
ഭഗവാൻ മഹാവിഷ്ണുവി ൻ്റെ മധുസൂദനൻ എന്നും ഒരു പേരുണ്ട്. മധും സൂദയതി നാശയതി ഇതി മധുസൂദനഃ. പ്രളയജലത്തിൽ ഭഗവാൻ അനന്തനുമേൽ യോഗനിദ്രയിൽ ലയിച്ചു കിടന്നിരുന്ന സമയം ഭഗവാൻ്റെ കാതിലെ മെഴുകിൽ നിന്ന് ചെവിക്കായത്തിൽ നിന്ന് രണ്ട് അസുരന്മാരുണ്ടായി. മധുവും കൈടഭനും രണ്ടുപേരും സഹോദരന്മാർ. ഞൊടിയിട കൊണ്ട് രണ്ടുപേരും വളർന്ന് പർവ്വതാകാരന്മാരായി മാറി. അവരങ്ങനെ ആ സമുദ്രത്തിൽ കളിച്ചുതിമിർത്ത് മതിച്ചു നടന്നു.
അങ്ങനെ ഒരു ദിവസം അവർക്ക് തോന്നി ഈ ജലം മുഴുവൻ എങ്ങും ഒഴുകിപ്പോകാതെ എങ്ങനെയാണ് ഇവിടെ തന്നെ നിൽക്കുന്നത്? ഇതിനെ മുഴുവൻ ഉൾക്കൊള്ളാൻ കഴിയുന്ന ഒരു പാത്രത്തിനുള്ളിലായിരിക്കണം. ഭൂമിയെ പറ്റിയും ഭൂമിയിലുള്ള സമുദ്രത്തിനെ പറ്റിയുമല്ല ഇവിടെ പറയുന്നത്. ഭൂമിയും സമുദ്രവും ഒന്നുമില്ല ആ സമയത്ത്. പ്രളയം നടന്നു കഴിഞ്ഞു. പ്രളയജലമാണ്. അസുരന്മാർ പറഞ്ഞു എവിടെയായിരിക്കും ഈ പാത്രം? ആരായിരിക്കും ഇതിനെയൊക്കെ താങ്ങി നിർത്തുന്നത്? ആരായിരിക്കും ആ ഒരു ശക്തി? ആ ശക്തിയായിരിക്കും ഈ കാണുന്നതിൻ്റെയൊക്കെ കാരണം ആശ്രയം.
ഇങ്ങനെ പറഞ്ഞിരിക്കുമ്പോൾ ആകാശത്തിൽ പെട്ടെന്ന് ഒരു മിന്നൽപിണർ പ്രത്യക്ഷപ്പെട്ടു. ഹ്രീം എന്ന വാഗ്ബീജ മന്ത്രവും കേട്ടു. മധുകൈടഭന്മാർ ഈ മന്ത്രം കൊണ്ട് തപസ്സനുഷ്ഠിക്കാൻ ആരംഭിച്ചു. ഊണും ഉറക്കവും ഉപേക്ഷിച്ച് ആയിരം വർഷം തപസ്സ് ചെയ്തു. തപസ്സിൻ്റെ ഒടുവിൽ മഹാമായാ പരാശക്തി അവർക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടു. അവരോട് ഒരു വരം ചോദിക്കാൻ ആവശ്യപ്പെട്ടു. അസുരന്മാർ ഇച്ഛാമൃത്യുവിൻ്റെ വരം ചോദിച്ചു. അവരുടെ മരണം അവർ നിശ്ചയിക്കുമ്പോൾ മാത്രം. ദേവന്മാർക്കോ മറ്റ് അസുരന്മാർക്കോ ആർക്കും അവരെ കീഴ്പ്പെടുത്താനാവില്ല.
വരം ലഭിച്ച മധുവിനും കൈടഭനും അഹങ്കാരം വർദ്ധിച്ചു. ഒരിക്കൽ പ്രളയജലത്തിൽ തിമിർത്തു നടക്കുമ്പോൾ അവർ ബ്രഹ്മാവിനെ കാണാനിടയായി. മഹാവിഷ്ണുവിൻ്റെ നാഭിയിൽ നിന്ന് പുറത്തുവന്നിരിക്കുന്ന താമരയിൽ ബ്രഹ്മാവിരിക്കുന്നു. അസുരന്മാരാണ്. യുദ്ധം ചെയ്യാനുള്ള ആഗ്രഹം രക്തത്തിൽ തന്നെയുണ്ട്. ആദ്യമായി മുമ്പിൽ കാണുന്ന ഒരു ജീവി അവർ ബ്രഹ്മാവിനെ യുദ്ധത്തിനായി വെല്ലുവിളിച്ചു. ഒന്നുകിൽ ഞങ്ങളോട് യുദ്ധം ചെയ്യുക അല്ലെങ്കിൽ സ്ഥലം വിടുക. ബ്രഹ്മാവ് താപസനാണ്. യുദ്ധമൊന്നും ബ്രഹ്മാവിന് വശമില്ല.
