തെയ്യം

Theyyam

 

എന്താണ് തെയ്യം?

വടക്കന്‍ മലബാറിലെ വളരെ പ്രസിദ്ധമായ നൃത്തരൂപത്തിലുള്ള ഒരു ആരാധനാ സമ്പ്രദായമാണ് തെയ്യം. 

കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലാണ് തെയ്യം അധികം പ്രചാരത്തിലുള്ളത്.

 

കളിയാട്ടവും തെയ്യവും

പഴയങ്ങാടിപ്പുഴക്ക് വടക്കോട്ട് കളിയാട്ടമെന്നും തെക്കോട്ട് തെയ്യമെന്നും അറിയപ്പെടുന്നത് സാമാന്യമായി ഒരേ കലാരൂപമാണ്.

 

Click below to watch video - ആളിക്കത്തുന്ന തീക്കൂനയിലേക്ക് വീഴുന്ന തീചാമുണ്ഡി തെയ്യത്തെ കണ്ടിട്ടുണ്ടോ 

 

ആളിക്കത്തുന്ന തീക്കൂനയിലേക്ക് വീഴുന്ന തീചാമുണ്ഡി തെയ്യത്തെ കണ്ടിട്ടുണ്ടോ

 

തെയ്യക്കോലവും തെയ്യാട്ടവും

തെയ്യത്തിന്‍റെ വേഷത്തിന് തെയ്യക്കോലമെന്നും നൃത്തത്തിന് തെയ്യാട്ടമെന്നും പറയുന്നു.

 

എന്താണ് തെയ്യത്തിന്‍റെ ആശയം?

അമ്മ ദൈവങ്ങള്‍, യുദ്ധ ദൈവങ്ങള്‍, രോഗ ദേവതകള്‍, നാഗങ്ങള്‍, ഭൂതങ്ങള്‍, യക്ഷികള്‍, മൃഗദേവതകള്‍, പ്രേതങ്ങള്‍, പൂര്‍വികര്‍, വീരന്മാര്‍, വീര വനിതകള്‍ തുടങ്ങിയവരുടെ മന്ത്രം, തന്ത്രം, വ്രതം, കര്‍മ്മം എന്നിവ ഉള്‍പ്പെടുത്തിയുള്ള നൃത്തരൂപത്തിലുള്ള ആരാധനയാണ് തെയ്യം.

 

എത്രയിനം തെയ്യങ്ങളുണ്ട്?

ഏതാണ്ട് ഇരുനൂറ്റി നാല്‍പ്പതോളം തെയ്യങ്ങളാണ് ഇന്ന് നിലവിലുള്ളത്.

 

തെയ്യം എന്ന വാക്കിന്‍റെ ഉത്പത്തി

നിഘണ്ടുവിന്‍റെ രചയിതാവായ ഡോ. ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടിന്‍റെ അഭിപ്രായത്തില്‍ തെയ്യത്തിന് ദൈവം എന്ന സംസ്കൃതപദവുമായി ബന്ധമുണ്ട്.

തീ കൊണ്ടുള്ള ആട്ടമാകാം തെയ്യാട്ടം എന്ന് ഡോ. ചേലനാട്ട് അച്യുതമേനോന്‍ അഭിപ്രായപ്പെടുന്നു.

 

തെയ്യത്തിലെ കല

ചുവപ്പാണ് തെയ്യക്കോലങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്ന നിറം. 

മുഖമെഴുത്തിന് മണിക്കൂറുകള്‍ തന്നെയെടുക്കും. 

തനതായ വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, പുഷ്പങ്ങള്‍, കുരുത്തോല ഇവയെല്ലാം അലങ്കാരത്തിന് ഉപയോഗിക്കുന്നു.

നൃത്തത്തിലെ സ്ത്രൈണഭാവമായ ലാസ്യവും പുരുഷഭാവമായ താണ്ഡവവും രണ്ടും തെയ്യത്തില്‍ കാണാം.

മുഖ്യമായും ചെണ്ട, ചേങ്ങില, ഇലത്താളം, കറുംകുഴൽ, തകിൽ എന്നീ വാദ്യോപകരണങ്ങളാണ് തെയ്യത്തിന് ഉപയോഗിക്കുന്നത്.

വര്‍ഷങ്ങളോളമുള്ള കഠിനപരിശ്രമത്തിലൂടെയാണ് ഈ കലാകാരന്മാരെല്ലാം കഴിവുകള്‍ വികസിപ്പിച്ചെടുക്കുന്നത്.

 

തെയ്യങ്ങളുടെ തമ്പുരാന്‍

തെയ്യത്തിന് ഇന്നുള്ള രൂപവും ഭാവവും നല്‍കിയ കരിവെള്ളൂർ മണക്കാടൻ ഗുരുക്കളാണ് തെയ്യങ്ങളുടെ തമ്പുരാന്‍ എന്നറിയപ്പെടുന്നത്. 

പതിനഞ്ചാം നൂറ്റാണ്ടിലാണ് ഇദ്ദേഹം ജീവിച്ചിരുന്നത്. 

വണ്ണാന്‍ സമുദായക്കാരനായിരുന്ന ഗുരുക്കള്‍ മാന്ത്രികം, വൈദ്യം, കവിത, സംസ്കൃതം ഇവയിലൊക്കെ അഗ്രഗണ്യനായിരുന്നു.

കോലത്തിരി രാജാവ് ഗുരുക്കളെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു. 

വഴിയില്‍ രാജാവ് തന്നെ ഗുരുക്കളുടെ കഴിവ് പരീക്ഷിക്കാനൊരുക്കിയ ഒട്ടനവധി തടസങ്ങളെ അതിജീവിച്ചാണ് ഗുരുക്കള്‍ എത്തിച്ചേര്‍ന്നത്. 

തന്‍റെ തന്നെ കുടയിലേറി പുഴ കടന്നതും, ഊണിനിരുന്നപ്പോള്‍ താന്‍ തന്നെ കൊണ്ടുവന്ന കുമ്പളത്തിന്‍റെ ഇല ഊണ് കഴിഞ്ഞപ്പോള്‍ അപ്രത്യക്ഷമായതും, രാജാവ് കൊടുത്ത മുറുക്കാന്‍ പൊതിയില്‍ അടയ്ക്ക ഇല്ലെന്നു കണ്ടപ്പോള്‍ കവുങ്ങ് വളഞ്ഞുവന്ന് അടയ്ക്ക നല്‍കിയതും അദ്ദേഹം പ്രവര്‍ത്തിച്ച അത്ഭുതങ്ങളില്‍ ചിലത് മാത്രം.

ഒറ്റ രാത്രി കൊണ്ട് കോലത്തിരിക്ക് മുന്നില്‍ നാല്പതോളം കോലങ്ങള്‍ കെട്ടിയാടി ഗുരുക്കള്‍ തന്‍റെ കഴിവ് തെളിയിച്ചു. 

തെയ്യങ്ങള്‍ക്കിടയിലെ സൗന്ദര്യപ്രതീകമായ മുച്ചിലോട്ട് ഭഗവതിയെ ആദ്യമായി കെട്ടിയാടിയത് മണക്കാടന്‍ ഗുരുക്കളായിരുന്നു.

 

തെയ്യക്കാലം

പത്താമുദയത്തിന് ( തുലാം പത്തിന് ) ആണ് തെയ്യങ്ങള്‍ ആരംഭിക്കുക. 

ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രം, നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് എന്നിവിടങ്ങളിലാണ് ആദ്യ തെയ്യങ്ങള്‍.

ഇടവപ്പാതിക്ക് കളരിവാതുക്കൽ ക്ഷേത്രത്തിൽ ഭഗവതിയുടെ തെയ്യം, നീലേശ്വരം മന്നൻപുറത്ത് കാവിൽ കലശം എന്നിവയോടെ തെയ്യക്കാലം അവസാനിക്കുന്നു.

 

തെയ്യാട്ടത്തിന്‍റെ സ്ഥാനങ്ങള്‍

കാവ്, കോട്ടം, താനം, അറ, പള്ളിയറ, മുണ്ട്യ, കഴകം എന്നിവിടങ്ങളിലാണ് തെയ്യാട്ടം നടക്കുന്നത്.

കാവ്

ഭഗവതിക്കാവുകള്‍, ആണ്‍ദൈവങ്ങളുടെ കാവുകള്‍, വാണിയസമുദായക്കാരുടെ മുച്ചിലോട്ട് കാവുകള്‍, എരുവാന്മാരുടെ കണങ്കാട്ട് കാവുകള്‍, പൂമാലക്കാവുകള്‍, ചീറുമ്പക്കാവുകള്‍ എന്നിങ്ങനെ പല വിധമായുണ്ട്. 

വൃക്ഷസങ്കേതങ്ങളാണ് കാവുകള്‍.

കോട്ടം

തീയര്‍, മണിയാണി തുടങ്ങിയ സമുദായങ്ങളുടെ തെയ്യം കെട്ടിയാടുന്ന സ്ഥാനങ്ങളാണ് കോട്ടങ്ങള്‍. 

ഇവിടെ പ്രതിഷ്ഠയോ നിത്യപൂജയോ ഉണ്ടാകാറില്ല.

ഭഗവതിക്കോട്ടം, ചാമുണ്ഡിക്കോട്ടം, വൈരജാതൻകോട്ടം, പൊട്ടൻ ദൈവത്തിന്‍റെ കോട്ടം, വേട്ടയ്ക്കൊരുമകൻകോട്ടം എന്നിവിടങ്ങളിലാണ് തെയ്യാട്ടം നടക്കുന്നത്.

കഴകം

സമുദായങ്ങളുടെ ഭരണകേന്ദ്രങ്ങളാണ് കഴകങ്ങള്‍. 

ഒരു കഴകത്തിനു കീഴില്‍ പല തെയ്യസ്ഥാനങ്ങളുണ്ടാകും. 

കഴകത്തിന്‍റെ ഭഗവതിയാണ് കഴകി. 

തീയരുടെ കുറുവന്തട്ട കഴകം, രാമവില്യകഴകം എന്നിവയും മണിയാണിമാരുടെ കാപ്പാട്ടുകഴകം കല്യോട്ടുകഴകം എന്നിവയും ഉദാഹരണങ്ങളാണ്.

മുണ്ട്യ

മുണ്ട്യകള്‍ നായാട്ടു സങ്കേതങ്ങളായിരുന്നു. 

തീയരുടേയും മണിയാണിമാരുടേയും മുണ്ട്യകളുണ്ട്. 

വിഷ്ണുമൂർത്തി, രക്തചാമുണ്ഡി, അങ്കക്കുളങ്ങര ഭഗവതി, വയനാട്ടുകുലവൻ ദൈവം എന്നിവരുടെ തെയ്യാട്ടം മുണ്ട്യകളില്‍ നടക്കുന്നു.

കുലോം

കോവിലകം ലോപിച്ചാണ് കുലോമായത്. 

മടിയൻ കുലോം, ഉദിയന്നൂർ കുലോം, പെരട്ടു കുലോം എന്നിവ ഉദാഹരണങ്ങള്‍.

 

എന്താണ് മടപ്പുര?

മുത്തപ്പന്‍റെ ആരാധനാകേന്ദ്രങ്ങളാണ് മടപ്പുരയും പൊടിക്കളവും. 

പ്രധാനപ്പെട്ടവ - പറശ്ശിനിക്കടവ്, കണ്ണപുരം, കുന്നത്തൂര്‍പാടി.

 

തെയ്യം കെട്ടുന്നവരുടെ സമുദായങ്ങള്‍

ചില പ്രത്യേക സമുദായക്കാര്‍ക്കാണ് തെയ്യം കെട്ടാനുള്ള അവകാശമുള്ളത്. 

ഓരോ സമുദായത്തിനും ഏതേത് ദൈവങ്ങളെ കെട്ടിയാടാം എന്നതിനും ഏതേത് സ്ഥാനങ്ങളില്‍ ആടാം എന്നതിനും നിയമങ്ങളുണ്ട്.

വണ്ണാന്മാര്‍

കോലക്കാരില്‍ ഒരു പ്രധാന സമുദായമാണ് വണ്ണാന്മാര്‍. 

ഭഗവതി, ഭദ്രകാളി, ഭൂതം, നാഗം, യക്ഷഗന്ധർവൻ, പുലിദൈവങ്ങൾ, വീരന്മാര്‍, വീരവനിതകള്‍, ദുര്‍മ്മരണം സംഭവിച്ചവര്‍, പൂര്‍വികന്മാര്‍ എന്നിവരുടെ തെയ്യങ്ങള്‍ ഇവര്‍ കെട്ടുന്നു. 

തുന്നല്‍, വൈദ്യം, അകനാൾ നീക്ക്, കെന്ത്രോൻപാട്ട് , കുറുന്തിനിപ്പാട്ട്, പക്ഷിപീഡ നീക്ക് എന്നീ മന്ത്രവാദകര്‍മ്മങ്ങളും ഇവരുടെ കുലത്തൊഴിലാണ്.

മലയർ

പരമശിവന്‍റെ പിണിയൊഴിപ്പിക്കാന്‍ ഉണ്ടായവരാണ് മലയര്‍. 

മലയൻ കെട്ട്, കണ്ണേർ പാട്ട് എന്നീ മാന്ത്രികകര്‍മ്മങ്ങളും പേറെടുക്കലും ഇവര്‍ കുലത്തൊഴിലായി ചെയ്തിരുന്നു. 

കൃഷിക്കും കന്നുകാലി സമ്പത്തിനുമായി ഇവര്‍ ചെയ്യുന്ന കോതമൂരിയാട്ടവും പ്രസിദ്ധമാണ്. 

ഭൈരവൻ, കുട്ടിച്ചാത്തൻ, ഗുളികൻ, പൊട്ടൻ, ഉച്ചിട്ട, കുറത്തി, രക്തചാമുണ്ഡി, രക്തേശ്വരി, വിഷ്ണുമൂർത്തി, മടയിൽചാമുണ്ഡി, കണ്ഠാകർണൻ, വസൂരിമാല, കരിവാൾ എന്നീ തെയ്യങ്ങള്‍ ഇവര്‍ കെട്ടിയാടുന്നു. 

ഓരോ ദേശത്തിനും ഒരു പെരുമലയനുണ്ട്. 

കരിവെള്ളൂർ പെരുമലയൻ, കാങ്കോൽ പെരുമലയൻ, ചീമേനി അള്ളടോൻ എന്നിവര്‍ ഇതില്‍ പ്രധാനികളാണ്.

വേലന്മാര്‍

കര്‍ണ്ണാടകത്തിലെ കുണ്ഡോറയില്‍ നിന്നും വടക്കെ മലബാറിലേക്ക് കുടിയേറിയവരാണ് വേലന്മാര്‍. തെങ്ങ് കയറ്റം, ചെത്ത്, ചികിത്സ എന്നിവ കുലത്തൊഴിലാണ്. 

കുണ്ഡോറച്ചാമുണ്ഡി, പുള്ളിക്കുറത്തി, കുഞ്ഞാർകുറത്തി, ധൂമഭഗവതി, പഞ്ചുരുളി, മലങ്കുറത്തി, ചുടലഭദ്രകാളി, പുള്ളിച്ചാമുണ്ഡി, കാലചാമുണ്ഡി, ഗുളികൻ, ബപ്പിരിയൻ, അയ്യപ്പൻ എന്നീ തെയ്യങ്ങള്‍ ആടുന്നു. 

സ്ത്രീകളും പാട്ടിലും ചെണ്ടകൊട്ടിലും പങ്കു ചേരുന്നു എന്നത് ഇവരുടെ പ്രത്യേകതയാണ്.

അഞ്ഞൂറ്റാന്‍

നീലേശ്വരം ഭാഗത്ത് അധികം കാണപ്പെടുന്ന ഇവര്‍ തിരുവർകാട്ടു ഭഗവതി, പുതിയ ഭഗവതി, പൂമാരുതൻ, തുളുവീരൻ എന്നീ തെയ്യങ്ങളാണ് സാധാരണയായി കെട്ടിയാടുന്നത്.

മുന്നൂറ്റാന്‍

ഇവര്‍ കുട്ടിച്ചാത്തന്‍, നാഗഭഗവതി, ചെറിയ ഭഗവതി, പള്ളിവേട്ടയ്ക്കൊരുമകൻ, വലിയ തമ്പുരാട്ടി, വസൂരിമാല, ശ്രീപോർക്കലി തുടങ്ങിയ കോലങ്ങള്‍ കെട്ടിയാടുന്നു.

മാവിലര്‍

ഇവര്‍ വിഷ്ണുമൂർത്തി, പേരടുക്കത്ത് ചാമുണ്ഡി കുറത്തി, കുറവൻ, ഗുളികൻ, കാപ്പാളത്തി ചാമുണ്ഡി, പേത്താളൻ, കാട്ടുമടന്ത, മന്ത്രമൂർത്തി, ആട്ടക്കാരത്തി, കരിഞ്ചാമുണ്ഡി, മംഗരച്ചാമുണ്ഡി, കരിയത്തുചാമുണ്ഡി, വണ്ണാത്തി ഭഗവതി, കമ്മിയമ്മ, പരാളിയമ്മ, വീരഭദ്രൻ, വീരമ്പിനാർ, ആലാട ഭഗവതി എന്നീ തെയ്യങ്ങള്‍ കെട്ടിയാടുന്നു. 

