നാമജപം

നാമജപം

കന്യാകുബ്ജത്തില്‍ അജാമിളന്‍ എന്നൊരാള്‍ ഉണ്ടായിരുന്നു.

സല്‍സ്വഭാവി ആയിരുന്ന അയാള്‍ ഒരു വേശ്യയെ കണ്ടുമുട്ടിയതോടെ ആകെ മാറി.

അവളുടെ സൗന്ദര്യത്തില്‍ മയങ്ങി സ്വന്തം ഭാര്യയേയും കുടുംബത്തേയും ഉപേക്ഷിച്ചു.

കടം വാങ്ങി വരെ വേശ്യയുടെ ആവശ്യങ്ങള്‍ നിറവേറ്റി.

 

അങ്ങനെ എണ്‍പത്തിയെട്ടാം വയസില്‍ അയാളുടെ അന്ത്യകാലമടുത്തു.

അതിനകം അയാള്‍ക്ക് പത്ത് കുട്ടികളും ആയിക്കഴിഞ്ഞിരുന്നു.

ഏറ്റവും ഇളയ മകന്‍റെ പേര് നാരായണന്‍.

 

പ്രാണനെടുക്കാന്‍ വന്ന യമദൂതന്മാരെക്കണ്ട് ഭയന്ന അജാമിളന്‍ ദൂരെ കളിച്ചുകൊണ്ടിരുന്ന തന്‍റെ മകനെ ഉച്ചത്തില്‍ വിളിച്ചു - നാരായണാ, നാരായണാ.

വിഷ്ണുവിന്‍റെ  പേര് വിളിക്കുന്നത് കേട്ട് ഭഗവാന്‍റെ അനുചരന്മാര്‍ ഓടിയെത്തി.

യമദൂതന്മാരെ തടഞ്ഞു,

യമദൂതന്മാര്‍ പറഞ്ഞു - ഇവന്‍ മഹാപാപിയാണ്.

ഇവനെ യമലോകത്തില്‍ കൊണ്ടുപോയി ശരിയായ ശിക്ഷ കൊടുത്താലെ പാപങ്ങള്‍ നീങ്ങി ശുദ്ധനാകൂ.

ഭഗവാന്‍റെ അനുചരന്മാര്‍ പറഞ്ഞു - അത് വേണ്ടി വരില്ല.

അവന്‍ ഭഗവാന്‍റെ പേര് വിളിച്ചത് കേട്ടില്ലേ?

അതുകൊണ്ട് തന്നെ അവന്‍റെ പാപങ്ങളെല്ലാം തന്നെ തീര്‍ന്നു.

ഈ ജന്മത്തിലെ മാത്രമല്ല, കോടി ജന്മങ്ങളിലെ പാപങ്ങള്‍ വരെ ഭഗവാന്‍റെ ദിവ്യനാമം ഒരിക്കല്‍ ഉച്ചരിച്ചാല്‍ മതി, തീരും.

അത്ര മാത്രം ശക്തിയുണ്ട് ഭഗവന്നാമത്തില്‍.

 

പുരാണങ്ങളില്‍ പറയുന്നുണ്ട് -

 

യസ്യ സ്മൃത്യാ ച നാമോക്ത്യാ തപോദാനക്രിയാദിഷു.

ന്യൂനം സമ്പൂർണതാം യാതി സദ്യോ വന്ദേ തമച്യുതം..

 

ഭഗവാന്‍റെ നാമം ഉച്ചരിച്ചാല്‍ ദാനം, തപസ്, പൂജ എന്നിവയിലുള്ള എല്ലാ ന്യൂനതകളും പരിഹരിക്കപ്പെടും.

 

അവശേനാപി യന്നാമ്നി കീർതിതേ സർവപാതകൈഃ.

പുമാൻ വിമുച്യതേ സദ്യഃ സിംഹത്രസ്തൈർമൃഗൈരിവ..

 

ഭഗവാന്‍റെ നാമം കേട്ടാല്‍ സിംഹത്തില്‍ നിന്നും മാന്‍കൂട്ടം ഭയന്നോടുന്നതുപോലെ ദുരിതങ്ങളും ഓടിയൊളിക്കും.

 

എല്ലാ ദുരിതങ്ങള്‍ക്കുമുള്ള പരിഹാരമാണ് നാമജപം.

നാമജപം ചെയ്യുന്ന ഭക്തനെ ഭഗവാന്‍ തന്‍റേതായി കരുതി സംരക്ഷിക്കുന്നു.

നാമം ജപിച്ചുകൊണ്ടിരുന്നാല്‍ മനസില്‍ ജ്ഞാനം തനിയെ പ്രകാശിക്കും.

ദുരിതങ്ങളെ വേരോടെ പിഴുതെറിയണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഉള്ള മാര്‍ഗമാണ് നാപജപം.

 

ഭക്തി കൊണ്ട് മാത്രമല്ല, തമാശക്കായും, നിന്ദ കൊണ്ടും, അവജ്ഞ കൊണ്ടും വരെ ഭഗവന്നാമം എടുത്തവര്‍ക്ക് നല്ല ഫലം ലഭിച്ചതായി പുരാണങ്ങളില്‍ കാണുന്നുണ്ട്.

ഒരിക്കല്‍ പോലും ഭഗവാന്‍റെ പേരെടുത്താല്‍ വിളക്ക് ഇരുട്ടിനെ നീക്കുന്നതുപോലെ അത് ദുരിതങ്ങളെ ഇല്ലാതാക്കും.

നാമം തുടര്‍ച്ചയായി ജപിക്കുന്നവരുടെ തെറ്റ് ചെയ്യാനുള്ള പ്രവണതയും ഇല്ലാതാകും.

 

നാമജപത്തില്‍ ഭക്തി ആവശ്യമുണ്ടോ?

നിര്‍ബന്ധമൊന്നുമില്ല.

ഭക്തിയുണ്ടെങ്കിലും ഇല്ലെങ്കിലും നാമജപം ഫലം ചെയ്യും.

മരുന്നിന്‍റെ ഗുണഗണങ്ങള്‍ അറിയാത്ത രോഗിയും സുഖപ്പെടുന്നില്ലേ?

ശക്തി നാമത്തിലാണ്.

ജപിക്കുന്നയാളുടെ കഴിവിലോ ചിന്തയിലോ അല്ല.

ഭക്തിയുണ്ടെങ്കില്‍ അധികം ഫലം ലഭിക്കും.

 

നാമം ജപിക്കാന്‍ ഗുരുവിന്‍റെ ഉപദേശം ആവശ്യമുണ്ടോ?

ഇല്ല.

 

ഇതെല്ലാം പറഞ്ഞിട്ട്  ഭഗവാന്‍റെ അനുചരന്മാര്‍ അജാമിളനെ യമദൂതന്മാരില്‍ നിന്നും വിടുവിച്ചു.

അജാമിളന്‍ തന്‍റെ ശേഷജീവിതം ഭഗവാന്‍റെ പൂജക്കായി ചിലവഴിച്ച് മോക്ഷം നേടി.

 

 

 

 

ഗുരുവായൂരിലെ കൊടിമരം

ഗുരുവായൂരിലെ ആദ്യത്തെ കൊടിമരം മലകുറുന്തോട്ടി കൊണ്ടുള്ളത് ആയിരുന്നു.

അര്‍ജുനന്‍റെ പാശുപതാസ്ത്രം

അര്‍ജുനന് പരമശിവന്‍ പാശുപതാസ്ത്രം കൊടുത്ത സങ്കല്പത്തിലുള്ള പ്രതിഷ്ഠയാണ് കാസര്‍കോഡ് ജില്ലയിലെ അഡൂര്‍ മഹാലിംഗേശ്വര ക്ഷേത്രത്തിലുള്ളത്.

Quiz

ശ്രീനാരായണഗുരുവിന് ചട്ടമ്പിസ്വാമികള്‍ ഉപദേശിച്ച മന്ത്രമേത്?

00:03:14

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |