
അഷ്ടാവക്രൻ എന്ന മഹർഷിയെ കുറിച്ച് കേട്ടിട്ടുണ്ടോ? എട്ടു വളവുകളും ഒടിവുകളുമായി വിരൂപമായ ശരീരത്തോട് കൂടി ജനിച്ചയാളാണ് അഷ്ടാവക്രൻ. എട്ടിടത്ത് ശരീരം വക്രമായതുകൊണ്ട് അഷ്ടാവക്രൻ.
ഖഗോദരൻ എന്ന ഋഷിയുടെ പുത്രനായിരുന്നു അഷ്ടാവക്രൻ. ഒരു ഋഷിക്ക് എങ്ങനെയാണ് ഇങ്ങനെയൊരു വിപത്ത് വന്നുപെട്ടത്? ഇങ്ങനെയൊരു കുഞ്ഞുണ്ടായത്? അച്ഛൻ തന്നെ കാരണം.
ഖഗോദരൻ ഉദ്ദാലക മഹർഷിയുടെ ശിഷ്യനായിരുന്നു. പ്രിയ ശിഷ്യൻ. ഖഗോദരനും ഉദ്ദാലകനെ അകമഴിഞ്ഞ് ശുശ്രൂഷിച്ചു. ഉദ്ദാലകൻ ഖഗോദരന് തൻ്റെ മകൾ സുജാതയെ വിവാഹം കഴിച്ചു കൊടുത്തു.
സുജാത അഷ്ടാവക്രനെ ഗർഭം ധരിച്ചിരുന്ന സമയത്ത് അച്ഛൻ വേദോച്ചാരണം ചെയ്യുന്നത് അഷ്ടാവക്രൻ കേൾക്കുമായിരുന്നു. ഒരിക്കൽ ഗർഭത്തിൽ നിന്ന് തന്നെ കുഞ്ഞ് അച്ഛനോട് സംസാരിച്ചു, "അങ്ങ് മന്ത്രങ്ങൾ ചൊല്ലുന്നത് കേട്ട് അതെല്ലാം ഇപ്പോൾ തന്നെ എനിക്ക് ഹൃദസ്ഥമായിക്കഴിഞ്ഞു. പക്ഷേ അങ്ങയുടെ ഉച്ചാരണ ശുദ്ധി അത്രകണ്ട് പോരല്ലോ."
അച്ഛന് കോപം വന്നു. "ഇപ്പോൾ തന്നെ തൻ്റെ അച്ഛനെ പരിഹസിക്കാൻ മാത്രം വക്രബുദ്ധിയോ നിനക്ക്? നിൻ്റെ മനസ്സ് പോലെ നിൻ്റെ ശരീരവും വക്രമാകട്ടെ." അങ്ങനെ അഷ്ടാവക്രൻ ശരീരത്തിൽ എട്ടു വളവുകളോട് കൂടി ജനിച്ചു.
ഇതുകൊണ്ടാണ് പറയുന്നത്, "സത്യം ബ്രൂയാത് പ്രിയം ബ്രൂയാത് ന ബ്രൂയാത് സത്യം അപ്രിയം". സത്യമാണെങ്കിൽ പോലും കേൾക്കുന്ന ആൾക്ക് അപ്രിയമാണെങ്കിൽ കഴിയുന്നിടത്തോളം ഒഴിവാക്കണം. ആവശ്യമില്ലാത്തിടത്ത് കയറി അഭിപ്രായം പറയരുത്. സത്യമാണെങ്കിൽ പോലും. ഖഗോദരൻ്റെ ഉച്ചാരണം ശരിയല്ലെങ്കിൽ അദ്ദേഹത്തിൻ്റെ ഗുരുവല്ലേ പറഞ്ഞു കൊടുക്കേണ്ടത്? മകനെന്താണ് അവിടെ കാര്യം? "നാപൃഷ്ടഃ കസ്യചിത് ബ്രൂയാത്" - ചോദിച്ചാൽ മാത്രമേ അഭിപ്രായങ്ങൾ പറയാവൂ. ഇതാണ് സനാതന ധർമ്മം പറഞ്ഞു തരുന്നത്.
അല്ലെങ്കിൽ പറഞ്ഞു കൊടുക്കാനും തിരുത്താനും അധികാരമുള്ളവരാകണം. ഒരു അധ്യാപകന് ചെയ്യാം. വെറുതെ ആവശ്യമില്ലാത്തിടത്ത് കയറി അഭിപ്രായം പറയരുത്. ഇങ്ങനെയൊക്കെയായിരിക്കും ഫലം.
കുഞ്ഞ് പിറക്കുന്നതിന് മുമ്പ് സുജാത ഭർത്താവിനോട് പറഞ്ഞു, "നമ്മുടെ കയ്യിൽ ഒന്നുമില്ല. പണം ആവശ്യം വരും കുഞ്ഞ് പിറന്നാൽ. രാജാവിനോട് പോയി ചോദിക്കൂ." ജനകൻ്റെ രാജ്യത്തായിരുന്നു ഖഗോദരൻ വസിച്ചിരുന്നത്.
രാജധാനിയിൽ ചെന്നപ്പോൾ അവിടെ ഒരു വാദപ്രതിവാദം നടക്കുകയായിരുന്നു. വദാന്യൻ എന്നൊരു വിദ്വാൻ. അയാളുമായി വാദപ്രതിവാദം നടത്തി ജയിച്ചാൽ ധാരാളം പണം കിട്ടും. ഇല്ലെങ്കിൽ വദാന്യന് ഒരു നിബന്ധനയുണ്ടായിരുന്നു, പരാജിതനായ പ്രതിയോഗിയെ കടലിൽ കെട്ടിത്താഴ്ത്തണം. ഖഗോദരൻ പരാജയപ്പെട്ടു, കടലിൽ കെട്ടിത്താഴ്ത്തപ്പെട്ടു.
ഉദ്ദാലകൻ മകളോട് പറഞ്ഞു, ഇതൊന്നും കുഞ്ഞറിയണ്ട. ആശ്രമത്തിൽ വളർന്നുവന്ന അഷ്ടാവക്രൻ കരുതിയത് ഉദ്ദാലകനാണ് തൻ്റെ അച്ഛനെന്നാണ്. ഉദ്ദാലകനും അഷ്ടാവക്രൻ്റെ പ്രായത്തിൽ തന്നെ ഒരു മകനുണ്ടായിരുന്നു - ശ്വേതകേതു.
എത്രയൊക്കെ ഒളിച്ചുവെച്ചാലും ഇതുപോലെയുള്ള രഹസ്യങ്ങൾ ഒരിക്കൽ പുറത്തുവരില്ലേ? ശ്വേതകേതു ഒരു ദിവസം അഷ്ടാവക്രനോട് പറഞ്ഞു, "ഇത് നിൻ്റെ അച്ഛനല്ല, എൻ്റെ മാത്രം അച്ഛനാണ്. നിൻ്റെ അമ്മയുടെ അച്ഛനാണ്."
അഷ്ടാവക്രൻ അമ്മയോട് ചോദിച്ചു ആരാണ് തൻ്റെ അച്ഛൻ എന്ന്. അവർ മകനോട് ഒരിക്കലും അസത്യം പറയില്ല, എല്ലാം മകനോട് തുറന്നു പറഞ്ഞു. ഇതൊക്കെ കേട്ടയുടൻ ബാലന്മാരായ അഷ്ടാവക്രനും ശ്വേതകേതുവും ജനകൻ്റെ രാജധാനിയിലേക്ക് പുറപ്പെട്ടു.
വദാന്യനെ വാദപ്രതിവാദത്തിനായി വെല്ലുവിളിച്ചു, പരാജയപ്പെടുത്തി. വദാന്യനെ സമുദ്രത്തിൽ കെട്ടിത്താഴ്ത്താൻ അഷ്ടാവക്രൻ ആവശ്യപ്പെട്ടു. വദാന്യൻ പറഞ്ഞു, "ഞാൻ സമുദ്രത്തിൻ്റെ ദേവനായ വരുണൻ്റെ മകനാണ്. നിൻ്റെ അച്ഛന് ഒരു ആപത്തും സംഭവിച്ചിട്ടില്ല, ഇപ്പോൾ തന്നെ ജീവനോടെ പുറത്തു കൊണ്ടുവരാം."
അങ്ങനെ ഖഗോദരൻ സമുദ്രത്തിൽ നിന്നും ജീവനോടെ പുറത്തുവന്നു. മകൻ അച്ഛനെ രക്ഷിച്ചു. തിരിച്ച് ആശ്രമത്തിലേക്ക് പോകുന്ന വഴി ഖഗോദരൻ മകനോട് ഒരു നദിയിൽ മുങ്ങിക്കുളിക്കാൻ ആവശ്യപ്പെട്ടു. അഷ്ടാവക്രൻ്റെ ശരീരത്തിലെ വളവുകളും മാറി. അങ്ങനെ ആ നദിക്കും ഒരു പേര് ലഭിച്ചു - സമംഗം.
Astrology
Bhagavad Gita
Bhagavatam
Bharat Matha
Devi
Devi Mahatmyam
Ganapathy
Garuda Puranam
Glory of Venkatesha
Hanuman
Kathopanishad
Mahabharatam
Mantra Shastra
Mystique
Practical Wisdom
Purana Stories
Radhe Radhe
Ramayana
Rare Topics
Rigveda Explained
Rituals
Sages and Saints
Shiva
Spiritual books
Sri Suktam
Story of Sri Yantra
Temples
Vedas
Vishnu Sahasranama
Yoga Vasishta