ശ്രീമന്നാരായണന്‍റെ വാഗ്‌ദാനം

ശ്രീമന്നാരായണന്‍റെ വാഗ്‌ദാനം

ഒരിക്കൽ ഭൂമി ദേവി ഒരു പശുവിന്‍റെ രൂപം ധരിച്ച് കണ്ണിനീരൊഴുക്കി ബ്രഹ്മാവിന്‍റെ അടുക്കൽച്ചെന്നു. കംസനെപ്പോലെയുള്ള ദുഷ്ട രാജാക്കന്മാരുടെ ക്രൂരതയാലും ദുഷ്പ്രവർത്തികളാലും തനിക്കുമേലുള്ള ഭാരം താങ്ങാവുന്നതിലധികം വർദ്ധിച്ചിരിക്കുന്നുവെന്നും ഇതിനൊരു പരിഹാരം ഉണ്ടാക്കിത്തരണമെന്നും അപേക്ഷിച്ചു. 

ഈ രാജാക്കന്മാർ വേഷപ്രച്ഛന്മാരായി ഭൂമിയിൽ ജന്മമെടുത്ത അസുരന്മാരായിരുന്നു.

ഭൂമി ദേവി എന്തുകൊണ്ടാണ് ബ്രഹ്മാവിനെ സമീപിച്ചത്? 

ദുഃഖം വന്നാൽ അച്ഛന്‍റെ പക്കലല്ലേ ഓടിയെത്തുക.

എന്തിനാണ് ഭൂമി ദേവി പശുവിന്‍റെ രൂപം സ്വീകരിച്ചത്?

സ്വന്തം രൂപത്തിൽ പോയിരുന്നെങ്കിൽ അസുരന്മാർ തിരിച്ചറിഞ്ഞ് തടുത്തേനേ.

അത് മാത്രമല്ല, പശുവിന്‍റെ രൂപം എല്ലാവരിലും കരുണയുണർത്തുന്നതാണല്ലോ.

ബ്രഹ്മാവ് ഭൂമിദേവിയും ഋഷിമാരും ദേവന്മാരുമൊരുമിച്ച് പാൽക്കടലിന്‍റെ തീരത്തെത്തി.

മഹാദേവനേയും കൂടെക്കൂട്ടിയിരുന്നു. എന്തുകൊണ്ടാണെന്നാൽ, എല്ലാരേയും സമഭാവത്തിലാണ് മഹാദേവൻ കാണുന്നത്. തന്‍റെ മൂന്ന് കണ്ണുകളുടെ കടാക്ഷത്തിലൂടെ ദേവന്മാരേയും അസുരന്മാരേയും മനുഷ്യരേയും ഒരുപോലെ അനുഗ്രഹിക്കും. ശിവനെ കൂടെക്കൂട്ടിയില്ലെങ്കിൽ അസുരന്മാരെങ്ങാനും ശിവനെ സമീപിച്ച് രക്ഷയ്ക്കായി വല്ല വരവും നേടിയാലോ?

ശേഷശായിയായ ശ്രീമന്നാരായണനെ പുരുഷസൂക്തം കൊണ്ട് സ്തുതിച്ചു. എന്നിട്ട് പറഞ്ഞു, 'ഭഗവാനേ, അവിടുന്ന് ദുഷ്ടനിഗ്രഹത്തിനും ശിഷ്ടരക്ഷണത്തിനുമായി യുഗങ്ങൾ തോറും അവതരിക്കാമെന്ന് വാക്ക് തന്നിട്ടുണ്ടല്ലോ. ഇപ്പോൾ അങ്ങനെയൊരു അവതാരം ആവശ്യമായി വന്നിരിക്കുന്നു. കംസനെപ്പോലെയുള്ള രാജാക്കന്മാരുടെ ക്രൂരകൃത്യങ്ങൾക്ക് അറുതി വരുത്താൻ മനുഷ്യരെക്കൊണ്ട് ആവില്ല.’

കണ്ണടച്ച് ധ്യാനിച്ചുനിന്ന ബ്രഹ്മാവിന്‍റെ മനസ്സിൽ മഹാവിഷ്ണുവിന്‍റെ ഗംഭീരമായ ശബ്ദം മുഴങ്ങിക്കേട്ടു, 'വിഷമിക്കേണ്ട, ഞാൻ യദുവംശത്തിൽ ഉടൻതന്നെ അവതരിക്കുന്നുണ്ട്. ദേവന്മാരും ദേവിമാരുമെല്ലാം വൃന്ദാവനത്തിൽ ഗോപന്മാരും ഗോപികമാരുമായി ജന്മമെടുത്ത് എന്‍റെ ലീലകളിൽ പങ്ക് ചേരട്ടെ.'

എന്തിനാണ് ഭഗവാൻ യദുവംശം തിരഞ്ഞെടുത്തത്?

പരമ്പരയായി യാദവർ വിഷ്ണുഭക്തരായിരുന്നു.

മലയാളം

മലയാളം

പുരാണ കഥകള്‍

Click on any topic to open

0

Copyright © 2026 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize

We use cookies