
ആത്മരാധനക്ക് ശേഷം താന്ത്രിക പൂജയിൽ അടുത്തത് ഗണപതി നിവേദ്യം. ലഘുവായ പൂജയിൽ പ്രധാന ദേവതയ്ക്ക് അഗ്നികോണിലായി ഇരിക്കുന്ന വിളക്കിലോ സ്വസ്തിക മണ്ഡലത്തിലോ ഗണപതിയെ സങ്കൽപ്പിച്ച് അവൽ, മലർ തുടങ്ങി ഗണപതിക്ക് പ്രിയമായ ദ്രവ്യങ്ങൾ ഗണപതി മൂലമന്ത്രം കൊണ്ട് ജലവും ചന്ദനവും പുഷ്പവും അർച്ചിച്ചതിനു ശേഷം നിവേദിക്കുന്നു. നിർവിഘ്നതക്കായി പ്രാർത്ഥിക്കുന്നു. വലിയ പൂജകളിൽ ഇതിനോടൊപ്പം തന്നെ ഈശാനത്തിൽ ഗുരുവിനെ പൂജിച്ച് ഗുരുവിന് അർഘ്യം സമർപ്പിക്കുന്നു.
അടുത്തതായി പീഠപൂജ. ദേവതയുമായി ബന്ധപ്പെട്ട ഓരോന്നിനും ദിവ്യചൈതന്യം കൽപ്പിക്കുന്നുണ്ട്. ദേവത ഇരിക്കുന്നത് ഒരു പീഠത്തിന് മുകളിലാണ്. ഇതിന് ആറ് ഘടകങ്ങളുണ്ട്. ആധാരശക്തി, മൂലപ്രകൃതി, ആദികൂർമ്മം, അനന്തൻ, പൃഥ്വി - ഇതിനു മുകളിൽ പത്മം അല്ലെങ്കിൽ താമര. അതിനു മുകളിൽ ദേവത ഇരിക്കുന്നു. ഇവയെ ആറിനെയും ജലാദി ജലാന്തം പൂജിക്കണം. വലിയ പൂജകളിൽ മറ്റ് അവാന്തര ഘടകങ്ങളെയും പൂജിക്കുന്നുണ്ട്.
ഇത് കഴിഞ്ഞാൽ മൂർത്തികല്പന. പ്രണവം കൊണ്ടും ശക്തി മന്ത്രം കൊണ്ടും (ശക്തി മന്ത്രം എന്നാൽ ഹ്രീം തുടങ്ങിയവ) ആ ദേവതയുടെ മൂലമന്ത്രം കൊണ്ടും ഓരോരോ പുഷ്പം ആ പീഠത്തിൽ അർച്ചിക്കുന്നു. ഈ പീഠത്തിന് മുകളിൽ ഇന്ന ദേവതയെ താൻ ആരാധിക്കുവാൻ പോകുന്നു എന്നതിൻ്റെ മുന്നോടിയാണ് ഈ മൂർത്തികല്പന.
തൻ്റെ ശരീരത്തിൽ ഉണർത്തിയ ഈശ്വര ചൈതന്യത്തെ മുൻപിലുള്ള വിഗ്രഹത്തിലേക്ക് പകരണം. ഇതിനാണ് ആവാഹന എന്ന് പറയുന്നത്. പ്രതിഷ്ഠാകാലത്തിൽ തന്ത്രി ചെയ്യുന്ന പ്രാണപ്രതിഷ്ഠയും ജീവാവാഹനയും ഈ ചൈതന്യത്തെ ഇദംപ്രഥമമായി വലിയ മാത്രയിൽ ആ ശിലാവിഗ്രഹത്തിലേക്ക് പകരുന്നതാണ്. ഇതിനായി നേരത്തെ പറഞ്ഞ പുരശ്ചരണം ചെയ്ത് ലക്ഷക്കണക്കിന് മൂലമന്ത്രം ജപിച്ച് ആ ചൈതന്യത്തെ മുഴുവനായും തന്ത്രി വിഗ്രഹത്തിലേക്ക് പകരണം. ഈ പകർന്ന ചൈതന്യം അല്പം അല്പം ദിനംപ്രതി ക്ഷയിച്ചു കൊണ്ടിരിക്കും പല കാരണങ്ങൾ കൊണ്ട്. ഇതിനെയാണ് ശാന്തിക്കാരൻ നിത്യപൂജയിലൂടെ വീണ്ടും നിറയ്ക്കുന്നത്, പുനഃപൂരണം ചെയ്യുന്നത്.
ഈ ആവാഹനയെ പറ്റിയാണ് ഇനി പറയാൻ പോകുന്നത്. ആദ്യമേ പൂജകൻ ദേഹശുദ്ധി, പ്രാണായാമം, ന്യാസങ്ങൾ ഇവ വഴി ശരീരത്തിൽ ദേവതാ ചൈതന്യത്തെ സകലീകരിച്ചു കഴിഞ്ഞു. ഇതിനുശേഷം തൻ്റെ മൂലാധാരത്തിൽ ഉറങ്ങിക്കിടക്കുന്ന കുണ്ഡലിനി ശക്തിയുടെ പതിനാറിലൊരംശം അതിൽ നിന്ന് വേർപ്പെടുത്തി അതിനെ സുഷുമ്നാ മാർഗ്ഗത്തിലൂടെ സഹസ്രാര പത്മത്തിൽ എത്തിക്കുന്നു. ഇതിനായി പ്രണവമാണ് ഉപയോഗിക്കുന്നത്. പ്രണവം ഒന്ന് ജപിച്ച് കുണ്ഡലിനി ശക്തിയെ ഇളക്കി ഉണർത്തി, വീണ്ടും ഒരിക്കൽ പ്രണവം ജപിച്ച് പതിനാറിലൊരംശം അതിൽ നിന്ന് വേർപ്പെടുത്തി, വീണ്ടും ഒരിക്കൽ പ്രണവം ജപിച്ച് ആ വേർപ്പെടുത്തിയ ചൈതന്യത്തെ അനാഹത ചക്രം (ഹൃദയസ്ഥാനത്തെ ചക്രം) വരെ എത്തിക്കുന്നു. ആ ചൈതന്യത്തെ അവിടെ ഉപചാര മന്ത്രം കൊണ്ട് വന്ദിച്ച്, വീണ്ടും ഒരിക്കൽ പ്രണവം ജപിച്ച് അവിടുന്ന് ഇളക്കി, വീണ്ടും ഒരിക്കൽ പ്രണവം ജപിച്ച് സുഷുമ്നാ മാർഗ്ഗേന സഹസ്രാരത്തിൽ എത്തിക്കുന്നു.
ഇപ്പോൾ വരെ ഈ ചൈതന്യത്തിന് ദേവതാഭേദം ഒന്നുമില്ല, ഇത് ശുദ്ധമായ കുണ്ഡലിനി ശക്തിയാണ്. സഹസ്രാരത്തിൽ വെച്ച് ഏത് ദേവതയെയാണോ ആവാഹിക്കേണ്ടത് ആ ദേവതയുടെ മൂലമന്ത്രം മൂന്നുരു ജപിച്ച് ആ ചൈതന്യത്തെ ആ ദേവതയുടെ ചൈതന്യമാക്കി തീർക്കുന്നു. ഇതിൽ നിന്നും ഒരു കാര്യം മനസ്സിലാക്കണം, എല്ലാത്തര ദേവതാ ചൈതന്യങ്ങൾക്കും ആധാരം ഒന്നുതന്നെയാണ് - കുണ്ഡലിനി ശക്തി. ഫാനിനെ പ്രവർത്തിപ്പിക്കുന്നത്, ബൾബിനെ ജ്വലിപ്പിക്കുന്നത്, സ്പീക്കറിലൂടെ പാട്ടായി വരുന്നത് ഇതെല്ലാം ഒരേ വൈദ്യുതിയാണ് എന്നതുപോലെ. ഇവിടെ പൂജകനാണ് തീരുമാനിക്കുന്നത് തൻ്റെ ഉള്ളിലെ കുണ്ഡലിനി ശക്തിക്ക് ഏത് ദേവതയുടെ രൂപമാണ് കൊടുക്കേണ്ടതെന്ന്.
ഇങ്ങനെ ഒരു പ്രത്യേക ദേവതയുടെ ചൈതന്യമാക്കി മാറ്റിയ ആ ശക്തിയെ സുഷുമ്നയിലൂടെ തന്നെ താഴേക്കിറക്കി വീണ്ടും മൂലാധാരത്തിൽ കൊണ്ടുവന്ന് സ്ത്രീ-പുരുഷ ദേവതാഭേദം അനുസരിച്ച് മൂലാധാരത്തിൽ നിന്നും ഇടയിലൂടെയോ പിംഗളയിലൂടെയോ വീണ്ടും മുകളിലേക്ക് ഉയർത്തി അവയുടെ അഗ്രങ്ങളായ ഇടത്തെ നാസാരന്ധ്രത്തിലൂടെയോ വലത്തെ നാസാരന്ധ്രത്തിലൂടെയോ ശ്വാസത്തിലൂടെ പുറത്തെടുത്ത് കൈക്കുമ്പിളിൽ വെച്ചിരിക്കുന്ന ഗന്ധപുഷ്പാക്ഷതങ്ങളിലേക്ക് പകരുന്നു. ആ ചൈതന്യത്തെ പകരുന്നു. ഈ പകർന്ന ചൈതന്യത്തെ ആ ഗന്ധപുഷ്പാക്ഷതങ്ങൾ മുൻപിലുള്ള വിഗ്രഹത്തിൻ്റെ അനാഹത ചക്രത്തിൽ ചേർത്ത് ആ വിഗ്രഹത്തിലേക്ക് പകരുന്നു. വിഗ്രഹമാകാം, കലശമാകാം, വിളക്കാകാം.
Astrology
Bhagavad Gita
Bhagavatam
Bharat Matha
Devi
Devi Mahatmyam
Ganapathy
Garuda Puranam
Glory of Venkatesha
Hanuman
Kathopanishad
Mahabharatam
Mantra Shastra
Mystique
Practical Wisdom
Purana Stories
Radhe Radhe
Ramayana
Rare Topics
Rigveda Explained
Rituals
Sages and Saints
Shiva
Spiritual books
Sri Suktam
Story of Sri Yantra
Temples
Vedas
Vishnu Sahasranama
Yoga Vasishta