എന്താണ് വാനപ്രസ്ഥം? എന്താണ് സന്യാസം?

എന്താണ് വാനപ്രസ്ഥം? എന്താണ് സന്യാസം?

ജീവിതത്തിന്‍റെ നാല് ഘട്ടങ്ങളാണ് നാല് ആശ്രമങ്ങൾ - ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം. ബ്രഹ്മചര്യത്തിൽ വിദ്യയും ജ്ഞാനവും നേടി, ഗാർഹസ്ഥ്യത്തിലൂടെ ദേവന്മാരോടും, ഋഷികളോടും, പിതൃക്കളോടുമുള്ള ഋണങ്ങൾ വീട്ടി, കുടുംബത്തോടും സമൂഹത്തോടുമുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റിയാൽ വാനപ്രസ്ഥത്തിലേക്ക് പ്രവേശിക്കാം.

വാനപ്രസ്ഥം എന്നാൽ 'വനത്തിലേക്ക് പോവുക' എന്നാണ് അർഥം. അതായത് സമൂഹത്തിന്‍റേയും കുടുംബത്തിന്‍റേയും കെട്ടുപാടുകളിൽനിന്നും പിൻവാങ്ങുക. നൂറ് വയസ് ആയുസ്സ് കണക്കാക്കുകയാണെങ്കിൽ അമ്പത് മുതൽ എഴുപത്തിയഞ്ച് വരെയുള്ള മൂന്നാം ഭാഗമാണ് വാനപ്രസ്ഥത്തിന് ഉചിതം.

ശ്രീമദ്ഭാഗവതം പതിനൊന്നാം സ്കന്ധത്തിൽ വനാശ്രമിയുടേയും സന്യാസിയുടേയും ധർമ്മത്തെപ്പറ്റി ഭഗവാൻ ഉദ്ധവനോട് വിവരിക്കുന്നുണ്ട്.

വാനപ്രസ്ഥത്തിൽ പ്രവേശിക്കുന്നയാൾ ഭാര്യയെ പുത്രന്മാരെ ഏൽപ്പിച്ച് പോവുകയോ കൂടെ കൊണ്ടുപോവുകയോ ചെയ്യാം. ഫലമൂലങ്ങൾ വേണം കഴിക്കാൻ. തനിക്ക് വേണ്ടതെല്ലാം തനിയെ ശേഖരിക്കണം. മറ്റുള്ളവർ നൽകുന്നത് സ്വീകരിക്കരുത്. മരവുരി പോലുള്ള നൈസർഗ്ഗികമായ വസ്തുക്കൾ ഉപയോഗിച്ച് വേണം ശരീരം മറയ്ക്കാൻ. താടി, മീശ, മുടി, നഖം എന്നിവ മുറിക്കരുത്. പല്ല് തേയ്ക്കരുത്. മൂന്ന് നേരം മുങ്ങിക്കുളിക്കണം. വേനൽക്കാലം പഞ്ചാഗ്നി സാധന ചെയ്യണം. നാല് പുറവും തീ കൊളുത്തി, മുകളിൽ സൂര്യൻ എന്നിങ്ങനെ അതിനുള്ളിൽ ഇരുന്ന് തപസ്സ് ചെയ്യണം. മഴക്കാലത്ത് തുറന്നയിടങ്ങളിൽ മഴയേറ്റ് ചിലവഴിക്കണം. തണുപ്പ് കാലത്ത് കഴുത്തോളം വെള്ളത്തിൽ കഴിയണം. 

വേദവിഹിതമായ യജ്ഞങ്ങൾ വനത്തിൽ ലഭ്യമായ ധാന്യങ്ങൾ ഉപയോഗിച്ച് അനുഷ്ടിക്കണം. എന്നാൽ പശുയജ്ഞങ്ങൾ വർജ്ജ്യമാണ്. ഇങ്ങനെയുള്ള തപസ്സ് ചെയ്ത് ശരീരത്തെ ക്ഷയിപ്പിച്ച് ഞരമ്പുകൾ തെളിഞ്ഞുകാണുന്ന അവസ്ഥയയിലെത്തിയാൽ വിഷ്ണുസായൂജ്യമായിരിക്കും ഫലം. ശ്രമകരമായ ഈ തപസ്സ് സ്വർഗ്ഗപ്രാപ്തി പോലുള്ള ചെറിയ കാര്യങ്ങൾക്കായി വ്യർത്ഥമാക്കരുത്.

ഇങ്ങനെ സമ്പൂർണ്ണമായ വിരക്തി വന്നാൽ സന്യാസാശ്രമത്തിലേക്ക് പ്രവേശിക്കാം. വിരക്തി വന്നില്ലെങ്കിൽ തന്‍റെ യജ്ഞാഗ്നികളെ ഭാവനയിലൂടെ തന്‍റെ ശരീരത്തിലേക്ക് തന്നെ ആവാഹനം ചെയ്ത് പിന്നീട് അഗ്നിപ്രവേശവും ചെയ്യാം.

