കണ്ണപ്പനായനാർ

കണ്ണപ്പനായനാർ

വേടന്മാരുടെ രാജാവായിരുന്നു നാഗൻ. അദ്ദേഹത്തിന്‍റെ ഭാര്യയായിരുന്നു ദത്ത. സന്താനമില്ലാതിരുന്ന അവർ സുബ്രഹ്മണ്യ സ്വാമിയെ ഭജിക്കുകയും സ്വാമിയുടെ അനുഗ്രഹത്താൽ അവർക്ക് ഒരു പുത്രനുണ്ടാകുകയും ചെയ്തു. ആ കുഞ്ഞിന് തിണ്ണൻ എന്ന് പേര് വെച്ചു.

കാലക്രമേണ തിണ്ണൻ ഒരു മികച്ച വില്ലാളിയായി തീർന്നു.

നാഗന്‍റെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് പതിനാറാം വയസ്സിൽ തിണ്ണൻ വേടന്മാരുടെ രാജാവായി.

ഒരിക്കൽ മറ്റ് വേടന്മാരോടൊപ്പം വേട്ടയാടുന്ന സമയത്ത് അമ്പേറ്റ ഒരു കാട്ടുപന്നി രക്ഷപെട്ട് ഓടി. തിണ്ണനും മറ്റ് രണ്ട് വേടന്മാരും അതിനെ പിന്തുടർന്നു. ഒടുവിൽ കാട്ടുപന്നിയെ കണ്ടെത്തിയ തിണ്ണൻ അതിനെ തന്‍റെ ഉടവാൾ കൊണ്ട് കൊന്നു. കൂടെ വന്ന വേടന്മാർ തങ്ങൾക്ക് വിശക്കുന്നുവെന്നും പന്നിയെ  പാകം ചെയ്ത് തിന്നാമെന്നും പറഞ്ഞു. തുടർന്ന് മൂവരും അകലെക്കണ്ട ശ്രീകാളഹസ്‌തി മലയെ ലക്ഷ്യമാക്കി നീങ്ങി. മലയുടെ താഴ്വാരത്തുള്ള സ്വർണ്ണമുഖി നദിക്കരയിൽ പന്നിയെ പാകം ചെയ്യാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. 

അപ്പോൾ കൂടെയുണ്ടായിരുന്ന വേടന്മാരിലൊരുവൻ മലമുകളിൽ ഒരു വലിയ ഭഗവാനുണ്ടെന്ന് പറഞ്ഞു. 

തിണ്ണൻ വലിയ ഉത്സാഹത്തോടെ അവനെയും കൂട്ടി മല കയറാൻ തുടങ്ങി. താൻ മുജ്ജന്മങ്ങളിൽ ചെയ്ത തപസ്സിന്‍റെ ഫലമായി ഓരോ അടി വെയ്ക്കുമ്പോഴും തിണ്ണന്‍റെ ഭക്തി പാരവശ്യം കൂടിക്കൂടി വന്നു. മലമുകളിലെത്തി അവിടെ ഒരു ശിവലിംഗം കണ്ടതും തിണ്ണൻ അതിനെ കെട്ടിപ്പിടിച്ച് ആനന്ദാശ്രുക്കൾ പൊഴിക്കാൻ തുടങ്ങി, 'എനിക്കെന്‍റെ ഭഗവാനെ കിട്ടി, എനിക്കെന്‍റെ ഭഗവാനെ കിട്ടി.'

'ഈ കാട്ടിൽ എന്‍റെ ഭഗവാൻ ഇങ്ങനെ തനിച്ചാണല്ലോ ഇരിക്കുന്നത്, എന്ത് കഷ്ടം', എന്ന് പറഞ്ഞ് തിണ്ണൻ വേവലാതിപ്പെട്ടു. ശിവലിംഗത്തിന് മുകളിൽ പൂക്കളും മറ്റും വെച്ചിരിക്കുന്നത് കണ്ട് തിണ്ണൻ കൂടെയുള്ളവനോട് അതെന്താണെന്ന് ചോദിച്ചു. 

'കുറച്ചു കാലം മുമ്പ് ഞാൻ അങ്ങയുടെ പിതാവുമൊരുമിച്ച് ഒരിക്കൽ ഇവിടെ വന്നപ്പോൾ ഒരു ബ്രാഹ്മണൻ എന്തൊക്കെയോ ഉച്ചരിച്ചുകൊണ്ട് ഭഗവാന് മേൽ പൂക്കളിടുന്നതും വെള്ളമൊഴിക്കുന്നതും കണ്ടു. എന്തൊക്കെയോ ആഹാരവും മുമ്പിൽ വെച്ചുകൊടുക്കുന്നുണ്ടായിരുന്നു' എന്ന് അവൻ പറഞ്ഞു.

ഭഗവാന് ഇതൊക്കെ ഇഷ്ടമായിരിക്കും എന്ന് തിണ്ണൻ കരുതി. താനും ഇതൊക്കെ ചെയ്യണമെന്ന് തിണ്ണന് തോന്നി. എന്നാൽ ഭഗവാനെ വിട്ടുപിരിയാൻ മനസ്സും വന്നില്ല.

വെള്ളം കൊണ്ടുവരാമെന്ന് നിനച്ച് കുറച്ചു ദൂരം പോകും, 'അയ്യോ ഭഗവാൻ തനിച്ചാണല്ലോ' എന്ന് പറഞ്ഞ് ഓടി തിരികെ വരും. ഒടുവിൽ 'ഭഗവാന് വിശക്കുന്നുണ്ടാകും, കുറച്ച് മാംസം കൊണ്ടുവന്ന് കൊടുക്കാം' എന്ന് കരുതി മലയിറങ്ങി പന്നിയെ പാകം ചെയ്തുകൊണ്ടിരുന്ന ഇടത്തെത്തി. കൂടെവന്ന വേടൻ മറ്റേ വേടനോട് നടന്നതെല്ലാം പറഞ്ഞു. രാജാവിന് എന്താണ് സംഭവിച്ചതെന്നറിയാതെ അവർ കുഴഞ്ഞു. തിണ്ണൻ പാകം ചെയ്ത മാംസക്കഷ്ണങ്ങൾ ഒന്നൊന്നായി വായിലിട്ട് രുചിച്ചു നോക്കും. നല്ലതെന്ന് തോന്നിയതെല്ലാം ഒരിലയിൽ എടുത്തുവെക്കും, മറ്റേതെല്ലാം തുപ്പിക്കളയും. തിണ്ണൻ ചെയ്യുന്നതുകൊണ്ട് അദ്ദേഹത്തിന് ഭ്രാന്തായോ എന്നു വരെ കൂടെയുള്ള വേടന്മാർ സംശയിച്ചു. 

എന്ത് ചെയ്യണമെന്നറിയാതെ വേടന്മാർ രണ്ടു പേരും നാഗനേയും മറ്റ് വേടന്മാരേയും കൂട്ടിക്കൊണ്ടുവരാമെന്ന് കരുതി പോയി. അവർ പോയതുപോലും തിണ്ണൻ അറിഞ്ഞില്ല.

തുടർന്ന് തിണ്ണൻ തന്‍റെ തലയ്ക്ക് മേൽ കുറച്ചു പൂക്കൾ എടുത്തുവെച്ചു, നദിയിൽനിന്നും വായിൽ ഒരു കവിൾ വെള്ളം എടുത്തു, ഇടത്തെ കയ്യിൽ അമ്പും വില്ലും പിടിച്ചു, വലത്തെ കയ്യിൽ മാംസകഷ്ണങ്ങൾ വെച്ച ഇലയും. അങ്ങനെ തിണ്ണൻ മല നടന്നുകയറി. മുകളിലെത്തിയതും വായിൽ പിടിച്ചിരുന്ന വെള്ളം ശിവലിംഗത്തിന് മേൽ തുപ്പി, ശിരസിൽ വെച്ചിരുന്ന പൂക്കൾ ഭഗവാന് മേൽ വിതറി, മാംസകഷ്ണങ്ങൾ ഭഗവാന് മുന്നിൽ വെച്ചിട്ട് പറഞ്ഞു, 'കഴിച്ചോളൂ, നല്ല മാംസമാണ്, എല്ലാം ഞാൻ തന്നെ രുചിച്ച് നോക്കിയതാണ്..'

