സ്വർഗ്ഗത്തിലെ ചില വിശേഷങ്ങൾ

0:00 0:00

സ്വർഗ്ഗത്തിലെ ചില വിശേഷങ്ങൾ

മുദ്ഗല മഹർഷിയുടെ സ്വർഗ്ഗയാത്ര

ഒരു വലിയ താപസനുണ്ടായിരുന്നു, മുദ്ഗല മഹർഷി. അദ്ദേഹം ഒരിക്കൽ തപസ്സനുഷ്ഠിക്കുകയായിരുന്നു. ആഹാരം പോലും 15 ദിവസത്തിൽ ഒരിക്കൽ മാത്രം, ദ്വാദശിയുടെ അന്ന് മാത്രം. അതും ഒരു കൈക്കുമ്പിളിൽ കൊള്ളുന്ന അളവ് മാത്രം. മറ്റ് ദിവസങ്ങളിൽ സമ്പൂർണ്ണ നിരാഹാരം. ഇങ്ങനെ വർഷങ്ങൾ തുടർന്നു ഈ തപസ്സ്.

ദേവന്മാർക്ക് സംഭ്രമമായി. എന്തിനാണ് ഇങ്ങനെയൊരു തപസ്സ്? ശക്തി ആർജ്ജിക്കാനാണ് തപസ്സ്. ശക്തി ആർജ്ജിച്ച് തങ്ങളുടെ സ്ഥാനം പിടിച്ചെടുക്കാൻ എങ്ങാനും വന്നാലോ? ദേവന്മാർ ദുർവ്വാസാവ് മഹർഷിയെ മുദ്ഗല മഹർഷിയുടെ പക്കലേക്ക് അയച്ചു. മുൻകോപിയാണ് ദുർവ്വാസാവ് മഹർഷി, തൊട്ടതിനും പിടിച്ചതിനുമൊക്കെ ശപിക്കും. എങ്ങാനും തപസ്സ് ചെയ്യുന്ന മുദ്ഗല മഹർഷിയെ ശപിച്ചാൽ കാര്യം കഴിഞ്ഞു, പിന്നെ ഭയപ്പെടേണ്ടതില്ല.

ദുർവ്വാസാവ് മുദ്ഗല മഹർഷിയുടെ പക്കലെത്തി. അതും ഒരു ദ്വാദശിക്ക്, ഒരു ഭിക്ഷക്കാരൻ്റെ വേഷത്തിൽ. കീറിപ്പറിഞ്ഞ വസ്ത്രം, പാറിപ്പറന്ന മുടിയും താടിയും, അടുത്തങ്ങും വെള്ളം കണ്ട ലക്ഷണവുമില്ല. മുദ്ഗലൻ തൻ്റെ അല്പമായ ഭക്ഷണം കഴിക്കാൻ തുടങ്ങുകയായിരുന്നു. വന്നയുടൻ വിശക്കുന്നു എന്ന് പറഞ്ഞു. മുദ്ഗലൻ തൻ്റെ ആഹാരം അങ്ങനെയെ തന്നെ മുഴുവനായും ഭിക്ഷക്കാരന് കൊടുത്തു. അത് മുഴുവൻ അയാൾ കഴിച്ചു. പാത്രത്തിൽ അല്പം അവശേഷിച്ചിരുന്നത് എടുത്ത് തൻ്റെ ദേഹത്താകെ വാരിത്തേച്ച് കടന്നുപോയി.

മുദ്ഗല മഹർഷിക്ക് സന്തോഷമായി. തപസ്സ് ഫലം കണ്ടുതുടങ്ങി, ഒരാളുടെ വിശപ്പടക്കാനുള്ള അവസരം കിട്ടി. അയാൾ സന്തോഷമായി തൃപ്തനായി പോയി, മഹാഭാഗ്യം. 15 ദിവസം കടന്നുപോയി. അടുത്ത ദ്വാദശിക്ക് ഉണ്ണാനിരുന്നപ്പോൾ ഭിക്ഷക്കാരൻ വീണ്ടും വന്നു. വീണ്ടും അങ്ങനെ തന്നെ നടന്നു. ഇങ്ങനെ ആറ് ദ്വാദശികൾ കടന്നുപോയി. മുദ്ഗലൻ മൂന്ന് മാസമായി മുഴുപ്പട്ടിണി.

ദുർവ്വാസാവ് പരീക്ഷിക്കുകയായിരുന്നു, എപ്പോൾ വരെ പിടിച്ചുനിൽക്കും. ദുർവ്വാസാവ് സാക്ഷാൽ രുദ്രൻ്റെ അവതാരമാണ്, ചെറിയ ആളൊന്നുമല്ല. മുദ്ഗലന് ക്ഷമ കൈവിടും, തന്നെ ആട്ടിപ്പായിക്കും, അപ്പോൾ ശാപം കൊടുക്കാം എന്ന് കരുതി. എന്നാൽ ആറ് തവണയും ഒന്നും സംഭവിച്ചില്ല. മുദ്ഗലൻ്റെ മുഖത്ത് ചാരിതാർത്ഥ്യം മാത്രം.

ആറാമത്തെ പ്രാവശ്യം ആഹാരം കഴിച്ചിട്ട് ദുർവ്വാസാവ് തൻ്റെ സ്വരൂപം കാണിച്ചു. ഇനിമേൽ അങ്ങേക്ക് ഇവിടെയല്ല സ്വർഗ്ഗലോകത്താണ് ആഹാരം എന്ന് അനുഗ്രഹവും കൊടുത്തു. ദേവലോകത്ത് നിന്നും വിമാനം വന്നു. ദേവദൂതൻ പറഞ്ഞു, വിമാനത്തിൽ കയറിയാലും ദേവഗുരുവായ ബൃഹസ്പതിയും ദേവരാജാവ് ഇന്ദ്രനും അങ്ങേയ്ക്കായി കാത്തിരിക്കുന്നു.

മുദ്ഗല മഹർഷി ദേവദൂതനോട് ചോദിച്ചു, എന്താണ് അവിടെ സ്വർഗ്ഗലോകത്ത് ഇത്ര വിശേഷിച്ച്? എന്താണ് ഇവിടെയും അവിടെയുമായി ഒരു വ്യത്യാസം? അവിടെ എന്തൊക്കെയാണ് നല്ലത്, എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ സ്വർഗ്ഗലോകത്തിൽ?

ദേവദൂതൻ പറഞ്ഞു, ഭൂമി കർമ്മക്ഷേത്രമാണ് സ്വർഗ്ഗം ഭോഗക്ഷേത്രവും. ഇവിടെ സൽക്കർമ്മം ചെയ്തവർക്ക് സ്വർഗ്ഗത്തിൽ സുഖാനുഭവങ്ങൾ ലഭിക്കും. സ്വർഗ്ഗത്തിൽ പ്രവേശിച്ചാലുടൻ യൗവനം തിരിച്ചു കിട്ടും. സ്വർഗ്ഗലോകത്തുള്ളിടത്തോളം വയസ്സാകില്ല, ജരയും നരയും ഉണ്ടാവില്ല. സ്വർഗ്ഗത്തിൽ അത്യുഷ്ണമില്ല അതിശൈത്യവുമില്ല. ക്ഷീണം തോന്നില്ല, വിയർക്കില്ല. സുഖഭോഗങ്ങൾ വിധംവിധമായും തരംതരമായും ഉണ്ട്, അവസാനമേയില്ല. ഭൂമിയിൽ ചെയ്ത സൽക്കർമ്മങ്ങൾക്ക് അനുസരിച്ചാണ് സ്വർഗ്ഗത്തിലെ സുഖഭോഗങ്ങൾ.

മുദ്ഗലൻ പറഞ്ഞു ശരി, ഇനി ദോഷങ്ങൾ പറഞ്ഞാട്ടെ. സ്വർഗ്ഗത്തിൽ ചെല്ലുന്ന ആൾക്കറിയാം താൻ ഭൂമിയിൽ ചെയ്ത സൽക്കർമ്മങ്ങൾ മൂലമാണ് ഇവിടെ വന്നുചേർന്നതെന്ന്. എന്നാൽ സ്വർഗ്ഗത്തിൽ ഇരുന്നുകൊണ്ട് ഒരു പുണ്യവും ചെയ്യാനാകില്ല, ചെയ്താലും അതിന് ഫലമുണ്ടാകില്ല. അതിൻ്റെ അർത്ഥം ഈ സമ്പാദിച്ച പുണ്ണ്യമൊക്കെ സുഖാനുഭവങ്ങളിലൂടെ ഒരു ദിവസം തീർന്നുപോകും. അന്ന് ഇവിടെ നിന്ന് ഇറങ്ങേണ്ടി വരും. ഈ ഭയം സ്വർഗ്ഗത്തിൽ ചെന്നാൽ ഉടൻ തുടങ്ങും, സ്വർഗ്ഗം ശാശ്വതമല്ല എന്ന ഭയം. സ്വർഗ്ഗത്തിൽ വളരെയധികം സുഹൃത്തുക്കളെ ലഭിക്കും, ദേവന്മാരുമായി അടുത്തുകഴിയാം പക്ഷേ പുണ്യം അവസാനിച്ചാൽ ഇവർ തന്നെ തൂക്കി താഴേക്കിടും.

സ്വർഗ്ഗത്തിൽ എല്ലാവർക്കും ഒരേ സുഖഭോഗങ്ങളല്ല, ഭൂമിയിൽ ചെയ്ത കർമ്മം അനുസരിച്ചാണ് ഭോഗം. തനിക്ക് വെള്ളിപ്പാത്രങ്ങളിലാണെങ്കിൽ കൂടുതൽ പുണ്യം ചെയ്ത മറ്റൊരു മഹാത്മാവിന് സ്വർണ്ണപ്പാത്രങ്ങളിലായിരിക്കും വിളമ്പുന്നത്. ഇത് കാണുമ്പോൾ അപകർഷതാബോധം വരും. രണ്ട് വിധമായിരിക്കും ഇത്, ഭൂമിയിൽ കുറച്ചുകൂടെ പുണ്യം ആർജ്ജിക്കാമായിരുന്നു എന്ന അപകർഷതാബോധം തന്നെ ഈർഷ്യയായി മാറാൻ അധികം സമയം വേണ്ട. ഇതൊക്കെ ഉള്ളിൽ നിന്ന് കുത്താൻ തുടങ്ങും. അപ്പോൾ സ്വർഗ്ഗത്തിലും ഇതൊക്കെയുണ്ട്. സുഖഭോഗങ്ങളുമുണ്ട് ഉള്ളിൽ നിന്നുള്ള താപങ്ങളുമുണ്ട്. സ്വർഗ്ഗവാസം നിത്യവുമല്ല. അതുകൊണ്ടാണ് പറയുന്നത് സ്വർഗ്ഗത്തേക്കാൾ ശ്രേഷ്ഠം മോക്ഷമാണെന്ന്.

മലയാളം

മലയാളം

പല വിഷയങ്ങള്‍

Click on any topic to open

0

Copyright © 2026 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize

We use cookies