
ദ്വാരകയിൽ ഒരു ബ്രാഹ്മണന്റെ ഒമ്പത് കുഞ്ഞുങ്ങൾ ഒന്നിന് പിറകെ ഒന്നായി ജനിച്ചയുടനെ മൃതിയടഞ്ഞു. ഒമ്പതാമത്തെ കുഞ്ഞിന്റെ മൃതശരീരവുമായി ബ്രാഹ്മണൻ കൊട്ടാരവാതിൽക്കൽ വന്ന് വിലപിച്ചു - ‘രാജാവിന്റെ (ശ്രീകൃഷ്ണന്റെ) പാപങ്ങളാണ് പ്രജകളുടെ മേൽ ഇതുപോലുള്ള തീവ്ര ദുഃഖങ്ങൾ ഉണ്ടാക്കുന്നത്. ഒരു സാധു ബ്രാഹ്മണന്റെ കുഞ്ഞുങ്ങളെപ്പോലും സംരക്ഷിക്കാൻ കഴിയാത്ത രാജാവിനെക്കൊണ്ട് എന്താണ് പ്രയോജനം?’
കരച്ചിൽ കേട്ട് അർജുനൻ പുറത്തേക്കിറങ്ങി വന്നു. വിവരങ്ങളെല്ലാം ചോദിച്ച് മനസ്സിലാക്കി. എന്നിട്ട് ബ്രാഹ്മണന്റെ മുമ്പിൽ ഒരു പ്രതിജ്ഞയെടുത്തു - 'ഞാൻ നിങ്ങളുടെ അടുത്ത കുഞ്ഞിനെ രക്ഷിക്കും. അതിന് കഴിഞ്ഞില്ലെങ്കിൽ തീയിൽ ചാടി എന്റെ പ്രാണൻ ത്യജിക്കും.'
പത്താമത്തെ കുഞ്ഞിന്റെ പ്രസവമടുത്തപ്പോൾ ബ്രാഹ്മണൻ അർജുനനെ വിവരമറിയിച്ചു. അർജുനൻ ചെന്ന് പ്രസവമുറിയുടെ ചുറ്റും അമ്പുകൾ കൊണ്ട് ഒരു ഉറുമ്പ് പോലും ഉള്ളിൽക്കടക്കാത്ത രീതിയിൽ കവചം ഉണ്ടാക്കിത്തീർത്തു. എന്നിരുന്നാലും കുഞ്ഞ് പ്രസവശേഷം ഉടൻ അപ്രത്യക്ഷമായി. ബ്രാഹ്മണൻ അർജുനന് മേൽ ശാപവചനങ്ങൾ ചൊരിഞ്ഞു.
തന്റെ യോഗശക്തി ഉപയോഗിച്ച് അർജുനൻ യമലോകത്തേക്ക് പോയെങ്കിലും കുഞ്ഞ് അവിടെ ഉണ്ടായിരുന്നില്ല. പിന്നീട് അദ്ദേഹം ഇന്ദ്രലോകം തുടങ്ങിയ എല്ലായിടങ്ങളിലും കുഞ്ഞിനെ തിരഞ്ഞു. ഒടുവിൽ നിരാശനായി ദ്വാരകയിലേക്ക് മടങ്ങിയെത്തി ഒരു ചിതയുണ്ടാക്കി പ്രാണത്യാഗം ചെയ്യാൻ തുടങ്ങി.
അപ്പോൾ ശ്രീകൃഷ്ണ ഭഗവാനെത്തി അർജുനനെ തടുത്തു. 'എന്റെ കൂടെ വരൂ, ഞാൻ കുഞ്ഞിനെ കാണിച്ചുതരാം' എന്ന് പറഞ്ഞ് ഭഗവാൻ അർജുനനെ പാതാളലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെയെത്തിയപ്പോൾ ബ്രാഹ്മണന്റെ പത്ത് കുഞ്ഞുങ്ങളും ആദിശേഷനുമേൽ ആസനസ്ഥനായ ഭഗവാന്റെ കൂടെ കളിച്ചുകൊണ്ടിരിക്കുന്നു.
എന്തിനാണ് ഭഗവാൻ ഇങ്ങനെ ഒരു ലീല ചെയ്തത്?
കുരുക്ഷേത്ര യുദ്ധത്തിലെ വിജയത്തിനുശേഷം അർജുനന് സ്വന്തം കഴിവിൽ അഹങ്കാരം വന്നിരുന്നു. അതുകൊണ്ടാണ് ഭഗവാനോട് ഒന്ന് ചോദിക്കുക പോലും ചെയ്യാതെ വലിയ പ്രതിജ്ഞയോക്കെ ചെയ്തത്. എല്ലാറ്റിനേയും നിയന്ത്രിക്കുന്നത് താൻ തന്നെയാണ് എന്ന് അർജുനന് മനസിലാക്കി കൊടുക്കാനാണ് ഭഗവാൻ ഇങ്ങനെ ചെയ്തത്.