തിരുവട്ടാര്‍ ആദികേശവപ്പെരുമാള്‍

0:00 0:00

തിരുവട്ടാര്‍ ആദികേശവപ്പെരുമാള്‍

തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലാണ് തിരുവട്ടാർ. ഭക്തിപ്രസ്ഥാനത്തിൽ തമിഴ് വൈഷ്ണവ സമ്പ്രദായത്തിന് തനതായ ഒരു സ്ഥാനമുണ്ട്. 12 ഭക്ത കവികളായ ആഴ്വാർമാരാണ് തമിഴ് വൈഷ്ണവ സമ്പ്രദായം തുടങ്ങിവെച്ചത്. ഇവർ എഴുതിയ 4000 പദ്യങ്ങൾ 4000 ദിവ്യപ്രബന്ധങ്ങളാണ് വൈഷ്ണവസമ്പ്രദായത്തിന് ആധാരം. ഇവരിൽ ഒരു കവയത്രിയുമുണ്ട്. ആണ്ടാൾ. ഭഗവാന് 108 ദിവ്യ ദേശങ്ങളാണ് ഉള്ളത്. ഇതിൽ 13 എണ്ണം കേരള ദേശത്തുള്ളതായാണ് കണക്കാക്കപ്പെട്ടിരുന്നത്. ഇതിൽ തന്നെ രണ്ടെണ്ണം ഇപ്പോൾ തമിഴ്‌നാട്ടിലാണ്. കേരളത്തിലുള്ളവ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം, പുലിയൂർ മഹാവിഷ്ണു ക്ഷേത്രം, ആറന്മുള പാർത്ഥസാരഥി ക്ഷേത്രം, തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രം, തിരുവൻ വണ്ടൂർ ക്ഷേത്രം, തിരുവല്ല ശ്രീ വല്ലഭ ക്ഷേത്രം, തൃക്കൊടിത്താനം മഹാവിഷ്ണു ക്ഷേത്രം, തൃക്കാക്കര വാമന ക്ഷേത്രം, തിരുമിറ്റക്കോട് അഞ്ചുമൂർത്തി ക്ഷേത്രം പട്ടാമ്പി, തിരുമൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം, തിരുനാവായ. തമിഴ്‌നാട്ടിലുള്ളവ തിരുവാഴി മാർപ്പൻ ക്ഷേത്രം നാഗർകോവിൽ, തിരുവട്ടാർ ആദികേശവ പെരുമാൾ ക്ഷേത്രം. 4000 ദിവ്യപ്രബന്ധങ്ങളിൽ 3722 മുതൽ 3732 വരെ തിരുവട്ടാർ ആദികേശവ പെരുമാളിനെ പറ്റിയുള്ളതാണ്. ഈ പദ്യങ്ങൾക്ക് പാസുരം എന്നും പറയും. കേശവൻ എന്ന ദിവ്യനാമത്തിൻ്റെ അർത്ഥമറിയാമോ? പല അർത്ഥങ്ങളുണ്ട്. കോ ബ്രഹ്മ ഈശഃ രുദ്രഃ തൗ ആത്മനി സ്വരൂപേ വയതി ഇതി കേശവഃ. ബ്രഹ്മാവ്, വിഷ്ണു, രുദ്രൻ എന്ന മൂർത്തിത്രയ ഭേദം ഈ പ്രപഞ്ചം ഉള്ളപ്പോൾ മാത്രമാണുള്ളത്. പ്രളയകാലത്ത് ഈ ഭേദമില്ലാതാകും മൂന്നും ചേർന്ന് ഒന്നാകും ആ സ്വരൂപമാണ് കേശവൻ. തിരുമൂർത്തികളും ചേർന്ന് ഒന്നായത് കേശവൻ. കേശം കേശിനം വാതി ഹന്തി കേശി എന്ന അസുരനെ വധിച്ചതിനാൽ കേശവൻ. ഭഗവാൻ ശ്രീകൃഷ്ണൻ വൃഷഭാസുരനെ വധിച്ചതിനുശേഷം നാരദൻ കംസനോട് പോയി പറഞ്ഞു. അങ്ങയുടെ കയ്യിൽ നിന്നും വഴിതിപ്പോയ പെൺകുഞ്ഞ് യശോദയുടെ മകളാണ്. അങ്ങയുടെ അന്തകൻ ഇപ്പോഴും വ്രജദേശത്തുണ്ട് കൃഷ്ണൻ. അവിടെ രോഹിണിയുടെ മകനായി ആദിശേഷനുമുണ്ട് ബലരാമൻ എന്ന പേരിൽ. ഇവരാണ് അങ്ങയുടെ അനുചരന്മാരെ ദൈത്യവീരന്മാരെ ഇങ്ങനെ കൊന്നൊടുക്കുന്നത്. ഇതു കേട്ടതും കംസൻ കേശി എന്ന അസുരനെ വിളിച്ചു. കൃഷ്ണനെ എങ്ങനെയെങ്കിലും വധിക്കണം. പക്ഷേ കൃഷ്ണനെ എങ്ങനെ കണ്ടുപിടിക്കും? മഞ്ഞപ്പട്ടുടുത്ത് കയ്യിൽ ഓടക്കുഴലും പിടിച്ച് തലയിൽ പീലിയും ചൂടി ആരെ കണ്ടാലും കൊന്നേക്കുക. അതാണ് കൃഷ്ണൻ. കേശി ഒരു കുതിരയുടെ രൂപമെടുത്ത് യമുനയുടെ മറുകരയിലേക്ക് തിരിച്ചു. അവിടെ ഭഗവാൻ തൻ്റെ സുഹൃത്തുക്കളുടെ കൂടെ കളിക്കുകയായിരുന്നു. മധുമംഗലൻ എന്ന ഒരു ഗോപ ബാലൻ ഭഗവാൻ്റെ സുഹൃത്ത് പറഞ്ഞു. ഈ ഗോപന്മാരും ഗോപികമാരും നിന്നെ ഇത്ര സ്നേഹിക്കുന്നതും ഈ ലഡ്ഡു ഒക്കെ തരുന്നതും എന്തുകൊണ്ടാണെന്നറിയാമോ? നിൻ്റെ ഈ മഞ്ഞപ്പട്ടും ഓടക്കുഴലും ഒക്കെ കണ്ടിട്ടാണ്. ഇതൊക്കെ എനിക്കൊന്നു തന്നു നോക്കൂ. നിന്നെ പിന്നെ ആരും തിരിഞ്ഞു പോലും നോക്കില്ല. ഭഗവാൻ എല്ലാം മധുമംഗലന് കൊടുത്തു. ഇതൊക്കെ അണിഞ്ഞു നിൽക്കുമ്പോഴാണ് കുതിരയുടെ രൂപത്തിൽ കേശിയുടെ വരവ്. സാധാരണ കുതിരയൊന്നുമല്ല കേശി എന്ന കുതിരയുടെ കഴുത്തിലും വാലിലുമുള്ള രോമങ്ങൾ ചലിക്കുമ്പോൾ കുതിര ഓടുമ്പോൾ ഈ രോമങ്ങൾ ഇളകില്ലേ അപ്പോൾ അതുകൊണ്ട് ആകാശത്തിലെ മേഘങ്ങൾ വരെ ഛിന്നഭിന്നമാകും അത്ര വലിപ്പമാണ് കേശിക്ക്. കേശി വന്നതും മഞ്ഞപ്പട്ടുടുത്ത ബാലനെ കണ്ടു. പിൻകാലുകൾ ഉയർത്തി ആക്രമിക്കാൻ ഒരുങ്ങി. ഭഗവാൻ ഞൊടിയിടയിൽ മധുമംഗലനെ പിടിച്ചു മാറ്റി എന്നിട്ട് കേശിയുടെ പിൻകാലുകളിൽ പിടിച്ച് ചുഴറ്റി ഒറ്റ ഏറ്. കേശി 400 അടി ദൂരത്തു പോയി വീണു. വീണ്ടും എഴുന്നേറ്റ് ഭഗവാന് നേരെ ഓടി വന്നു. ഭഗവാൻ്റെ കൈ ഒരു ചുട്ടുപഴുത്ത ഉലക്ക പോലെയായി. അതുകൊണ്ട് ഭഗവാൻ കേശിയുടെ പല്ലുകൾ തകർത്തു. കേശിയുടെ വായിലേക്ക് ആ കൈ കയറ്റി. ഭഗവാൻ്റെ കൈ കേശിയുടെ വായ്ക്കുള്ളിൽ വലുതാകാൻ തുടങ്ങി. കേശിയുടെ വലിയ ശരീരം പല കഷ്ണങ്ങളായി പിളർന്നു. ഇങ്ങനെ കേശിയെ വധിച്ചതുകൊണ്ടാണ് കേശവൻ എന്ന പേര്. ഭഗവാൻ കേശിയുടെ ശരീരത്തിന് മുകളിൽ കിടന്നുറങ്ങാൻ തുടങ്ങി. അപ്പോൾ കേശിയുടെ ഭാര്യ ഗംഗാദേവിയെ പ്രാർത്ഥിച്ചു. എങ്ങനെയെങ്കിലും തൻ്റെ ഭർത്താവിനെ രക്ഷിക്കണം മരിച്ചു കഴിഞ്ഞു എന്നാലും ഗംഗാദേവിയും കൂടെ താമ്രപർണ്ണിയും താമ്രപർണ്ണി നദി രണ്ടുപേരും രണ്ടു നദികളും ഉടനെ ഭഗവാൻ്റെ നേരെ വന്നു. ഭഗവാൻ ഉടനെ ഭൂമിദേവിയോട് പറഞ്ഞു തന്നെ അല്പം മുകളിലേക്ക് ഉയർത്താൻ. ഭൂമി മുകളിലേക്ക് ഉയർന്നതും നദികൾ ഭഗവാൻ്റെ മഹിമ മനസ്സിലാക്കി. കൃഷ്ണനാണെന്നൊന്നും അവർക്കറിയില്ലായിരുന്നു. നദികൾ ഭഗവാനെ പ്രദക്ഷിണം വെക്കാൻ തുടങ്ങി. ആറ് വട്ടം വെക്കാൻ തുടങ്ങി. ഇതുകൊണ്ടാണ് തിരുവട്ടാർ. കേശി മരിച്ചു വീണത് വ്രജദേശത്തല്ലേ? തിരുവട്ടാർ ഇവിടെയല്ലേ കന്യാകുമാരിയിൽ. ഭഗവാൻ ഒരു സ്ഥലത്തെ തൻ്റെ സാന്നിധ്യം കൊണ്ട് അനുഗ്രഹിക്കാൻ തീരുമാനിച്ചാൽ ഇതൊക്കെ ഒരു പ്രശ്നമാണോ? ഭഗവാൻ്റെ പ്രത്യക്ഷ സാന്നിധ്യമുള്ള ഇടമാണ് തിരുവട്ടാർ. അനന്തശയനമാണ് ഇവിടെ പ്രതിഷ്ഠ. ഭൂമിദേവി ഉയർത്തിയത് പോലെ അല്പം ഉയർന്നാണ് ക്ഷേത്രം. ഒരിക്കലെങ്കിലും അവിടെപ്പോയി ഭഗവാൻ്റെ അനുഗ്രഹം നേടാൻ ശ്രമിക്കണം. 

മലയാളം

മലയാളം

പല വിഷയങ്ങള്‍

Click on any topic to open

0

Copyright © 2026 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize

We use cookies