ചെമ്പകശ്ശേരി രാജാവ് - ഐതിഹ്യമാല

ചെമ്പകശ്ശേരി രാജാവ് - ഐതിഹ്യമാല

പണ്ട് തെക്കുംകൂർ രാജ്യത്ത് (ഇപ്പോൾ തിരുവിതാംകൂറിൽ), ഏറ്റുമാനൂർ താലൂക്കിൽപ്പെട്ട കുമാരനല്ലൂർ പടിഞ്ഞാറ്റുംഭാഗത്ത് 'പുളിക്കൽച്ചെമ്പകശ്ശേരി' എന്ന് ഇല്ലപ്പേരുള്ള ഒരു നമ്പൂതിരിയുണ്ടായിരുന്നു. ആ ഇല്ലത്ത് ഒരു കാലത്ത് ഒരു ഉണ്ണിയും, ആ ഉണ്ണിയുടെ മാതാവായ വിധവയായ ഒരന്തർജ്ജനവുമല്ലാതെ പ്രായം തികഞ്ഞ പുരുഷന്മാരാരും ഇല്ലാതെയായി. ആ കുടുംബത്തിൽ അതികലശലായ ദാരിദ്ര്യവുമുണ്ടായിരുന്നു.

ആ കുടുംബത്തിലെ ഏക സന്താനമായ ഉണ്ണി ഉപനയനം കഴിഞ്ഞ് ബ്രഹ്മചാരിയായി വേദാദ്ധ്യയനം നടത്തി താമസിച്ചിരുന്ന കാലത്ത്, ഒരു ദിവസം മദ്ധ്യാഹ്നസമയത്ത് ആയുധപാണികളും അന്യനാട്ടുകാരുമായ അഞ്ഞൂറോളം നായന്മാർ കുമാരനല്ലൂരിൽ വന്നുചേർന്നു. അവർ കോഴിക്കോട്ടു രാജാവും കൊച്ചി രാജാവും തമ്മിലുണ്ടായ യുദ്ധത്തിൽ പരാജിതരായി പ്രാണരക്ഷാർത്ഥം ഓടിപ്പോന്ന സൈനികരായിരുന്നു. രണ്ടുമൂന്നു ദിവസമായി ഭക്ഷണം കഴിക്കാത്തതിനാൽ അവർ അത്യന്തം പരവശരായിരുന്നു. അവർ കുമാരനല്ലൂരിൽ വന്നപ്പോൾ, ചില ബ്രഹ്മചാരികളായ ഉണ്ണികളും ഉണ്ണിനമ്പൂതിരിമാരും കുളത്തിൽ മാദ്ധ്യന്ദിനം കഴിച്ച് കയറിപ്പോകുന്നത് കണ്ട് അവരുടെ അടുക്കൽച്ചെന്ന്, 'ഞങ്ങൾ ഭക്ഷണം കഴിച്ചിട്ട് ഇന്നേക്ക് രണ്ടുമൂന്നു ദിവസമായി. എവിടെച്ചെന്ന് ആരോട് ചോദിച്ചാലാണ് ഞങ്ങൾക്ക് ഒരു നേരത്തെ ആഹാരം കിട്ടുന്നത്?' എന്ന് ചോദിച്ചു.

ചില ഉണ്ണിനമ്പൂതിരിമാരും ബ്രഹ്മചാരികളും അത് കേട്ടിട്ട് ഒന്നും മിണ്ടാതെ പോയി. ചിലർ തിരിഞ്ഞുനിന്ന്, 'ഇതാ, ആ പുറകേ വരുന്ന ബ്രഹ്മചാരിയോട് ചോദിച്ചാൽ മതി. അദ്ദേഹം നിങ്ങൾക്ക് ഭക്ഷണം കഴിക്കുന്നതിന് എന്തെങ്കിലും മാർഗ്ഗമുണ്ടാക്കിത്തരാതിരിക്കില്ല. അദ്ദേഹം ധാരാളം സ്വത്തും ഔദാര്യവുമുള്ള ആളാണ്' എന്ന് പറഞ്ഞു. ഇത് പരിഹാസമായിട്ടാണ് പറഞ്ഞതെന്ന് സൈനികർക്ക് മനസ്സിലായില്ല. അവർ ആ ബ്രഹ്മചാരിയുടെ അടുക്കൽച്ചെന്ന് വന്ദിച്ച് തങ്ങൾക്ക് ഭക്ഷണത്തിന് വല്ലതും തരണമെന്ന് അപേക്ഷിച്ചു.

ആ ബ്രഹ്മചാരി പുളിക്കൽച്ചെമ്പകശ്ശേരിയിലെ ആയിരുന്നു. ആ ഇല്ലത്ത് അക്കാലത്ത് വലിയ ദാരിദ്ര്യമായിരുന്നു എന്ന് മുമ്പ് പറഞ്ഞിട്ടുണ്ടല്ലോ. ഈ ഭടന്മാരെ തന്‍റെ അടുക്കലേക്ക് പറഞ്ഞയച്ചത് തന്‍റെ സഹപാഠികളിൽ ചിലരാണെന്നും, താൻ ദരിദ്രനായതുകൊണ്ട് തന്നോടുള്ള പുച്ഛം നിമിത്തമാണ് അവർ ഇപ്രകാരം ചെയ്തതെന്നും ആ ബ്രഹ്മചാരിക്ക് മനസ്സിലായി. ഉടനെ അദ്ദേഹം തന്‍റെ കഴുത്തിൽ കിടന്നിരുന്ന പുലിനഖമോതിരം അഴിച്ച് ആ ഭടന്മാർക്ക് കൊടുത്തിട്ട്, 'നിങ്ങൾ ഇത് കൊണ്ടുപോയി വിറ്റ് അരിയും സാമാനങ്ങളുമെല്ലാം വാങ്ങി ഇപ്പോഴത്തെ ഭക്ഷണം കഴിക്കണം. വൈകുന്നേരത്തേക്ക് ഞാൻ വേറെ എന്തെങ്കിലും മാർഗ്ഗമുണ്ടാക്കിത്തരാം. ഊണ് കഴിച്ച് നിങ്ങൾ വേഗത്തിൽ വരണം, കാണാതെ പൊയ്ക്കളയരുത്' എന്ന് പറഞ്ഞ് അയച്ചു.

ആ ഭടന്മാർ പുലിനഖമോതിരം കൊണ്ടുപോയി വിറ്റ് അരി മുതലായവയെല്ലാം വാങ്ങി ഭക്ഷണം കഴിച്ചു. ഇപ്രകാരം ഔദാര്യമുള്ള ഈ ബ്രഹ്മചാരി ഏത് ഇല്ലത്തെയാണെന്നും അദ്ദേഹത്തിന്‍റെ സ്ഥിതി എപ്രകാരമാണെന്നും മറ്റും അന്വേഷിച്ചറിഞ്ഞ ശേഷം, അവർ വേഗത്തിൽ വീണ്ടും ആ ബ്രഹ്മചാരിയുടെ അടുക്കൽച്ചെന്ന് വന്ദിച്ച്, 'ഇനി അടിയങ്ങൾ എന്തുവേണമെന്ന് കല്പിക്കണം. കല്പന നിറവേറ്റാൻ അടിയങ്ങൾ സന്നദ്ധരാണ്. ഇന്ന് മുതൽ അവിടുന്ന് അടിയങ്ങളുടെ തമ്പുരാനും, അടിയങ്ങൾ അവിടുത്തെ ആജ്ഞാകരന്മാരുമാണ്. ഇനി അടിയങ്ങൾ മറ്റൊരാളെ ആശ്രയിച്ച് ഉപജീവിക്കണമെന്ന് വിചാരിക്കുന്നില്ല' എന്ന് പറഞ്ഞു.

ഇതുകേട്ട് ബ്രഹ്മചാരി, 'നിങ്ങൾ അങ്ങനെ നിശ്ചയിച്ചുവെങ്കിൽ ഞാനും അപ്രകാരം തന്നെ സമ്മതിച്ചിരിക്കുന്നു. നിങ്ങൾക്ക് ഭക്ഷണത്തിന് തരുന്നതിനെന്നല്ല, എനിക്ക് അഹോവൃത്തി കഴിക്കുന്നതിനുപോലും എന്‍റെ കൈവശമോ തറവാട്ടിലോ യാതൊന്നുമില്ല. എനിക്ക് വേണ്ടതുപോലും നിങ്ങൾ ഉണ്ടാക്കിത്തരേണ്ടതായിട്ടാണിരിക്കുന്നത്. അതിനാൽ നിങ്ങൾ ആദ്യമായി ചെയ്യേണ്ടത്, ഉച്ചയ്ക്ക് നിങ്ങളെ എന്‍റെ അടുക്കലേക്ക് പറഞ്ഞയച്ചവരുടെ ഇല്ലങ്ങളിൽക്കയറി കൊള്ളയടിച്ച് സർവസ്വവും അപഹരിക്കുകയാണ്. ഇത് കഴിഞ്ഞിട്ട് വേണ്ടത് ഞാൻ പിന്നീട് പറയാം' എന്ന് പറഞ്ഞു. ഉടൻ ആ ഭടന്മാർ, 'കല്പന പോലെ' എന്ന് പറഞ്ഞ് ആ ബ്രഹ്മചാരിയെ വീണ്ടും വന്ദിച്ചുകൊണ്ട് അവിടെനിന്നും പോയി ഓരോ നമ്പൂതിരിമാരുടെ ഇല്ലങ്ങളിലും കയറി കൊള്ളയിടാൻ തുടങ്ങി. ആ ലഹളയിൽ അവർ ചില ഇല്ലങ്ങളിലെ സർവസ്വവും അപഹരിക്കുക മാത്രമല്ല, ചിലരെ നിഗ്രഹിക്കുകയും ചെയ്തു.

പുളിക്കൽച്ചെമ്പകശ്ശേരിയിലെ ഉണ്ണി ഒരു ദിവസം, അക്കാലത്ത് ആ ദേശങ്ങളുടെ അധിപതിയായിരുന്ന തെക്കുംകൂർ രാജാവിന്‍റെ അടുക്കൽച്ചെന്ന്, തനിക്ക് താമസിക്കാൻ സ്വന്തമായി ഒരു സ്ഥലമില്ലെന്നും, വില കൊടുത്തു വാങ്ങാൻ സ്വത്തില്ലെന്നും, താനൊരു ദരിദ്രനാണെന്നും, ഇല്ലത്ത് താനും തന്‍റെ മാതാവുമല്ലാതെ വേറെ ആരുമില്ലെന്നും, അതിനാൽ ഒരു പുരയിടം ദാനമായി തരണമെന്നും അറിയിച്ചു. രാജാവ് ഇതുകേട്ട്, 'ഉണ്ണിക്ക് ഒരു ദിവസംകൊണ്ട് വെട്ടിയെടുക്കാവുന്നത്ര വിസ്താരത്തിൽ ഒരു പുരയിടം നമ്മുടെ രാജ്യത്തിനകത്ത് എവിടെയെങ്കിലും വെട്ടിവളച്ചെടുത്തുകൊള്ളുന്നതിന് നാം അനുവദിച്ചിരിക്കുന്നു' എന്ന് പറഞ്ഞു. ഉടനെ ഉണ്ണി, 'എന്നാൽ അപ്രകാരം ഒരു പ്രമാണംകൂടി തരണം, അല്ലെങ്കിൽ എനിക്കൊരു ഉറപ്പില്ലല്ലോ' എന്നറിയിച്ചു. രാജാവ് ഇതുകേട്ട് ഉടനെ തന്‍റെ മന്ത്രിയായ പുതിയിടത്തിൽ ഉണ്യാതിരിയെ വരുത്തി, മേൽപ്പറഞ്ഞ പ്രകാരം അനുവദിച്ചതായി ഒരു നീട്ട് എഴുതിക്കൊണ്ടുവരുവാൻ ആജ്ഞാപിച്ചു.

