എന്തിനാണ് ഭഗവാൻ ഇന്ദ്രയാഗത്തെ തടുത്തത്?

എന്തിനാണ് ഭഗവാൻ ഇന്ദ്രയാഗത്തെ തടുത്തത്?

ഗോവർദ്ധനലീലയെപ്പറ്റി കേട്ടിട്ടുണ്ടാകുമല്ലോ? എന്തിനാണ് ഭഗവാൻ ഇന്ദ്രയാഗത്തെ തടുത്തത്?

ഭഗവാൻ വൃന്ദാവനത്തിൽ ജ്യേഷ്ഠൻ ബാലരാമനോടോപ്പം പല ലീലകളും ചെയ്ത് വസിച്ചിരുന്ന കാലമായിരുന്നു. അപ്പോഴാണ് ഗോവർദ്ധനലീല നടന്നത്. ഗോവർദ്ധനലീലക്ക് മൂന്ന് ഉദ്ദേശ്യങ്ങളാണ് ഉണ്ടായിരുന്നത്:

  1. പ്രത്യക്ഷരൂപത്തിൽ വൃന്ദാവനത്തിൽ സന്നിഹിതനായ പരമാത്മാവായ തന്നിൽനിന്നും വിമുഖരായി അന്യദേവതാ ആരാധന ചെയ്യുന്നതിൽനിന്നും വ്രജവാസികളെ തടയുക; ഭക്തിക്ക് അനുകൂലമായ രീതിയിൽ യജ്ഞം ചെയ്യാൻ പഠിപ്പിക്കുക.
  2. യജ്ഞത്തിനായി ദീക്ഷ എടുത്തിട്ടുള്ള ബ്രാഹ്മണർ തങ്ങളുടെ ദേശം വിട്ട് അന്യദേശത്തേക്ക് യാത്ര ചെയ്യില്ല. അപ്പോൾ ഗോകുലത്തിൽ എങ്ങനെ യജ്ഞം നടക്കും? ഇതിന് പരിഹാരമുണ്ടാക്കുക.
  3. ഇന്ദ്രന്‍റെ അഹങ്കാരം ശമിപ്പിക്കുക.

വസ്ത്രാപഹരണ ലീലയിലൂടെ സാധാരണ മനുഷ്യർക്ക് (ഗോപികമാർക്ക്) ഭഗവാൻ തന്‍റെ മഹിമ മനസ്സിലാക്കിക്കൊടുത്തു. അതിനുശേഷം വിദ്വാന്മാരായ യാജ്ഞികബ്രാഹ്മണർക്ക് തന്‍റെ മഹിമയും താനാരാണെന്നും മനസിലാക്കിക്കൊടുത്തു. ഗോവർദ്ധനലീലയിലൂടെ ദേവന്മാർക്ക് തന്‍റെ മഹിമ മനസിലാക്കിക്കൊടുക്കാൻ തുനിയുകയാണ് ഭഗവാൻ.

ഒരിക്കൽ ഭഗവാൻ, ഗോപന്മാരെല്ലാം ചേർന്ന് ഒരു വിപുലമായ യജ്ഞത്തിനായി തയ്യാറെടുക്കുന്നത് കണ്ട് നന്ദഗോപരോടും മറ്റ് മുതിർന്ന ഗോപന്മാരോടും ചോദിച്ചു, 'എന്തിനാണ് ഈ യജ്ഞം ചെയ്യുന്നത്? എന്താണിതിന്‍റെ ഫലം? ഈ യജ്ഞത്തിൽ എന്തെല്ലാമാണ് ഉപയോഗിക്കപ്പെടുന്നത്? ഈ യജ്ഞം വേദങ്ങളിൽ പറഞ്ഞിട്ടുള്ളതാണോ? സ്‌മൃതികളിൽ പറഞ്ഞിട്ടുള്ളതാണോ? അതോ കേവലം ലൗകികമാണോ'

ജ്ഞാനത്തോട് കൂടിയുള്ള കർമ്മമേ ഫലപ്രദമാകൂ. യാന്ത്രികമായി ചെയ്യുന്ന പൂജാകർമ്മത്തിനും മറ്റും ഫലം ലഭിക്കില്ല.

നന്ദഗോപർ പറഞ്ഞു, 'ഈ യാഗം ശാസ്ത്രാധിഷ്ഠിതമാണ്. ഇന്ദ്രനാണ് മഴ പെയ്യിക്കുന്നത്. മഴയിലൂടെ ജീവജാലങ്ങൾക്ക് പ്രാണനും അന്നവും പ്രദാനം ചെയ്യുന്ന ഇന്ദ്രൻ സർവദാ പൂജാർഹനാണ്. മഴയില്ലെങ്കിൽ കൃഷിയില്ല, കൃഷിയില്ലെങ്കിൽ ആഹാരമില്ല.  ഇന്ദ്രൻ തരുന്ന അന്നം കൊണ്ട് തന്നെയാണ് നമ്മൾ ഈ യജ്ഞം ചെയ്യുന്നത്.'

ഇന്ദ്രയാഗം നമ്മുടെ കുലപരമ്പരയിൽ ഉള്ളതാണ്. ഇതിന് ഭംഗം വന്നാൽ ഫലം അശുഭമായിരിക്കും. 

ഭഗവാൻ പറഞ്ഞു, 'മനുഷ്യൻ അവനവന്‍റെ കർമഫലമല്ലേ അനുഭവിക്കുന്നത്? അത് മാറ്റാൻ ഇന്ദ്രന് കഴിയുമോ? ദേവന്മാർക്കോ അസുരന്മാർക്കോ മനുഷ്യർക്കോ ആർക്കും തന്നെ തങ്ങളുടെ സ്വഭാവത്തിന് വിരുദ്ധമായി പോകാൻ കഴിയില്ല. തന്‍റെ തന്നെ കർമ്മമാണ് ഫലം തരുന്നത് എന്നുള്ളപ്പോൾ തന്‍റെ കർമ്മത്തിനെ (തൊഴിൽ മുതലായവയെ) അല്ലെ പൂജിക്കേണ്ടത്? കർമ്മം തന്നെയാണ് ഈശ്വരനും. അവനവന് വിധിച്ചിട്ടുള്ള ധർമ്മം അനുസരിച്ച് ജീവിച്ചാൽ ഓരോ ആപത്തും വരില്ല. നമ്മുടെ വിഹിതകർമ്മം പശുപാലനമല്ലേ? ഇന്ദ്രനെക്കൊണ്ട് നമുക്കെന്താണ് പ്രയോജനം? നമ്മൾ കൃഷി ചെയ്യുന്നില്ലല്ലോ. ഇന്ദ്രനാണ് മഴ പെയ്യിക്കുന്നത് എന്നാണെങ്കിൽ പോലും രജോഗുണമല്ലേ ഇന്ദ്രനെ അതിന് പ്രേരിപ്പിക്കുന്നത്. ഇന്ദ്രൻ സ്വമനസാലെ ചെയ്യുന്നതൊന്നും അല്ലല്ലോ? മഴ പെയ്യിക്കുന്നത് ഇന്ദ്രനാണെങ്കിൽ അദ്ദേഹം എന്തുകൊണ്ടാണ് സമുദ്രത്തിൽ നിരർത്ഥകമായി മഴ പെയ്യിക്കുന്നത്? വരണ്ട ഭൂമിയിൽ എന്തുകൊണ്ടാണ് പെയ്യിക്കാത്തത്? ഇന്ദ്രന്‍റെ ആജ്ഞ അനുസരിച്ചൊന്നുമല്ല, മേഘങ്ങൾ രജോഗുണപ്രേരണയാൽ സ്വയം മഴ പൊഴിക്കുന്നതാണ്. നമ്മൾ വനങ്ങളിലും പർവ്വതങ്ങളിലുമല്ലേ വസിക്കുന്നത്? അതുകൊണ്ട് വനസ്പതികളുടേയും പർവ്വതങ്ങളുടേയും സ്വാമിയായ വിഷ്ണുവിനെ വേണം നമ്മൾ പൂജിക്കാൻ. ഈ ഗോവർദ്ധന പർവ്വതത്തേയും ഗോക്കളേയും ബ്രാഹ്മണരെയും വേണം നമ്മൾ യജ്ഞത്തിലൂടെ പൂജിക്കാൻ. ഗോക്കളെയും ബ്രാഹ്മണരെയും എന്തിനാണ് പൂജിക്കുന്നത് എന്ന് വെച്ചാൽ - യജ്ഞത്തിനുപകരിക്കുന്ന മന്ത്രങ്ങൾ ബ്രാഹ്മണരിലും പാൽ, നെയ്യ് മുതലായവ പശുക്കളിലുമാണ് സ്ഥിതി ചെയ്യുന്നത്. വനത്തിലും പർവ്വതത്തിലും വസിക്കുന്ന നമുക്ക് ഇത്തരത്തിലുള്ള യജ്ഞമാണ് ഉചിതം. ഇന്ദ്രയാഗം ഇന്ദ്രനെ മാത്രമേ തൃപ്തിപ്പെടുത്തുകയുള്ളൂ; എന്നാൽ ഇത്തരത്തിലുള്ള വൈഷ്ണവയജ്ഞം എല്ലാ ദേവതകളേയും തൃപ്തിപ്പെടുത്തുന്ന ഒരു മഖമായിരിക്കും. അത് കൊണ്ട് എത്രയും പെട്ടെന്ന് എല്ലാവരും ചേർന്ന് ധാരാളം സ്വാദിഷ്ഠമായ പലവിധ ഭക്ഷണ പദാർത്ഥങ്ങൾ തയ്യാറാക്കുക.'

ഇന്ദ്രയാഗത്തിന് പകരം ഇത്തരത്തിലുള്ള ഒരു ജനകീയമായ ഉത്സവം ആയിരുന്നു പിന്നീട് നടന്നത്.

'ബ്രാഹ്മണർ ഹോമത്തിലൂടെ അഗ്നിയേയും എല്ലാ ദേവതകളേയും തൃപ്തിപ്പെടുത്തും. ബ്രാഹ്മണർക്ക് സ്വാദിഷ്ഠമായ ഭോജനവും ദക്ഷിണയായി ഗോക്കളേയും കൊടുത്ത് നമുക്കവരെ തൃപ്തിപ്പെടുത്താം. പശുക്കൾക്ക് നല്ല തളിരിളം പുല്ല് കൊടുത്ത് അവയെ തൃപ്തിപ്പെടുത്താം. മറ്റുള്ളവരെയും പക്ഷിമൃഗാദികളേയും ആഹാരത്തിലൂടെ തൃപ്തിപ്പെടുത്താം. പതിതരുടേയും പാതകികളെയുടേയും ആത്മാക്കളെ ബലിയിലൂടെ തൃപ്തിപ്പെടുത്താം. ഗോവർദ്ധനത്തിന് പൂജ ചെയ്ത് നൈവേദ്യങ്ങൾ സമർപ്പിച്ച് എല്ലാവരും ഗോവർദ്ധനത്തിനെ പ്രദക്ഷിണം വെക്കണം. ഇത്തരത്തിലുള്ള പൂജ ഗോക്കളേയും ബ്രാഹ്മണരേയും ഗിരിരാജനായ ഗോവർദ്ധനത്തേയും എന്നെയും തൃപ്തിപ്പെടുത്തും', ഭഗവാൻ പറഞ്ഞു.

മലയാളം

മലയാളം

പുരാണ കഥകള്‍

Click on any topic to open

0

Copyright © 2026 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize

We use cookies