ഒരു കുഞ്ഞിന്‍റെ ഭക്തി

0:00 0:00

ഒരു കുഞ്ഞിന്‍റെ ഭക്തി

ഭക്ത ശിരോമണികൾ എല്ലായിടത്തുമുണ്ട്. നമ്മുടെ പൂന്താനത്തെയും കുറൂരമ്മയെയും ഒക്കെപ്പോലെ. മഹാരാഷ്ട്രയിലെ പണ്ടർപൂരുമായി ബന്ധപ്പെട്ടതാണ് വാർക്കരി സമ്പ്രദായം. സമൂഹത്തിൽ പ്രത്യേകിച്ച് വളരെ സാധാരണക്കാരുടെ ഇടയിൽ ഭക്തിയെ പ്രചരിപ്പിക്കാനും നിലനിർത്തുവാനും ഒക്കെ ഇവർ ചെയ്യുന്ന സേവനം സ്തുത്യർഹമാണ്. അവിടെവിടെ ഗ്രാമാന്തരങ്ങളിലും മറ്റും ഭജനകളും വർഷം തോറും ഭഗവാൻ്റെ പല്ലക്ക് യാത്രയും നടത്തി ഇവർ വിശ്വാസത്തെ സജീവമായി സൂക്ഷിക്കുന്നു.

വാർക്കരി സമ്പ്രദായത്തിലെ ആദ്യകാല ആചാര്യന്മാരിൽ വളരെ പ്രമുഖനാണ് നാംദേവ്. ചെറിയ പ്രായത്തിൽ തന്നെ ഭക്തി അദ്ദേഹത്തിൽ രൂഢമൂലമായിരുന്നു. ഇതൊക്കെ സംസ്കാരവും കൂടിയാണ് കേട്ടോ. കുടുംബത്തിലെ മുതിർന്നവരും തികഞ്ഞ ഭക്തർ. അത് കണ്ട് വളർന്നു വരുന്ന കുഞ്ഞുങ്ങളും അങ്ങനെയാകുന്നതിൽ അതിശയമില്ല. കുഞ്ഞുപ്രായത്തിൽ നാംദേവിൻ്റെ പ്രധാന കളി എന്താണെന്ന് വെച്ചാൽ കല്ലും മരക്കഷ്ണവും ഒക്കെ എടുത്ത് ഭഗവാണെന്ന സങ്കൽപ്പിച്ച് പൂജിക്കുക. അതിനെയൊക്കെ ഉടുതുടുക്കി പൂവിട്ട് പൂജിക്കുക.

വീട്ടിലും പൂജാമുറിയും വിസ്താരമായ പൂജയും ഒക്കെയുണ്ട്. മുത്തച്ഛനാണ് പ്രധാനമായും പൂജ ചെയ്യുന്നത്. നാംദേവ് മുത്തച്ഛനോട് ചോദിച്ചു കൊണ്ടേയിരിക്കും "എന്നാണ് എന്നെ ഈ വലിയ പൂജ ചെയ്യാൻ അനുവദിക്കുക?" മുത്തച്ഛൻ പറയും "പിന്നെയാകട്ടെ നീ കുഞ്ഞല്ലേ? കുറച്ചുകൂടെ കഴിഞ്ഞട്ടെ നോക്കാം."

ഒരു ദിവസം മുത്തച്ഛൻ വിളിച്ചു പറഞ്ഞു "ഞാൻ ഒരു മൂന്ന് ദിവസത്തേക്ക് ഒരു യാത്രയ്ക്ക് പോവുകയാണ്. നിനക്ക് പൂജ ചെയ്യാൻ പറ്റുമോ?"

നാംദേവിന് എന്താണ് പറയേണ്ടതെന്ന് അറിയില്ല. അത്രയ്ക്ക് സന്തോഷം. "ഞാൻ എന്താ ചെയ്യേണ്ടത്?"

"കൂടുതലൊന്നും ചെയ്യേണ്ട. പാല് കാച്ചി ഭഗവാന് നിവേദിക്കണം. രാവിലെ. ദിവസവും. അത്ര മതി. കൂടുതലൊന്നും ചെയ്യേണ്ട."

മുത്തച്ഛൻ യാത്ര തിരിച്ചു. നാംദേവ് അടുത്ത ദിവസം അമ്മയോട് പറഞ്ഞ് പാലൊക്കെ കാച്ചി ഒരു വെള്ളിക്കിണ്ണത്തിൽ പഞ്ചസാരയും ഏലയ്ക്കാപ്പൊടിയും ഒക്കെ ഇട്ട് നന്നായി ഇളക്കി പൂജാമുറിയിലേക്ക് കൊണ്ടുപോയി ഭഗവാൻ്റെ മുമ്പിൽ വെച്ച് കുടിച്ചോളാൻ പറഞ്ഞു. മുത്തച്ഛൻ പൂജ ചെയ്യുന്നത് കണ്ടിട്ടുണ്ട്. എന്നിട്ട് പൂജാമുറിയുടെ തിരശ്ശീല വലിച്ചിട്ട് പുറത്തേക്ക് വന്നു. നിവേദ്യ സമയത്ത് നടയടയ്ക്കുന്നതുപോലെ. പുറത്ത് വന്ന് കുറച്ച് നേരം കാത്തുനിന്നു. ഭഗവാൻ പാല് കുടിക്കട്ടെ. കുറച്ച് കഴിഞ്ഞ് തിരശ്ശീല മാറ്റി അകത്ത് പോയി നോക്കി. പാല് അങ്ങനെ തന്നെ ഇരിക്കുന്നു. ഒട്ടും കുറഞ്ഞിട്ടില്ല. ഭഗവാൻ കുടിച്ചില്ല. വല്ലാത്ത സങ്കടമായി നാംദേവിന്.

കുഞ്ഞ് അന്ന് മുഴുവൻ പട്ടിണിയിരുന്നു. ഭഗവാൻ വിശന്നല്ലേ ഇരിക്കുന്നത്. തനിക്ക് എങ്ങനെ കഴിക്കാൻ പറ്റും? രാത്രി ഉറക്കം വന്നില്ല. വിതുമ്പി കരഞ്ഞുകൊണ്ടേയിരുന്നു. അടുത്ത ദിവസം വീണ്ടും ഇതുതന്നെ ആവർത്തിച്ചു. ഭഗവാൻ പാല് കുടിച്ചില്ല. നാംദേവ് അന്നും പട്ടിണികിടന്നു. "ഞാൻ എന്ത് തെറ്റാണ് ചെയ്തത്? ഭഗവാൻ എന്താ എന്നോട് ദേഷ്യം?" മൂന്നാം ദിവസവും അങ്ങനെ തന്നെ നടന്നു. അടുത്ത ദിവസം മുത്തച്ഛൻ തിരിച്ചു വരും. താൻ ഭഗവാനെ മൂന്ന് ദിവസം പട്ടിണിയിട്ടു എന്നറിയുമ്പോൾ എന്തായിരിക്കും നടക്കുക. തന്നെ പിന്നെ ഒരിക്കലും പൂജ ചെയ്യാൻ വിടില്ല. ഇങ്ങനെ ജീവിച്ചിരുന്നിട്ട് എന്താ കാര്യം? അടുത്ത് കിടന്ന ഒരു കത്തിയെടുത്ത് കഴുത്തിൽ വെച്ചു. മരിച്ചേക്കാം.

ഭഗവാൻ കയ്യിൽ കേറി പിടിച്ചു. കിണ്ണത്തിൽ പാല് കുറയാൻ തുടങ്ങി. "മുഴുവൻ കുടിക്കല്ലേ എനിക്കും കുറച്ച് പ്രസാദം വേണം." മുത്തച്ഛൻ എന്നും തരും കുറച്ച് പാല് പ്രസാദമായി. ഭഗവാൻ കിണ്ണത്തിൽ അല്പം പാല് ബാക്കി വെച്ചു. സന്തോഷമായി നാംദേവിന്.

അടുത്ത ദിവസം മുത്തച്ഛൻ വന്നപ്പോൾ എല്ലാം പറഞ്ഞു കേൾപ്പിച്ചു. മുത്തച്ഛന് വിശ്വാസമായില്ല. "ഭഗവാൻ പാല് കുടിച്ചെന്നോ? കള്ളം പറയരുത്. എന്നാൽ  ഒന്ന് കാണിക്ക്."

രണ്ടുപേരും കൂടെ പാലുമെടുത്ത് പൂജാമുറിയിൽ പോയി. പാല് വെച്ചിട്ട് പുറത്തുവന്ന് കാത്തുനിന്നു. കുറച്ച് കഴിഞ്ഞ് ഉള്ളിൽ പോയി നോക്കിയപ്പോൾ പാല് അതുപോലെ തന്നെ ഇരിക്കുന്നു. വലിയ സങ്കടമായി. എന്നെ നുണയനാക്കിയില്ലേ മുത്തച്ഛൻ്റെ മുന്നിൽ. വീണ്ടും കത്തിയെടുത്തു. പാല് കിണ്ണത്തിൽ കുറയാൻ തുടങ്ങി. ഇത്തിരി പാല് ഭഗവാൻ ബാക്കിയും വെച്ചു. മുത്തച്ഛന് തൻ്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. ഇത്രയും വർഷം വിടാതെ പൂജ ചെയ്തിട്ടും തനിക്ക് ഇങ്ങനെ ഒരു അനുഭവം കിട്ടിയില്ലല്ലോ. ഇതാണ് നിഷ്കളങ്ക ഭക്തിയുടെ ശക്തി.

നമുക്ക് എങ്ങനെയാ? ഭഗവാൻ്റെ മുമ്പിൽ നിവേദ്യം വെച്ചാൽ ഉറപ്പാണ് ഭഗവാൻ തൊടില്ല എന്ന്. ചില ക്ഷേത്രങ്ങളിൽ കാണാം പാൽപ്പായസം ഒരു ലിറ്റർ നൂറ്റൊന്നു രൂപ, പാൽപ്പായസം അഞ്ച് ലിറ്റർ അഞ്ഞൂറ്റൊന്നു രൂപ. ആ കണക്കിനാണ് അരി ഇടുന്നത്. എത്ര പേർ പൂജ ബുക്ക് ചെയ്തു എന്ന കണക്കിനാണ് അരി ഇടുന്നത്. ഭഗവാൻ്റെ മുമ്പിൽ വെക്കുമ്പോൾ ഉറപ്പാണ് ഒരു തുള്ളി കുറയില്ല, ഭഗവാൻ എടുക്കില്ല ഉറപ്പാണ്. ബുക്ക് ചെയ്യുന്നവരോ? വീട്ടിൽ ഉച്ചയൂണിന് അതിഥികൾ വരുന്നുണ്ട് അമ്പലത്തിൽ പായസത്തിന് കൊടുക്കാം നാലുപേർ വരുന്നുണ്ട് ഒരു ലിറ്റർ പായസം കണക്ക് കൃത്യമായിരിക്കും ഭഗവാൻ തൊടില്ല ഉറപ്പാണ്. ഒരു ലിറ്റർ വെച്ചാൽ ഒരു ലിറ്റർ തന്നെ പുറത്തേക്ക് വരും. ഇതാണ് ഭക്തിയിൽ നമ്മുടെ ഭാവം.

മലയാളം

മലയാളം

പല വിഷയങ്ങള്‍

Click on any topic to open

0

Copyright © 2026 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize

We use cookies