എന്നിട്ട് രാത്രി മുഴുവൻ ഉറങ്ങാതെ കാവലിരുന്നു. 

പ്രഭാതമായപ്പോൾ 'പൂജാദ്രവ്യങ്ങൾ' ശേഖരിക്കാനായി പുറപ്പെട്ടു.

നേരത്തെ പറഞ്ഞ ബ്രാഹ്മണൻ ആ ശിവലിംഗത്തെ പൂജിക്കാൻ നിത്യവും വരുമായിരുന്നു. അദ്ദേഹം വന്നപ്പോൾ എല്ലാം കണ്ട് അദ്ദേഹത്തിന് സങ്കടമായി. 'ആരാണ് ഈ അക്രമം ചെയ്തത്', എന്ന് പറഞ്ഞ് അദ്ദേഹം മാംസമെല്ലാം എടുത്തുമാറ്റി അവിടമെല്ലാം ശുദ്ധീകരിച്ച് പ്രായശ്ചിത്തങ്ങൾ ചെയ്ത് പതിവ് പോലുള്ള പൂജ നടത്തി.

അദ്ദേഹം പോയതിന് പിറകെ തിണ്ണൻ വന്നു 'ഭഗവാനേ, ഇന്ന് മാനിന്‍റെ മാംസമാണ് കിട്ടിയത്, നല്ല സ്വാദിഷ്ഠമാണ്. കഴിച്ചുനോക്കൂ' എന്ന് പറഞ്ഞ് തന്‍റെ രീതിയിൽ പൂജ ചെയ്തു.

ഇത് നിത്യേന എന്ന വണ്ണം തുടർന്നു. തിണ്ണൻ തന്‍റെ രീതിയിൽ പൂജ ചെയ്യും. ബ്രാഹ്മണൻ വന്ന് എല്ലാം ശുദ്ധിയാക്കി തന്‍റെ രീതിയിൽ ചെയ്യും. ഇതിനിടയിൽ തിണ്ണന്‍റെ പിതാവും കൂട്ടക്കാരും വന്ന് അദ്ദേഹത്തിനോട് മടങ്ങിവരുവാനും തന്‍റെ കുലരീതികൾ പിന്തുടരുവാനും ആവശ്യപ്പെട്ടു. അദ്ദേഹം ചെവിക്കൊണ്ടില്ല.

ബ്രാഹ്മണൻ ഒരിക്കൽ ഭഗവാനോട് കരഞ്ഞ് പ്രാർത്ഥിച്ചു, 'ഭഗവാനേ നിത്യേന അക്രമം ചെയ്യുന്ന ഈ ദുഷ്ടനെ അങ്ങ് തന്നെ ഇല്ലാതാക്കിത്തരണേ.'

അന്ന് രാത്രി ഭഗവാൻ ബ്രാഹ്മണന്‍റെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് പറഞ്ഞു, 'നീ കരുതുന്നതുപോലെ ഇത് ചെയ്യുന്നത് ഒരു ദുഷ്ടനൊന്നുമല്ല. എന്‍റെ പരമഭക്തനാണ്.  നാളെ അവൻ വന്ന് പൂജ ചെയ്യുമ്പോൾ ഒളിച്ചിരുന്ന് കണ്ട് നോക്കൂ. അവന് എന്നോടുള്ള സ്നേഹം അപ്പോൾ നിനക്ക് മനസ്സിലാകും.'

ഭഗവാൻ പറഞ്ഞതുപോലെ അടുത്ത ദിവസം തന്‍റെ പൂജ ചെയ്‌തതിന്‌ ശേഷം ബ്രാഹ്മണൻ ഒളിച്ചിരുന്നു. മാംസവും മറ്റുമായി പൂജക്കായി വന്നുകൊണ്ടിരുന്ന തിണ്ണൻ ചില ദുശ്ശകുനങ്ങൾ കണ്ട് ഭയപ്പെട്ടു, ' അയ്യോ ഭഗവാനെന്തെങ്കിലും സംഭവിച്ചിരിക്കുമോ?'

തന്‍റെ ഭക്തന്‍റെ മഹിമ വെളിപ്പെടുത്താൻ ഭഗവാൻ ഒരു ലീല വിളയാടി.

ഓടിയെത്തിയ തിണ്ണൻ നോക്കിയപ്പോൾ ശിവലിഗത്തിന്‍റെ കണ്ണിന്‍റെ സ്ഥാനത്തുനിന്നും രക്തം പ്രവഹിക്കുന്നു. 'ആരായിരിക്കും ഇത് ചെയ്തത്? എങ്ങാനും എന്‍റെ കുടുംബക്കാരായിരിക്കുമോ? വല്ല വന്യമൃഗങ്ങളും ആകുമോ? ഞാനിനി എന്ത് ചെയ്യും ഭഗവാനേ', എന്ന് പറഞ്ഞ് തിണ്ണൻ ശിവലിംഗത്തെ ആലിംഗനം ചെയ്ത് ചേർത്തു പിടിച്ചു.

എന്നിട്ട് പച്ചിലയും മറ്റും പറിച്ച് വെച്ച് രക്തപ്രവാഹം നിർത്താൻ നോക്കി.

രക്തം ഒഴുകിക്കൊണ്ടേ ഇരുന്നു. ഒടുവിൽ തൻറെ വലത്തേ കണ്ണ് ചൂഴ്‌ന്നെടുത്ത് ഭഗവാന്‍റെ കണ്ണിന്‍റെ സ്ഥാനത്ത് വെച്ചു. രക്തപ്രവാഹം നിലച്ചു. ഭഗവാന്‍റെ ലീല തീർന്നില്ല. ഉടൻ തന്നെ മറ്റേ കണ്ണിൽനിന്നും രക്‌തം പ്രവഹിക്കാൻ തുടങ്ങി. തിണ്ണൻ തന്‍റെ രണ്ടാമത്തെ കണ്ണും ചൂഴ്‌ന്നെടുക്കാൻ തുടങ്ങി. എന്നാൽ കാഴ്ച പൂർണ്ണമായും നഷ്ടപ്പെട്ടാൽ ഭഗവാന്‍റെ കണ്ണിന്‍റെ സ്ഥാനം എങ്ങനെയറിയും? സ്ഥാനമറിയാൻ ഭഗവാന്‍റെ കണ്ണിന്‍റെ സ്ഥാനത്ത് തന്‍റെ കാൽവിരലൂന്നി അമ്പെടുത്ത് തന്‍റെ കണ്ണ് ചൂഴ്‌ന്നെടുക്കാൻ തുടങ്ങിയപ്പോൾ ഗംഭീരമായ ഒരു ശബ്ദം കേട്ടു, 'കണ്ണപ്പാ, മതി, മതി'. ഒരു കൈ വന്ന് കണ്ണപ്പന്‍റെ കൈ പിടിച്ച് തടുത്തു. 

ഇതെല്ലം കണ്ട ബ്രാഹ്മണനും ആനന്ദാശ്രുക്കൾ പൊഴിച്ചു.

തിണ്ണന് കാഴ്ച തിരിച്ചുകിട്ടി.

തിണ്ണന് ഭഗവാൻ തന്നെ വെച്ച പേരാണ് കണ്ണപ്പൻ എന്നത്.

മലയാളം

മലയാളം

പല വിഷയങ്ങള്‍

Click on any topic to open

0

Copyright © 2026 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize

We use cookies