ഇന്ദ്രന് ബൃഹസ്പതി നല്‍കിയ ഉപദേശം

0:00 0:00

ഇന്ദ്രന് ബൃഹസ്പതി നല്‍കിയ ഉപദേശം

ഭഗവാൻ പോലും പരിശ്രമിച്ചാണ് കാര്യങ്ങൾ സാധിക്കുന്നത്. പതിനായിരം വർഷമായി മഹാവിഷ്ണു യുദ്ധം ചെയ്യുകയാണ്. ഇപ്പോഴും ഒന്നും തന്നെ നേടിയിട്ടില്ല. അതിനിടയിലാണ് ദേവീ ഭാഗവതം ഇന്ദ്രന് ബൃഹസ്പതി നൽകിയ ഉപദേശത്തെപ്പറ്റി പറയുന്നത്. വിധിയും ഭാഗ്യവും മാത്രമല്ല പരിശ്രമത്തിനും ഫലമുണ്ട്.

വിധിയിലുള്ളത് വന്നോളും, ഭാഗ്യത്തിലുള്ളത് വന്നോളും. കയ്യും കാലും ബുദ്ധിയുമൊക്കെ തന്നിട്ടില്ലേ? ഒരു പൈപ്പിന് ജീവനില്ല. അതിലൂടെ വെള്ളം തനിയെ ഒഴുകിക്കോളും. അതിനായി പൈപ്പ് ഒന്നും ചെയ്യേണ്ടതില്ല. നമ്മുടെ കാര്യം അങ്ങനെയല്ലല്ലോ? പരിശ്രമിച്ച് കിണർ കുഴിച്ച് സ്ഥാനം നോക്കി കിണർ കുഴിച്ചാൽ വെള്ളം കാണും. ഇതൊക്കെ ചെയ്യാനാണ് ഭഗവാൻ കയ്യും കാലും ബുദ്ധിയുമൊക്കെ തന്നിരിക്കുന്നത്. വെറുതെയിരിക്കാനല്ല.

ലക്ഷ്മി, ധനത്തിൻ്റെ  പര്യായമാണ് ലക്ഷ്മി. ലക്ഷ്മീ കടാക്ഷം മതി ധനം ലഭിക്കാൻ. പക്ഷേ ലക്ഷ്മി ആരെയാണ് കടാക്ഷിക്കുന്നത് എന്ന് അറിയാമോ? ലക്ഷ്യതി പശ്യതി ഉദ്യോഗിനം. അതുകൊണ്ടാണ് ലക്ഷ്മിക്ക് ലക്ഷ്മി എന്ന പേര് തന്നെ. പരിശ്രമിക്കുന്നവരെ കടാക്ഷിക്കും.

ഉദ്യോഗിനം ലക്ഷ്യതി. ഒന്നും ചെയ്യാതെ ലോട്ടറിയടിച്ച ആളെ കണ്ട ഭഗവാൻ അനുഗ്രഹിച്ചു എന്ന് പറയരുത്. പണ്ട് ചെയ്ത പരിശ്രമത്തിന്, പൂർവജന്മത്തിൽ ചെയ്ത പരിശ്രമത്തിന് അപ്പോൾ കിട്ടാതെ പോയ ഫലമാണ് മുതലും പലിശയുമായി ലോട്ടറിയുടെ രൂപത്തിൽ ഇപ്പോൾ കിട്ടിയത്. കർമ്മം ചെയ്യാതെ അനുഭവം കിട്ടില്ല.

ഒരു ഡോക്ടർക്ക് ബുക്കിലുള്ളത് മാത്രം വെച്ച് ചികിത്സിക്കാൻ സാധിക്കുമോ? പഠിക്കുമ്പോൾ തന്നെ പ്രാക്ടിക്കൽ ഉണ്ട്, ഹൗസ് സർജൻസിയുണ്ട്. അപ്പോഴേ കുറച്ചെങ്കിലും അനുഭവം കിട്ടൂ. ഡോക്ടർമാർക്ക് 10 വർഷം 20 വർഷം പ്രവർത്തി പരിചയമായാൽ അനുഭവ സമ്പത്ത് കൂടും തോറും ഫലവും കൂടും. ചികിത്സയുടെ ഫലവും കൂടും. ഇതെങ്ങനെയാണ്? കയ്യും കാലും ബുദ്ധിയും ഉപയോഗിച്ച് പരിശ്രമിക്കുന്നത് കൊണ്ട്.

കോളേജിൽ നിന്ന് കിട്ടുന്ന അറിവ് ഒരു വിത്ത് മാത്രമാണ്. അതിനെ നട്ടുവളർത്തി വെള്ളമൊഴിച്ച് നല്ലപോലെ വളമിട്ട് വലുതാക്കണം. ഇതാണ് കർമ്മം. അധ്യാത്മത്തിലും ഇതുതന്നെയാണ്. പുസ്തകത്തിലൂടെ മറ്റും ലഭിക്കുന്ന ജ്ഞാനം ഒരു വിത്ത് മാത്രമാണ്. ഒരു മഹാത്മാവിൻ്റെ  കാര്യം പറയാം. എല്ലാവരെയും ഭഗവത് സ്വരൂപമായി എല്ലാത്തിനെയും ഭഗവത് സ്വരൂപമായി കാണാനാണ് അധ്യാത്മം പറയുന്നത്.

ഇതൊരാശയം. അദ്ദേഹം പറയുന്നത് കാമം ക്രോധം ഇതിനെയൊക്കെ പെട്ടെന്ന് തന്നെ അടക്കി. പക്ഷേ ഈ എല്ലാവരെയും ഭഗവാനായി കാണണം എന്നത് മാത്രം എളുപ്പമായിരുന്നില്ല. അതിനായി അദ്ദേഹം ദിവസവും നാലഞ്ചു മണിക്കൂർ ഗോമതി നദീതീരത്ത് പോയിരിക്കും. പഴയ കഥയല്ല കേട്ടോ സമീപകാലത്ത് നടന്നതാണ്.

എന്നിട്ട് വരുന്നവരുടെയൊക്കെ കാലുതൊട്ട് നമസ്കരിക്കും. ഹിന്ദു അഹിന്ദു പണ്ഡിതൻ പാമരൻ വൃദ്ധൻ കുഞ്ഞുകുട്ടി കുഷ്ഠരോഗി ഒരു വ്യത്യാസവുമില്ലാതെ മാസങ്ങളെടുത്തു ഇത് മനസ്സിലുറയ്ക്കാൻ. ഇതാണ് കർമ്മം. ജ്ഞാനത്തെ ദൃഢമാക്കാൻ കർമ്മം ചെയ്യണം. കർമ്മം ചെയ്യുമ്പോഴേ ജ്ഞാനം ദൃഢമാകൂ. കർമ്മം ചെയ്യുമ്പോഴേ ജ്ഞാനം ദൃഢമാണോ അതോ ദുർബലമാണോ എന്ന് അറിയാൻ സാധിക്കൂ.

മലയാളം

മലയാളം

ദേവീഭാഗവതം

Click on any topic to open

0

Copyright © 2026 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize

We use cookies