ശ്രീകൃഷ്ണന് ശിവന്‍റെ അനുഗ്രഹം

ശ്രീകൃഷ്ണന് ശിവന്‍റെ അനുഗ്രഹം

ശ്രീകൃഷ്‌ണന് മുഖ്യമായും എട്ട് ഭാര്യമാരാണ് ഉണ്ടായിരുന്നത്. അവരിൽ ജാംബവതിക്ക് കുട്ടികൾ ഉണ്ടായിരുന്നില്ല. ജാംബവതി കൃഷ്ണനോട് പറഞ്ഞു, 'അങ്ങയുടെ ശിവപൂജ മൂലമല്ലേ രുക്മിണിക്ക് എട്ട് പുത്രന്മാർ ഉണ്ടായത്. അത് പോലെ എനിക്ക് വേണ്ടിയും ശിവപൂജ ചെയ്യില്ലേ?'

ഇത് കേട്ട് ഭഗവാൻ ഗരുഡന്‍റെ മേലേറി ഹിമാലയത്തിലേക്ക് പോയി. അവിടെ അതിസുന്ദരമായ ഒരു ആശ്രമത്തിൽ ഒട്ടനവധി മുനിമാർ തപസ്സ് ചെയ്യുന്നുണ്ടായിരുന്നു. അവരോടൊപ്പം ഭഗവാനും ഉപമന്യു എന്ന മുനിയിൽനിന്നും ദീക്ഷ സ്വീകരിച്ച് തപസ്സ് ചെയ്യാൻ തുടങ്ങി.

മുണ്ഡനം ചെയ്ത് മരവുരിയുടുത്ത് ഒരു ശിവലിംഗം പ്രതിഷ്ഠിച്ച് ദിവസവും പൂജ ചെയ്ത് ഘോരമായ തപസ്സ് ചെയ്യാൻ തുടങ്ങി. ഒറ്റക്കാലിൽ നിന്ന് കൈകൾ രണ്ടും മുകളിലേക്കുയർത്തി അഞ്ച് മാസം ഭഗവാൻ തുടർച്ചയായി പഞ്ചാക്ഷര മന്ത്രം ജപിച്ചുകൊണ്ടേയിരുന്നു. ആദ്യത്തെ മാസം പഴങ്ങൾ മാത്രം കഴിച്ചു. രണ്ടാമത്തെ മാസം ജലം മാത്രം. തുടർന്നുള്ള മൂന്ന് മാസം പൂർണ്ണമായും നിരാഹാരം.

ഒരു ദിവസം ശിവപൂജ ചെയ്ത് ധ്യാനമഗ്നനായിരിക്കുമ്പോൾ പർവ്വതീസമേതനായി പരമേശ്വരൻ ശ്രീകൃഷ്ണന് മുന്നിൽ പ്രത്യക്ഷപ്പെട്ടു. ഭഗവാൻ പരമേശ്വരനെ സ്തുതിച്ചു. പരമേശ്വരൻ പ്രസന്നനായി എട്ട് വരങ്ങൾ ചോദിച്ചുകൊള്ളാൻ ആവശ്യപ്പെട്ടു.

ഭഗവാൻ പറഞ്ഞു -

  1. എനിക്ക് ധർമ്മത്തിൽ സ്ഥിരബുദ്ധി ഉണ്ടാകണം.
  2. യുദ്ധത്തിൽ എന്‍റെ ശത്രുക്കൾ പരാജയപ്പെടണം.
  3. യജ്ഞങ്ങൾ കൂടുതൽ കൂടുതൽ ചെയ്യപ്പെടണം.
  4. എനിക്ക് അതുല്യമായ ശക്തിയുണ്ടാകണം.
  5. യോഗശാസ്ത്രത്തിൽ എന്‍റെ താത്പര്യം തുടരണം.
  6. അങ്ങയുടെ ചരണകമലങ്ങളിൽ ശാശ്വതമായ ഭക്തിയുണ്ടാകണം.
  7. അങ്ങയുടെ സാന്നിദ്ധ്യം എപ്പോഴും എന്നോടൊപ്പം ഉണ്ടാകണം.
  8. എനിക്ക് ആയിരം സന്താനങ്ങൾ ഉണ്ടാകണം.

അപ്പോൾ പാർവതീദേവി പറഞ്ഞു, 'കൃഷ്ണാ, എന്നോടും എട്ട് വരം ചോദിച്ചോളൂ.'

ഭഗവാൻ പറഞ്ഞു -

  1. ബ്രാഹ്മണർക്ക് മേൽ എനിക്ക് കോപം വരരുത്.
  2. പിതൃക്കൾ എനിക്ക് മേൽ സന്തുഷ്ടരാകണം.
  3. എനിക്ക് നൂറ് പുത്രന്മാർ ഉണ്ടാകണം.
  4. എനിക്ക് എല്ലാ സുഖങ്ങളും ലഭ്യമാകണം.
  5. എന്‍റെ കുലത്തിൽ പരസ്പര ശത്രുത ഉണ്ടാകരുത്.
  6. സ്ത്രീകൾക്ക് സന്തോഷം ലഭിക്കണം.
  7. എല്ലാവർക്കും ശാന്തി ലഭിക്കണം.
  8. എന്‍റെ ഭാര്യമാരോടൊക്കെ എനിക്ക് സമാനമായ സ്നേഹം ഉണ്ടാകണം. 

'തഥാസ്തു' എന്ന് അനുഗ്രഹിച്ചിട്ട് ശിവപാർവ്വതിമാർ കൈലാസത്തിലേക്ക് മടങ്ങി.

ജാംബവതിക്ക് പുത്രനുണ്ടാകാൻ തപസ്സ് ചെയ്ത ശ്രീകൃഷ്ണന് പരമേശ്വരൻ എന്തൊക്കെയാണ് നൽകിയത് എന്ന് നോക്കൂ ! 

നാസ്തി ശർവസമോ ദേവോ നാസ്തി ശർവസമാ ഗതിഃ. 

നാസ്തി ശർവസമോ ദാനേ നാസ്തി ശർവസമോ രണേ..

ശിവന് തുല്യനായ ദേവനില്ല. ശിവന് തുല്യമായ ആശ്രയമില്ല. ശിവന് തുല്യനായ ദാനിയില്ല. യുദ്ധത്തിൽ ശിവന് തുല്യനില്ല.

മലയാളം

മലയാളം

പുരാണ കഥകള്‍

Click on any topic to open

0

Copyright © 2026 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize

We use cookies