
ണത്വാപരം പരിചു കർമ്മവ്യാപായമിഹ
മദ്ധ്യേഭവിക്കിലുമതില്ലെങ്കിലും കിമപി
തത്വാദിയിൽ പരമുദിച്ചോരു ബോധമതു-
ചിത്തേ വരേണ്ടതിഹ നാരായണായ നമഃ
കർമ്മം ചെയ്യാതിരിക്കാൻ കഴിയുമോ? കർമ്മം ചെയ്യുന്നത് ബന്ധനത്തെ ഉണ്ടാക്കും, അത് വാസ്തവമാണ്. ദുഷ്കർമ്മമായിക്കോട്ടെ സൽകർമ്മമായിക്കോട്ടെ—സൽകർമ്മം ചെയ്താലും അതിൻ്റെ ഫലം അനുഭവിക്കാൻ വീണ്ടും ജന്മമെടുക്കേണ്ടി വരും. അപ്പോൾ നല്ലതും ചെയ്യരുത്, ചീത്തയും ചെയ്യരുത്; ഇതാണോ ശരി? ഇങ്ങനെ നടന്നിരുന്നെങ്കിൽ നന്നായിരുന്നു, ഇങ്ങനെ സാധിക്കുമെങ്കിൽ നന്നായിരുന്നു. പക്ഷേ സാധിക്കില്ലല്ലോ.
ഇംഗ്ലീഷിൽ 'Commission and Omission' എന്നുണ്ട്—ചെയ്തതും ചെയ്യാതിരുന്നതും. ഏത് ചെയ്യണമോ അത് ചെയ്യാതിരിക്കുന്നത്, അതും ഒരുതരം കർമ്മമാണ്; അതും ബന്ധനത്തെ ഉണ്ടാക്കും.
"കർമ്മങ്ങൾ തുടരാഞ്ഞാലും നൈഷ്കർമ്യം നേടിടാ പുമാൻ." ചെയ്യേണ്ടത് ചെയ്യാതിരുന്നാൽ അത് നൈഷ്കർമ്യമല്ല.
ഒരാൾ വിവാഹം കഴിച്ചു. അന്ന് വൈകിട്ട് ബോധോദയമുണ്ടായി—"ഹേയ്, ഇതൊക്കെ മായയല്ലേ? കുടുംബജീവിതം ഒരു മിഥ്യയല്ലേ? വേണ്ട, ഇതിൽ പോയി കയറണ്ട." നവവധുവിനോട് മാപ്പ് പറഞ്ഞു: "നീ തിരിച്ചു പൊയ്ക്കോ." ഇതിലും വലിയൊരു മണ്ടത്തരമുണ്ടോ? ഇതിലും വലിയൊരു പാപമുണ്ടോ, ബന്ധനമുണ്ടോ? എങ്ങനെയാണ് ഇയാൾ വിവാഹം കഴിച്ചത്? മുൻപാർജ്ജിച്ച കർമ്മങ്ങൾ ഈ ജന്മത്തിൽ ഉണ്ടാക്കിയ വാസനയ്ക്കനുസരിച്ച്. കുടുംബത്തിലുള്ളവർ നിർബന്ധിച്ചിട്ടാകാം, പക്ഷേ ആ സാഹചര്യം എവിടെനിന്നു വന്നു? തൻ്റെ തന്നെ പൂർവ്വ കർമ്മവശാലല്ലേ? അപ്പോൾ 'വേണ്ടെന്ന തോന്നൽ', 'വേണ്ടായിരുന്നു എന്ന തോന്നൽ'—അതും കർമ്മവശാലായിക്കൂടെ?
വ്യത്യാസമുണ്ട്. ആർജ്ജിച്ച മൊത്തം കർമ്മങ്ങളിൽ (സഞ്ചിത കർമ്മത്തിൽ) ചിലതൊക്കെ ഫലം തന്നു തുടങ്ങിക്കഴിഞ്ഞു; അതിലൊന്നാണ് ഈ വിവാഹം. അർജ്ജുനനെ യുദ്ധക്കളത്തിൻ്റെ നടുവിൽ കൊണ്ടുപോയി നിർത്തിയതും ഈ പ്രാരബ്ധ കർമ്മമാണ്.
മനസ്സിൽ ആയിരം തോന്നലുകൾ വരും, അതാണ് മനസ്സിൻ്റെ രീതി. ഒരാൾ പറയും, "കിഴക്കോട്ട് പോയാൽ തിരുവനന്തപുരത്തേക്ക് പോകാം." മറ്റൊരാൾ പറയും, "അല്ല, വടക്കോട്ടാണ് പോകേണ്ടത്." മൂന്നാമതൊരാൾ പറയും, "ഇതുതന്നെയാണ് തിരുവനന്തപുരം." ഇതുപോലെയാണ് മനസ്സിലെ വിചാരങ്ങൾ. ഇതുകൊണ്ടാണ് മനസ്സിനെ അടക്കണമെന്ന് പറയുന്നത്. ലക്ഷ്യബോധവും മാർഗ്ഗബോധവും രണ്ടും വേണം. ഇതുരണ്ടും ലക്ഷ്യം നേടിക്കഴിഞ്ഞവർ വേണം പറഞ്ഞുതരാൻ. ഇല്ലെങ്കിൽ ലക്ഷ്യം തന്നെയായ ഭഗവാൻ വേണം പറഞ്ഞുതരാൻ.
എന്തിനെയും മനസ്സുകൊണ്ട് ന്യായീകരിക്കാം. അമ്മയെ തല്ലിയാലും രണ്ടഭിപ്രായം കാണും; ഇതുപോലെയാണ് മനസ്സ്. മനസ്സിനെ അതിൻ്റെ വഴിക്ക് വിടുകയല്ല, മനസ്സിനെ നിയന്ത്രിക്കുകയാണ് വേണ്ടത്, അടക്കുകയാണ് വേണ്ടത്. അതുപോലെ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുകയാണ് വേണ്ടത്, അപ്പോഴേ മാർഗ്ഗം കാണൂ മുൻപിൽ.
"ക്ഷണം പോലുമൊരാൾ കർമ്മമൊന്നും ചെയ്യാതെ നിന്നിടാ, ചെയ്യിപ്പിക്കും പ്രകൃതിജഗുണം കർമ്മത്തെയാരെയും."
കർമ്മേന്ദ്രിയങ്ങളെ നിർത്തിയിട്ട് ഇന്ദ്രിയാർത്ഥങ്ങൾ ഉള്ളിനാൽ ഓർത്തിരിക്കും മൂഢബുദ്ധി മിഥ്യാചാരനുമാണെടോ.
"മനസ്സുകൊണ്ടിന്ദ്രിയങ്ങളെ അടക്കി കർമ്മയോഗവും കർമ്മേന്ദ്രിയങ്ങളാൽ ചെയ്യുവോനസക്തൻ മെച്ചമർജ്ജുനാ।"
ദൃഢം കർമ്മം ചെയ്യുക, "കർമ്മം അകർമ്മത്തിലുമുത്തമം." കർമ്മം ചെയ്യാതെ നിൻ ദേഹയാത്ര പോലും നടന്നിടാ.
കർമ്മം ചെയ്യാതിരിക്കാൻ കഴിയില്ല. കർമ്മം ചെയ്യാതെ നിൻ ദേഹയാത്ര പോലും നടന്നിടാ! 30 ലക്ഷം കോടി കോശങ്ങളുണ്ട് ശരീരത്തിൽ. നമ്മളറിയാതെ ഇതിൽ ഓരോന്നും 24 മണിക്കൂറും പ്രവർത്തിച്ചുകൊണ്ടിരിക്കും. ഇതിലൊന്നിനെയെങ്കിലും നിർത്താൻ സാധിക്കുമോ? അപ്പോൾ എവിടെയാണ് നൈഷ്കർമ്മ്യം?
"കർമ്മം അകർമ്മത്തിലുമുത്തമം" എന്ന് കരുതി, ഫലേച്ഛയില്ലാതെ, അസക്തനായി കർമ്മം ചെയ്യാനാണ് ഭഗവാൻ പറയുന്നത്. കർമ്മം ചെയ്യാതിരുന്നാൽ കൂടുതൽ ബന്ധനങ്ങൾ ഉണ്ടാവുകയേയുള്ളൂ.
"അതിനാൽ ശക്തിവിട്ടെന്നും ചെയ്യേണ്ടും ക്രിയ ചെയ്യുക നീ, കർമ്മം സംഗം വിട്ടു ചെയ്യും പുരുഷൻ പരമാർന്നിടും।"
കർമ്മത്താൽ തന്നെ സംസിദ്ധി പൂണ്ടോർ ജനകാദികൾ. ലോകസംഗ്രഹമൊന്നോർത്തെന്നാലും നീ ക്രിയ ചെയ്യണം.
"ബ്രഹ്മത്തിങ്കൽ ചേർത്തു കർമ്മം സംഗമെന്നിയെ ചരിപ്പവൻ, നീർകൊണ്ടു താമരയിലപോലഘം കൊണ്ടലിപ്തനാം॥"
ജനകനെപ്പോലെയുള്ള അസക്തന്മാരുടെ ഉദാഹരണം ഇതാണ് കാണിച്ചുതരുന്നത്.
പക്ഷേ, ഇതൊന്നും ഒരു ക്ഷണം കൊണ്ട് സാധിക്കുന്നതുമല്ല. ഇന്ദ്രിയങ്ങളെ അടക്കുന്നതും, മനസ്സിനെ അടക്കുന്നതും, അനാസക്തിയോടെ കർമ്മം ചെയ്യുന്നതും ഈ പ്രഭാഷണം കേട്ടാൽ (മാത്രം) സാധിക്കുന്ന കാര്യമല്ല. നിരന്തരമായ അഭ്യാസത്തിലൂടെയേ ഇത് സാധിക്കൂ. ഭഗവാൻ്റെ അനുഗ്രഹമുണ്ടെങ്കിലേ ഇത് സാധിക്കൂ. അതിനുള്ള ഒരു ഉത്തമവും ലളിതവുമായ മാർഗ്ഗമാണ് നാമസങ്കീർത്തനം, നാമസ്മരണം.
Astrology
Bhagavad Gita
Bhagavatam
Bharat Matha
Devi
Devi Mahatmyam
Ganapathy
Garuda Puranam
Glory of Venkatesha
Hanuman
Kathopanishad
Mahabharatam
Mantra Shastra
Mystique
Practical Wisdom
Purana Stories
Radhe Radhe
Ramayana
Rare Topics
Rigveda Explained
Rituals
Sages and Saints
Shiva
Spiritual books
Sri Suktam
Story of Sri Yantra
Temples
Vedas
Vishnu Sahasranama
Yoga Vasishta