ഇത് ചെയ്താല്‍ കുണ്ഡലിനി തനിയെ ഉണര്‍ന്നോളും

0:00 0:00

ഇത് ചെയ്താല്‍ കുണ്ഡലിനി തനിയെ ഉണര്‍ന്നോളും

കർമ്മത്തിൻ്റെ  പ്രാധാന്യത്തെ പറ്റി ദേവി ഭാഗവതം പറയുകയാണ്. ഭഗവാൻ അസുരന്മാരുമായി പതിനായിരം വർഷമാണ് യുദ്ധം ചെയ്തത്. വൈകുണ്ഠത്തിലിരുന്ന് സുദർശന ചക്രം എടുത്ത് പ്രയോഗിച്ച് അവരെ ഇല്ലാതാക്കുകയല്ല ചെയ്തത്. ഭഗവാന് അത് ചെയ്യാമല്ലോ? എന്തുകൊണ്ട് ചെയ്തില്ല? നമുക്ക് മനസ്സിലാക്കി തരാൻ, കർമ്മത്തിൻ്റെ  പ്രാധാന്യം മനസ്സിലാക്കി തരാൻ.

നദീതീരത്തിരുന്ന് താൻ നദിയിലിറങ്ങി സോപ്പ് തേച്ച് കുളിച്ചതായും തിരിച്ചു കയറി തുവർത്തിയതായും കൽപ്പന ചെയ്തതുകൊണ്ട് ശരീരത്തിലെ അഴുക്ക് പോകുമോ? ദിവാസ്വപ്നം കാണാം; ഞാൻ ധനവാനായി, കൊട്ടാര സദൃശമായ വീട്, ബെൻസ് കാർ... എന്തെങ്കിലും പ്രയോജനമുണ്ടോ? പണ്ടത്തെ മലർപ്പൊടി കച്ചവടക്കാരൻ്റെ  കഥ പോലെയാണിത്. മലർപ്പൊടിയും ഉറിയിൽ തൂക്കിയിട്ട് അതിൻ്റെ  താഴെ കിടന്ന് സ്വപ്നം കാണുകയാണ്. ഇത് വിറ്റ് കിട്ടുന്ന പൈസ കൊണ്ട് വീണ്ടും വാങ്ങും, വീണ്ടും വിൽക്കും. അങ്ങനെ വാങ്ങിയും വിറ്റും കോടീശ്വരനാകും. അപ്പോൾ ഭാര്യയെ വിളിക്കും. അവൾ വിളി കേട്ടില്ലെങ്കിൽ ഒരൊറ്റ തൊഴി! ഈ തൊഴി മാത്രം യാഥാർത്ഥ്യമായി. തൊഴി ഉറിയിൽ കൊണ്ടു. ഉള്ള മലർപ്പൊടി താഴെ വീണ് പാഴായി. ഇതാണ് മനക്കോട്ട കെട്ടുന്നതിൻ്റെ  ഫലം.

ഒരു പാട്ടില്ലേ, "എല്ലാം പണം നടത്തും ഇന്ദ്രജാല പ്രകടനങ്ങൾ"... പണമല്ല, മനം, എല്ലാം മനം നടത്തും ഇന്ദ്രജാല പ്രകടനങ്ങൾ. ഒരു പ്രയോജനവുമില്ല. ഇരുമ്പ് കഷ്ണം എടുത്ത് അതിൻ്റെ  മുന്നിലിരുന്ന് അത് വാളായി മാറി എന്ന് വിചാരിച്ചാൽ മാറുമോ? അത് ചുട്ടുപഴുപ്പിച്ച് ചുറ്റികയ്ക്ക് അടിച്ച് വെള്ളത്തിൽ മുക്കി വീണ്ടും ചുട്ടുപഴുപ്പിച്ച് അടിച്ച്... ഇങ്ങനെ വീണ്ടും വീണ്ടും ചെയ്താൽ മാത്രമാണ് വാളായിട്ട് മാറുന്നത്. ഈ ധ്യാനം, യോഗം ഇതൊക്കെ തുടക്കക്കാർക്കുള്ളതല്ല. കർമ്മം ചെയ്ത് കർമ്മത്തെപ്പറ്റി നന്നായി മനസ്സിലാക്കിയവർക്കുള്ളതാണ്.

ഇന്നത്തെ ആധ്യാത്മിക ഉപദേശങ്ങൾ എന്തൊക്കെയാണ്? യോഗാസനം, പ്രാണായാമം, സമാധി. നേരെ! യമവും നിയമവുമില്ല. അഷ്ടാംഗ യോഗത്തിൽ യമവും നിയമവുമാണ് ആദ്യം. എന്തിനാണ് യമവും നിയമവും? തന്നെത്തന്നെ മനസ്സിലാക്കാൻ, താൻ എവിടെയാണ് നിൽക്കുന്നത് എന്ന് മനസ്സിലാക്കാൻ.

  • കള്ളം പറയരുത്.

  • ചെയ്തു നോക്കണം, അപ്പോഴറിയാം അതിൻ്റെ  ബുദ്ധിമുട്ട്.

യമവും നിയമവും പാലിച്ച് കുറേക്കാലം കൊണ്ട് തൻ്റെ  സ്വഭാവത്തെയും കർമ്മത്തെയും ശുദ്ധീകരിച്ചതിനുശേഷം ചെയ്യുന്നതാണ് ആസനവും പ്രാണായാമവും ധാരണയും ധ്യാനവുമൊക്കെ.

അരിയും ഉമിയും തവിടുമൊക്കെ ചേർന്ന് കിടക്കുന്നു എന്ന് വിചാരിക്കുക. ഇത് നേരെയെടുത്ത് അടുപ്പത്ത് വെച്ചാൽ ഉണ്ടാകുന്ന ചോറിൻ്റെ  അവസ്ഥ ആലോചിച്ചു നോക്കുക. ഇതായിരിക്കും നേരെ ധ്യാനത്തിലേക്കും സമാധിയിലേക്കുമൊക്കെ പോകാൻ ശ്രമിച്ചാലുള്ള ഫലം. നാട്ടുമ്പുറത്തുള്ള സാധാരണക്കാർക്ക് വരെ അറിയാം ഇതൊക്കെ ആദ്യം പാറ്റി ഉമിയും തവിടുമൊക്കെ വേർതിരിച്ച് കഴുകി വൃത്തിയാക്കി വേണം അടുപ്പത്തിടാൻ. കല്ലുണ്ടെങ്കിൽ അതും എടുത്ത് കളയണം. അപ്പോൾ ചോറ് നന്നായിരിക്കും. ഇതൊക്കെ ചെയ്യാതെ സ്വന്തം കർമ്മത്തെയും സ്വഭാവത്തെയും ശുദ്ധീകരിക്കാതെ ഇതിലൊക്കെ ഇറങ്ങി പിന്നീട് ആചാര്യന്മാരായി മാറുന്നവരാണ് അധികം വൈകാതെ മാനഭംഗത്തിനും കൊലപാതകത്തിനും ജയിലിൽ പോകുന്നത്.

എല്ലാത്തിനും ഒരു ക്രമമുണ്ട്. ധൃതി പിടിച്ച് മുന്നേറാൻ നോക്കിയാൽ പതനമായിരിക്കും ഫലം. ഭഗവാൻ കാണിച്ചുതരുന്നത് കർമ്മം ചെയ്യാനാണ്. എന്തിനാണ് കർമ്മം ചെയ്യുന്നത്? ഫലത്തിനായിട്ടല്ല, കർമ്മത്തെ ശുദ്ധീകരിക്കാൻ. കർമ്മം ചെയ്താലേ ശുദ്ധമാകൂ. സൽക്കർമ്മത്തെപ്പറ്റി വായിച്ചാലും സംസാരിച്ചാലും കർമ്മം ശുദ്ധമാകില്ല. ശ്രീരാമനോട് പലരും പറഞ്ഞു, ജാബാലി മഹർഷി അടക്കം; മണ്ടത്തരം കാണിക്കരുത്, അച്ഛൻ കാണിച്ച അബദ്ധത്തിന് അങ്ങ് എന്തിന് രാജപദവി വേണ്ടെന്ന് വയ്ക്കണം? ഇതൊക്കെയാണ് കർമ്മനിരതരാകുമ്പോൾ വരുന്ന സാഹചര്യങ്ങൾ. ഗുഹയ്ക്കുള്ളിൽ ധ്യാനിച്ചുകൊണ്ടിരുന്നാൽ ഇതുണ്ടാവില്ല. അതിനെ അഭിമുഖീകരിച്ചില്ലെങ്കിൽ മനസ്സും കർമ്മവും ശുദ്ധമാവുകയില്ല.

മനസ്സിൻ്റെ  ശുദ്ധിയും കർമ്മത്തിൻ്റെ  ശുദ്ധിയും കൈവരാതെ കിട്ടുന്ന സമാധി പോലും നിലനിൽക്കില്ല. കുണ്ഡലിനി ശക്തി ഉണർന്നു, എന്ത് പ്രയോജനം? മനസ്സും കർമ്മവും ശുദ്ധമല്ലെങ്കിൽ അത് ഉണർന്നപോലെ വീണ്ടും ഉറങ്ങാനും പോകും. രണ്ടാഴ്ച കൊണ്ട് പതിനായിരം രൂപ വാങ്ങി കുണ്ഡലിനിയെ ഉണർത്തി തരും എന്ന് പറയുന്ന ആചാര്യന്മാരുണ്ട്. അതുപോലും വേണ്ട, ഇരുപത്തയ്യായിരത്തിന് ശക്തിപാതം; അവരുടെ സിദ്ധി നിങ്ങൾക്ക് നേരെ ആജ്ഞാ ചക്രം വഴി ട്രാൻസ്ഫർ ചെയ്തു തരും! ഇങ്ങനെയുള്ള തട്ടിപ്പുകൾക്ക് ഇരയാകാതെ ആദ്യം സ്വന്തം കർമ്മത്തെ സ്വന്തം പ്രയത്നത്തിലൂടെ ശുദ്ധീകരിക്കുക. അതുവഴി മനസ്സിനെ ശുദ്ധീകരിക്കുക. ഇതെല്ലാം ചെയ്താൽ കുണ്ഡലിനി തന്നെ ഉണർന്നോളും, സമാധി തനിയെ വന്നോളും.

മലയാളം

മലയാളം

ദേവീഭാഗവതം

Click on any topic to open

0

Copyright © 2026 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize

We use cookies