നാഗപഞ്ചമിയുടെ പ്രാധാന്യം

0:00 0:00

നാഗപഞ്ചമിയുടെ പ്രാധാന്യം

നാഗപഞ്ചമി: പ്രാധാന്യവും ഐതിഹ്യവും

നാഗപഞ്ചമിയുടെ പ്രാധാന്യമെന്താണെന്ന് അറിയാമോ? നാഗങ്ങളുടെ ഏറ്റവും വിശേഷപ്പെട്ട ദിവസമാണ് നാഗപഞ്ചമി. ഈ ദിവസം നാഗപൂജ ചെയ്താൽ അയാളുടെ വംശത്തിന് തന്നെ സർപ്പഭയം ഉണ്ടാവില്ല. സർപ്പങ്ങളുടെ ഉപദ്രവമോ ശാപമോ ഒന്നും ഉണ്ടാവില്ല. വാസുകി, തക്ഷകൻ, കാളിയൻ, മണിഭദ്രൻ, ഐരാവതൻ, ധൃതരാഷ്ട്രൻ, കർക്കോടകൻ, ധനഞ്ജയൻ ഇവരൊക്കെ മഹാനാഗങ്ങളാണ്. ഇവരൊക്കെ നാഗപഞ്ചമിക്ക് നാഗപൂജ ചെയ്യുന്നവർക്ക് അഭയം നൽകും.

കേരളം സർപ്പങ്ങളുടെ അനുഗ്രഹമുള്ള ഇടമാണ്. മണ്ണാറശ്ശാല, പാമ്പുംമേക്കാട് തുടങ്ങിയ മഹാക്ഷേത്രങ്ങളും സർപ്പക്കാവുകളും മറ്റും ഇതുപോലെ മറ്റൊരിടത്തുമില്ല. ഉത്തര ഇന്ത്യയിൽ പ്രധാനമായും ഈ ദിവസം പാലുകൊണ്ട് അഭിഷേകം ചെയ്യും നാഗദേവതകൾക്ക്. ഇതിന് പിന്നിൽ ഒരു കാരണമുണ്ട്.

ജനമേജയൻ എന്ന പാണ്ഡവരുടെ പിൻതുടർച്ചക്കാരനായ രാജാവ് ഒരിക്കൽ സർപ്പയജ്ഞം നടത്തി. സർപ്പയജ്ഞം എന്നാൽ സർപ്പങ്ങൾക്ക് വേണ്ടിയുള്ള യജ്ഞമല്ല, സർപ്പങ്ങളെ ഹോമിച്ചുകൊണ്ടുള്ള യജ്ഞം. കാരണം സർപ്പങ്ങളോടുള്ള പക. ജനമേജയൻ്റെ അച്ഛനെ പരീക്ഷിത്ത് രാജാവിനെ നാഗരാജാവായ തക്ഷകനാണ് കൊത്തി കൊന്നത്. ഇത് പരീക്ഷിത്ത് ചെയ്ത ഒരു അപരാധം മൂലം ലഭിച്ച ശാപം കൊണ്ടായിരുന്നിട്ടുപോലും ജനമേജയൻ നാഗങ്ങളെ ഉന്മൂലനം ചെയ്യാൻ തീരുമിച്ച് സർപ്പയജ്ഞം നടത്തി.

മന്ത്രശക്തികൊണ്ട് ആയിരക്കണക്കിന് നാഗങ്ങളെ ഹോമാഗ്നിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുവന്നു. ഹോമച്ചൂടിൽ എല്ലാ നാഗങ്ങളും വിവശരായി. ഈ ഹോമച്ചൂടിൽ പ്രപഞ്ചത്തിൻ്റെ പല ഭാഗങ്ങളിലുള്ള എല്ലാ നാഗങ്ങളും വിവശരായി. ഈ ചൂടിൽ നിന്നും ആശ്വാസം നൽകാനാണ് ഇന്നും നാഗങ്ങൾക്ക് പാലുകൊണ്ട് അഭിഷേകം ചെയ്യുന്നത്; പാൽ ശീതഗുണമുള്ളതാണല്ലോ.

സർപ്പങ്ങൾക്ക് ഇങ്ങനെയൊരു അവസ്ഥ വരാൻ കാരണം അവർക്ക് അവരുടെ തന്നെ അമ്മ നൽകിയ ശാപമാണ്. കശ്യപ പ്രജാപതിയുടെ രണ്ട് ഭാര്യമാരായിരുന്നു കദ്രുവും വിനതയും. കദ്രു സർപ്പങ്ങളുടെയൊക്കെ അമ്മ. സർപ്പവംശം ഉണ്ടായത് കദ്രുവിൽ നിന്നാണ്. വിനതയ്ക്ക് രണ്ട് മക്കൾ: അരുണനും ഗരുഡനും. കദ്രു അതിശക്തരായ നൂറ് മക്കൾ തനിക്ക് വേണമെന്ന് കശ്യപനോട് അപേക്ഷിച്ചപ്പോൾ അവരേക്കാൾ ശക്തരായ രണ്ട് മക്കളാണ് തനിക്ക് വേണ്ടതെന്നാണ് വിനത പറഞ്ഞത്.

കദ്രുവിന് എപ്പോഴും വിനതയോട് ദേഷ്യവും അസൂയയും ഉണ്ടായിരുന്നു, പക്ഷേ പുറത്തു കാണിക്കില്ല. ഒരിക്കൽ ആകാശമാർഗത്തിലൂടെ ഉച്ചൈശ്രവസ് എന്ന ദിവ്യാശ്വം പോകുന്നത് അവർ രണ്ടുപേരും കണ്ടു. കദ്രു പറഞ്ഞു: "ആ കുതിരയ്ക്ക് വെളുപ്പ് നിറമാണ്, പക്ഷേ അതിൻ്റെ രോമങ്ങൾ കറുപ്പ് നിറമാണ്". വിനത പറഞ്ഞു: "എനിക്ക് അങ്ങനെ തോന്നുന്നില്ലല്ലോ, മുഴുവനും തന്നെ വെളുപ്പാണ്, രോമങ്ങളും വെളുപ്പാണ്".

കദ്രു പറഞ്ഞു: "നമുക്കൊരു പന്തയം വെക്കാം, ആര് തോൽക്കുമോ അവൾ മറ്റേയാളുടെ അടിമയാകണം". വിനത സമ്മതിച്ചു. കദ്രുവിന് വാസ്തവമറിയാമായിരുന്നു, പക്ഷേ ഒരു കുതന്ത്രം മനസ്സിലുണ്ടായിരുന്നു. അടുത്ത ദിവസം സൂര്യോദയത്തിലായിരുന്നു ഇത് പരിശോധിച്ച് ഉറപ്പാക്കേണ്ടിയിരുന്നത്. കദ്രു തൻ്റെ മക്കളെ സർപ്പങ്ങളെ വിളിച്ചു പറഞ്ഞു: "നാളെ സൂര്യൻ ഉദിക്കുമ്പോൾ ഉച്ചൈശ്രവസ് ആകാശത്തിൽ പ്രത്യക്ഷപ്പെടും, അപ്പോൾ നിങ്ങൾ പോയി അതിൻ്റെ വാലിൽ രോമങ്ങൾ പോലെ പിടിച്ചു തൂങ്ങിക്കിടക്കണം". സർപ്പങ്ങൾക്ക് അധികവും ഇരുണ്ട നിറമല്ലേ? അങ്ങനെ വാല് കറുപ്പായി തോന്നും.

ഒട്ടുമിക്ക സർപ്പങ്ങളും ഉത്തമ സർപ്പങ്ങളാണ്, സാത്വിക സ്വഭാവമുള്ളവരാണ്. ഇത് കേട്ടയുടനെ അനന്തൻ തനിക്ക് ആവില്ല എന്ന് പറഞ്ഞ് പാതാളലോകത്തേക്ക് പോയി തപസ്സാരംഭിച്ചു. മറ്റു സർപ്പങ്ങളും പറഞ്ഞു: "ഈ വഞ്ചനയ്ക്ക് ഞങ്ങൾ കൂട്ടുനിൽക്കില്ല. രണ്ടാനമ്മയെ തോൽപ്പിക്കാനാണെങ്കിലും ഇത് ഞങ്ങൾക്കാവില്ല, ഈ അസത്യം ഞങ്ങൾ ചെയ്യില്ല". കദ്രു തൻ്റെ മക്കളെ ശപിച്ചു: "നിങ്ങളൊക്കെ തീയിൽ വെന്ത് മരിക്കും". ഇത് കേട്ട് ഭയന്ന് ചില സർപ്പങ്ങൾ അമ്മയെ അനുസരിച്ചു. അങ്ങനെ വിനത കദ്രുവിൻ്റെ അടിമയുമായി.

നല്ല സർപ്പങ്ങളെല്ലാവരും ചേർന്ന് ബ്രഹ്മാവിൻ്റെ അടുത്ത് ചെന്ന് നടന്നതൊക്കെ പറഞ്ഞു, ശാപമുക്തിക്കായി മാർഗ്ഗമാരാഞ്ഞു. വാസുകിയായിരുന്നു അവിടെപ്പോയ സർപ്പങ്ങളിൽ പ്രധാനി. ബ്രഹ്മാവ് വാസുകിയോട് പറഞ്ഞു: "ശാപം ഫലിക്കും, ഒരു സർപ്പയജ്ഞം നടക്കും, നിങ്ങളിൽ പലരും തീയിൽ വെന്ത് മരിക്കും. പക്ഷേ ആ യജ്ഞം ഒടുവിൽ നിർത്തപ്പെടും".

യായാവര വംശത്തിൽ ജരത്കാരു എന്നൊരു താപസനുണ്ടാകും, അദ്ദേഹം വിവാഹത്തിനായി ഒരു നിബന്ധന വെക്കും: "എൻ്റെ തന്നെ പേരുള്ള ഒരു വധുവിനെയേ ഞാൻ വിവാഹം കഴിക്കൂ". അതുകൊണ്ട് വാസുകി തനിക്കുണ്ടാകാൻ പോകുന്ന സഹോദരിക്ക് ജരത്കാരു എന്ന് തന്നെ പേരു വെക്കണം. ജരത്കാരുവിനെ ജരത്കാരുവിന് വിവാഹം കഴിച്ചു കൊടുക്കണം. അവർക്ക് ആസ്തികൻ എന്ന പേരുള്ള ഒരു പുത്രനുണ്ടാകും. ആസ്തികൻ സർപ്പയജ്ഞത്തെ പകുതിയിൽ വെച്ച് നിർത്തിച്ച് നാഗകുലത്തെ ഉന്മൂലനമാകുന്നതിൽ നിന്നും രക്ഷിക്കും.

കേട്ടിട്ടില്ലേ പ്രാർത്ഥന?

ജരത്കാരോർ ജരത്കാർവാം സമുത്പന്നോ മഹാശയഃ ആസ്തിക സത്യസന്ധോ മാം പന്നഗേഭ്യോഭിരക്ഷതു

ഇങ്ങനെയൊരു പ്രാർത്ഥനയുണ്ട് ആസ്തികനോട്, തന്നെ സർപ്പങ്ങളിൽ നിന്നും രക്ഷിക്കാനായി. ജരത്കാരുവിൽ വാസുകിയുടെ സഹോദരിയായ ജരത്കാരുവിൽ ജരത്കാരു എന്ന താപസനുണ്ടായതാണ് ആസ്തികൻ. ആസ്തികൻ പറഞ്ഞാൽ സർപ്പങ്ങൾ കേൾക്കും, കാരണം സർപ്പങ്ങളുടെ രക്ഷകനാണ് ആസ്തികൻ. അതുകൊണ്ടാണ് ഈ പ്രാർത്ഥന ആസ്തികനോട് തന്നെ.

ഇങ്ങനെയൊക്കെ നടന്നു, സർപ്പയജ്ഞം നടന്നു. ആസ്തികൻ വന്ന് അത് നിർത്തിക്കുകയും ചെയ്തു. ബ്രഹ്മാവ് ഇങ്ങനെ നാഗങ്ങൾക്ക് വരദാനം ചെയ്ത ദിവസമാണ് നാഗപഞ്ചമി.

പഞ്ചമ്യാം തത്ര ഭവിതാ ബ്രഹ്മാ പ്രോവാച ലേലിഹാൻ തസ്മാദിയം മഹാബാഹോ പഞ്ചമീ ദയിതാ സദാ നാഗാനാമനന്ദകരീ ദത്താവൈ ബ്രഹ്മണാ പുരാ

ഇതാണ് നാഗപഞ്ചമിയുടെ പ്രാധാന്യം.

മലയാളം

മലയാളം

പല വിഷയങ്ങള്‍

Click on any topic to open

0

Copyright © 2026 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize

We use cookies