വൈകി ലഭിക്കുന്ന നീതി അത് നിഷേധിക്കപ്പെടുന്നതിന് തുല്യമാണ്

വൈകി ലഭിക്കുന്ന നീതി അത് നിഷേധിക്കപ്പെടുന്നതിന് തുല്യമാണ്

ഇക്ഷ്വാകു വംശത്തിൽ നൃഗൻ എന്നൊരു രാജാവുണ്ടായിരുന്നു. വലിയ ഉദാരമനസ്കനും പ്രതാപിയുമായിരുന്നു നൃഗൻ. വിദ്യാസമ്പന്നരും സാധുക്കളുമായ ബ്രാഹ്മണർക്ക് അദ്ദേഹം ലക്ഷക്കണക്കിന് പശുക്കളെ ദാനം ചെയ്തു. വെറും പശുക്കളല്ല, സ്വർണ്ണാഭരണ ഭൂഷിതകളായ നല്ല ആരോഗ്യമുള്ള പശുക്കൾ.

ഒരിക്കൽ നൃഗൻ ദാനം ചെയ്ത പശുക്കളിലൊന്ന് കുറച്ച് കാലത്തിനു ശേഷം ആരും അറിയാതെ തിരികെ രാജാവിന്‍റെ കാലിക്കൂട്ടത്തിൽ തന്നെ വന്നുചേർന്നു. ഇതറിയാത്ത നൃഗൻ ആ പശുവിനെ മറ്റൊരു ബ്രാഹ്മണന് ദാനം ചെയ്തു. പശുവിനെ നഷ്ടപ്പെട്ട ബ്രാഹ്മണൻ നാട് മുഴുവനും അതിനെത്തേടി നടന്നു. ശബള’ എന്നായിരുന്നു ആ പശുവിന് പേരിട്ടിരുന്നത്. 'ശബളേ, ശബളേ എന്ന് ബ്രാഹ്മണൻ വിളിച്ചു നടന്നുകൊണ്ടിരുന്നപ്പോൾ ഒരിടത്തുവെച്ച് ശബള വിളികേട്ടു. പശുവിനെ ലഭിച്ച രണ്ടാമത്തെ ബ്രാഹ്മണന്‍റെ വീടായിരുന്നു അത്.  രണ്ടും ബ്രാഹ്മണരും തമ്മിൽ തർക്കമായി. ആദ്യത്തെ ബ്രാഹ്മണൻ രണ്ടാമത്തെ ബ്രാഹ്മണൻ തന്‍റെ പശുവിനെ മോഷ്ടിച്ചുവെന്നും, രണ്ടാമത്തെ ബ്രാഹ്മണൻ ആദ്യത്തെ ബ്രാഹ്മണൻ നുണ പറഞ്ഞ് തന്‍റെ പശുവിനെ തട്ടിയെടുക്കുവാൻ നോക്കുകയാണെന്നും പരസ്പരം ആരോപിച്ചു.

തർക്കം മൂത്ത് രണ്ട് പേരും നൃഗന്‍റെ രാജസഭയിലെത്തി. നൃഗൻ മറ്റെന്തോ കാര്യങ്ങളിൽ വ്യാപൃതനായിരുന്നത് കൊണ്ട് നാല് ദിവസമായിട്ടും അവരുടെ പരാതി കേട്ടില്ല. ബ്രാഹ്മണർ നൃഗനെ ശപിച്ചു, 'ഞങ്ങളുടെ സങ്കടം കേൾക്കാതെ ഓന്തിനെപ്പലെ ഒളിഞ്ഞിരിക്കുന്ന രാജാവ് ഇനിയും പല ജന്മങ്ങൾ ഓന്തായിപ്പിറക്കും.

മരണാന്തരം നൃഗൻ യമപുരിയിലെത്തി. യമരാജൻ നൃഗനോട് ചോദിച്ചു, 'നീ ഒട്ടനവധി പുണ്യകാര്യങ്ങൾ ചെയ്തിട്ടുണ്ട്. എന്നാൽ നിന്‍റെ മേൽ ഒരു ശാപവുമുണ്ട്. ഏതിന്‍റെ ഫലമാണ് ആദ്യം വേണ്ടത്?' ശാപത്തിന്‍റെ ഫലം ആദ്യം അനുഭവിക്കാമെന്ന് നൃഗൻ പറഞ്ഞു.

അങ്ങനെ നൃഗൻ ഭൂമിയിൽ ഓന്തായി വീണ്ടും വീണ്ടും ജന്മമെടുത്തു.

ഒരിക്കൽ ദ്വാരകയിൽ ശ്രീകൃഷ്ണന്‍റെ പുത്രന്മാരെ പ്രദ്യുമ്നനും സാമ്പനും വനത്തിൽ കളിക്കുകയായിരുന്നു. ദാഹിച്ചപ്പോൾ അവർ വെള്ളം തേടി ഒരു കിണറ്റിൻ കരയിലെത്തി. കിണറ്റിൽ വെള്ളം ഉണ്ടായിരുന്നില്ലെങ്കിലും അവർ അതിനുള്ളിൽ ഒരു വലിയ ഓന്ത് ഇരിക്കുന്നത് കണ്ടു. 'അയ്യോ പാവം' എന്ന് കരുതി അവർ ആ ഓന്തിനെ രക്ഷപെടുത്തുവാൻ കുറെ പരിശ്രമിച്ചു.

നടക്കാതെ വന്നപ്പോൾ അവർ തിരിച്ച് കൊട്ടാരത്തിൽച്ചെന്ന് ഭഗവാനേയും കൂട്ടിക്കൊണ്ടുവന്നു. ഭഗവാൻ അനായാസം തന്‍റെ ഇടത്തെ കൈ കൊണ്ട് ഓന്തിനെ കിണറ്റിൽ നിന്നും പുറത്തെടുത്തു. പുറത്ത് വന്നതും ഓന്ത് മനുഷ്യരൂപമായി മാറുകയും ഭഗവാനോട് നന്ദി പ്രകടിപ്പിച്ച് തന്‍റെ പുണ്യകർമ്മങ്ങളുടെ ഫലം അനുഭവിക്കാൻ സ്വർഗത്തിലേക്ക് തിരിക്കുകയും ചെയ്തു.

ഒരേ ഒരു തവണ നീതി വൈകിച്ചതിനാൽ ഒരു ഭരണാധികാരി കൊടുത്ത വില കണ്ടില്ലേ?

മലയാളം

മലയാളം

പുരാണ കഥകള്‍

Click on any topic to open

0

Copyright © 2026 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize

We use cookies