യമരാജൻ മനുഷ്യനായി ജന്മമെടുക്കുന്നു

യമരാജൻ മനുഷ്യനായി ജന്മമെടുക്കുന്നു

ശാന്തനുവിന്‍റെയും സത്യവതിയുടെയും പുത്രനായ വിചിത്രവീര്യൻ കാശിരാജാവിന്‍റെ പുത്രിമാരായ അംബികയേയും അംബാലികയേയും വിവാഹം കഴിച്ചു. എന്നാൽ അദ്ദേഹം സന്താനമില്ലാതെ അകാലത്തിൽ മരണപ്പെട്ടു. തുടർന്ന് 'നിയോഗം' എന്ന ധർമ്മമനുസരിച്ച് അംബികയും അംബാലികയും സത്യവതീപുത്രനായ വ്യാസനിൽനിന്നും ഗർഭം ധരിച്ചു. 

വ്യാസന്‍റെ രൂപം ഭയാനകമായിരുന്നു. അതുകൊണ്ട് ഗർഭധാരണസമയത്ത് അംബിക തന്‍റെ കണ്ണുകൾ ഇറുക്കിയടച്ചു. അംബികയ്ക്ക് പിറന്ന കുഞ്ഞ് (ധൃതരാഷ്ട്രർ) അന്ധനായിത്തീർന്നു. അതുപോലെതന്നെ അംബാലിക ഗർഭധാരണസമയത്ത് ഭയം കൊണ്ട് വിളറി വെളുത്തു. അംബാലികയ്ക്ക് പിറന്ന കുഞ്ഞ് (പാണ്ഡു) വിളറിയ നിറത്തോട് കൂടിയവനായിത്തീർന്നു.

സത്യവതി അംബികയോട് വ്യാസനിൽനിന്നും വീണ്ടും  ഗർഭം ധരിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ വ്യാസന്‍റെ രൂപത്തെ ഭയന്ന് അംബിക തനിക്ക് പകരം തന്‍റെ ദാസിയെ അണിയിച്ചൊരുക്കി അയച്ചു. അങ്ങനെയായിരുന്നു വിദുരരുടെ ജന്മം.

 

ഒരു ശാപം നിമിത്തം യമരാജന് ഭൂമിയിൽ എടുക്കേണ്ടിവന്ന അവതാരമായിരുന്നു വിദുരർ. 

എന്തായിരുന്നു ആ ശാപം?

മാണ്ഡവ്യൻ എന്നൊരു മുനിയുണ്ടായിരുന്നു. ഒരിക്കൽ അദ്ദേഹം തന്‍റെ ആശ്രമമുറ്റത് ഒരു മരച്ചുവട്ടിലിരുന്ന് തപസ്സ് ചെയ്യുകയായിരുന്നു. അപ്പോൾ ഒരു കൂട്ടം തസ്കരന്മാർ മോഷണമുതലുമായി അവിടെ വന്നുചേർന്നു. അവരെ ഭടന്മാർ പിന്തുടരുന്നുണ്ടായിരുന്നു. അവർ ആശ്രമത്തിനുള്ളിൽ കയറി ഒളിച്ചു. പുറകെ എത്തിച്ചേർന്ന ഭടന്മാർ മുനിയോട് തസ്കരന്മാരെ കണ്ടുവോ എന്ന് ചോദിച്ചു. തപസ്സിലായിരുന്ന അദ്ദേഹം മറുപടിയൊന്നും പറഞ്ഞില്ല. ആശ്രമത്തിനുള്ളിൽ കയറി പരിശോധിച്ച ഭടന്മാർ തസ്കരന്മാരെയും മോഷണമുതലും കണ്ടെത്തി. മുനി തസ്കരന്മാരുടെ തലവനായിരിക്കും എന്ന് കരുതി ഭടന്മാർ തസ്കരന്മാർക്കൊപ്പം മുനിയേയും രാജസന്നിധിയിൽ എത്തിച്ചു.

രാജാവ് എല്ലാവർക്കും വധശിക്ഷ വിധിച്ചു. അത് പ്രകാരം ഭടന്മാർ മുനിയെ ഒരു ശൂലത്തിനുമേലേറ്റി മരിക്കാനായി വിട്ടു. ഏറെ നാൾ കഴിഞ്ഞിട്ടും മുനി മരിച്ചില്ല. ആ അവസ്ഥയിൽ അദ്ദേഹത്തെ കാണാനെത്തിയ മറ്റ് മുനിമാരോടും മറ്റും മാണ്ഡവ്യൻ പറഞ്ഞു, 'ഞാൻ ആരേയും ദ്രോഹിച്ചിട്ടില്ല, ഒരു കുറ്റവും ചെയ്തിട്ടില്ല.'

 

ഏറെ നാളായിട്ടും മുനി മരിച്ചില്ല എന്ന അദ്‌ഭുതം കേട്ട് രാജാവ് മുനിയുടെ പക്കൽ വന്ന് മാപ്പപേക്ഷിച്ചു, 'അങ്ങയുടെ മഹത്വം എനിക്കറിയില്ലായിരുന്നു. ഞാൻ ഘോരമായ അപരാധമാണ് ചെയ്തത്.'

രാജാവ് മുനിയെ താഴെയിറക്കി ശൂലം ഊരിയെടുക്കാൻ ഉത്തരവിട്ടു.

പലരും മാറി മാറി ശ്രമിച്ചിട്ടും ശൂലം ഊരിയെടുക്കാനായില്ല. ശൂലത്തിന്‍റെ പുറമെ കാണുന്ന ഭാഗം മുറിച്ചുമാറ്റി. ശരീരത്തിനുള്ളിൽ അവശേഷിച്ച ഭാഗവുമായി മുനി പലയിടത്തും ചുറ്റിസഞ്ചരിച്ചു. അദ്ദേഹം 'അണിമാണ്ഡവ്യൻ' എന്നറിയപ്പെട്ടു. 'അണി' എന്നാൽ കുറ്റി.

മരണശേഷം യമലോകത്തെത്തിയ മാണ്ഡവ്യൻ യമരാജനോട് ചോദിച്ചു, 'ഇത്ര വലിയ ശിക്ഷയനുഭവിക്കാൻ ഞാൻ എന്താണ് ചെയ്തത്?'

യമരാജൻ പറഞ്ഞു, 'ചെറിയ പ്രായത്തിൽ അങ്ങ് നിരപരാധികളായ പക്ഷികളെ കൂർത്ത പുൽത്തണ്ടുകൾ കൊണ്ട് കുത്തി നോവിക്കുമായിരുന്നു.'

മാണ്ഡവ്യൻ ചോദിച്ചു, 'ഞാൻ എത്ര വയസ്സിലാണ് ഇത് ചെയ്‌തത്‌?'

യമരാജൻ പറഞ്ഞു, 'പന്ത്രണ്ട് വയസ്സിൽ.'

മാണ്ഡവ്യൻ പറഞ്ഞു, 'ആ പ്രായത്തിൽ കുഞ്ഞുങ്ങൾക്ക് ധർമ്മബോധം ഉണ്ടാവില്ല. ഇനി മുതൽ പതിനാല് വയസ്സിന് മുമ്പ് കുഞ്ഞുങ്ങൾ ചെയ്യുന്നത് ഒന്നും തന്നെ അപരാധമായി കണക്കാക്കപ്പെടുകയില്ല. ഇത്രയും ചെറിയ കുറ്റത്തിന് അങ്ങെനിക്ക് വളരെ വലിയ ശിക്ഷയാണ് നൽകിയത്. അങ്ങേയ്ക്ക് നീതിബോധം നഷ്ടപ്പെട്ടിരിക്കുന്നു. അതിന്‍റെ ഫലമായി അങ്ങേയ്ക്ക് ഭൂമിയിൽ മനുഷ്യനായി ജനിക്കേണ്ടിവരും.'

 

ഇങ്ങനെയാണ് യമരാജൻ വിദുരരായി ജന്മമെടുത്തത്.

മലയാളം

മലയാളം

ഇതിഹാസങ്ങൾ

Click on any topic to open

0

Copyright © 2026 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize

We use cookies