകരവുമാണ്

സ്വാർത്ഥത നമ്മെ ഒറ്റപ്പെടുത്തുന്നു. സമ്പത്ത് പൂഴ്ത്തിവെക്കുന്നവൻ ഒറ്റപ്പെടുന്നു - കുടുംബത്തിന്‍റെയോ സുഹൃത്തുക്കളുടെയോ സ്നേഹം അവന് ലഭിക്കില്ല.

കുടുംബനാഥൻ മരിക്കുമ്പോൾ സ്വത്തിന് വേണ്ടി തർക്കം നടക്കുന്ന സമ്പന്ന കുടുംബങ്ങളെക്കുറിച്ച് ചിന്തിക്കുക. എന്തുകൊണ്ട്? കാരണം സമ്പത്ത് സ്നേഹത്തോടെ വിതരണം ചെയ്യപ്പെട്ടില്ല - അത് ഭയത്താൽ  സംരക്ഷിക്കപ്പെടുകയാണ് ചെയ്തുകൊണ്ടിരുന്നത്. കെട്ടിക്കിടക്കുന്ന ഭക്ഷണം വിഷമായി മാറുന്നു.

മറുവശത്ത്, എത്രയെത്ര സാധാരണ സ്കൂൾ അധ്യാപകരുംസാമൂഹ്യ പ്രവർത്തകരുമാണ് അവർ പങ്കുവെച്ചതുകൊണ്ട് മാത്രം കണ്ണീരോടും ആദരവോടും കൂടെ ഓർമ്മിക്കപ്പെടുന്നത്.

പ്രകൃതി തുല്യമല്ല - എന്നാൽ ധർമ്മം തുല്യമാണ്

ഈ സൂക്തം ആഴത്തിലുള്ള ഒരു സത്യത്തിൽ അവസാനിക്കുന്നു:

നിങ്ങളുടെ രണ്ട് കൈകൾ പോലും തുല്യമല്ല. ഒരേ അമ്മയിൽ നിന്ന് ജനിച്ച രണ്ട് പശുക്കൾ വ്യത്യസ്ത അളവിൽ പാൽ നൽകുന്നു. ഇരട്ടക്കുട്ടികളുടെ കഴിവുകൾ വ്യത്യസ്തമാണ്. ബന്ധുക്കൾ പോലും നമ്മെ തുല്യമായി പിന്തുണയ്ക്കുന്നില്ല. വ്യത്യാസങ്ങൾ സ്വാഭാവികമാണ്. അവയെ അളക്കാനും വിമർശിക്കാനും പോകുന്നതിന് പകരം നമ്മളാലാകുന്നതുപോലെ അവയെ ഇല്ലാതാക്കാൻ ശ്രമിക്കാം. അതാണ് ധർമ്മം.

എങ്ങനെ ഈ ധർമ്മം പിന്തുടരാം?

ഈ സൂക്തം നൽകുന്ന ഉപദേശം പിന്തുടരാൻ സമ്പന്നനോ ശക്തനോ ആകേണ്ടതില്ല. നിങ്ങൾ ഒരു ചോദ്യം മാത്രം ചോദിച്ചാൽ മതി: മറ്റുള്ളവരെക്കാൾ എനിക്ക് എന്താണ് കൂടുതൽ ഉള്ളത്?  നിങ്ങൾക്ക് അധികമുള്ളത് - അത് സമയമോ, അറിവോ, ശക്തിയോ, സമ്പത്തോ ആകട്ടെ - അത് പങ്ക് വെയ്ക്കുക.

നിങ്ങൾ ഒരു അധ്യാപകനാണെങ്കിൽ, ജ്ഞാനം പകർന്ന് നൽകുക. ശമ്പളത്തിന് വേണ്ടി മാത്രമല്ല, അല്ലാതെയും.

നിങ്ങൾ ആരോഗ്യമുള്ളയാളാണെങ്കിൽ, പ്രായമായവരെ സഹായിക്കുക.

സാമ്പത്തിക ശേഷിയുണ്ടെങ്കിൽ, ഒരു കുട്ടിയുടെ സ്കൂൾ ബാഗിനോ പുസ്തകങ്ങൾക്കോ പണം നൽകുക.

നിങ്ങൾക്ക് അധികമായുള്ളത് അതില്ലാത്തിടത്തേക്ക് പകർന്ന് നൽകുന്നതാണ് വേദം പറയുന്ന ധർമ്മം.

മലയാളം

മലയാളം

പല വിഷയങ്ങള്‍

Click on any topic to open

Copyright © 2025 | Vedadhara test | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize
Whatsapp Group Icon
Have questions on Sanatana Dharma? Ask here...

We use cookies