തുളസി ദേവി ഒരിക്കൽ അപ്രത്യക്ഷയായി

തുളസി ഭഗവാന്റെ പ്രാണപ്രേയസി ആയെങ്കിലും പല ദുർഘടങ്ങളെയും അഭിമുഖീകരിക്കേണ്ടി വന്നു അതിനുശേഷം. ലക്ഷ്മിദേവി അധികം വൈകാതെ സാഹചര്യവുമായി പൊരുത്തപ്പെട്ടു. എന്നാൽ സരസ്വതി ദേവി കുത്തുവാക്കുകൾ പറഞ്ഞുകൊണ്ടേയിരുന്നു. ഇതൊക്കെ ചില ലീലകളാണെന്ന് മറക്കേണ്ട, ചില കാര്യങ്ങൾ നടത്തിയെടുക്കാനുള്ള നിമിത്തങ്ങളാണ് ഇതെല്ലാം.

ദുഃഖം താങ്ങാനാകാതെ തുളസിദേവി അപ്രത്യക്ഷയായി. തുളസിദേവിക്ക് വളരെയധികം സിദ്ധികളുണ്ടായിരുന്നു. ആർക്കും തന്നെ കാണാനാകാത്ത വിധം അപ്രത്യക്ഷയായി തുളസിദേവി. തുളസിയെ കാണാതായപ്പോൾ ഭഗവാൻ വ്യാകുലനായി. അന്വേഷിച്ചിറങ്ങി ഭഗവാൻ. തുളസി വനത്തിൽ പോയി തേടാൻ തുടങ്ങി. ദേവിയുടെ മൂലമന്ത്രം ജപിക്കാൻ തുടങ്ങി.

ശ്രീം ഹ്രീം ക്ലീം ഐം വൃന്ദാവന്യൈ സ്വാഹാ

ശ്രീം ഹ്രീം ക്ലീം ഐം വൃന്ദാവന്യൈ സ്വാഹാ

ശ്രീം ഹ്രീം ക്ലീം ഐം വൃന്ദാവന്യൈ സ്വാഹാ

ശ്രീം ഹ്രീം ക്ലീം ഐം വൃന്ദാവന്യൈ സ്വാഹാ

ഇതാണ് തുളസിദേവിയുടെ ബീജമന്ത്രം. ഇതിനെ ദശാക്ഷരമന്ത്രം എന്ന് പറയും. ഒരു കല്പവൃക്ഷമാണ് ഈ മന്ത്രം. ഈ മന്ത്രം ജപിച്ചുകൊണ്ട് തുളസിപൂജ ചെയ്താൽ ദേവി എല്ലാ ആഗ്രഹങ്ങളും സാധിച്ചുതരും. ഭഗവാൻ തന്റെ മന്ത്രം ജപിക്കുന്നത് കണ്ട് ദേവിക്ക് സന്തോഷമായി. ഭഗവാന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു ദേവി. ഭഗവാൻ തുളസിദേവിക്ക് വരങ്ങൾ നൽകി.

എന്റെ ശിരസ്സിലും വക്ഷസ്സിലും ദേവി എപ്പോഴും ഉണ്ടാകും. എല്ലാ ദേവന്മാരും ദേവിമാരും തുളസിദേവിയെ തങ്ങളുടെ ശിരസ്സിൽ ധരിക്കും. ഇതാണ് ഭഗവാൻ നൽകിയ വരങ്ങൾ. വിരഹദുഃഖത്തോടെ തുളസിദേവിയെ തേടി അലയുമ്പോൾ ഭഗവാൻ തന്നെ തുളസിദേവിയെപ്പറ്റി ഒരു സ്തോത്രം രചിച്ചു.

വൃന്ദാരൂപാശ്ച വൃക്ഷാശ്ച യദൈകത്ര ഭവന്തി ച

വിദുർബുധാസ്തേന വൃന്ദാം മത്പ്രിയാം താം ഭജാമ്യഹം

എന്താണ് വൃന്ദാവനം എന്നാൽ അർത്ഥം? വൃന്ദ എന്നാൽ തുളസി. തുളസിയുള്ള വനം തുളസീവനം വൃന്ദാവനം.

