വഴിപാട്

Vazhipadu

 

എന്താണ് വഴിപാട്?

ക്ഷേത്രസന്നിധിയില്‍ ഭക്തിയോടെ സമര്‍പ്പിക്കുന്ന ഉപഹാരത്തിനാണ് വഴിപാട് എന്ന് പറയുന്നത്.

എല്ലാ ഹൈന്ദവാചാരങ്ങള്‍ക്കും സമ്പൂര്‍ണ്ണത കൈവരുവാന്‍ മൂന്ന് ഘടകങ്ങള്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്.

  1. മന്ത്രോച്ചാരം - മന്ത്രങ്ങള്‍, നാമങ്ങള്‍, സ്തോത്രങ്ങള്‍ എന്നിവ ചൊല്ലുന്നത്.
  2. കായക്ളേശം - ശരീരം കൊണ്ടുള്ള അദ്ധ്വാനം. പ്രദക്ഷിണം, നമസ്കാരം, ഏത്തമിടല്‍ മുതലായവ.
  3. ദ്രവ്യത്യാഗം - പൂജാദ്രവ്യങ്ങളും മറ്റും സമര്‍പ്പിക്കുന്നത്, ദാനങ്ങള്‍.

സൂക്ഷ്മമായി നോക്കിയാല്‍ നമ്മുടെ നിത്യവുമുള്ള ക്ഷേത്രദര്‍ശനത്തിലും ഇത് മൂന്നും ഉള്ളതായി കാണാം. 

വെറുതെ പ്രാര്‍ഥിക്കുന്നതിലും എത്രയോ ഫലവത്താണ് വഴിപാടുകള്‍ ചെയ്ത് പ്രാര്‍ഥിക്കുന്നത് എന്നതിന് അനുഭവം സാക്ഷിയാണ്.

വഴിപാടുകള്‍ ചെയ്യുന്നതു വഴി -

  • ക്ഷേത്രത്തിലെ നിത്യപൂജയില്‍ പങ്കാളികളാകാം.
  • ത്യാഗ മനോഭാവം വികസിപ്പിക്കാം.
  • ഓരോ വഴിപാടിനും പറഞ്ഞിരിക്കുന്ന വിശേഷ ഫലങ്ങള്‍ക്ക് ഈശ്വരാനുഗ്രഹം നേടി പാത്രീഭൂതരാകാം.

 

Click below to watch video - ശ്രീപത്മനാഭ വിഗ്രഹ മഹത്വം 

 

ശ്രീപത്മനാഭ വിഗ്രഹ മഹത്വം # Significance of Shree Padmanabha Embodiment # Padmanabha Swamy Temple

 

ചില പ്രധാന വഴിപാടുകള്‍

 

പുഷ്പാഞ്ജലി / അര്‍ച്ചന

പുഷ്പാഞ്ജലിയെന്നാല്‍ അഞ്ജലിയില്‍ (കൈക്കുടന്നയില്‍) പുഷ്പങ്ങളെടുത്ത് രണ്ടും കൈകള്‍കൊണ്ടും സമര്‍പ്പിക്കുന്നത്. 

അര്‍ച്ചനയെന്നാല്‍ പൂജ അല്ലെങ്കില്‍ ആരാധന.

പഞ്ചഭൂതങ്ങളില്‍ ആകാശത്തിന്‍റെ പ്രതിനിധിയാണ് പുഷ്പം. 

മാനസപൂജയില്‍ ഹം ആകാശാത്മനാ പുഷ്പം കല്പയാമി എന്നത് ഇതാണ് കാണിച്ചുതരുന്നത്. 

പുഷ്പത്തിന് ശബ്ദത്തിനെ ആഗിരണം ചെയ്യാനുള്ള കഴിവുണ്ട്. 

മന്ത്രം ചൊല്ലി പുഷ്പം വിഗ്രഹത്തില്‍ സമര്‍പ്പിക്കുമ്പോള്‍ മന്ത്രചൈതന്യം പ്രത്യക്ഷമായി അവിടെ എത്തിച്ചേരുന്നു. 

അതിന്‍റെ പ്രതിഫലനം എന്നതുപോലെ മന്ത്രത്തിന്‍റെ ഫലം ഭക്തനിലേക്കും തിരിച്ചുവരുന്നു.

പഞ്ചഭൂതങ്ങളില്‍ ആകാശം സമര്‍പ്പിക്കുന്നതിന് തുല്യമാണിത്.

അഷ്ടോത്തരാര്‍ച്ചന - 108 നാമങ്ങള്‍ ചൊല്ലി അര്‍ച്ചന

സഹസ്രനാമാര്‍ച്ചന - 1008 നാമങ്ങള്‍ ചൊല്ലിയുള്ള അര്‍ച്ചന

ഭവന്നാമങ്ങളുടെ മുന്‍പില്‍ ഓം എന്നും പിന്നില്‍ നമഃ എന്ന് ചേര്‍ത്താല്‍ അത് മൂലമന്ത്രത്തിന് തുല്യമായി മാറും

ഉദാഹരണം -

നാമം - വിഷ്ണു

ഓം + വിഷ്ണവേ + നമഃ - ഇത് മന്ത്രം

വിഷ്ണവേ എന്നത് സംസ്കൃതത്തില്‍ ചതുര്‍ഥീ വിഭക്തി. വിഷ്ണുവിന് എന്നര്‍ഥം.

ഓരോ ഭഗവന്നാമവും രക്ഷ, ജ്ഞാനം, സമ്പത്ത്, കീര്‍ത്തി തുടങ്ങി ഓരോന്നിനേയും പ്രതിനിധീകരിക്കുന്നു. 

അവയോരോന്നും മന്ത്രരൂപത്തില്‍ ചൊല്ലി പുഷ്പാര്‍ച്ചന ചെയ്യുന്നത് വഴി എല്ലാ അനുഗ്രഹങ്ങളും ലഭിക്കും.

പുഷ്പാഞ്ജലി ആയുരാരോഗ്യപ്രദമാണ്.

രക്തപുഷ്പാഞ്ജലി - രക്തപുഷ്പമെന്നാല്‍ ചുവന്ന പൂവ്. ശത്രുദോഷനിവൃത്തിക്കും ആകര്‍ഷണശക്തിക്കും.

സ്വയംവരാര്‍ച്ചന - വരപ്രാപ്തി, വധൂപ്രാപ്തി

ഐക്യമത്യസൂക്താര്‍ച്ചന - ശാന്തിക്കും സമാധാനത്തിനും.

ഭാഗ്യസൂക്താര്‍ച്ചന - പുരോഗതിക്ക്.

 

അഭിഷേകം

ജലം, പാല്‍, നെയ്യ്, ഇളനീര്‍ മുതലായ ഉത്തമ ദ്രവ്യങ്ങള്‍ ഉപയോഗിച്ച് വിഗ്രഹങ്ങള്‍ക്ക് സ്നാനം ചെയ്യുന്നതാണ് അഭിഷേകം. 

ഈശ്വരനുവേണ്ടി ചെയ്യുന്നതെല്ലാം തന്നെ പ്രതിഫലിച്ച് നമ്മളിലേക്ക് വന്നുചേരും എന്നതാണ് തത്ത്വം.

നമ്മള്‍ ചെയ്യുന്ന പാപങ്ങള്‍ തന്നെയാണ് മാലിന്യരൂപത്തില്‍ നമ്മുടെ ആത്മാവിനോട് ചേര്‍ന്ന് ദുരിതങ്ങളായി പരിണമിക്കുന്നത്. 

അഭിഷേകം ചെയ്യുന്നതു വഴി ഈ മാലിന്യങ്ങള്‍ കഴുകിക്കളയപ്പെട്ട് ദുരിതങ്ങളില്‍ നിന്നും മോചനം ലഭിക്കുന്നു.

ഓരോരോ അഭിഷേകദ്രവ്യത്തിനും വിശേഷഗുണങ്ങളുണ്ട്. 