ബ്രഹ്മാവ് സാമദാന ഭേദ ദണ്ഡങ്ങളെപ്പറ്റി ആലോചിച്ചു തുടങ്ങി. ഇവരുമായി ചർച്ചയ്ക്ക് പോയാൽ ഇവരെ സ്തുതിക്കാൻ പോയാൽ ഞാൻ ബലഹീനനാണെന്ന് മനസ്സിലാക്കി ഉടൻതന്നെ ഇവർ എൻ്റെ കഥ കഴിക്കും. എന്തെങ്കിലും കൊടുത്ത് തൃപ്തിപ്പെടുത്താമെന്നു വച്ചാൽ സൃഷ്ടി തന്നെ തുടങ്ങിയിട്ടില്ല. കൊടുക്കാൻ തൻ്റെ കയ്യിൽ എന്താണുള്ളത്? ഭേദം ഇവരെ തമ്മിൽ കലഹിക്കാനും വഴിയൊന്നും കാണുന്നില്ല. പിന്നെ ഈ മഹാമല്ലന്മാരെ ദണ്ഡിക്കാൻ മാത്രം തനിക്ക് ശക്തിയുമില്ല. ആശ്രയം ഒരാളേ ഉള്ളൂ. തനിക്ക് ഇരിക്കാൻ പോലും ഇടം കൽപ്പിച്ചു നൽകിയിരിക്കുന്ന മഹാവിഷ്ണു. അദ്ദേഹത്തെ തന്നെ ശരണം പ്രാപിക്കാം.
ബ്രഹ്മാവ് ഭഗവാനെ സ്തുതിക്കാൻ ആരംഭിച്ചു. ഭഗവാനേ എനിക്ക് അങ്ങ് മാത്രമേ ഉള്ളൂ ആശ്രയം വേറെ ആരുമില്ല. ഇവർ ഇപ്പോൾ എന്നെ കൊല്ലും. എങ്ങനെയെങ്കിലും രക്ഷിക്കണേ. ഭഗവാൻ കേട്ട ഭാവമില്ല. നല്ല ഉറക്കം യോഗനിദ്ര. ഇനി എന്താ വഴി? ഭഗവാനെ ഉറക്കിക്കടത്തിയിരിക്കുന്ന ഒരു ശക്തിയുണ്ടാകുമല്ലോ നിദ്രാശക്തി. ആ ശക്തിയെ തന്നെ സമീപിച്ചു നോക്കാം. യോഗനിദ്രാ ദേവിയെ. ബ്രഹ്മാവ് യോഗനിദ്രയെ സ്തുതിക്കാൻ തുടങ്ങി.
ബ്രഹ്മാവ് യോഗനിദ്രയോട് പറഞ്ഞു ഞാൻ എത്രയൊക്കെ ശ്രമിച്ചിട്ടും ഭഗവാൻ ഉണരുന്നില്ല. ഇതിൽ നിന്ന് ഒരു കാര്യം മനസ്സിലായി ദേവി ഭഗവാൻ അധീനയല്ല. മറിച്ച് ദേവിയാണ് ഭഗവാനെ തൻ്റെ സ്വാധീനത്തിൽ വച്ചിരിക്കുന്നത്. അമ്മേ അവിടുന്നാണ് പ്രപഞ്ചത്തിൻ്റെ ഉൽപ്പത്തിക്ക് കാരണം എന്ന് എനിക്കറിയാം. അവിടുത്തെ ലീലകളെ അറിയാൻ എനിക്ക് സാമർത്ഥ്യവുമില്ല. പക്ഷേ ഇവിടെ ജഗദ്ഗുരുവായ വിദ്വാന്മാരിൽ വിദ്വാനായ വിഷ്ണു പോലും അവശനായി കിടക്കുകയാണ്. ഈ ജഗത്തിനെ മുഴുവൻ തന്നെ നിയന്ത്രിക്കുന്നത് അമ്മ തന്നെയാണ്. ഈ ഉറങ്ങിക്കിടക്കുന്ന ഹരിയാണ് അതിന് തെളിവ്. വേദ സൂക്തങ്ങളും ഇതുതന്നെയാണ് പറയുന്നത്. അവിടുന്ന് നിർഗുണയാണെന്ന് ഞാൻ കേട്ടിട്ടുണ്ട്. എന്നാൽ സഗുണയായി മാറി ലീലകൾ തുടങ്ങിയാൽ അവയെ മനസ്സിലാക്കാൻ കഴിവുള്ള ആരുണ്ടീ ലോകത്ത്?
സാങ്ഖ്യ ശാസ്ത്രകാരന്മാർ പറയുന്നത് പ്രകൃതി ചൈതന്യരഹിതയാണെന്നാണ്. പ്രകൃതി ജഡവസ്തുവാണെന്ന് അവർ പറയുന്നു. പ്രകൃതി ജഡവസ്തുവാണെന്നും പുരുഷനാണ് അതിന് ചൈതന്യം കൊടുക്കുന്നതെന്നുമാണ് സാങ്ഖ്യ ശാസ്ത്രം പറയുന്നത്. എന്നാൽ ഇവിടെ ഇപ്പോൾ പരമപുരുഷനാണ് ചൈതന്യമറ്റ് ജഡം പോലെ കിടക്കുന്നത്. ബോധം കൊടുക്കുന്നത് അമ്മയാണ്. മറ്റാരുമല്ല. ഈ പ്രപഞ്ചത്തിൻ്റെ ജനനിയും അമ്മ തന്നെയാണ്. വേദങ്ങൾക്ക് പോലും അമ്മയെ വേണ്ട വിധം വർണ്ണിക്കാനായിട്ടില്ല. കാരണം ആ വേദങ്ങളും അടങ്ങിയിരിക്കുന്നത് അമ്മയിൽ തന്നെയാണ്. അമ്മയുടെ സ്വാഹാ എന്ന പേര് ഉച്ചരിക്കാത്ത യജ്ഞങ്ങൾ വിഫലങ്ങളാണ്. ആ യജ്ഞങ്ങളിൽ സമർപ്പിക്കുന്ന ദ്രവ്യങ്ങൾ ദേവന്മാർക്ക് പോയിച്ചേരില്ല. സ്വാഹാന്തമായി മന്ത്രം ഉച്ചരിച്ച് സമർപ്പിക്കുന്ന ദ്രവ്യങ്ങൾ ദേവന്മാരിൽ എത്തിച്ചേരുന്നു. അതുകൊണ്ട് ദേവന്മാരുടെ ജീവദാത്രിയും അമ്മ തന്നെയാണ്.
ഭഗവാനെ ഇപ്പോൾ നിദ്രയിൽ നിന്ന് ഉണർത്തണം വേറെ വഴിയില്ല. എന്നെ സൃഷ്ടിച്ചത് അമ്മ തന്നെയാണ്. ഈ അസുരന്മാരുടെ കയ്യാൽ എൻ്റെ മരണം സംഭവിച്ചാൽ ആ പേരുദോഷവും അമ്മയ്ക്ക് തന്നെയായിരിക്കും. ഇങ്ങനെ ബ്രഹ്മാവ് നിദ്രാദേവിയെ സ്തുതിച്ച് പ്രാർത്ഥിച്ചു. ദേവി വിഷ്ണുവിൻ്റെ ശരീരം വിട്ട് പുറത്തുവന്ന് ആകാശത്തിൽ നിലകൊണ്ടു. ഭഗവാൻ കോട്ടുവാ ഇട്ട് എഴുന്നേറ്റു വന്നു ബ്രഹ്മാവിനോട് ചോദിച്ചു ഇതെന്താ തപസ്സൊക്കെ വിട്ട് ഇവിടെ എന്താ മുഖത്തൊരു പരിഭ്രമം? ബ്രഹ്മാവ് നടന്നതൊക്കെ പറഞ്ഞു. വാസുദേവാ രക്ഷിക്കണം അങ്ങ് മാത്രമേയുള്ളൂ ഒരാശ്രയം.
ഇതിനുള്ളിൽ മധുകൈടഭന്മാരും ബ്രഹ്മാവിനെ തേടി അവിടെ വന്നു ചേർന്നു. ഓ ഇയാളെ കണ്ടാണ് ഓടിപ്പോയത്. യുദ്ധം തുടങ്ങാം. ഇയാളുടെ മുമ്പിൽ വച്ച് തന്നെ നിന്നെ കൊല്ലുന്നുണ്ട്. അത് കഴിഞ്ഞാൽ ഈ പാമ്പിൻ്റെ പുറത്തിരിക്കുന്ന ഇയാളെയും. ഭഗവാൻ പറഞ്ഞു ബ്രഹ്മാവിനെ വിട്ടേക്കൂ നമുക്ക് യുദ്ധം ചെയ്യാം. മധുവും കൈടഭനും ഒരു വശത്തും ശ്രീഹരി മറുവശത്തുമായി യുദ്ധമാരംഭിച്ചു. മധുവും കൈടഭനും മാറി മാറി യുദ്ധം ചെയ്തു. ഒരുത്തൻ യുദ്ധം ചെയ്ത് തളരുമ്പോൾ അവൻ പോയി വിശ്രമിക്കും. അപ്പോൾ മറ്റവൻ വരും. അങ്ങനെ രണ്ടുപേരും മാറി മാറി യുദ്ധം ചെയ്തു. ഭഗവാൻ ഒറ്റയ്ക്കും ദേവിയും ബ്രഹ്മാവും കാഴ്ചക്കാർ.
അയ്യായിരം വർഷം യുദ്ധം നടന്നു. ഭഗവാൻ തളരാൻ തുടങ്ങി. അസുരന്മാർക്കാണെങ്കിൽ ഒരു മാറ്റവുമില്ല. അസുരന്മാർ ചോദിച്ചു തളർന്നോ? എന്നാൽ തലയിൽ കൈകൂപ്പി മാപ്പ് പറഞ്ഞു പൊയ്ക്കോ വേഗം വേണം. അല്ല യുദ്ധം ചെയ്യാനാണ് ഭാവമെങ്കിൽ നിന്നെ തീർത്തിട്ട് വേണം ആ നാലുതലയുള്ളവനെ തീർക്കാൻ. ഭഗവാൻ പറഞ്ഞു ക്ഷീണിതനോട് യുദ്ധം ചെയ്യുന്നത് യുദ്ധധർമ്മത്തിന് നിരക്കുന്നതല്ല. എനിക്ക് വിശ്രമിക്കാൻ കുറച്ച് സമയം വേണം. നിങ്ങൾ രണ്ടുപേരായതുകൊണ്ട് ആവശ്യത്തിന് വിശ്രമം ലഭിക്കുന്നുണ്ട് നിങ്ങൾക്ക്. ഞാൻ തനിച്ചാണ്. അസുരന്മാർ സമ്മതിച്ചു.
ഭഗവാൻ ആലോചിക്കാൻ തുടങ്ങി എന്താ ഒരു വഴി? ഇച്ഛാമൃത്യുവിൻ്റെ വരം ലഭിച്ചവരാണ് രണ്ടുപേരും. എത്രകാലം ഇങ്ങനെ യുദ്ധം ചെയ്യാൻ പറ്റും? വേണ്ടാന്ന് വച്ചാൽ ലോകം മുഴുവൻ നശിപ്പിക്കും രണ്ടുപേരും ചേർന്ന്. ഇതൊരു വല്ലാത്ത വരമായിപ്പോയി. ആരെങ്കിലും സ്വയം മരിക്കുവാൻ ആഗ്രഹിക്കുമോ? അങ്ങേയറ്റം രോഗഗ്രസ്തനായി കിടക്കുന്നവൻ പോലും സ്വയം മരിക്കുവാൻ ആഗ്രഹിക്കില്ല. പിന്നെയാ ഇവന്മാർ. ഭഗവാൻ ആകാശത്ത് നിലകൊണ്ടിരുന്ന ദേവിക്ക് നേരെ കൈകൂപ്പി. എന്തെങ്കിലും വഴിയുണ്ടാക്കണം എൻ്റെ കൈവിട്ടു പോയി കാര്യങ്ങൾ.
നിദ്രാദേവി പറഞ്ഞു യുദ്ധം തുടർന്നോളൂ ഞാൻ വേണ്ടത് ചെയ്യാം. ഇവരെ മോഹിപ്പിക്കുന്നതേ വഴിയുള്ളൂ. സ്ത്രീ സൗന്ദര്യത്തിൽ മോഹിച്ചു പോകുന്നവൻ്റെ വിവേകം നശിക്കും. ഇതിപ്പോഴല്ല എന്നുമുള്ള ഒരു യാഥാർത്ഥ്യമാണ്. ഭഗവാൻ യുദ്ധത്തിനായി തിരിച്ചു വരുന്നത് കണ്ട് അസുരന്മാർക്ക് സന്തോഷമായി. യുദ്ധത്തിൽ ജയവും പരാജയവും ഒന്നും നോക്കണ്ട. നീ പണ്ട് എത്ര ദൈത്യന്മാരെയാണ് കൊന്നിട്ടുള്ളത്. ഇന്ന് ഞങ്ങളോട് പരാജയപ്പെടാൻ പോകുന്നു. അസുരന്മാർ പറഞ്ഞു. വീണ്ടും ഘോരയുദ്ധം തുടങ്ങി.
പാലാഴി മഥന സമയത്തെ മോഹിനിയെപ്പോലെ ദേവി പ്രത്യക്ഷപ്പെട്ടു. അസുരന്മാർ രണ്ടുപേരും കാമപരവശരായി. യുദ്ധത്തിൽ ശ്രദ്ധ കുറഞ്ഞു. ദേവിയുടെ ഉദ്ദേശ്യം ഭഗവാന് മനസ്സിലായി. ഭഗവാൻ പറഞ്ഞു നിങ്ങളുടെ ബലത്തിലും ധൈര്യത്തിലും ഞാൻ അതീവ സന്തുഷ്ടനാണ്. വളരെ അധികം ദൈത്യന്മാരെ കണ്ടിട്ടുണ്ട് എന്നാൽ നിങ്ങളെപ്പോലെ രണ്ടുപേരെ ഇതുവരെ കണ്ടിട്ടില്ല. എന്ത് വരം വേണമെങ്കിലും ചോദിച്ചോളൂ. വരമോ ഞങ്ങൾക്കോ? ഞങ്ങൾ വരം ചോദിക്കുന്നവരല്ല ഞങ്ങൾ വരം കൊടുക്കുന്നവരാണ്. നീ ചോദിച്ചോ വരം ഞങ്ങൾ തരാം. ഭഗവാൻ ഉടനെ പറഞ്ഞു രണ്ടുപേരെ എൻ്റെ കൈകൊണ്ട് മരിക്കണം ഇതാണ് എനിക്ക് വേണ്ട വരം.
മധുകൈടഭന്മാർക്ക് തങ്ങൾ വഞ്ചിക്കപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലായി. അവസാന അടവൊന്ന് ശ്രമിച്ചു നോക്കാം. ശരി അങ്ങനെതന്നെ ആയിക്കൊള്ളട്ടെ. പക്ഷേ നീ ഞങ്ങൾക്ക് ഒരു വരം തരാമെന്ന് പറഞ്ഞില്ലേ? ഞങ്ങളെ കൊന്നോളൂ പക്ഷേ അത് ജലമില്ലാത്തടത്ത് വച്ച് വേണം. ഈ വെള്ളത്തിൽ വേണ്ട. ഭഗവാൻ തൻ്റെ തുടകളെ വിസ്തൃതമാക്കി ഇവിടെ തല വച്ചോളൂ. അസുരന്മാർ തങ്ങളുടെ ശരീരങ്ങളെ വീണ്ടും വലുതാക്കി. ഭഗവാൻ തുടകളെയും വലുതാക്കി. ഒടുവിൽ വഴിയൊന്നുമില്ലെന്ന് കണ്ട് രണ്ടുപേരും ഭഗവാൻ്റെ തുടയിൽ കഴുത്ത് വച്ചുകൊടുത്തു. ഭഗവാൻ സുദർശന ചക്രം കൊണ്ട് രണ്ടുപേരുടെയും തലയറുത്തു.
മനുഷ്യർക്ക് കുറെ പാഠങ്ങളും കിട്ടി അഹങ്കാരത്തിൻ്റെയും പരദ്രോഹത്തിൻ്റെയും അവസാന ഫലം. ഇന്ദ്രിയങ്ങൾക്ക് വശപ്പെട്ടു പോയാലുള്ള അവസ്ഥ. ഭഗവാൻ്റെയും മഹാമായയുടെയും അപാരമായ മഹിമ.
Astrology
Bhagavad Gita
Bhagavatam
Bharat Matha
Devi
Devi Mahatmyam
Ganapathy
Garuda Puranam
Glory of Venkatesha
Hanuman
Kathopanishad
Mahabharatam
Mantra Shastra
Mystique
Practical Wisdom
Purana Stories
Radhe Radhe
Ramayana
Rare Topics
Rigveda Explained
Rituals
Sages and Saints
Shiva
Spiritual books
Sri Suktam
Story of Sri Yantra
Temples
Vedas
Vishnu Sahasranama
Yoga Vasishta