കുടുംബജീവിതം ഒരു ബന്ധനമാണോ?

വ്യാസമഹര്‍ഷിയും മകന്‍ ശുകദേവനുമായി സംവാദം മടക്കുകയാണ്. ഗുരുകുലവാസം കഴിഞ്ഞ് മടങ്ങിവന്ന ശുകദേവനെ അച്ഛന്‍ വിവാഹത്തിന് നിര്‍ബന്ധിക്കുകയാണ്. ശുകദേവന്‍ വിവാഹം വേണ്ട. അദ്ദേഹം പറയുകയാണ് - വിവാഹജീവിതം സുഖകരമാണെന്ന് ....

വ്യാസമഹര്‍ഷിയും മകന്‍ ശുകദേവനുമായി സംവാദം മടക്കുകയാണ്.
ഗുരുകുലവാസം കഴിഞ്ഞ് മടങ്ങിവന്ന ശുകദേവനെ അച്ഛന്‍ വിവാഹത്തിന് നിര്‍ബന്ധിക്കുകയാണ്.
ശുകദേവന്‍ വിവാഹം വേണ്ട.
അദ്ദേഹം പറയുകയാണ് -
വിവാഹജീവിതം സുഖകരമാണെന്ന് മൂഢന്മാര്‍ മാത്രമേ കരുതൂ.
മലത്തില്‍ കഴിയുന്ന പുഴുക്കള്‍ക്ക് കിട്ടൂന്ന പോലെയുള്ള സുഖമാണ് വിവാഹജീവതത്തിലുള്ളത്.
എന്നെപ്പോലെ വേദവും ശാസ്ത്രവും പഠിക്കാന്‍ ഭാഗ്യം ലഭിച്ചവര്‍ മുക്തിക്കുള്ള മാര്‍ഗ്ഗം തേടാതെ വിവാഹജീവിതത്തിന് അടിമകളാകാന്‍ പോയാല്‍ സാധാരണക്കാരുടെ കാര്യം പറയേണ്ടല്ലോ?
കുടുംബജീവിതം ഒരു വിലങ്ങാണ്.
വിവരമുള്ളവര്‍ അതണിയിക്കാന്‍ സ്വന്തം കാല് കാണിച്ച് കൊടുക്കുകയില്ല.
ശ്രദ്ധിച്ചിട്ടുണ്ടോ?
വീട് ഗൃഹമാണ്, ഗ്രഹമല്ല.
പലരും ഗൃഹപ്രവേശത്തിന് തെറ്റായി ഗ്രഹപ്രവേശം എന്ന് പറയാറുണ്ട്.
ഗ്രഹം എന്നാല്‍ എന്താണര്‍ഥം?
ഗ്രസിക്കുന്നത്, പിടിക്കുന്നത്, ബാധിക്കുന്നത്.
ശനി ഭഗവാനെപ്പോലെയുള്ള ഗ്രഹങ്ങള്‍ ബാധിച്ചാല്‍ പിന്നെ അവരുടെ ഇഷ്ടത്തിനായിരിക്കും കാര്യങ്ങള്‍ നടക്കുന്നത്.
എല്ലാ സ്വാതന്ത്ര്യവും നഷ്ടപ്പെടും.
കുടുംബജീവിതവും ഏതാണ്ട് അങ്ങനെ തന്നെയല്ലേ?
അപ്പോള്‍ ഗൃഹപ്രവേശത്തിന് പകരം ഗ്രഹപ്രവേശം എന്ന് പറയുന്നതില്‍ തെറ്റൊന്നുമില്ല, അല്ലേ?
ഇത്രയും കാലം പഠിച്ച് നേടിയതൊക്കെ വ്യര്‍ഥമാക്കിക്കൊണ്ട് വെറുമൊരു സാധാരണ് കുടുംബസ്ഥനാകാനാണോ അങ്ങ പറയുന്നത്?
ലോകത്തിന്‍റെ കെട്ടുപാടുകളില്‍ നിന്നും രക്ഷപ്പെടാന്‍ എന്തെങ്കിലും മാര്‍ഗ്ഗമുണ്ടെങ്കില്‍ എനിക്ക് അത് അറിഞ്ഞാല്‍ മതി.
മറ്റൊന്നും വേണ്ട.
ബിദ്ധിഭ്രമം വന്ന നിര്‍ഭാഗ്യവാന്മാര്‍ മാത്രമേ കുടുംബജീവിതത്തില്‍ ഇറങ്ങുകയുള്ളൂ.