ചില ദേവതകള്‍ക്ക് വിശേഷദ്രവ്യങ്ങളുമുണ്ട്.

പഞ്ചഭൂതങ്ങളില്‍ ജലം സമര്‍പ്പിക്കുന്നതിന് തുല്യമാണിത്.

 

ചന്ദനം ചാര്‍ത്തല്‍

വിഗ്രഹത്തിന്‍റെ മുഖം മാത്രമോ അല്ലെങ്കില്‍ പൂര്‍ണ്ണമായോ (മുഴുക്കാപ്പ്) ചന്ദനം അരച്ച് ചാര്‍ത്തുന്നു.

ഉഷ്ണരോഗ ശമനത്തിനും ചര്‍മ്മരോഗ ശമനത്തിനും പ്രധാനം.

പഞ്ചഭൂതങ്ങളില്‍ ഭൂമി സമര്‍പ്പിക്കുന്നതിന് തുല്യമാണിത്.

 

വിളക്ക്

അന്ധകാരം അകറ്റുകയല്ലേ ദീപം ചെയ്യുന്നത്? അജ്ഞാനവും ആശയക്കുഴപ്പങ്ങളും അകന്ന് ബുദ്ധിയും ചിന്താശക്തിയും വികസിക്കുന്നതിന് വളരെ നല്ലത്.

നെയ് വിളക്ക് - നേത്രരോഗശമനം, അഭീഷ്ടപ്രാപ്തി

നല്ലെണ്ണ വിളക്ക് - ദുരിത ശമനം, വാതരോഗ ശമനം

പഞ്ചഭൂതങ്ങളില്‍ അഗ്നി സമര്‍പ്പിക്കുന്നതിന് തുല്യമാണിത്.

 

ധൂപം, ചന്ദനത്തിരി

സല്‍പ്പേരിനും കീര്‍ത്തിക്കും നല്ലത്.

പഞ്ചഭൂതങ്ങളില്‍ വായു സമര്‍പ്പിക്കുന്നതിന് തുല്യമാണിത്.

 

നൈവേദ്യം

ക്ഷേത്രങ്ങളില്‍ പായസം, ത്രിമധുരം, അപ്പം എന്നിങ്ങനെ പല നൈവേദ്യങ്ങളുമുണ്ട്. 

അന്നം ബ്രഹ്മേതിവ്യജാനാത് എന്ന് വേദം പറയുന്നു. 

എല്ലാറ്റിന്‍റേയും മൂലമായ പരബ്രഹ്മമാണ് അന്നം. 

നൈവേദ്യം സമര്‍പ്പിച്ചാല്‍ തന്‍റെ സര്‍വ്വസ്വവും ദേവതക്ക് സമര്‍പ്പിക്കുന്നു എന്നര്‍ത്ഥം. 

ഫലം സര്‍വ്വൈശ്വര്യ പ്രാപ്തി.

 ഇത് കൂടാതെയും ഒട്ടനവധി വഴിപാടുകളുണ്ട്.

ഗണപതി ഹോമം - തടസ്സങ്ങള്‍ നീങ്ങാന്‍

കറുക ഹോമം - ദീര്‍ഘായുസ്സിന്

മൃത്യുഞ്ജയ ഹോമം - ആരോഗ്യത്തിന്

നിറപറ - ഐശ്വര്യത്തിന്

അന്നദാനം - സമൃദ്ധിക്ക്

വെടി വഴിപാട് - ദുരിതങ്ങളും ശത്രുദോഷവും ശമിക്കാന്‍

നാളികേരം അടിക്കല്‍ - തടസ്സങ്ങള്‍ നീങ്ങാന്‍.

ഏത് പൂജാകര്‍മ്മവും തത്ത്വമറിഞ്ഞ് ഭക്തിയോടെയും വിശ്വാസത്തോടെയും ചെയ്താല്‍ തീര്‍ച്ചയായും ഫലം ലഭിക്കും.

 

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |