സൂതന്‍ എന്നത് ഒരു ജാതിപ്പേരാണ്

ആരാണ് ഈ സൂതൻ? നമുക്കൊക്കെ അറിയാം ഇതിഹാസ പുരാണങ്ങളുടെ വക്താവാണ് സൂതൻ. എന്നാൽ വ്യാസൻ ഒരു വ്യക്തിയല്ല ഒരു സ്ഥാനമാണ് എന്ന് പറയുന്നതുപോലെ സൂതനും ഒരു വ്യക്തിയല്ല. സൂതൻ എന്നുപറയുന്നത് ഒരു ജാതിയാണ്, ഒരു ജാതിയുടെ പേരാണ്. നമ്മൾ നായർ, മേനോൻ എന്നൊക്കെ പറയുന്നതുപോലെ സൂതൻ എന്നത് ഒരു ജാതിയാണ്.

ഒരു സങ്കര ജാതിയാണ് സൂത ജാതി. പൃഥു മഹാരാജാവ് ഭഗവാൻ്റെ  തന്നെ അംശാവതാരമായ പൃഥുരാജാവ് ധർമ്മ സ്ഥാപനത്തിനും പരിപാലനത്തിനുമായി ഒട്ടനവധി യാഗങ്ങൾ ചെയ്തു. പശുവിൻ്റെ  രൂപം പൂണ്ട ഭൂമി ദേവിയിൽ നിന്നും ഭൂമി ഉള്ളിലേക്ക് വലിച്ച് സസ്യജാലങ്ങളെയും മറ്റും കറന്ന് പുറത്തെടുത്തതിനുശേഷം ഭൂമിയിൽ എല്ലാത്തിനും ഒരു വ്യവസ്ഥ കൊണ്ടുവന്നത് പൃഥു ആണ്. ഇതായിരുന്നു പൃഥുവിൻ്റെ  അവതാരോദ്ദേശ്യം.

പൃഥു ആദ്യം ചെയ്ത യാഗമാണ് ഐന്ദ്രയാഗം. ഈ യാഗത്തിൽ ചില പാകപ്പിഴകളൊക്കെ പറ്റി. ഈ യാഗത്തിലെ മുഖ്യദേവൻ ഇന്ദ്രൻ. ദേവഗുരു ബൃഹസ്പതിക്കും ആഹുതിയുണ്ട്. ഒരു സോമയാഗമാണിത്. യാഗത്തിൽ സോമലത കഴുകി വൃത്തിയാക്കി സോമരസം പിഴിഞ്ഞെടുക്കുന്ന സ്ഥലമാണ് സൂതി അല്ലെങ്കിൽ സൂത്യാ. എവിടെയാണെങ്കിലും ഗുരുവിനാണ് പ്രഥമ സ്ഥാനം അതിനുശേഷമേ ശിഷ്യനുള്ളൂ. ഇവിടെ ഐന്ദ്രയാഗത്തിൽ രണ്ടുപേർക്കും വേറെ വേറെ സോമരസം എടുക്കുന്നതിനുപകരം ചേർത്തെടുത്തു, ഒരുമിച്ചെടുത്തു. ആദ്യം ഗുരുവിന് കൊടുക്കുന്നതിന് പകരം ഇന്ദ്രന് കൊടുത്തു. ഇങ്ങനെ പല പാകപ്പിഴകളും പറ്റി.

തൽഫലമായി ഉണ്ടായ ജാതിയാണ് സൂത ജാതി. ക്ഷത്രിയന് ബ്രാഹ്മണ സ്ത്രീയിൽ പിറക്കുന്ന കുഞ്ഞാണ് സൂതൻ. യജ്ഞത്തിൽ പാകപ്പിഴ വന്നാൽ ഒരു ജാതി ഉണ്ടാകുന്നതെങ്ങനെ? പ്രപഞ്ചത്തിൻ്റെ  സൃഷ്ടി കേന്ദ്രങ്ങളാണ് യജ്ഞങ്ങൾ. സൃഷ്ടിയാണ് യാഗോദ്ദേശ്യം. ഇല്ലാത്തതിനെ ഉണ്ടാക്കലാണ് ഓരോ യാഗത്തിൻ്റെ യും ഉദ്ദേശ്യം. യാഗഫലം അവിടെ നടക്കുന്ന കാര്യങ്ങളുടെ കൃത്യതയെ ആശ്രയിച്ചിരിക്കും.

സൂത ജാതിയുടെ ഉത്ഭവം കണ്ട് യാഗം നടത്തിയിരുന്ന ഋഷിമാർ അവർക്ക് കർമ്മവും നിശ്ചയിച്ചു. മറ്റുള്ളവർക്ക് ഇതിഹാസ പുരാണങ്ങൾ പറഞ്ഞുകൊടുക്കുക. ഇങ്ങനെ പല സൂതന്മാരുണ്ട് അവരുടെ സ്ഥാനപ്പേരാണ് ജാതിയുടെ പേരാണ് സൂതൻ. കുലത്തൊഴിൽ കഥ പറയൽ. ഇതിൽ വ്യാസ ശിഷ്യനാണ് ലോമഹർഷൻ എന്ന സൂതൻ. ലോമഹർഷൻ അഥവാ രോമഹർഷൻ. രോമഹർഷൻ്റെ  കഥകൾ കേട്ട് ജനങ്ങൾക്ക് രോമാഞ്ചം ഉണ്ടാകുമായിരുന്നു. രോമങ്ങളെ ഹർഷിപ്പിക്കുന്നവൻ രോമഹർഷൻ അല്ലെങ്കിൽ ലോമഹർഷൻ.

ലോമഹർഷന് ആറ് ശിഷ്യന്മാരുണ്ടായിരുന്നു ഇതിൽ അഞ്ചുപേർ ബ്രാഹ്മണരായിരുന്നു. ഇവർ വഴിയും ഇതിഹാസ പുരാണങ്ങൾ പ്രചരിച്ചു. പുരാണകഥകൾ കോടിക്കണക്കിനുണ്ടായിരുന്നു. കൽപ്പാരംഭം മുതലുള്ള എല്ലാ സംഭവങ്ങളും പുരാണകഥകളാണ്. എത്ര മന്വന്തരങ്ങൾ കഴിഞ്ഞു, എത്ര ചതുർയുഗങ്ങൾ കഴിഞ്ഞു ഇതിൻ്റെ യെല്ലാം സാരഭാഗങ്ങൾ, മുഖ്യഭാഗങ്ങൾ ഇവയെ വ്യാസ മഹർഷി 18 പുരാണങ്ങളിലായി സംഗ്രഹിച്ചു. ഇവയെല്ലാം ലോമഹർഷനെ പഠിപ്പിച്ചു, ലോമഹർഷൻ തൻ്റെ  ശിഷ്യന്മാരെ പഠിപ്പിച്ചു. ലോമഹർഷൻ്റെ  പുത്രനായിരുന്നു ഉഗ്രശ്രവസ്സ്. കേട്ടത് മുഴുവൻ ഉടൻ തന്നെ ഗ്രഹിക്കാനും ഓർമ്മയിൽ സൂക്ഷിക്കാനും കഴിവുള്ളതുകൊണ്ടാണ് ഉഗ്രശ്രവസ്സ് ഉഗ്രമായ ശ്രവണശക്തിയുള്ള ആൾ.

മലയാളം

മലയാളം

ഭാഗവതം

Click on any topic to open

0

Copyright © 2026 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize

We use cookies