ഇങ്ങനെയായിരുന്നു പണ്ടത്തെ ഗുരുകുലസമ്പ്രദായം

0:00 0:00

ഇങ്ങനെയായിരുന്നു പണ്ടത്തെ ഗുരുകുലസമ്പ്രദായം

ഗുരുകുല സമ്പ്രദായവും ഇന്നത്തെ വിദ്യാഭ്യാസവും

നമ്മുടെ പഴയകാലത്തെ ഗുരു-ശിഷ്യ സമ്പ്രദായം, ഗുരുകുല സമ്പ്രദായം നമുക്ക് ആലോചിക്കാൻ പോലും പറ്റില്ല. ഇന്നിപ്പോൾ കുഞ്ഞുങ്ങളെ പഠിപ്പിക്കൽ, വിദ്യാഭ്യാസം എന്നാൽ എന്താണ്? വീടിനടുത്തുള്ള ഏറ്റവും നല്ല സ്കൂൾ, എത്രയാ ഫീസ്? കടം വാങ്ങിയും കുഞ്ഞുങ്ങളുടെ ഭാവിക്കുവേണ്ടി ഫീസടയ്ക്കും. സ്കൂൾ ബസ്, കോ-കരിക്കുലർ ആക്ടിവിറ്റി ഇതിൻ്റെയൊക്കെ ചിലവ്. പഠിക്കാൻ ആപ്പ്, ട്യൂഷൻ ഇതൊക്കെയായി പത്താം ക്ലാസ്സിലെത്തിയാൽ എന്ത് തൊഴിൽ ചെയ്യണം എന്നതനുസരിച്ച് ഉപരിപഠനം. ഏത് തൊഴിൽ ചെയ്താൽ പെട്ടെന്ന് പൈസ സമ്പാദിക്കാം, ജീവിതത്തിൽ ഉയരാം. ഉയരുക എന്നാൽ വലിയ വീട്, വലിയ കാർ ഇതൊക്കെ. പഠിക്കുന്ന ഫീൽഡിൻ്റെ ഡിമാൻഡ് ഇല്ലാതാകരുത്. ഇത്രയൊക്കെയാണ് നമ്മൾ ആലോചിക്കുന്നത്. ചിലർ കൂട്ടത്തിൽ കുഞ്ഞിൻ്റെ കഴിവും താൽപ്പര്യവും കുറച്ചു നോക്കും.

ജീവിതലക്ഷ്യവും ആത്മീയതയും

പണ്ട് ഇങ്ങനെയൊന്നും ആയിരുന്നില്ല. പഠിക്കുന്നത് ഒരു നല്ല മനുഷ്യനായി ജീവിക്കാൻ വേണ്ടി, ആത്മീയമായി പുരോഗമിക്കാൻ വേണ്ടിയാണ് മനുഷ്യ ജന്മമെടുക്കുന്നത് എന്ന് അവർ മനസ്സിലാക്കി. അപ്പോൾ ആ ലക്ഷ്യത്തെ മറക്കാതെ യാത്രയ്ക്കുള്ള ഒരു വാഹനം മാത്രമായ ശരീരത്തെപ്പറ്റിയും അതിൻ്റെ സുഖദുഃഖങ്ങളെപ്പറ്റിയും ഒക്കെ അത്രയൊന്നും ആലോചിക്കാതെ ആത്മാവിൻ്റെ പ്രയാണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അതിനുവേണ്ടി കുഞ്ഞുങ്ങളെ പഠിപ്പിച്ചു. ഇന്ന് സയൻസ് പറയുന്നതുപോലെ ഒരുപാട് ചോദ്യങ്ങൾ ചോദിച്ച് സമയം കളയാൻ അവർ താൽപ്പര്യപ്പെട്ടിരുന്നില്ല.

കുഞ്ഞുങ്ങൾ ചെറിയ പ്രായത്തിലേ ഗുരുകുലത്തിൽ പോയി ചേരുമായിരുന്നു; അഞ്ചു വയസ്സ്, ആറു വയസ്സ്. പിന്നെ ഗുരുവും ഗുരുപത്നിയുമാണ് അമ്മയും അച്ഛനും. സഹപാഠികളാണ് സഹോദരങ്ങൾ. പൊതുവേ ആ പ്രായത്തിൽ മനസ്സിൽ അധികം വൈകൃതങ്ങളൊന്നും ഉണ്ടാവില്ല. വാസനകൾ ഉണ്ടായിരിക്കും, പൂർവ്വജന്മത്തിൽ നിന്നും വന്ന വാസനകൾ. ഗുരു ജ്ഞാനത്തിൻ്റെ വിത്ത് വിതയ്ക്കുന്നതിനു മുൻപ് ആ കളകളെയും പറിച്ചു ഇല്ലാതാക്കും. ഇതാണ് ഗുരുവിൻ്റെ പ്രധാന ജോലി. ഇവയെ കണ്ടുപിടിച്ച് ഇല്ലാതാക്കുക. ഇതിന് ചിലപ്പോൾ ചിലരുടെ കാര്യത്തിൽ വർഷങ്ങളെടുത്തേക്കാം.

സ്വഭാവരൂപീകരണവും അനുഭവപാഠങ്ങളും

ഈ വാസനകളൊക്കെ പ്രകടമാകുന്നത് നമ്മൾ ഓരോന്നും ചെയ്യുമ്പോഴാണ്, മറ്റുള്ളവരുമായി ഇടപഴകുമ്പോഴാണ്. ഒരു മുറിക്കകത്ത് അടച്ചിരുന്നാൽ ഒന്നും മനസ്സിലാവില്ല. വണ്ടിയുമെടുത്ത് റോഡിലിറങ്ങി മറ്റൊരാൾ ലെഫ്റ്റ് സൈഡിലൂടെ ഓവർടേക്ക് ചെയ്ത് ഫ്രണ്ടിൽ കട്ട് ചെയ്യുമ്പോൾ മനസ്സിലാകും നമ്മുടെ ഉള്ളിൽ എത്ര ക്രോധം ഉണ്ടെന്ന്. ഇതിനൊക്കെയാണ് ഗുരു ശുശ്രൂഷ ചെയ്യാൻ പറയുന്നത്. ഒരാൾ കർമ്മം ചെയ്യുന്നത് കാണുമ്പോഴാണ് ഇതൊക്കെ പുറത്തുവരുന്നത്, മനസ്സിലാകുന്നത്.

ദൗമ്യ ഗുരുവിൻ്റെയും ആരുണിയുടെയും കഥ

മഹാഭാരതത്തിലെ പൗഷ്യപർവ്വത്തിൽ ദൗമ്യൻ എന്ന ഗുരുവിനെയും അദ്ദേഹത്തിൻ്റെ മൂന്ന് ശിഷ്യന്മാരെയും പറ്റി പറയുന്നുണ്ട്. ഇവരെ ഗുരു പരീക്ഷിക്കുകയാണ്, ജ്ഞാനം കൊടുക്കാൻ യോഗ്യരായോ എന്ന്. ആദ്യത്തെ ശിഷ്യൻ ആരുണി. ആരുണിയോട് പറഞ്ഞു: "പാടത്ത് വരമ്പ് പൊട്ടി വെള്ളം പുറത്തേക്ക് പോകുന്നു, നീ പോയി ശരിയാക്കിയിട്ട് വാ." ആരുണി പഠിച്ച പണി പതിനെട്ടും നോക്കി, എന്നിട്ടും വരമ്പ് കെട്ടാനായില്ല. ഒടുവിൽ അവിടെ കിടന്ന് വെള്ളം ഒഴുകുന്നത് നിർത്തി.

വൈകിട്ടായിട്ടും ആരുണിയെ കാണാതായപ്പോൾ ഗുരു അന്വേഷിച്ചിറങ്ങി. നോക്കിയപ്പോൾ പാടത്ത് കിടക്കുന്നു. "നീ എന്താ അവിടെ കിടക്കുന്നത്? എഴുന്നേറ്റു വാ." ആരുണി എഴുന്നേറ്റു വന്നു. വെള്ളം വീണ്ടും പുറത്തേക്ക് ഒഴുകി. "എന്തിനാ അവിടെ കിടന്നത്?" "വെള്ളം നിർത്താൻ." "അപ്പോൾ എന്തിനാ ഇപ്പോൾ എഴുന്നേറ്റു വന്നത്? വെള്ളം വീണ്ടും പുറത്തേക്ക് പോയില്ലേ?" "അങ്ങ് വിളിച്ചു, വന്നു."

വെള്ളം നിർത്താൻ പറഞ്ഞു, നിർത്തി. എഴുന്നേറ്റു വരാൻ പറഞ്ഞു, എഴുന്നേറ്റു വന്നു. ഗുരു പറയുന്നത് അക്ഷരാർത്ഥത്തിൽ അനുസരിച്ചു. ചോദ്യം ചോദിച്ചും വ്യാഖ്യാനിച്ചും സമയം കളഞ്ഞില്ല. വേദശാസ്ത്രങ്ങൾ പോലുള്ള ഗഹനമായ വിഷയങ്ങൾ ചോദ്യം ചോദിച്ച് പഠിക്കാൻ പറ്റില്ല. കാരണം ഇവ അധ്യായം ഒന്ന്, രണ്ട്, മൂന്ന് അങ്ങനെ പോകാവുന്ന ഒന്നല്ല. ഒരു വീട് കെട്ടുമ്പോൾ അതിൽ നൂറ് വസ്തുക്കൾ വന്നുചേരും. ആദ്യം ഇഷ്ടിക മുഴുവൻ അടുക്കാം, അത് കഴിഞ്ഞ് സിമന്റ് വെക്കാൻ തുടങ്ങാം - ഇങ്ങനെയല്ലല്ലോ? പല പണികളും ഒരേ സമയത്ത് നടന്നുകൊണ്ടിരിക്കും. ഓരോന്നിനും അതിൻ്റേതായ ഒരു രീതിയുണ്ട്.

അധ്യാത്മം ചോദ്യം ചോദിച്ച് പഠിക്കാവുന്ന ഒന്നല്ല. കേട്ടുകൊണ്ടേയിരിക്കണം, വായിച്ചുകൊണ്ടേയിരിക്കണം. പകുതിയും മനസ്സിലാവില്ല, എന്നാലും കേട്ടുകൊണ്ടേയിരിക്കണം. ചോദ്യം ചോദിക്കാൻ ഇറങ്ങിയാൽ കൂടുതൽ സങ്കീർണ്ണമാകാം. കുറേ കഴിയുമ്പോൾ ഇവയെല്ലാം പരസ്പരം ചേരാൻ തുടങ്ങും, അർത്ഥം ഉണ്ടായിത്തുടങ്ങും. മൂന്ന് വർഷം മുമ്പ് കേട്ടതും ഇന്ന് കേട്ടതുമായുള്ള ബന്ധം മനസ്സിലായിത്തുടങ്ങും. അന്ന് സംശയം ചോദിച്ച് അതിന് ഉത്തരം കിട്ടിയിരുന്നാൽ തന്നെ അന്ന് അത് മനസ്സിലാക്കിക്കൊള്ളണമെന്നില്ല. ഇന്ന് മറ്റൊരുടത്തുനിന്ന് കേട്ടതുകൂടെ ചേർത്താലേ അന്ന് കേട്ടതിന് അർത്ഥം വരൂ. ഇതൊക്കെ നമ്മുടെ പൂർവ്വികർക്ക് അറിയാമായിരുന്നു. ഇന്ന് നമ്മൾ ചിന്തിക്കുന്ന രീതി തന്നെ ആപ്പ് പോലെയായിക്കഴിഞ്ഞു.

മലയാളം

മലയാളം

പല വിഷയങ്ങള്‍

Click on any topic to open

0

Copyright © 2026 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize

We use cookies