എന്തുകൊണ്ടാണ് പരമശിവനെ യോഗീശ്വരനെന്ന് വിളിക്കുന്നതെന്നറിയാമോ?

0:00 0:00

എന്തുകൊണ്ടാണ് പരമശിവനെ യോഗീശ്വരനെന്ന് വിളിക്കുന്നതെന്നറിയാമോ?

 

വെറുതെയല്ല ഭഗവാൻ പരമശിവനെ യോഗീശ്വരൻ എന്നും മഹായോഗി എന്നും പറയുന്നത്. എന്താണ് യോഗം? സമത്വം യോഗ ഉച്ചതേ. വൈരുദ്ധ്യങ്ങളെ സമന്വയിപ്പിക്കലാണ് യോഗം. വൈരുദ്ധ്യങ്ങളെ ഇല്ലാതാക്കാൻ സാധിക്കില്ല. പകലുണ്ടെങ്കിൽ രാത്രിയുമുണ്ട്, നല്ലതുണ്ടെങ്കിൽ ചീത്തയുമുണ്ട്. നമ്മൾ വിചാരിച്ചാൽ ഇത് ഇങ്ങനെ അല്ലാതാക്കാൻ സാധിക്കില്ല, കാരണം നമുക്ക് അതിനുള്ള ശക്തിയൊന്നുമില്ല. നമുക്ക് ആകെ ചെയ്യാവുന്നത് ഇത് രണ്ടുമുണ്ടെന്ന് അംഗീകരിക്കുക. പകലല്ലേ രാത്രിയേക്കാൾ നല്ലതെന്ന് പറയുന്നത് ഒഴിവാക്കുക. ഇതാണ് യോഗം. വൈരുദ്ധ്യങ്ങൾ കാണണമെങ്കിൽ മഹാദേവനിൽ വേണം കാണാൻ. അതുകൊണ്ടാണ് ഭഗവാനെ മഹാദേവൻ എന്ന് പറയുന്നത്.

എല്ലാ ലോകങ്ങളുടെയും അധിപതിയാണ് ഭഗവാൻ. കഴിയുന്നതോ സ്മശാനത്തിൽ. നമ്മളൊക്കെ കൊട്ടാരസദൃശ്യമായ ഒരു വീട് വെക്കാനും ആയുഷ്കാലം അതിൽ സുഖസമൃദ്ധിയോടെ കഴിയാനും ആഗ്രഹിക്കുമ്പോൾ ഭഗവാൻ എല്ലാത്തിനും അധിപതിയായ ഭഗവാൻ കഴിയുന്നത് സ്മശാനത്തിൽ. ഭക്തന്മാർ എന്ത് ചോദിച്ചാലും എടുത്തുകൊടുക്കും. ഒരിക്കൽ ബ്രഹ്മാവ് പോയി പാർവ്വതി ദേവിയോട് പരാതി പറഞ്ഞു, ഒരു വ്യവസ്ഥ വേണ്ടേ? പിന്നെ എന്തിനാ എനിക്ക് ഇങ്ങനെയൊരു പണി തന്നിവിടെ നിർത്തിയിരിക്കുന്നത്? ഞാൻ വെച്ചൊഴിയുകയാണ്, ഭഗവാനോട് തന്നെ നോക്കിക്കൊള്ളാൻ പറയൂ ദേവീ.

ഞാൻ ഇവിടെ ഓരോരുത്തരും ചെയ്യുന്ന സൽകർമ്മവും ദുഷ്കർമ്മവും നോക്കി അവരുടെ വിധി എഴുതിയുണ്ടാക്കുന്നു. വെറുതെ അങ്ങയുടെ ഭർത്താവിൻ്റെ മുമ്പിൽ പോയി ഒരിക്കൽ ഒന്ന് കൈ നീട്ടിയാൽ മതി, എല്ലാം മാറ്റിമറിക്കും, തന്നിഷ്ടം പോലെ എന്തും എടുത്തു കൊടുക്കും. എൻ്റെ കാര്യം പോട്ടെ, വേദതത്വങ്ങൾക്കെങ്കിലും ഒരു മര്യാദ കൊടുക്കേണ്ടേ? ഇങ്ങനെയെല്ലാം തന്നിഷ്ടത്തിന് ചെയ്യാനാണെങ്കിൽ എന്നെ എന്തിനാ ഈ പണി തന്ന് ഇവിടെ ഇരുത്തിയിരിക്കുന്നത്? ഒറ്റക്കാലിൽ നിന്നും ആയിരക്കണക്കിന് വർഷം തപസ്സു ചെയ്തും തപസ്വികളും യോഗികളും ഒക്കെ ആഗ്രഹിക്കുന്ന പദം, ആഗ്രഹിക്കുന്നതേയുള്ളൂ അവർക്ക് പോലും ലഭിക്കാത്ത ആ പരമപദം കാശിയിൽ മരിച്ചു എന്ന ഒറ്റക്കാരണം കൊണ്ട് കൃമികീടങ്ങൾക്ക് വരെ കൊടുക്കുന്നു. ഒരു വ്യവസ്ഥ വേണ്ടേ?

വേദം ഉത്ഭവിക്കുന്നത് ഭഗവാൻ്റെ അഞ്ച് മുഖങ്ങളിൽ നിന്നാണ്. എന്നാൽ ഭക്തർക്കായി ഇങ്ങനെയൊക്കെ ചെയ്യാമോ? അതും ഭഗവാൻ തന്നെ. നമ്മൾ പറയും ജ്യോതിഷത്തിൽ ഓരോ രാശിക്കും ഓരോ രത്നമുണ്ടെന്ന്, ഓരോ ഗ്രഹത്തിനും ഓരോ രത്നമുണ്ടെന്ന്, നവരത്നങ്ങൾ. എന്നിട്ട് അതൊക്കെ മോതിരമായി വിരലിൽ അണിഞ്ഞുകൊണ്ട് നടക്കും, അല്ലെങ്കിൽ നവഗ്രഹ മോതിരം, നെക്ലേസ്. ഭഗവാനോ? ഇക്കണ്ട രാശികൾക്കും നക്ഷത്രങ്ങൾക്കും ഒക്കെ അധിപനായ ഭഗവാനോ? ഭഗവാൻ എന്താണ് ആഭരണം? ചാരം, പാമ്പുകൾ. എപ്പോഴും ദേവി അടുത്ത് വേണം, ഒരു നിമിഷം പിരിഞ്ഞിരിക്കാനാവില്ല. അപ്പോഴും കാമദേവൻ തോന്നിയവാസം കാണിക്കാൻ നോക്കിയപ്പോൾ ദഹിപ്പിച്ചു കളഞ്ഞു. ഹേ എനിക്ക് ഇതിലൊന്നും ഒരു താല്പര്യവുമില്ല. എന്നിട്ട് ചെയ്തതോ? ഒരു നിമിഷം പിരിഞ്ഞിരിക്കാൻ പറ്റുന്നില്ല, സ്വന്തം ശരീരത്തിൻ്റെ പകുതി തന്നെ കൊടുത്തു. എന്നിട്ട് പറയുന്നതോ അതൊരു നിവൃത്തികേടുകൊണ്ടാണ്, എനിക്ക് അഞ്ച് തലകൾ, മകൻ സുബ്രഹ്മണ്യന് ആറ് തലകൾ, മറ്റേ മകൻ്റെ കാര്യം പറയുകയേ വേണ്ട ഗണപതി. ഇവരുടെയൊക്കെ വിശപ്പടക്കണ്ടേ? അതിന് അന്നപൂർണ്ണ തന്നെ വേണം 24 മണിക്കൂറും കൂടെ. അതുകൊണ്ടാണ് സ്വന്തം ശരീരത്തിൻ്റെ പകുതി കൊടുത്ത് തൻ്റെ തന്നെ ഭാഗമാക്കിയതെന്ന്. ഇതാണ് ന്യായീകരണം.

പരമശിവൻ്റെ രൂപം കണ്ടാൽ ആരും പേടിക്കും. എന്നാൽ ചെയ്യുന്നതോ മംഗളം മാത്രം. ഒരു കാര്യം കൂടെ പറഞ്ഞു നിർത്താം. വിവാഹസമയത്ത് ഭഗവാനോട് ചോദിച്ചു, ആരാണ് അച്ഛൻ? ബ്രഹ്മാവ്. ബ്രഹ്മാവിൻ്റെ നെറ്റിയിൽ നിന്നും ക്രോധ രൂപത്തിൽ രുദ്രനുണ്ടായെന്നാണ് ശാസ്ത്രം പറയുന്നത്. ആരാണ് മുത്തച്ഛൻ? വിഷ്ണു. ബ്രഹ്മാവിനെ സൃഷ്ടിച്ച് തൻ്റെ നാഭികമലത്തിൽ ഇരുത്തിയത് മഹാവിഷ്ണുവാണ്. അപ്പോൾ മുതുമുത്തച്ഛൻ? വിവാഹസമയത്ത് ഇത് മൂന്നും പറയണം. അങ്ങനെയാണ് കന്യാദാനം ചെയ്യുന്നത്. വധുവിൻ്റെയും വരൻ്റെയും വംശപരമ്പര പറയണം. ഭഗവാനോട് ചോദിച്ചു അപ്പോൾ മുതുമുത്തച്ഛൻ? അത് ഞാൻ തന്നെയാണ്. എല്ലാവരുടെയും അച്ഛനായ ബ്രഹ്മാവിൻ്റെയും മുത്തച്ഛൻ പരമശിവൻ തന്നെ. മുത്തച്ഛനായ വിഷ്ണുവിൻ്റെ അച്ഛനും പരമശിവൻ തന്നെ. ഇതാണ് യോഗം. എല്ലാം സമന്വയിപ്പിക്കൽ, അസാധ്യമെന്ന് തോന്നുന്ന കാര്യങ്ങളെ സാധ്യമാക്കൽ, ചിന്തയുടെ തലത്തിൽ അംഗീകരിച്ച് വൈരുദ്ധ്യങ്ങളെ താണ്ടിപ്പോകൽ. ഇതാണ് ശരിയായ യോഗം.

മലയാളം

മലയാളം

പല വിഷയങ്ങള്‍

Click on any topic to open

0

Copyright © 2026 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize

We use cookies