ഇതൊക്കെ കേട്ടിട്ട് വ്യാസമഹര്‍ഷി പറഞ്ഞു -
മകനേ, കുടുംബം എന്നത് നീ കരുതുന്നതുപോലെ കാരാഗൃഹമോ കാല്‍ക്കെട്ടോ ഒന്നുമല്ല.
ശരിയായ രിതിയില്‍ കുടുംബജീവിതം നയിക്കാനറിയുന്നവന് അതൊരിക്കലും ഒരു ബന്ധനം ആവില്ല.
സത്യത്തില്‍ ഉറച്ചുനിന്നുകൊണ്ട്, ശരീരവും മനസും ശുദ്ധമാക്കി വെച്ചുകൊണ്ട്, ന്യായമായി മാര്‍ഗ്ഗത്തിലൂടെ സമ്പാദിച്ച് തന്‍റെ കുടുംബം നടത്തുന്നവന്‍ കുടുംബസ്ഥനാണെങ്കിലും മുക്തന്‍ തന്നെയാണ്.
വസിഷ്ഠനും മറ്റ് മഹര്‍ഷിമാരും വിവാഹിതരല്ലേ?
അവര്‍ക്കെന്തെങ്കിലും ദോഷം സംഭവിച്ചോ?
അവരുടെ ജ്ഞാനത്തിനെന്തെങ്കിലും കുറവ് വന്നോ?
ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം എന്നീ നാല് ആശ്രമങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായത് ഗാര്‍ഹസ്ഥ്യമാണ്.
മറ്റ് മൂന്ന് ആശ്രമങ്ങളിലുള്ളവര്‍ക്കും താങ്ങും തണലുമായി നില്‍ക്കുന്നത് ഗൃഹസ്ഥന്മാരാണ്.
ഒരു സന്യാസിക്ക് മറ്റൊര് സന്യാസിക്ക് ആഹാരം കൊടുക്കാന്‍ സാധിക്കില്ല.
ഒരു ബ്രഹ്മചാരിക്ക് ഒരു സന്യാസിയോട് പോയി ഭിക്ഷ ചോദിക്കാന്‍ സാധിക്കില്ല.
ഇവരെല്ലാവരും ആഹാരത്തിന് ആശ്രയിക്കുന്നത് ഗൃഹസ്ഥരെയാണ്.
വേദത്തിലെ നിയമങ്ങളെ അനുസരിച്ച് ജീവിക്കുന്ന ഗൃഹസ്ഥന് സ്വര്‍ഗ്ഗമോ മോക്ഷമോ എന്ത് വേണമെങ്കിലും ലഭിക്കും.
നാല് ആശ്രമങ്ങള്‍ വെച്ചിരിക്കുന്നത് അവയിലൂടെ പടിപടിയായി മുന്നേറാണ്.
ധര്‍മ്മം അറിയാവുന്നവര്‍ നമുക്ക് പറഞ്ഞ് തരുന്നത് ഒരു ആശ്രമത്തിലെ എല്ലാം അനുഭവിച്ചതിന് ശേഷമേ അടുത്ത ആശ്രമത്തിലേക്ക് കടക്കാവൂ എന്നാണ്.
അങ്ങനെ നേടുന്ന പക്വതയേ നിലനില്‍ക്കുകയുള്ളൂ.

കുടുംബജീവിതം ആരംഭിച്ച് നിന്‍റെ സഹധര്‍മ്മിണിയോടൊപ്പം ചെയ്യുന്ന പൂജകളിലൂടെയും സന്താനോത്പാദനത്തിലൂടെയുമേ ദേവതകളേയും പിതൃക്കളേയും തൃപ്തിപ്പെടുത്താനാവൂ.
അവരുടെ അനുഗ്രഹമുണ്ടെങ്കില്‍ മാത്രമേ സ്വര്‍ഗ്ഗമോ മോക്ഷമോ എന്തും നേടാനാവൂ.
നിന്‍റെ പുത്രന്‍ കുടുംബം നോക്കിനടത്താന്‍ പ്രാപ്തനാകുമ്പോള്‍ നിനക്ക് വാനപ്രസ്ഥത്തിലേക്ക് കടക്കാം.
കുടുംബവുമായുള്ള ബന്ധം പൂര്‍ണ്ണമായും വിച്ഛേദിക്കാതെ തന്നെ വ്രതങ്ങളിലും മറ്റും ശ്രദ്ധ കേന്ദ്രീകരിക്കാം.
അതിന് ശേഷം സന്യാസത്തിലേക്ക് കടക്കാം.
ഇതാണ് ശരിയായ മാര്‍ഗ്ഗം.

ഇത് കേട്ട് ശുകദേവന്‍ പറഞ്ഞു -
അച്ഛാ, കുടുംബജീവിതം എനിക്ക് വേണ്ട.
കുടുംബം നടത്തുവാനായി സമ്പാദിക്കുവാന്‍ അലയുന്നവന് എവിടെയാണ് സമാധാനം?
എന്ത് കിട്ടുന്നുവോ അതും കഴിച്ച് എവിടെയിടം കിട്ടുന്നുവോ അവിടെ കിടന്ന് കഴിയുന്നവനുള്ള ശാന്തിയും സുഖവും ഇന്ദ്രന് പോലും ഉണ്ടാവില്ല.
ഇന്ദ്രന്‍ സ്വര്‍ഗ്ഗത്തിലെ രാജാവായിരിക്കാം.
എന്നാല്‍ മറ്റാരെങ്കിലും തന്‍റെ സ്ഥാനം തട്ടിയെടുക്കുമോ എന്ന ഭയത്തിലല്ലേ കഴിയുന്നത്.
ഒരു ഭിക്ഷുകന് ആരെയാണ് ഭയക്കാനുള്ളത്?
ഞാന്‍ അങ്ങയുടെ സ്വന്തം മകനല്ലേ?
എന്നിട്ടും എന്തിനാണെന്നെ ഇങ്ങനെ അന്ധകാരത്തിലേക്ക് തള്ളിവിടാന്‍ നോക്കുന്നത്?
ഭാര്യയായിക്കോട്ടെ മക്കളായിക്കോട്ടേ ഈ ബന്ധങ്ങളൊക്കെ ബന്ധനങ്ങളും ആത്യന്തികമായി ദുഖം മാത്രം തരുന്നവയും ആണ്.
എനിക്കിനി കര്‍മ്മമൊന്നും ചെയ്യണ്ട,
എനിക്ക് യോഗശാസ്ത്രവും ജ്ഞാനശാസ്ത്രവും പറഞ്ഞുതരൂ.
പിന്നീട് എന്താണുണ്ടായത് എന്ന് അടുത്ത ഭാഗത്തില്‍ കാണാം.

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |