ഗൃഹസ്ഥരുടെ മഹിമ

ഗൃഹസ്ഥരുടെ മഹിമ

കുരുക്ഷേത്ര യുദ്ധത്തിന് ശേഷം കുറ്റബോധത്തിന്‍റെ ഭാരം താങ്ങാനാവാതെ യുധിഷ്ഠിരൻ എല്ലാം ഉപേക്ഷിച്ച് സന്യാസം സ്വീകരിക്കാൻ ആഗ്രഹിച്ചു. ആ സമയത്ത് അർജ്ജുനൻ യുധിഷ്ഠിരനോട് പറഞ്ഞതാണ് ഈ കഥ.

ഇന്ദ്രനും ഒരു സംഘം യുവ സന്യാസിമാരുമായി നടന്ന ഒരു സംഭാഷണമാണ് ഇതിന്‍റെ ഉള്ളടക്കം.

ഒരു സംഘം യുവാക്കൾ കുടുംബം ഉപേക്ഷിച്ച് സന്യാസം സ്വീകരിക്കാൻ തീരുമാനിച്ചു. കാരണം - സാധാരണ ജീവിതം വ്യർത്ഥമാണ്. കഷ്ടപ്പെട്ട് കുടുംബം നടത്തുന്നതിലൊന്നും ഒരു കാര്യവുമില്ല. മോക്ഷം മാത്രമായിരിക്കണം ജീവിതലക്ഷ്യം.

സന്യാസജീവിതത്തിലൂടെയേ ശാന്തിയും സമാധാനവും ലഭിക്കൂ. മനസ്സ് ശാന്തമായാലേ മോക്ഷത്തിനായി പ്രയത്നിക്കാൻ സാധിക്കൂ. ഇത് മാത്രമാണ് ധർമ്മത്തിന്‍റെ മാർഗ്ഗം എന്നവർ കരുതി. അങ്ങനെ അവർ വനത്തിൽ ജീവിക്കാൻ തുടങ്ങി.

ഇവരെക്കണ്ട് ഇന്ദ്രന് മനസ്സലിവ് തോന്നി. ഇന്ദ്രൻ ഒരു സ്വർണ്ണപക്ഷിയുടെ രൂപമെടുത്ത് അവരെ സമീപിച്ചു. എന്നിട്ട് പറഞ്ഞു, 'മറ്റുള്ളവർ ബാക്കി വെച്ച ആഹാരം കഴിച്ച് കഴിയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.'

സന്യാസിമാർ ഭിക്ഷ യാചിച്ച് വേണമല്ലോ കഴിയാൻ (ഇന്നത്തെപ്പോലെയല്ല).

'അതുകൊണ്ട് നിങ്ങൾ സ്വീകരിച്ചിരിക്കുന്ന ഈ മാർഗ്ഗം ദുഷ്കരമാണ്.'

നല്ല വ്യക്തതയുള്ളവർക്ക് മാത്രമേ ഈ മാർഗ്ഗത്തിൽ വിജയിക്കാനാവൂ. ആത്മീയമായി താൻ ഉയർന്നവനാണെന്ന് മറ്റുള്ളവരെ കാണിക്കാനായി സന്യാസത്തിലേക്ക് വരുന്നവർക്ക് പരാജയമേ ഉണ്ടാകൂ. ഉത്തരവാദിത്തങ്ങളിൽ നിന്നുമുള്ള ഒളിച്ചോട്ടമല്ല സന്യാസം. ഉചിതമായ കർമ്മവും  ആത്മാവിനെ ഉന്നമനത്തിലേക്ക് നയിക്കും. കർമ്മത്യാഗം മാത്രമാണ് ഒരേ ഒരു മാർഗ്ഗം എന്ന് കരുതരുത്.

മറ്റുള്ളവർ ബാക്കി വെച്ച ആഹാരം (അവശിഷ്ടം) കഴിക്കുന്നവർ എന്ന് സന്യാസിമാരെ വിശേഷിപ്പിച്ചത് നിന്ദയായി യുവസന്യാസിമാർക്ക് തോന്നി. 

ഇന്ദ്രൻ പറഞ്ഞു, 'അവശിഷ്ടമെന്നാൽ ഉച്ഛിഷ്ടമല്ല. ദേവന്മാർക്കും പിതൃക്കൾക്കും അതിഥികൾക്കും ആശ്രിതർക്കും നൽകിയ ശേഷം ബാക്കി വരുന്ന ആഹാരമാണ് അവശിഷ്ടം. ഇത് കഴിക്കുന്നത് പുണ്യമാണ്. ഇങ്ങനെയുള്ള ആഹാരമാണ് ശരീരത്തേയും മനസ്സിനേയും ആത്മാവിനേയും ശുദ്ധീകരിക്കുന്നത്.'

യുവസന്യാസിമാർ പറഞ്ഞു, 'സന്യാസത്തിനേക്കാൾ ശ്രേഷ്ഠമായ മറ്റൊരു മാർഗ്ഗമുണ്ടങ്കിൽ പറഞ്ഞുതരൂ.'

ഇന്ദ്രൻ പറഞ്ഞു, 'മൃഗങ്ങളിൽ പശുവും, ലോഹങ്ങളിൽ സ്വർണ്ണവും, ശബ്ദങ്ങളിൽ മന്ത്രവും എങ്ങനെ അങ്ങേയറ്റം ശ്രേഷ്ഠമാകുന്നുവോ, നാല് ആശ്രമങ്ങളിൽ (ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം) കുടുംബജീവിതം നയിക്കുന്നയാളുടെ ഗൃഹസ്ഥാശ്രമമാണ് ഏറ്റവും ശ്രേഷ്ഠം.

'ദിവ്യവും പവിത്രവും വിജയം തെളിയിക്കപ്പെട്ടതുമാണ് ഗൃഹസ്ഥന്‍റെ മാർഗ്ഗം. ഗൃഹസ്ഥാശ്രമം എന്ന വിത്തിൽനിന്നുമാണ് മറ്റ് മൂന്ന് ആശ്രമങ്ങളും മുളക്കുന്നത്. ഗൃഹസ്ഥാശ്രമികളെ ആശ്രയിച്ചാണ് മറ്റ് മൂന്ന് ആശ്രമങ്ങളും നിലകൊള്ളുന്നത്. കുടുംബജീവിതം നയിക്കുന്നവരെ തുച്ഛമായി കാണുന്നവർ സത്യത്തിൽ വിഡ്ഡികളാണ്.'

'തന്‍റെ സമയവും പരിശ്രമവും ദേവന്മാർക്കും പിതൃക്കൾക്കും ആശ്രിതർക്കുമായി ശരിയായി പകുത്തുനൽകുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.  ദിവസവും ഇത് ചെയ്യുന്ന ഗൃഹസ്ഥന്മാർ വളരെ മഹത്തായ കാര്യമാണ് ചെയ്യുന്നത്.'

'പരിശ്രമത്തിലൂടെയാണ് ദേവന്മാർ പോലും അവരുടെ സ്ഥാനം നേടിയെടുത്തത്. ലോകമെന്ന മഹാവൃക്ഷത്തെ തങ്ങിനിർത്തുകയും പോഷിപ്പിക്കുകയും ചെയ്യുന്ന വേരുകളാണ് ഗൃഹസ്ഥാശ്രമം. മറ്റ് മൂന്ന് അശ്രമികളുടേയും ശരീരസഞ്ചാലനത്തിന് വേണ്ട ആഹാരം പോലും ഗൃഹസ്ഥരുടെ അധ്വാനത്തിലൂടെയാണ് ഉണ്ടാകുന്നത്.'

'ശരിയായ താപസർ ഗൃഹസ്ഥരാണ്. ജനമധ്യത്തിൽ മനസ്സിനെയും ഇന്ദ്രിയങ്ങളേയും ആഗ്രഹങ്ങളേയും നിയന്ത്രിക്കുന്നത് വനത്തിനേക്കാൾ എത്രയോ കഠിനമാണ്.'

'ദേവന്മാർക്കും പിതൃക്കൾക്കും, അതിഥികൾക്കും, ആശ്രിതർക്കും നൽകിയതിന് ശേഷം മാത്രം ആഹാരം കഴിക്കുന്ന ഗൃഹസ്ഥരാണ് ശരിയായ അവശേഷഭോജികൾ. അവരുടെ പാതയാണ് ഏറ്റവും മഹത്തരമായത്. ഇവർ വെറുതെ ആഹാരം കഴിക്കുക മാത്രമല്ല ചെയ്യുന്നത്. നിത്യവും യജ്ഞതുല്യമായ മഹത്തായ ത്യാഗാധിഷ്ഠിതമായ കർമ്മമാണ് ഇവർ ചെയ്യുന്നത്. ഇവരാണ് ലോകത്തിന്‍റെ ശരിയായ മാർഗ്ഗദർശികൾ. സ്വർഗ്ഗത്തിൽ സ്ഥിരവസമാണ് ഇവർ ചെയ്യുന്നതിന്‍റെ ഫലം.'

ഇന്ദ്രന്‍റെ ഉപദേശത്തിലൂടെ സത്യം മനസ്സിലാക്കിയ യുവസന്യാസിമാർ തങ്ങളുടെ വീടുകളിലേക്ക് മടങ്ങി ഉത്തരവാദിത്തങ്ങളിൽ വ്യാപൃതരായി.

മലയാളം

മലയാളം

പല വിഷയങ്ങള്‍

Click on any topic to open

0

Copyright © 2026 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize

We use cookies