പച്ചമരുന്ന് ശേഖരിക്കല്‍, ചൂരല്‍ ഉപകരണങ്ങള്‍ , മന്ത്രവാദം എന്നിവയാണ് കുലത്തൊഴില്‍.

ചിങ്കത്താന്മാര്‍

ഇവര്‍ കോലത്തിരിമാരുടെ ചുങ്കം പിരിവുകാരായിരുന്നു. 

കോലത്തിരിമാരുടെ ക്ഷേത്രങ്ങളായ തിരുവാർകാട്ടുകാവിലും വീരചാമുണ്ഡിക്ഷേത്രത്തിലും ഇവരുടെ തെയ്യങ്ങള്‍ പ്രധാനമാണ്.

 തായിപ്പരദേവത, വീരചാമുണ്ഡി, പുതിയ ഭഗവതി, കമ്മിയമ്മ, പരാളിയമ്മ, വണ്ണാത്തി ഭഗവതി, നാഗകന്നി, ആനാടി ഭഗവതി, മംഗലച്ചാമുണ്ഡി എന്നിവയാണ് ഇവരുടെ തെയ്യങ്ങള്‍.

കോപ്പാളര്‍

ഈ സമുദായം നളിക്കത്തായ എന്നും അറിയപ്പെടുന്നു. ഇവരിലെ കോലക്കാരെ കലൈപ്പാടി എന്ന് വിളിക്കുന്നു. 

ദേശത്തിലെ പ്രധാനിക്ക് പുത്തൂരാന്‍ എന്ന് സ്ഥാനപ്പേരുണ്ട്.

പുലയര്‍

മന്ത്രവാദമായിരുന്നു ഈ സമുദായത്തിന്‍റെ കുലത്തൊഴില്‍. 

പുലിമറഞ്ഞ തൊണ്ടച്ചൻ, മരുതിയോടൻ കുരിക്കൾ, പനയാർകുരിക്കൾ, വെള്ളുക്കുരിക്കൾ, സമ്പ്രദായം, ഐപ്പള്ളിത്തെയ്യം, പൊല്ലാലൻകുരിക്കൾ, വട്ട്യൻപൊള്ള, പുലപൊട്ടൻ, പുലഗുളികൻ, കുട്ടിച്ചാത്തൻ, ഉച്ചിട്ട, കുറത്തി, കരിഞ്ചാമുണ്ഡി, കരിവാള്, കലന്താട്ട് ഭഗവതി, കാവുമ്പായി ഭഗവതി, കൊവ്വമ്മൽ ഭഗവതി, ചീറങ്ങോട്ടു ഭഗവതി, ചീറത്തു ഭഗവതി, തമ്പുരാട്ടി, തായിപ്പരദേവത, കരിഞ്ചാമുണ്ഡി, തെക്കൻകരിയാത്തൻ, ധർമദൈവം, നാഗകന്നി, പടമടക്കിത്തമ്പുരാട്ടി, തിരുവപ്പൻ, പുലച്ചാമുണ്ഡി, രക്തേശ്വരി, വിഷ്ണുമൂർത്തി എന്നിവയാണ് പുലയര്‍ കെട്ടിയാടുന്ന പ്രധാന തെയ്യങ്ങള്‍.

 

കര്‍ക്കിടക തെയ്യങ്ങള്‍

ഈ തെയ്യങ്ങള്‍ കര്‍ക്കിടകം പത്താം തീയതി മുതലാണ് ആരംഭിക്കുന്നത്. 

ഇതില്‍ വേടന്‍, വേടത്തി, ഗളിഞ്ചന്‍ എന്നീ വേഷങ്ങളാണുള്ളത്. 

ശിവനും പാര്‍വതിയും കിരാതരൂപത്തില്‍ അര്‍ജുനന് മുന്‍പില്‍ പ്രത്യക്ഷപ്പെട്ടതാണ് ഈ തെയ്യങ്ങളുടെ ആധാരം . 

വീട് വീടാന്തരം പോകുന്ന ഈ തെയ്യങ്ങളില്‍ വേടന്‍റെ കോലം കെട്ടുന്നത് കുട്ടികളാണ്. 

കര്‍ക്കിടകത്തിലെ പഞ്ഞത്തില്‍ നിന്നും രോഗങ്ങളില്‍ നിന്നും രക്ഷ തേടിയാണ് ഈ തെയ്യാട്ടങ്ങള്‍ നടത്തുന്നത്. 

മലയന്‍, വണ്ണാന്‍, കോപ്പാളന്‍ എന്നീ സമുദായക്കാരാണ് കര്‍ക്കിടകത്തെയ്യങ്ങള്‍ കെട്ടിയാടുന്നത്.

 

തെയ്യച്ചമയങ്ങള്‍

ചമയങ്ങളില്‍ സമുദായങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ട്. 

ഓരോ തെയ്യത്തിനെയും മുഖത്തെഴുത്ത്, മെയ്യെഴുത്ത്, തലച്ചമയം, അരച്ചമയം, കാൽച്ചമയം, കൈച്ചമയം, വേഷം എന്നിവ കൊണ്ടാണ് തിരിച്ചറിയുന്നത്.

എഴുത്തിന് അരിച്ചാന്ത്, മഞ്ഞൾ, കടും ചുവപ്പു മഷി, മനയോല, ചായില്യം എന്നിവ ഉപയോഗിക്കുന്നു. 

വെളിച്ചെണ്ണ, വെള്ളം എന്നിവ ഉപയോഗിച്ച് നിറങ്ങള്‍ ചാലിക്കുന്നു. 

ഈര്‍ക്കില്‍ ചതച്ചത് ഉപയോഗിച്ചാണ് എഴുതുന്നത്. 

എഴുതുന്നവരെ എഴുത്താളന്മാര്‍ എന്നാണ് വിളിക്കുന്നത്.

തലപ്പാളി, ചെന്നിമലര്‍, വള, കടകം, ചൂടകം, ചിലമ്പ്‌, മണിക്കയല്‌, പറ്റുമ്പാടകം എന്നിവ എല്ലാ തെയ്യങ്ങളിലും കാണാം.

മുഖത്തെ അലങ്കാരം മുഖത്തുതേപ്പ്, മുഖത്തെഴുത്ത് എന്നിങ്ങനെ രണ്ട് വിധമായുണ്ട്. 

വണ്ണാന്മാര്‍ കെട്ടിയാടുന്ന മുത്തപ്പൻ, കക്കരഭഗവതി, കുറുന്തിനി ഭഗവതി, പുതിയ്യോൻ എന്നീ തെയ്യങ്ങള്‍ക്ക് മുഖത്തുതേപ്പ് മാത്രമേ ഉണ്ടാകാറുള്ളൂ. 

മറ്റുള്ളവക്ക് മുഖത്തെഴുത്തും ഉണ്ടാകും.

കുറ്റിശംഖും പ്രാക്കും, വൈരിദളം, മാൻകണ്ണും വില്ലുകുറിയും - എന്നിങ്ങനെ ഒട്ടനവധി മുഖത്തെഴുത്തുണ്ട്. 

ഇത് ദേവതയെ ആശ്രയിച്ചിരിക്കും. 

മുഖത്തെഴുത്ത് വളരെ സങ്കീര്‍ണ്ണമായ ഒരു ചിത്രകലാരൂപമാണ്.

ഇതുപോലെതന്നെ മേലെഴുത്തും ദേവതാഭേദമനുസരിച്ച് ചെയ്യുന്നു.

തെയ്യത്തിന്‍റെ തലയിലണിയുന്ന കിരീടത്തിന് മുടി എന്നാണ് പറയുന്നത്. 

കനം കുറഞ്ഞ മരം കൊണ്ടാണിവ ഉണ്ടാക്കുക. 

പല വിധ അലങ്കാരങ്ങളുമുണ്ടാകും. 

ചില തെയ്യങ്ങളില്‍ മുടി തീപ്പന്തം കുത്തിയും അലങ്കരിച്ചിരിക്കും.

അരച്ചമയങ്ങള്‍ വെളുമ്പന്‍, കാണിമുണ്ട്, വിതാനത്തറ എന്നിങ്ങനെ പല വിധമായുണ്ട്.

കടകം, വളകൾ, ചൂടകം, പൂത്തണ്ട എന്നിവ കൈച്ചമയങ്ങളായും പറ്റും പാടകവും, മണിക്കയല്‍, ചിലമ്പ് എന്നിവ കാല്‍ച്ചമയങ്ങളായും കഴുത്തിൽകെട്ട്, മാറും മുല, ഏഴിയരം, മേക്കെഴുത്ത് എന്നിവ മാര്‍ച്ചമയങ്ങളായും ഉപയോഗിക്കുന്നു.

എകിറ്, താടി, പൊയ്മുഖം, പൊയ്ക്കാത്, പൊയ്ക്കണ്ണ് എന്നീ ചമയങ്ങളും ചില തെയ്യങ്ങളില്‍ ഉപയോഗിക്കുന്നു.

 

തെയ്യത്തിലെ ചടങ്ങുകള്‍

അടയാളം കൊടുക്കല്‍

വെറ്റിലയും അടക്കയും ദക്ഷിണയും കൊടുത്ത് കോലക്കാരനോട് ഒരു നിശ്ചിതദിവസം കോലം കെട്ടിയാടാന്‍ പറയുന്ന ചടങ്ങാണിത്. 

അന്ന് തൊട്ട് കോലക്കാരന്‍റെ വ്രതം തുടങ്ങും.

വ്രതത്തിന്‍റെ നിയമങ്ങള്‍ -

  • മൂന്ന്, അഞ്ച്, ഏഴ്, ഇരുപത്തിയൊന്ന് എന്നിങ്ങനെ കെട്ടുന്ന കോലത്തിനനുസരിച്ചാണ് വ്രതത്തിന്‍റെ ദൈര്‍ഘ്യം.
  • കോലക്കാരന്‍ വ്രതകാലത്ത് തനിയെ ഒരു പുരയില്‍ താമസിക്കണം.
  • തെയ്യാട്ടസ്ഥാനത്തു നിന്നും അധികം ദൂരെ യാത്ര പാടില്ല.
  • തിനക്കഞ്ഞി പോലുള്ള ലഘുവും സാത്ത്വികമായ ഭക്ഷണം കഴിക്കണം.
  • മത്സ്യം, മാംസം എന്നിവ നിഷിദ്ധം
  • മദ്യപാനം നിഷിദ്ധം.

നട്ടത്തിറ

ഇത് ചിലയിടങ്ങളിലെ നിലവിലുള്ളൂ. ഇത് തെയ്യാട്ടത്തിന് രണ്ട് ദിവസം മുന്‍പ് പൂജ, ഗുരുതി എന്നിവയോടെ നടത്തുന്നു.

തെയ്യം കൂടല്‍

തെയ്യാട്ടത്തിന് തലേനാള്‍ കോലക്കാരനും വാദ്യക്കാരും തെയ്യസ്ഥാനത്ത് വന്ന് കൊട്ടി അറിയിക്കുന്നു. 

തെയ്യാട്ടത്തിന് കൊടിയേറും. ഉച്ചത്തോറ്റം, അന്തിത്തോറ്റം, കൊടിയിലത്തോറ്റം, വെള്ളാട്ടം എന്നിവ നടക്കും. 

പള്ളിയറയില്‍ നിന്നും വിളക്കേറ്റി അനുഷ്ഠാനക്കല്ലില്‍ കൊണ്ടുവന്ന് വെക്കും. കോലക്കാരന് അരിയും തിരിയും വെച്ച നാക്കില നല്‍കും.

തോറ്റവും വെള്ളാട്ടവും

കോലക്കാരന്‍റെ ശരീരത്തില്‍ ദേവതയെ വരുത്തുന്ന ചടങ്ങാണിത്. 

വേഷം ഉണ്ടാകുമെങ്കിലും തെയ്യത്തെക്കാള്‍ ചമയവും മറ്റും കുറവായിരിക്കും. 

തോറ്റം എന്നാല്‍ സ്തോത്രം. 

വരവിളി തോറ്റങ്ങള്‍ പാടുന്നതോടെ കോലക്കാരന്‍റെ ശരീരത്തില്‍ ദേവത ആവേശിച്ച് ഉറഞ്ഞുതുള്ളാന്‍ തുടങ്ങും.

മുകുരദര്‍ശനം

വേഷമണിഞ്ഞ കോലക്കാരന്‍ കണ്ണാടിയില്‍ നോക്കുന്ന ചടങ്ങ്. 

താന്‍ ദേവതയായി മാറിക്കഴിഞ്ഞു എന്ന് മനസിലാക്കുന്ന കോലക്കാരന്‍ അപ്പോഴാണ് ഉറഞ്ഞുതുള്ളാന്‍ തുടങ്ങുന്നത്.

കലശമെഴുന്നള്ളിപ്പ്

മദ്യം നിറച്ച മണ്‍കുടങ്ങളാണ് കലശങ്ങള്‍. 

കലശക്കാരന്‍ ഇവയെ തലയില്‍വെച്ച് കൊണ്ടുവന്ന് കലശത്തറയില്‍ മേല്‍ക്കുമേല്‍ അലങ്കരിച്ചു വെക്കുന്നു. 

തെയ്യാട്ടത്തിനൊപ്പം കലശക്കാരനും ചുവടുകള്‍ വെക്കും.

ബീത്ത്

തെയ്യാട്ടത്തിന് മദ്യം പ്രസാദമായി നല്‍കിയാല്‍ അതിന് ബീത്ത് എന്ന് പറയും.

 

നൃത്തം

തെയ്യാട്ടത്തിന്‍റെ നൃത്തവും വളരെ സങ്കീര്‍ണ്ണമാണ്. 

വര്‍ഷങ്ങളുടെ പരിശീലനം അവശ്യമാണ് ഒരു നല്ല കോലക്കാരനാകാന്‍. 

താളവട്ടങ്ങള്‍ വായ്ത്താരിയായി പഠിക്കുന്നു. 

ഉറഞ്ഞുതുള്ളല്‍, സ്ഥാനത്തിന് മുന്നിലെ ആടല്‍, നൃത്തപ്രദക്ഷിണം, കലശമെഴുന്നള്ളിക്കുമ്പോളുള്ള ആട്ടം എന്നിങ്ങനെ ഓരോന്നിനും തനതായ താളങ്ങളുണ്ട്. 

ചെണ്ട, തുടി, ഇലത്താളം, ചീനിക്കുഴല്‍ എന്നിവയുടെ അകമ്പടിയോടെയാണ് ആട്ടം. 

ഭഗവതിത്തെയ്യത്തിന്‍റെ അസുരാട്ടക്കലാശവും ആയുധങ്ങളേന്തിയുള്ള ആട്ടവും തീക്കനില്‍ ചാടുന്നതും ഇരിക്കുന്നതും മറ്റും വിശേഷ ക്രമങ്ങളാണ്.

 

മേലേരി

കോലക്കാര്‍ പ്രവേശിക്കുന്ന കനല്‍ക്കൂമ്പാരത്തിനാണ് മേലേരി എന്ന് പറയുന്നത്.

 

നേര്‍ച്ച നല്‍കല്‍

ആടുന്ന തെയ്യം ദേവതയുടെ പ്രത്യക്ഷരൂപമാണ്. 

ആ ദേവതക്ക് തന്നെ നേരിട്ട് നേര്‍ച്ചകള്‍ സമര്‍പ്പിക്കുന്നതിനേക്കാള്‍ ഒരു ഭാഗ്യം മറ്റെന്തുണ്ട്? 

ഭക്തര്‍ തെയ്യത്തിന് രോഗശാന്തിക്കായി സ്വര്‍ണ്ണത്തിലൂം വെള്ളിയിലുമുണ്ടാക്കിയ ആള്‍രൂപം, അവയവരൂപം, പട്ട്, ചന്ദനം, പണക്കിഴി, അരി, വെറ്റില, അടക്ക, ആട്, കോഴി, മാംസം, മദ്യം എന്നിവ സമര്‍പ്പിച്ച് പ്രാര്‍ഥിക്കുന്നു.

 

അനുഗ്രഹം നല്‍കല്‍

തെയ്യാട്ടത്തിനൊടുവില്‍ ദേവത ഭക്തര്‍ക്ക് മഞ്ഞക്കുറി, ഭസ്മം എന്നിവ കുറി തൊടാന്‍ കൊടുത്ത് ഗുണം വരട്ടെ എന്ന് പറഞ്ഞ് അനുഗ്രഹിക്കും. 

ചില തെയ്യങ്ങളില്‍ ഉണക്കലരിയും പ്രസാദമായി കൊടുക്കും.

 

തെയ്യത്തിന്‍റെ സമാപനം

കോലക്കാരന്‍ കര്‍മ്മിയോടും വെളിച്ചപ്പാടിനോടും ഭക്തരോടും ആത്മം കൊടുക്കട്ടേ എന്ന് ചോദിക്കും.

ദേവതയെ സ്വസ്ഥാനത്തേക്ക് തിരിച്ചയക്കട്ടേ എന്നാണിതിന് അര്‍ഥം. 

ഇതിനുശേഷം മുടിയെടുക്കുന്നതോടെ തെയ്യാട്ടം സമാപിക്കുന്നു.

 

തെയ്യത്തെക്കുറിച്ചുള്ള ഗ്രന്ഥങ്ങള്‍

തെയ്യപ്രപഞ്ചം - ഡോ.ആർ.സി. കരിപ്പത്ത്

തെയ്യം, തിറ തോറ്റങ്ങൾ - ഒരു പഠനം , ഡോ.എം.വി.വിഷ്ണു നമ്പൂതിരി

 

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |