
ജീവിതം പ്രവചനാതീതമാണ് - 'ഒന്ന് നിനയ്ക്കും മറ്റൊന്നാകും.' ഇത് തെളിയിക്കുന്ന ഒരു കഥ മഹാഭാരതത്തിലുണ്ട്.
ഉത്തങ്കൻ എന്ന ഒരു ശിഷ്യൻ തന്‍റെ ഗുരുകുലവാസം പൂർത്തിയാക്കി മടങ്ങുന്നതിന് മുമ്പ് ഗുരുദക്ഷിണ നൽകാൻ ആഗ്രഹിച്ചു. ഗുരു പറഞ്ഞു, 'അതൊന്നും വേണ്ട, എനിക്ക് വേണ്ടതെല്ലാം എന്‍റെ പക്കലുണ്ട്. നീ പൊയ്ക്കോളൂ.' എന്നാൽ ഗുരുദക്ഷിണ നൽകിയിട്ടേ പോകൂ എന്ന് ഉത്തങ്കനും നിർബന്ധമായിരുന്നു. ഒടുവിൽ ഗുരു പറഞ്ഞു, 'നിന്‍റെ ഗുരുപത്നിയോട് ചോദിക്കൂ, അവർക്കെന്തെങ്കിലും വേണമെങ്കിൽ അത് കൊണ്ടുവന്ന് കൊടുക്കൂ.'
ഗുരുപത്നി ആവശ്യപ്പെട്ടത് പൗഷ രാജാവിൻ്റെ രാജ്ഞി അണിയുന്ന കർണ്ണാഭരണങ്ങൾ ആയിരുന്നു. ഉത്തങ്കൻ ചെന്ന് ചോദിച്ചപ്പോൾ രാജ്ഞി അത് സന്തോഷത്തോടെ നൽകി. ഒരു നല്ല വ്യക്തി സ്വയം വന്ന് എന്തെങ്കിലും ആശ്യപ്പെടുന്നത് വളരെ അപൂർവമാണ്. എന്തെങ്കിലും ദാനം നൽകണമെങ്കിൽ യോഗ്യരായവരെ തേടി കണ്ടുപിടിക്കണം. പലപ്പോഴും അവർ നിരാകരിക്കും..
യജ്ഞങ്ങളുടെ സമയത്ത് രാജാക്കന്മാർ യജ്ഞം നടത്തുന്ന മഹാത്മാക്കൾക്ക് ധാരാളം ദക്ഷിണ നൽകും - സ്വർണ്ണം, രത്നങ്ങൾ, പശുക്കൾ എന്നിവയെല്ലാം. അവർ അത് ഒരു കർത്തവ്യം എന്ന നിലയിൽ സ്വീകരിക്കുമെങ്കിലും, മിക്കവരും അതെല്ലാം രാജാവിനോട് തിരികെ നൽകിയിട്ട് പറയും, 'ഇതെല്ലാം ജനങ്ങളുടെ നന്മയ്ക്കായി ഉപയോഗിച്ചാലും. ഇത്രയധികം പണം ചുമന്നുകൊണ്ട് നടക്കുവാൻ ഞങ്ങൾക്കാവില്ല.'
ഇന്നത്തെപ്പോലെയല്ല - ആവശ്യങ്ങൾ കുറവായിരുന്നു, ആഗ്രഹങ്ങൾ കുറവായിരുന്നു.
അങ്ങനെയിരിക്കെ, തപസ്വിയും സാത്വികനുമായ ഒരു ബ്രഹ്മചാരി ഒരു ആവശ്യവുമായി വന്നിരിക്കുന്നു. രാജ്ഞിക്ക് അത് ഭാഗ്യമായി തോന്നി. അവർ ഉടൻ തന്നെ കർണ്ണാഭരണങ്ങൾ നൽകിയിട്ട് പറഞ്ഞു, 'ശ്രദ്ധിക്കണം. സർപ്പരാജാവായ തക്ഷകന് ഇതിന്മേൽ ഒരു കണ്ണുണ്ട്. അവൻ ഇത് തട്ടിയെടുക്കാൻ ശ്രമിക്കും.'
ഉത്തങ്കൻ പറഞ്ഞു, 'അതിനെക്കുറിച്ച് വിഷമിക്കേണ്ട. എന്‍റെ മന്ത്രശക്തിക്ക് മുന്നിൽ തക്ഷകൻ ഒന്നുമല്ല.'
ഉത്തങ്കൻ രാജ്ഞിയോടും പൗഷനോടും തൻ്റെ നന്ദി അറിയിച്ചു.
പൗഷൻ പറഞ്ഞു, ‘എനിക്കൊരു അപേക്ഷയുണ്ട്. വളരെ കാലത്തിനുശേഷമാണ് അങ്ങയെപ്പോലൊരു മഹാത്മാവിനെ കാണാൻ സാധിച്ചത്. അങ്ങയിലൂടെ എൻ്റെ പിതൃക്കൾക്ക് ശ്രാദ്ധം നടത്താൻ ആഗ്രഹിക്കുന്നു.'
നമ്മുടെ ധർമ്മത്തിൽ ഇങ്ങനെ ഒരു സമ്പ്രദായമുണ്ട്. ഈശ്വരനോ പിതൃക്കൾക്കോ എന്തെങ്കിലും സമർപ്പിക്കണമെങ്കിൽ, നല്ല സാത്വികരായ ആളുകളുടെ ശരീരത്തിലേക്ക് അവരെ ആവാഹിച്ച് അത് സമർപ്പിക്കാം. അത് നേരിട്ട് നൽകുന്നതിന് തുല്യമാണ്. എന്നാൽ അതിന് യോഗ്യരായ ആളുകളെ ലഭിക്കുക വളരെ ബുദ്ധിമുട്ടാണ്.
ദേവതകൾക്കോ പിതൃക്കൾക്കോ ഇരിക്കാനുള്ള ഒരു ഇരിപ്പിടമായാണ് അവരെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ അവർ ശുദ്ധതയും പവിത്രതയും ഉള്ളവരായിരിക്കണം.
ഒരു സാധാരണക്കാരൻ്റെ മനസ്സും സൂക്ഷ്മ ശരീരവും ചിന്തകൾ, ആഗ്രഹങ്ങൾ, മുൻവിധികൾ, ഭയങ്ങൾ, ഉത്കണ്ഠകൾ എന്നിവയാൽ നിറഞ്ഞിരിക്കും. അതിനാൽ ദേവതകൾക്കോ പിതൃക്കൾക്കോ അതിൽ പ്രവേശിക്കാൻ സാധിക്കില്ല. അവരുടെ സൂക്ഷ്മ ശരീരത്തിൽ ഇരിക്കാൻ അവർക്ക് ഇടമുണ്ടാകില്ല. ഒരു കസേര കാലിയാണെങ്കിൽ മാത്രമല്ലേ അതിൽ ഇരിക്കാൻ കഴിയൂ? കസേര നിറയെ സാധനങ്ങൾ വെച്ചിരിക്കുകയാണെങ്കിലോ, അല്ലെങ്കിൽ മറ്റൊരാൾ അതിൽ ഇരിക്കുകയാണെങ്കിലോ എങ്ങനെ അതിൽ ഇരിക്കും?
ഉത്തങ്കന് യോഗ്യതയുണ്ടായിരുന്നു. അതുകൊണ്ടാണ് പൗഷൻ അഭ്യർത്ഥിച്ചത്. ഉത്തങ്കൻ സമ്മതിക്കുകയും ചെയ്തു.
പക്ഷേ ഉത്തങ്കൻ പറഞ്ഞു, 'എനിക്ക് തിരക്കുണ്ട്. അധികനേരം കാത്തിരിക്കാൻ കഴിയില്ല. അതിനാൽ തയ്യാറായ ഭക്ഷണം എന്താണോ ഉള്ളത് അത് കൊണ്ടുവരൂ.'
ഉത്തങ്കൻ ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ, ആ ഭക്ഷണത്തിൽ ഒരു മുടി കണ്ടു. ഭക്ഷണം തണുത്തതും ആയിരുന്നു.
ഇത് കണ്ടിട്ട് ഉത്തങ്കൻ പറഞ്ഞു, ‘അശുദ്ധമായ ഭക്ഷണം വിളമ്പിയതിൻ്റെ ഫലം എന്തായിരിക്കുമെന്ന് അറിയാമോ? നിങ്ങൾ അന്ധനായിത്തീരും.'
പൗഷൻ ശ്രദ്ധിക്കേണ്ടതായിരുന്നു. ശ്രദ്ധിച്ചില്ല. കണ്ണുകളുണ്ടായിട്ടും നോക്കാൻ മിനക്കെട്ടില്ല. പിന്നെ ആ കണ്ണുകൾ കൊണ്ട് എന്ത് പ്രയോജനം? അതുകൊണ്ടാണ് ഉത്തങ്കൻ പറഞ്ഞത്, നിങ്ങൾ അന്ധനായിത്തീരും', എന്ന് .
പൗഷനും കോപാകുലനായി, അദ്ദേഹം പറഞ്ഞു, 'ഈ ഭക്ഷണം ശുദ്ധമാണ്, താങ്കൾ തെറ്റായ ആരോപണമാണ് ഉന്നയിക്കുന്നത്. അതുകൊണ്ട് താങ്കളും സന്താനരഹിതനായിത്തീരും.
ഉത്തങ്കൻ പറഞ്ഞു, 'ഒന്നാമതായി, നിങ്ങൾ അശുദ്ധമായ ഭക്ഷണം വിളമ്പി. നിങ്ങൾ ആർക്കാണ് ഭക്ഷണം നൽകുന്നത്? നിങ്ങളുടെ സ്വന്തം പിതൃക്കൾക്കാണ്. ഞാനല്ല ഈ ഭക്ഷണം കഴിക്കുന്നത്. - എൻ്റെ ശരീരത്തിലൂടെ നിങ്ങളുടെ പിതൃക്കളാണ് ഭക്ഷണം കഴിക്കുന്നത്. നിങ്ങൾ ഭക്ഷണത്തിന്‍റെ ശുദ്ധി പരിശോധിക്കാൻ മിനക്കെട്ടില്ല, അതിനുപുറമെ എന്നെ ശപിക്കുകയും ചെയ്യുന്നു. വന്ന് നേരിട്ട് നോക്കൂ.'
പൗഷൻ നോക്കിയപ്പോൾ ഭക്ഷണത്തിൽ മുടിയുണ്ടെന്നും അത് തണുത്തിരിക്കുന്നതായും കണ്ടു.
പൗഷൻ ക്ഷമ ചോദിക്കുകയും അന്ധത വരാതിരിക്കാൻ എന്തെങ്കിലും ചെയ്യാൻ ഉത്തങ്കനോട് അഭ്യർത്ഥിക്കുകയും ചെയ്തു. ഉത്തങ്കൻ പറഞ്ഞു, 'എൻ്റെ വാക്കുകൾ വെറുതെയാകില്ല. പക്ഷേ ഇപ്പോൾ നിങ്ങൾ പശ്ചാത്തപിക്കുന്നതിനാൽ, നിങ്ങൾക്ക് അന്ധത വരും - എന്നാൽ പിന്നീട് കാഴ്ച തിരികെ ലഭിക്കും. ഇപ്പോൾ, നിങ്ങൾ എനിക്ക് തന്ന ശാപവും പിൻവലിക്കുക.'
പൗഷൻ പറഞ്ഞു, 'അങ്ങയെപ്പോലുള്ള നല്ല ആളുകളുടെ വാക്കുകൾ ചിലപ്പോൾ കഠിനമായിരിക്കാം, പക്ഷേ ഹൃദയം വെണ്ണപോലെ എളുപ്പത്തിൽ ഉരുകും. എന്നാൽ ഞങ്ങൾ ക്ഷത്രിയർ നേരെ വിപരീതമാണ്. ഞങ്ങൾ വളരെ മൃദുവായി സംസാരിക്കും, പക്ഷേ ഞങ്ങളുടെ ഹൃദയം വളരെ കഠിനമായിരിക്കും. അങ്ങയോടുള്ള എൻ്റെ ദേഷ്യം പോകുന്നില്ല. എനിക്കിപ്പോഴും അങ്ങയോട് ദേഷ്യമുണ്ട്. അതുകൊണ്ട് എൻ്റെ ശാപം പിൻവലിക്കാൻ എനിക്ക് കഴിയുന്നില്ല.
ഉത്തങ്കൻ പറഞ്ഞു, 'നിങ്ങൾ എന്നെ ശപിക്കുന്നതിനുമുമ്പ്, ഞാൻ തെറ്റായ ആരോപണം ഉന്നയിച്ചു എന്ന് പറഞ്ഞില്ലേ? പക്ഷേ അത് സത്യമായിരുന്നില്ല. അതായിരുന്നു ശാപത്തിന് കാരണം. അതുകൊണ്ട് ആ ശാപം ഫലിക്കില്ല.'
എന്ന് പറഞ്ഞ് ഉത്തങ്കൻ കൊട്ടാരം വിട്ടിറങ്ങി.
ഉത്തങ്കൻ എന്തിനാണ് പൗഷനെ സമീപിച്ചത്?
ഗുരുദക്ഷിണ നൽകുക എന്ന തന്‍റെ ധർമ്മം നിറവേറ്റാനായി.
രാജ്ഞി ആഭരണം നൽകിയതും ശ്രാദ്ധം നടത്തിയതും എന്തിനായിരുന്നു?
ധർമ്മത്തിനായി.
പക്ഷേ ഒടുവിൽ?
രണ്ട് പേരും പരസ്പരം ശപിച്ചു.
നിത്യജീവിതത്തിലും ഇത് കാണാം.
നമ്മൾ നല്ലതിനെന്ന് നിനച്ച് പലതും ചെയ്യും. പക്ഷെ ഫലം പലപ്പോഴും വിപരീതമായിത്തീരും.
Astrology
Bhagavad Gita
Bhagavatam
Bharat Matha
Devi
Devi Mahatmyam
Ganapathy
Garuda Puranam
Glory of Venkatesha
Hanuman
Kathopanishad
Mahabharatam
Mantra Shastra
Mystique
Practical Wisdom
Purana Stories
Radhe Radhe
Ramayana
Rare Topics
Rigveda Explained
Rituals
Sages and Saints
Shiva
Spiritual books
Sri Suktam
Story of Sri Yantra
Temples
Vedas
Vishnu Sahasranama
Yoga Vasishta