പുരാ ബഭൂവ യാ ദേവീ ത്വാദൗ വൃന്ദാവനേ വനേ

തേന വൃന്ദാവനീഖ്യാതാ സൗഭാഗ്യാം താം ഭജാമ്യഹം

തുളസിക്ക് മറ്റൊരു പേരുണ്ട്, വൃന്ദാവനി. അതുകൊണ്ടാണ് മൂലമന്ത്രത്തിൽ 'വൃന്ദാവന്യൈ സ്വാഹാ' എന്ന് വന്നത്. തുളസിയുടെ ജന്മം വൃന്ദാവനത്തിലായിരുന്നു, അതുകൊണ്ട് വൃന്ദാവനി.

അസംഖ്യേഷു ച വിശ്വേഷു പൂജിതാ യാ നിരന്തരം

തേന വിശ്വപൂജിതാഖ്യാം ജഗത്പൂജ്യാം ഭജാമ്യഹം

തുളസിയുടെ മറ്റൊരു പേരാണ് വിശ്വപൂജിത. തുളസിക്ക് ഒരു പ്രത്യേകതയുണ്ട്. ഇടതടവില്ലാതെ തുളസിപൂജ നടന്നുകൊണ്ടിരിക്കും, ഇവിടെയല്ലെങ്കിൽ മറ്റൊരു പ്രപഞ്ചത്തിൽ. അതുകൊണ്ടാണ് വിശ്വപൂജിതാ എന്ന പേര്.

അസംഖ്യാനി ച വിശ്വാനി പവിത്രാണി യയാ സദാ താം

വിശ്വപാവനീം ദേവീം വിരഹേണ സ്മരാമ്യഹം

വിശ്വപാവനിയാണ് തുളസിദേവി. പവിത്രീകരിക്കാനുള്ള കഴിവുണ്ട് തുളസിക്ക്. നൈവേദ്യത്തിൽ ഒരു തുളസിയില ഇടും. എന്താണ് ഇതിന് കാരണം? തുളസി നൈവേദ്യത്തെ ശുദ്ധീകരിക്കും, പവിത്രീകരിക്കും. ഒരു തുളസി നിന്നാൽ മതി ആ ഭൂമി പവിത്രമാകും. എവിടെയെങ്കിലും തുളസി കണ്ടാൽ സംശയമൊന്നും വേണ്ട, ആ ഭൂമി പവിത്രമായിരിക്കും. ഭഗവാൻ പറയുന്നു, 'വിരഹേണ സ്മരാമ്യഹം' വിരഹദുഃഖത്തോടെയാണ് ഞാൻ ദേവിയെ ഓർക്കുന്നത്.

ദേവാനതുഷ്ടാ പുഷ്പാണാം സമൂഹേന യയാ വിനാ

താം പുഷ്പസാരാം ശുദ്ധാം ച ദ്രഷ്ടുമിച്ഛാമി ശോകതഃ

പുഷ്പസാരാ എന്നുമൊരു പേരുണ്ട് തുളസിക്ക്. എല്ലാ ദിവ്യപുഷ്പങ്ങളുടെയും വിശേഷ സാരാംശം തുളസിയിൽ അടങ്ങിയിട്ടുണ്ട്. എന്തൊക്കെ പുഷ്പങ്ങൾ കൊണ്ട് എത്ര അർച്ചന ചെയ്താലും കൂട്ടത്തിൽ തുളസിയില്ലെങ്കിൽ ദേവതകൾക്ക് തൃപ്തിയാവില്ല. നമുക്കും തൃപ്തിയാവില്ല. ഒരു തുളസിയില മതി ദേവതകളെ സന്തോഷിപ്പിക്കാൻ. ഭഗവാൻ പറയുന്നു, ഞാൻ ശോകഗ്രസ്തനാണ്, ദേവിയെ കാണാനായി ഉഴലുന്നു.

വിശ്വേ യത് പ്രാപ്തിമാത്രേണ ഭക്താനന്ദോ ഭവേദ് ധ്രുവം

നന്ദിനീ തേന വിഖ്യാതാ സാ പ്രീതാ ഭവതാദ്ധിമേ

നന്ദിനി എന്നും ഒരു പേരുണ്ട് തുളസിക്ക്. നന്ദിനി എന്നാൽ സന്തോഷം തരുന്നവൾ. പൂജയ്ക്കായി പൂ പറിക്കുവാനോ വാങ്ങുവാനോ പോകുമ്പോൾ തുളസി കാണുന്നതുവരെ എന്തോ ഒരു കുറവ് തോന്നും. തുളസി കണ്ടാൽ ഉടൻ ഒരു സന്തോഷം വരും മനസ്സിൽ. 'ആ, ഇപ്പോൾ എല്ലാമായി, എല്ലാം കിട്ടി' എന്നൊരു തോന്നൽ. ഭഗവാൻ ദേവിയുടെ പ്രീതിക്കായി പ്രാർത്ഥിക്കുകയാണ്. പ്രീതിപ്പെട്ടാലേ ദേവി തിരിച്ചുവരൂ, പിണങ്ങിപ്പോയതാണ്.

യസ്യാ ദേവ്യാ സ്തുലാ നാസ്തി വിശ്വേഷു നിഖിലേഷു ച

തുളസീ തേന വിഖ്യാതാ താം യാമി ശരണം പ്രിയാം

തുളസിക്ക് എന്തുകൊണ്ടാണ് തുളസി എന്ന പേര്? തുളസിക്ക് തുല്യമായി മറ്റൊന്നില്ല. തുളസ്യാഃ തുലാ നാസ്തി, അതുകൊണ്ടാണ് തുളസി. തുലാം സാദൃശ്യം സ്യതീതി തുളസി. തുളസിക്ക് സദൃശ്യമായി മറ്റൊന്നില്ല.

കൃഷ്ണജീവനരൂപായ ശശ്വത് പ്രിയതമാ സതീ

തേന കൃഷ്ണജീവനീതി മമ രക്ഷതു ജീവനം

ഭഗവാൻ പറയുന്നു, എന്റെ ജീവനാണ് ദേവി. അതുകൊണ്ടാണ് കൃഷ്ണജീവനി എന്നൊരു പേര്. വിരഹം കൊണ്ട് വലയുന്ന എന്റെ ജീവിതം ഇപ്പോൾ ദേവിയുടെ കയ്യിലാണ്, എന്നോട് കരുണ കാണിക്കൂ.

ഈ സ്തോത്രത്തിന്റെ പേരാണ് തുളസീ നാമാഷ്ടക സ്തോത്രം. ഈ സ്തോത്രം ജപിച്ച് ദിവസവും തുളസിപൂജ ചെയ്താൽ അശ്വമേധയാഗം ചെയ്ത ഫലം ലഭിക്കും.

വൃന്ദാ വൃന്ദാവനീ വിശ്വപാവനീ വിശ്വപൂജിതാ

പുഷ്പസാരാ ച നന്ദിനീ ച തുളസീ കൃഷ്ണജീവനി

ഏതന്നാമാഷ്ടകം ചൈവ സ്തോത്രം നാമാർത്ഥസംയുതം

യഃ പഠേത് താം ച സമ്പൂജ്യ സോശ്വമേധഫലം ലഭേത്

എല്ലാ പാപങ്ങളെയും നശിപ്പിക്കാനുള്ള കഴിവുണ്ട് തുളസിക്ക്. മറ്റു ദേവതകളെ പൂജിക്കുന്നതുപോലെ തുളസിയെയും പൂജിക്കാം. തുളസിക്ക് മറ്റൊരു പ്രത്യേകതയുണ്ട്. അധികം ദേവീദേവന്മാരെയും നമ്മൾ വിഗ്രഹത്തിലോ പടങ്ങളിലോ ഒക്കെയാണ് പൂജിക്കുന്നത്. എന്നാൽ തുളസിദേവിയെ പ്രത്യക്ഷമായി പൂജിക്കാം, മുമ്പിൽ കണ്ടുകൊണ്ടുതന്നെ.

വീട്ടിൽ തുളസി നട്ടുപിടിപ്പിക്കുക. ബീജമന്ത്രം ജപിച്ച് പൂജിക്കുക. വെള്ളമൊഴിച്ച് ചന്ദനം, ധൂപം, ദീപം എന്നിവയൊക്കെക്കൊണ്ട് മറ്റു പൂജകൾ ചെയ്യുന്നത് പോലെ പൂജിക്കുക. നാമാഷ്ടക സ്തോത്രം ജപിക്കുക. ദേവി എല്ലാ സുഖസമൃദ്ധികളും തന്ന് അനുഗ്രഹിക്കും.

 

 

മലയാളം

മലയാളം

പല വിഷയങ്ങള്‍

Click on any topic to open

0

Copyright © 2026 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize

We use cookies