സന്യാസം സ്വീകരിക്കുന്നയാൾ അതുവരെ നിരന്തരം താൻ അണയാതെ പരിപാലിച്ചു പോന്ന തന്‍റെ യജ്ഞാഗ്നികളെ ഭാവനയിലൂടെ തന്നിലേക്ക് തന്നെ ആവാഹനം ചെയ്യണം, എന്നിട്ട് തന്‍റെ സർവ്വസ്വവും ദാനം ചെയ്യണം. ഒന്നിലും ഒരാഗ്രഹവും ഇല്ലാതെ സ്വതന്ത്രമായി സഞ്ചരിച്ചുകൊണ്ടിരിക്കണം. തങ്ങളുടെ പദവിയേയും താണ്ടി പരമാത്മാവിൽ എത്തിച്ചേരാൻ പോകുന്ന സന്യാസിയുടെ ജീവിതത്തിൽ ദേവന്മാർ പല വിഘ്നങ്ങളും കൊണ്ടുവരും. അതിനെയെല്ലാം അതിജീവിക്കണം.

കൗപീനവും അതിനുമേൽ ഒരു  ചെറിയ തുണ്ട് വസ്ത്രവും മാത്രമേ ധരിക്കാവൂ. ഒരു ദണ്ഡും കമണ്ഡലുവും കൂടെ കൊണ്ടുനടക്കാം. ഓരോ ചുവടുവെയ്പ്പും ഭൂമിയിൽ നോക്കിയായിരിക്കണം. തുണികൊണ്ട് അരിച്ചുവേണം വെള്ളം കുടിക്കാൻ. ഓരോ  വാക്കും സത്യമായിരിക്കണം. മൗനം, കർമ്മത്യാഗം, പ്രാണായാമം എന്നിവ ആചരിക്കാത്തവർ നാമമാത്ര സന്യാസികളാണ്. നാല് വർണങ്ങളിൽ ഉള്ളവരോടും ഭിക്ഷ ചോദിക്കണം. നേരത്തെകൂട്ടി നിശ്ചയിക്കാത്ത ഏഴ് വീടുകളിൽനിന്നും ഭിക്ഷ ചോദിക്കാം. കിട്ടിയത് കൊണ്ട് തൃപ്തിപ്പെടണം. പിന്നീട് ലഭിച്ച ഭിക്ഷയെ ജലം കൊണ്ട് ശുദ്ധീകരിച്ച് വിശപ്പുള്ളവരുമായി പങ്ക് വെച്ച് ബാക്കി വരുന്നത് മൗനമായി കഴിക്കാം.

അടുത്ത നേരത്തേക്കായി ആഹാരം സൂക്ഷിച്ച് വെയ്ക്കരുത്. സംഘം ചേർന്ന് നടക്കരുത്. ഏകാന്തത പാലിക്കണം. എത്ര പ്രതികൂലമായ സാഹചര്യങ്ങൾ വന്നാലും നിയമങ്ങൾ പാലിക്കണം. ഒരേയിടത്തിരുന്നാൽ ആ ഇടം പ്രിയമാകും. അതുകൊണ്ട് ചുറ്റിക്കറങ്ങിക്കൊണ്ടേയിരിക്കണം. മനസ്സ് സമ്പൂർണ്ണമായും ഭഗവാനിൽ സമർപ്പിക്കണം. ഭിക്ഷയെടുക്കാൻ മാത്രമേ മറ്റുള്ളവരുമായി ഇടപെടാവൂ. 

ജ്ഞാനിയാണെങ്കിലും ഒന്നും അറിയാത്തവനെപ്പോലെ പെരുമാറണം. ആചാരങ്ങൾ അറിയാമെങ്കിലും ആചരിക്കാതെ മൃഗതുല്യനായിരിക്കണം. ശാസ്ത്രങ്ങൾ വ്യാഖ്യാനിക്കാനോ ഉപദേശിക്കാനോ പോകരുത്. ആരുടേയും പക്ഷം പിടിക്കരുത്. ആരേയും വെറുക്കരുത്. ആരെങ്കിലും നിന്ദിച്ചാൽ പ്രസന്നതയോടെ കേട്ടുകൊള്ളണം. 

ആഹാരം ലഭിച്ചാൽ സന്തോഷിക്കുകയോ ലഭിച്ചില്ലെങ്കിൽ ദുഃഖിക്കുകയോ ചെയ്യരുത്. നല്ലത് അല്ലാത്തത് എന്ന ഭേദഭാവം വെച്ചുപുലർത്തരുത്. ശരീരത്തെ ശുചിയായി സൂക്ഷിക്കുന്നതും മറ്റും അകാരണമായി വെറുമൊരു ലീലയായി കരുതി ചെയ്യണം. ഇങ്ങനെയുള്ള സന്യാസിമാർ മരണശേഷം ശ്രീകൃഷ്ണനിൽ ലയിച്ചുചേർന്ന് മോക്ഷം പ്രാപിക്കുന്നു.

മലയാളം

മലയാളം

പല വിഷയങ്ങള്‍

Click on any topic to open

0

Copyright © 2026 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize

We use cookies