മത്സ്യാവതാരം

matsya avatara

ഭഗവാന്‍ എന്തിനാണ് മത്സ്യാവതാരം എടുത്തത് എന്നറിയേണ്ടേ?

ഒരിക്കല്‍ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടാല്‍ അത് 432 കോടി വര്‍ഷം നിലനില്‍ക്കും.

അതിനൊടുവില്‍ ഒരു പ്രളയം ഉണ്ടായി എല്ലാം സംഹരിക്കപ്പെടും.

പ്രളയത്തില്‍ ഭൂമി തുടങ്ങിയ ലോകങ്ങളെല്ലാം ജലത്തിനടിയിലാകും.

 

ഇപ്പോഴത്തെ കല്പത്തിന് തൊട്ടു മുമ്പുള്ള കല്പത്തിനൊടുവില്‍, പ്രളയത്തിന് മുമ്പ് ….

 

മനു ആയിരുന്നു ഭൂമിയുടെ അധിപന്‍.

മനുഷ്യവംശത്തിന്‍റെ ആദിപിതാവാണ് മനു.

ഒരു ദിവസം കൃതമാല എന്ന നദിയില്‍ തന്‍റെ പിതൃക്കള്‍ക്കായി തര്‍പ്പണം (ജലസമര്‍പ്പണം) ചെയ്യുമ്പോള്‍ മനുവിന്‍റെ കൈക്കുടന്നയില്‍ ഒരു കുഞ്ഞു മത്സ്യം വന്നകപ്പെട്ടു.

മനു അതിനെ തിരിച്ചു വെള്ളത്തിലേക്കിടാന്‍ നോക്കിയപ്പോള്‍ മത്സ്യം അപേക്ഷിച്ചു - എന്നെ തിരികെയിടരുതേ.

ഈ നദിയില്‍ ക്രൂരന്മാരായ ജലജന്തുക്കളുണ്ട്.

എനിക്കവരെ ഭയമാണ്.

മനു മത്സ്യത്തെ തന്‍റെ കമണ്ഡലുവിലിട്ട് കൊട്ടാരത്തിലേക്ക് കൊണ്ടുവന്നു.

ഇതിനോടകം തന്നെ ആ മത്സ്യം കമണ്ഡലുവിനോളം വലുതായിക്കഴിഞ്ഞിരുന്നു.

മത്സ്യം പറഞ്ഞു - എനിക്ക് ഇത്രയിടം പോരാ.

ഉടനെ തന്നെ മത്സ്യത്തെ ഒരു വലിയ പാത്രത്തിലേക്ക് മാറ്റി.

മത്സ്യം വളര്‍ന്നുകൊണ്ടേയിരുന്നു.

വളരുന്നതനുസരിച്ച് അതിനെ കുളത്തിലേക്കും തടാകത്തിലേക്കുമൊക്കെ മാറ്റി.

ഒടുവില്‍ സമുദ്രത്തില്‍ കൊണ്ടുചെന്നിട്ടു.

മനുവിന് ഉറപ്പായി അതൊരു സാധാരണ മത്സ്യമല്ലെന്ന്.

കൈകൂപ്പി അദ്ദേഹം മത്സ്യത്തോട് പറഞ്ഞു - അങ്ങ് ഭഗവാന്‍ നാരായണനാണെന്ന് എനിക്കറിയാം.

എന്തിനാണെന്നെ ഇങ്ങനെ പരീക്ഷിക്കുന്നത്?

മത്സ്യം പറഞ്ഞു - ശരിയാണ് ഞാന്‍ നാരായണനാണ്.

ഈ ലോകത്തെ രക്ഷിക്കാനാണ് ഞാന്‍ മത്സ്യരൂപത്തില്‍ അവതാരമെടുത്തിരിക്കുന്നത്.

ഇന്നേക്ക് ഏഴാം ദിവസം ഈ ലോകം മുഴുവന്‍ ജലത്തിലാണ്ടു പോകും.

അപ്പോള്‍ നിന്‍റെ പക്കല്‍ ഒരു തോണിയെത്തും.

അതില്‍ അടുത്ത സൃഷ്ടിക്കുതകുന്ന എല്ലാത്തരം ബീജങ്ങളും സംഭരിച്ച് സപ്തര്‍ഷികളേയും വിളിച്ചു വരുത്തി ബ്രഹ്മാവിന്‍റെ രാത്രി തീരുന്നതുവരെ കാത്തിരിക്കുക.

 

( പ്രളയത്തിനുശേഷം 432 കോടി വര്‍ഷം ബ്രഹ്മാവിന്‍റെ രാത്രികാലമാണ്. ഇതിനു ശേഷമാണ് ബ്രഹ്മാവ് വീണ്ടും പ്രപഞ്ചത്തെ സൃഷ്ടിക്കുന്നത് )

 

മത്സ്യരൂപിയായ ഭഗവാന്‍ തുടര്‍ന്നു - പ്രളയജലത്തിലെ കൂറ്റന്‍ തിരമാലകളില്‍പ്പെട്ട് ഉലയാതിരിക്കാന്‍ തോണി എന്‍റെ കൊമ്പില്‍ കെട്ടിയിടണം.

ഇത്രയും പറഞ്ഞ് മത്സ്യം അപ്രത്യക്ഷമായി.

ഏഴ് ദിവസങ്ങള്‍ക്ക് ശേഷം പ്രളയജലം ലോകത്തെ വിഴുങ്ങാന്‍ തുടങ്ങി.

തോണിയും ഭീമാകാരമായ രൂപത്തില്‍ കൊമ്പോടുകൂടിയ ഒരു മത്സ്യവും പ്രത്യക്ഷപ്പെട്ടു.

ഭഗവാന്‍റെ നിര്‍ദ്ദേശമനുസരിച്ച് മനു പ്രവര്‍ത്തിച്ചു.

പ്രളയത്തിനൊടുവില്‍ അടുത്ത കല്പമാരംഭിച്ചപ്പോള്‍ വീണ്ടും കര്‍മ്മനിരതനായി.

 

ഭഗവാന്‍റെ മത്സ്യാവതാരം ഓരോ കല്പാന്തത്തിലുമുണ്ടാകും. 

 

 

 

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |