രോഹിണി

രോഹിണി

കശ്യപ മഹർഷി വസുദേവരായി ജന്മമെടുത്തപ്പോൾ അദ്ദേഹത്തിന്‍റെ പത്നി ദേവമാതാവ് അദിതി ദേവകിയായും രോഹിണിയായും ഒരേ സമയം ജന്മമെടുത്തു. രണ്ട് പേരെയും വസുദേവർ വിവാഹം കഴിച്ചു. ഇത് കൂടാതെ വാസുദേവർക്ക് പൗരവി, ഭദ്ര, മദിര, ഇള, രോചന തുടങ്ങി മറ്റും ഭാര്യമാരുണ്ടായിരുന്നു.

വാസുദേവരേയും ദേവകിയേയും കാരാഗൃഹത്തിലടച്ച കംസൻ ഇടയ്ക്കിടെ അദ്ദേഹത്തോട് കൂടെ കഴിയാൻ രോഹിണിയ്ക്ക് അനുമതി നൽകിയിരുന്നു. ഏഴാമത്തെ തവണ ഗർഭിണിയായ ദേവകിക്കൊപ്പം രോഹിണിയും ഗർഭിണിയായിരുന്നു. 

തന്‍റെ പുത്രന്മാരെ ഒന്നൊന്നായി വധിച്ചുകൊണ്ടിരുന്ന കംസൻ സംശയം തോന്നി എങ്ങാനും രോഹിണിയുടെ പിറക്കാൻ പോകുന്ന കുഞ്ഞിനേയും വധിച്ചാലോ എന്ന് ഭയന്ന് വസുദേവർ രോഹിണിയെ സുരക്ഷക്കായി തന്‍റെ സഹോദരൻ നന്ദഗോപരുടെ പക്കലേക്ക് അയച്ചു. അപ്പോൾ രോഹിണിക്ക് മൂന്ന് മാസമായിരുന്നു. നാലാം മാസത്തിൽ ഭഗവാന്‍റെ യോഗമായ ശക്തി രോഹിണിയുടെ ഗർഭത്തിലുണ്ടായിരുന്ന കുഞ്ഞിനെ മാറ്റി പകരം ദേവകിയുടെ ഗർഭത്തിലുണ്ടായിരുന്ന കുഞ്ഞിനെ വച്ചു. 

ശ്രീകൃഷ്ണന്‍റെ ജനനത്തിന് എട്ട് ദിവസം മുമ്പ് രോഹിണി പ്രസവിച്ചു. ആ കുഞ്ഞാണ് ആദിശേഷന്‍റെ അവതാരമായ ബലരാമൻ.

നന്ദഗോപരുടെ ഭവനത്തിലെത്തിയ രോഹിണിയും യശോദയും ഒരു മനസ്സും രണ്ട് ശരീരവും പോലെയാണ് ജീവിച്ചത്. പാതിവ്രത്യത്തിന് പ്രസിദ്ധയായിരുന്ന രോഹിണിയുടെ സാന്നിദ്ധ്യം തന്നെയും ഒരു കുഞ്ഞിക്കാൽ കാണാൻ സഹായിക്കുമെന്ന് യശോദ കരുതി. രോഹിണി യശോദയ്ക്ക് സ്വന്തം സഹോദരിയെപ്പോലെ ആയിരുന്നു. ഗൃഹഭരണം ഒട്ടുമുക്കാലും യശോദ രോഹിണിയ്ക്ക് കൈമാറി. രോഹിണിയ്ക്ക് പുത്രൻ പിറന്നപ്പോൾ യശോദയുടെ ആനന്ദത്തിന് അതിരില്ലായിരുന്നു. വളരെ രഹസ്യമായിട്ടാണ് ബലരാമന്‍റെ ജാതകർമ്മവും മറ്റും നടത്തപ്പെട്ടത്. എന്നാലും പതിവിയോഗത്തിന്‍റെ ദുഃഖം രോഹിണിയെ വല്ലാതെ അലട്ടിയിരുന്നു. എന്നാൽ നന്ദഭവനത്തിൽ വന്നെത്തിയ ശ്രീകൃഷ്ണനെ കണ്ടതും രോഹിണിയുടെ എല്ലാ ദുഖങ്ങളും പോയകന്നു. തുടർന്നുള്ള പതിനൊന്ന് വർഷവും ആറ് മാസവും രോഹിണി ശ്രീകൃഷ്ണനോടും ബലരാമനോടുമൊപ്പം ആനന്ദകരമായി ചിലവിട്ടു.

മഥുരയിൽനിന്നും ദ്വാരകയിലേയ്ക്ക് പോകുമ്പോൾ രോഹിണിയും ശ്രീകൃഷ്ണനോടൊപ്പം ഉണ്ടായിരുന്നു. പ്രഭാസത്തിൽ വെച്ച് ശ്രീകൃഷ്ണനാൽ യദുവംശം ഉന്മൂലനം ചെയ്യപ്പെട്ടതറിഞ്ഞ് ഓടിയെത്തിയ രോഹിണി ബലരാമനേയും ശ്രീകൃഷ്ണനേയും അവിടെ കാണാഞ്ഞപ്പോൾ മൂർച്‌ഛിച്ചു വീണു. പിന്നെയൊരിക്കലും ഉണർന്നില്ല.

ബലരാമനെക്കൂടാതെ രോഹിണിയ്ക്ക് ഗദൻ, സാരണൻ, ദുർമ്മദൻ, വിപുലൻ, ധ്രുവൻ തുടങ്ങി അനേകം പുത്രന്മാർ ഉണ്ടായിരുന്നു.

മലയാളം

മലയാളം

പുരാണ കഥകള്‍

Click on any topic to open

0

Copyright © 2026 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize

We use cookies