ബുദ്ധിമാനായ മന്ത്രി ഇതു കേട്ട് രാജാവിനോട് സ്വകാര്യമായി, 'ഇതിൽ എന്തോ ചതിയുണ്ടെന്നാണ് തോന്നുന്നത്. ഈ ഉണ്ണിക്ക് ഇപ്രകാരം ഒരു പുരയിടം കൊടുക്കാൻ അനുവദിച്ചാൽ, വാമനമൂർത്തിക്ക് മൂന്നടി ഭൂമി കൊടുത്ത മഹാബലിക്ക് പറ്റിയതുപോലെ ആയേക്കും. ഈ ഉണ്ണി ഒട്ടും കുറഞ്ഞവനല്ലെന്ന് അദ്ദേഹത്തിന്‍റെ മുഖലക്ഷണങ്ങൾ കൊണ്ടുതന്നെ സ്പഷ്ടമാകുന്നുണ്ട്' എന്ന് അറിയിച്ചു. രാജാവ് മന്ത്രിയുടെ ഉപദേശത്തെ അത്ര സാരമുള്ളതായി ഗണിച്ചില്ല. ഉടനെ മന്ത്രി നീട്ടെഴുതിക്കൊണ്ടുവരികയും രാജാവ് ഒപ്പും മുദ്രയും വെച്ച് നീട്ട് ഉണ്ണിക്ക് കൊടുത്തയയ്ക്കുകയും ചെയ്തു.

അതിന്‍റെ പിറ്റേദിവസം രാവിലെ ആ ബ്രഹ്മചാരി ഒരു ഉടവാളുമായി പുറപ്പെട്ട്, അക്കാലത്ത് കുമാരനല്ലൂർ പടിഞ്ഞാറ്റുംഭാഗം എന്ന് പറഞ്ഞുവന്നിരുന്ന പ്രദേശത്തിനുചുറ്റും ആ വാളുകൊണ്ട് ഓരോ വെട്ടുവെട്ടി ഒരു പ്രദക്ഷിണം വെച്ചു. ഒരു ദിവസംകൊണ്ട് വെട്ടിയെടുക്കാവുന്ന സ്ഥലം എടുത്തുകൊള്ളാനാണല്ലോ തെക്കുംകൂർ രാജാവ് പ്രമാണം കൊടുത്തിരിക്കുന്നത്. അതിനാൽ മേൽപ്പറഞ്ഞ പ്രകാരം വെട്ടിയെടുത്ത ഊര് (ദേശം) ആകയാൽ ആ ദേശത്തിന് 'ഉടവാളൂര്' എന്ന് പേരിടുകയും ചെയ്തു. 'ഉടവാളൂര്' എന്നുള്ളത് കാലക്രമേണ 'കുടമാളൂര്' എന്നായിത്തീർന്നു. ഇന്നും ആ പ്രദേശത്തിന് കുടമാളൂർ എന്നുതന്നെയാണ് പേര്.

പിന്നീട് അവിടെ ഒരു ഭവനം പണിയിക്കുകയും ആ പ്രദേശത്തിനു ചുറ്റും ഒരു കോട്ട കെട്ടിക്കുകയും ചെയ്ത്, ആ ഉണ്ണി തന്‍റെ മാതാവോടുകൂടി അവിടെ സ്ഥിരതാമസമാക്കി. ഭടന്മാർ ഓരോ സ്ഥലങ്ങളിലും കയറി കൊള്ളചെയ്തു കൊണ്ടുവന്ന അളവറ്റ ധനംകൊണ്ട് അദ്ദേഹത്തിന് ധാരാളം സമ്പാദ്യമായി. അങ്ങനെ ആ ദേശത്തിന്‍റെ ആധിപത്യത്തോടും രാജപദവിയോടും കൂടി ആ ഉണ്ണി സൈന്യസമേതം അവിടെ താമസിച്ചുതുടങ്ങിയ കാലം മുതൽ അദ്ദേഹത്തെ എല്ലാവരും 'പുളിക്കൽച്ചെമ്പകശ്ശേരിയിലെ കൊച്ചുതമ്പുരാൻ' എന്ന് വിളിച്ചുതുടങ്ങി. അനന്തരം അദ്ദേഹത്തിന്‍റെ സമാവർത്തനം കഴിയുകയും, ഇല്ലപ്പേരിൽ 'പുളിക്കൽ' എന്നുണ്ടായിരുന്നത് ലോപിക്കുകയും അദ്ദേഹത്തെ എല്ലാവരും 'ചെമ്പകശ്ശേരിത്തമ്പുരാൻ' എന്നും 'ചെമ്പകശ്ശേരി രാജാവ്' എന്നും പറഞ്ഞുതുടങ്ങുകയും ചെയ്തു. ഇങ്ങനെ ചെമ്പകശ്ശേരി നമ്പൂതിരി ചെമ്പകശ്ശേരി രാജാവായിത്തീർന്നു.

അനന്തരം ആ ഭടന്മാർ വേമ്പനാട്ടുകായലിന്‍റെ പടിഞ്ഞാറേക്കര 'വേമ്പനാട്ടു' രാജാവിന്‍റെ അധീനത്തിലിരുന്ന അമ്പലപ്പുഴ നാട്ടുമ്പുറം, ആ രാജാവിനെ ജയിച്ച് കൈവശപ്പെടുത്തുകയും, ചെമ്പകശ്ശേരി രാജാവിന്‍റെ സ്ഥിരതാമസവും രാജധാനിയും അവിടെയാക്കുകയും ചെയ്തു. അതിനാൽ ആ പ്രദേശത്തിന് 'ചെമ്പകശ്ശേരി രാജ്യം' എന്ന് നാമം സിദ്ധിച്ചു.

ചെമ്പകശ്ശേരി രാജാവായിത്തീർന്ന ആ നമ്പൂതിരി വിവാഹം കഴിച്ച് കുടിവെച്ചത് കുടമാളൂർ മഠത്തിൽത്തന്നെയാണ് (ചെമ്പകശ്ശേരി രാജാവിന്‍റെ ഭവനത്തിന് 'മഠം' എന്നാണ് പറഞ്ഞുവന്നിരുന്നത്).

പുളിക്കൽച്ചെമ്പകശ്ശേരി നമ്പൂതിരി കുമാരനല്ലൂർ ക്ഷേത്രത്തിലെ ഒരു ഊരാൺമക്കാരനായിരുന്നു. അദ്ദേഹം തന്‍റെ ഭടന്മാരെക്കൊണ്ട് കൊള്ളയും ഹിംസയും ചെയ്യിച്ച ഇല്ലങ്ങളിലെ നമ്പൂതിരിമാരും ആ ക്ഷേത്രത്തിൽ ഊരാൺമക്കാരായിരുന്നു. ഊരാൺമക്കാരായ നമ്പൂതിരിമാരെ അദ്ദേഹം ഇപ്രകാരം ദ്രോഹിച്ചതിനാൽ, ശേഷമുള്ള ഊരാളരായ നമ്പൂതിരിമാർ കൂടി ഇദ്ദേഹത്തിന്‍റെ ഊരാൺമസ്ഥാനം വേണ്ടെന്ന് വെക്കുകയും അദ്ദേഹത്തെ മേലിൽ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കരുതെന്ന് നിശ്ചയിക്കുകയും ചെയ്തു. എന്നുമാത്രമല്ല, പുളിക്കൽച്ചെമ്പകശ്ശേരി നമ്പൂതിരിക്ക് കുമാരനല്ലൂർ ക്ഷേത്രത്തിന്‍റെ വടക്കേനടയിൽ മതിൽപ്പുറത്ത് മതിലിനോട് ചേർന്ന് ഒരു മഠമുണ്ടായിരുന്നത് ശേഷമുള്ള നമ്പൂതിരിമാർ തീകൊളുത്തി ഭസ്മമാക്കിക്കളഞ്ഞു. ആ മഠമിരുന്ന പുരയിടത്തിന് ഇന്നും 'പുളിക്കൽമഠത്തിൽ പുരയിടം' എന്നാണ് പേര് പറഞ്ഞുവരുന്നത്.

ചെമ്പകശ്ശേരിത്തമ്പുരാൻ ബ്രഹ്മചാരിയായിരുന്ന കാലത്ത് കുമാരനല്ലൂർ ക്ഷേത്രത്തിലെ ഊരാൺമക്കാരായ നമ്പൂതിരിമാരെ ദ്രോഹിച്ചതുകൊണ്ട്, കുമാരനല്ലൂർ ഭഗവതിയുടെ അനിഷ്ടം നിമിത്തം കാലാന്തരത്തിൽ അദ്ദേഹത്തിന് പലവിധത്തിലുള്ള അനർത്ഥങ്ങളുണ്ടായിത്തുടങ്ങി. അനർത്ഥഹേതു ഭഗവതിയുടെ അനിഷ്ടമാണെന്നും, അതിന് കുമാരനല്ലൂർ നടയിൽ വിളിച്ചുചൊല്ലി പ്രായശ്ചിത്തം ചെയ്യുകയും ഒരാനയെ നടയ്ക്കിരുത്തുകയും ചെയ്താലല്ലാതെ നിവൃത്തിയുണ്ടാകില്ലെന്നും പ്രശ്നക്കാർ വിധിക്കുകയാൽ, തമ്പുരാൻ അപ്രകാരം ചെയ്യുന്നതിനായി കുമാരനല്ലൂരിൽ ചെന്നുവെങ്കിലും അദ്ദേഹം മതിൽക്കകത്ത് കടക്കുന്നതിന് ഊരാൺമക്കാരായ നമ്പൂതിരിമാർ അനുവദിച്ചില്ല. ഒടുക്കം ചെമ്പകശ്ശേരിത്തമ്പുരാൻ മതിലിന് പുറത്തുനിന്ന് പ്രായശ്ചിത്തം ചെയ്യുകയും നടയ്ക്കിരുത്താനായി കൊണ്ടുചെന്നിരുന്ന ആനയ്ക്ക് ഒരു പൊൻതലക്കെട്ട് കെട്ടിച്ച് മതിൽക്കകത്തേക്ക് അഴിച്ചുവിടുകയും ചെയ്തിട്ട് കുടമാളൂരേക്ക് പോവുകയും ചെയ്തു. ആ തലക്കെട്ട് ഇന്നും കുമാരനല്ലൂർ ഭണ്ഡാരത്തിലിരിക്കുന്നുണ്ട്. വിഷുവിന് കണിവെക്കാനും ഉത്സവകാലത്തും അത് പുറത്തെടുത്ത് ഉപയോഗിക്കാറുണ്ട്. അതിൽ 'ചെമ്പകശ്ശേരി വക' എന്ന് പേര് വെട്ടിയിട്ടുമുണ്ട്.

ഇപ്രകാരം ആദ്യം അമ്പലപ്പുഴ രാജാവായിത്തീർന്ന മഹാന്‍റെ സീമന്തപുത്രനായിരുന്നു 'അമ്പലപ്പുഴയിലെ പൂരാടംപിറന്ന തമ്പുരാൻ' എന്ന് പ്രസിദ്ധനും സർവജ്ഞനുമായിരുന്ന ഗംഭീരമാനസൻ. അങ്ങനെ നാലോ അഞ്ചോ തലമുറ കഴിഞ്ഞപ്പോഴേക്കും അമ്പലപ്പുഴ രാജ്യം തിരുവിതാംകൂറിലേക്കായി. ഒടുക്കം ആ വംശത്തിൽ ഒരു തമ്പുരാട്ടി മാത്രം ശേഷിക്കുകയും, ആ തമ്പുരാട്ടി പത്തുപതിനഞ്ച് വർഷം മുൻപ് കുടമാളൂർ മഠത്തിൽവെച്ച് തീപ്പെട്ടുപോവുകയും ചെയ്തു. ഇപ്പോൾ അവിടെയുള്ളവർ 'വേലിയാംകോൽ' എന്നൊരു നമ്പൂതിരിയുടെ ഇല്ലത്തുനിന്ന് ദത്ത് കയറിയവരും അവരുടെ സന്താനങ്ങളുമാണ്. അമ്പലപ്പുഴ രാജാവിന്‍റെ സ്ഥാനം ഇപ്പോൾ വഹിച്ചുപോരുന്നത് (ക്ഷേത്രകാര്യങ്ങൾക്ക് മാത്രം) തിരുവിതാംകൂർ മഹാരാജാവിന്‍റെ പ്രതിനിധിയായി കുടമാളൂർ തെക്കേടത്ത് ഭട്ടതിരിപ്പാടവർകളാണ്.

മലയാളം

മലയാളം

പല വിഷയങ്ങള്‍

Click on any topic to open

0

Copyright © 2026 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize

We use cookies